image

9 Aug 2024 2:09 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഓഗസ്റ്റ് 9)

Joy Philip

Stock Market Today: Top 10 things to know before the market opens
X

Summary

പണനയം വിപണിക്ക് ഉത്തേജനമായില്ല


പണനയത്തിലെ റിസര്‍വ് ബാങ്കിന്റെ സ്റ്റാറ്റസ്‌കോ നിലപാട് ഓഹരി വിപണിയെ റേഞ്ച് ബൗണ്ട് നീക്കത്തിലേക്കു തള്ളിയിട്ടിരിക്കുകയാണ്. കഴിഞ്ഞവാരത്തിലേയും ഈ വാരാദ്യത്തിലേയും വന്യമായ വ്യതിയാനം വിപണിയില്‍ ഒരു ബെയറീഷ് മൂഡ് സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിപണി മെച്ചപ്പെടുമ്പോഴെല്ലാം ഉയര്‍ന്ന തലത്തില്‍ ലാഭമെടുപ്പും വില്‍പ്പനയുമാണ് ദൃശ്യമാകുന്നത്.

ആഗോള വിപണികളിലെ സംഭവ വികാസങ്ങള്‍ ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കുകയാണ്. ഇന്നലെ യുഎസ് വിപണി വന്‍മുന്നേറ്റം നടത്തിയത് ഇന്ന് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുമെന്നുറപ്പാണ്. യുഎസ് സമ്പദ്ഘടന മാന്ദ്യത്തിലേക്കു നീങ്ങുമെന്ന ആശങ്കയ്ക്ക് അറുതി വരുത്തിക്കൊണ്ട് പുതിയ ജോബ്്ലെസ് ക്ലെയിം കുറഞ്ഞിരിക്കുകയാണ്. യുഎസില്‍ ടെക് ഓഹരികളും വന്‍മുന്നേറ്റമാണ് ഇന്നലെ നടത്തിയത്. മൂന്നു മാസത്തെ ഏറ്റവും വലിയ ഏകദിന മുന്നേറ്റമാണ് യുഎസ് വിപണിയിലുണ്ടായത്.

ഓരോ ദിവസവും നിരവധി കമ്പനികളുടെ ആദ്യക്വാര്‍ട്ടര്‍ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇത് അത്ര മികച്ചതൊന്നുമല്ല. എന്നാല്‍ അത്ര മോശവുമല്ല. എന്നാല്‍ അടുത്ത മൂന്നാലു ക്വാര്‍ട്ടറുകളില്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് നല്ലൊരു മാനേജ്മെന്റിന്റേയും വിലയിരുത്തല്‍. ഇത് വിപണിയെ കുത്തനെയുള്ള ഇടിവില്‍നിന്നു രക്ഷിക്കുന്നു.

ഇന്ത്യന്‍ വിപണി ഇന്നലെ

റിസര്‍വ് ബാങ്ക് നയപലിശനിരക്ക് മാറ്റം വരുത്താതെ നിലനിര്‍ത്തിയതും ആഗോള വപിണിയിലെ പൊതു മനോഭാവം നെഗറ്റീവായതും ഇന്നലെ നിഫ്റ്റി സൂചികയുടെ നീക്കത്തെ റേഞ്ച് ബൗണ്ടായി മാറ്റി. നിഫ്റ്റി ഇന്നലെ 180.50 പോയിന്റ് കുറഞ്ഞ് 24117 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ബുധനാഴ്ച്ചത്തെ നേട്ടത്തിന്റെ പകുതിയോളം നഷ്ടമായി ഇന്നലെ. മൂന്നു ദിവസത്തെ തുടര്‍ച്ചയായ ഇടിവിനുശേഷം നിഫ്റ്റി ബുധനാഴ്ച 304.95 പോയിന്റ് മെച്ചപ്പെട്ടിരുന്നു.

ഇന്നലെ ബാങ്കിംഗ് മേഖല നേരിയ തോതില്‍ മെച്ചപ്പെട്ടതൊഴിച്ചാല്‍ മിക്ക മേഖലയും നെഗറ്റീവായാണ് ക്ലോസ് ചെയ്തത്. ഐടിയില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. ഓട്ടോ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്എംസിജി, മെറ്റല്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവയെല്ലാം സാമാന്യം നല്ല തോതില്‍ താഴ്ന്നു.

ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് ഇന്നലെ 581.9 പോയിന്റ് ഇടിവോടെ 78886.22 പോയിന്റിലെത്തി.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

ആഗോള വിപണിയിടെ പൊതു മനോഭാവം കണക്കിലെടുത്താല്‍ ഇന്ന് വിപണി തിരിച്ചുവരുവാനുള്ള സാധ്യതയേറെയാണ്. വിപണി മെച്ചപ്പെടുകയാണെങ്കില്‍ നിഫ്റ്റിക്ക് 24400 പോയിന്റില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്ന് 24600-24700 തലത്തില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

നേരെമറിച്ച് നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 24000 പോയിന്റിലും തുടര്‍ന്ന് 23800-23900 തലത്തിലും പിന്തുണ കിട്ടും.24000 പോയിന്റിനു ചുറ്റളവില്‍ കണ്‍സോളിഡേഷനുള്ള ശ്രമത്തിലാണ് നിഫ്റ്റി.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 44.98 ആണ്. ബെയറീഷ് മനോഭാവത്തിലേക്ക് നിഫ്റ്റി വീണിരിക്കുകയാണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: നേരിയ നേട്ടത്തോടെയാണെങ്കിലും (37.7 പോയിന്റ്) ബാങ്ക് നിഫ്റ്റി ഇന്നലെ അമ്പതിനായിരം പോയിന്റിനു മുകളില്‍ ക്ലോസിംഗ് നിലനിര്‍ത്തി. ഇന്നലത്തെ ക്ലോസിംഗ് ( 50156.7 പോയിന്റാണ്. കുറേ ദിവസങ്ങളിലായി ബാങ്ക് നിഫ്റ്റിയുടെ പൊതുമനോഭാവം അത്ര ഉത്സാഹഭരിതമല്ല. നാലഞ്ചു ദിവസമായി ബാങ്ക് നിഫ്റ്റി 49650-50750 റേഞ്ചില്‍ നീങ്ങുകയാണ് ഈ രണ്ടു പോയിന്റുകളും സപ്പോര്‍ട്ടും റെസിസ്റ്റന്‍സുമായി വര്‍ത്തിക്കുകയാണ്. ഇതിനു പുറത്തേക്കു നീങ്ങുന്നതോടെ മാത്രമേ വ്യക്തമായ ദിശ ബാങ്ക് നിഫ്റ്റിക്ക് കണ്ടെത്താനാകൂ.

ഇന്നലത്തെ മൊമന്റം തുടര്‍ന്നാല്‍ ബാങ്ക് നിഫ്റ്റിക്ക് 50500 പോയിന്റില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. ഇതിനു മുകളിലേക്ക് 50750 പോയിന്റില്‍ റെസിസ്റ്റന്‍സ് ഉണ്ട്. ഇതിനു മുകളിലേക്കു നീങ്ങിയാല്‍ മാത്രമേ കൂടുതല്‍ ഉയരങ്ങളിലേക്കു പോകുവാന്‍ ബാങ്ക് നിഫ്റ്റിക്കു സാധിക്കൂ.തുടര്‍ന്നു മുന്നോട്ടു പോയാല്‍ 51200 പോയിന്റിലേക്കും 51600 പോയിന്റിലേക്കും എത്താം.

മറിച്ചായാല്‍ ബാങ്ക് നിഫ്റ്റിക്ക് 49820 പോയിന്റില്‍ ആദ്യ പിന്തുണ ലഭിക്കും. വില്‍പ്പന തുടരുകയാണെങ്കില്‍ അടുത്ത പിന്തുണ 49650 പോയിന്റിലും തുടര്‍ന്ന് 49170 പോയിന്റിലും പിന്തുണ കിട്ടും.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 37.16 ആണ്. ബെയറീഷ് മൂഡിലൂടെയാണ് ബാങ്ക് നിഫ്റ്റി നീങ്ങുന്നത്.

ഇന്ത്യ ബുള്‍ മോഡില്‍

ഇന്ത്യന്‍ വിപണിയിലെ സാങ്കേതിക തിരുത്തലിന്റെ ഭാഗമായി വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ വില്‍പ്പനയ്ക്കു കാരണമായിട്ടുണ്ടെങ്കിലും ഇന്ത്യന്‍ വിപണി ലോകത്തെ ഏറ്റവും ശകതമായ വിപണിയാണെന്ന് ഐടിഐ മ്യൂച്വല്‍ ഫണ്ടിന്റെ സിഐഒ രാജേഷ ഭാട്യ പറയുന്നു. അതുകൊണ്ടുതന്നെ അത്ര പെട്ടെന്നൊന്നും ഇന്ത്യന്‍ വിപണി വീഴുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യ ഒരു ബുള്‍മാര്‍ക്കില്‍വീണിരിക്കുകയാണ്. ഇന്ത്യയില്‍ നിക്ഷേപിക്കുകയെന്നു മാത്രമാണ് ചെയ്യാനുള്ളത്. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മറ്റ് ആഗോള വിപണികളിലെ അപേക്ഷിച്ച് ഇന്ത്യന്‍ വിപണിയിലെ ഇടിവ് തുലോം കുറവാണ്. ഇതിനുള്ള പ്രധാനകാരണങ്ങളിലൊന്ന് മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള ശക്തമായ പണമൊഴുക്കാണ്. ഇതു വിപണിയെ സജീവമായി നിലനിര്‍ത്തുന്നു. മ്യൂച്വല്‍ ഫണ്ട് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ ഓരോ മാസത്തേയും നെറ്റ് വാങ്ങല്‍ നല്‍കുന്ന സൂചനയുമിതാണ്. തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള അനിശ്ചിതത്വങ്ങള്‍ക്കിടയിലും 2024-ലെ എല്ലാ മാസങ്ങളിലും ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വാങ്ങലുകാരായിരുന്നു. അതേ സമയം വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വില്‍പ്പനക്കാരും. കാര്യങ്ങള്‍ മെച്ചപ്പെടുന്നതോടെ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ തിരിച്ചെത്തുമെന്നാണ് വിലയിരുത്തല്‍. അതു വിപണിയെ പുതിയ ഉയരങ്ങളില്‍ എത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.സ്റ്റേ ഇന്‍വെസ്റ്റഡ് എന്നു മാത്രമേ പറയാനുള്ളു.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ നേരിയ താഴ്ചയോടെയാണ് വ്യാപാരം ആരംഭിച്ചത്. ഗിഫ്റ്റ് നിഫ്റ്റി ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 14 പോയിന്റ് മെച്ചത്തിലാണ്. നേരിയ റേഞ്ചിലാണ് ഗിഫ്റ്റി നിഫ്റ്റിയുടെ നീക്കം. ആഗോള വിപണികളിലെ മനോഭാവും നേരിയ തോതില്‍ നെഗറ്റീവ് ആണ്. ഫ്ളാറ്റ് ഓപ്പണിംഗ് പ്രതീക്ഷിക്കാം.

ഇന്ത്യന്‍ എഡിആറുകള്‍

യുഎസ് വിപണിയുടെ ശക്തമായ തിരിച്ചുവരവ് ഇന്ത്യന്‍ എഡിആറുകള്‍ക്കും മികച്ച നേട്ടം സമ്മാനിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് 1.35 ശതമാനവും ഐസിഐസിഐ ബാങ്ക് 1.33 ശതമാനവും ഡോ. റെഡ്ഡീസ് 1.43 ശതമാനവും നേട്ടമുണ്ടാക്കി.

ഐടി കമ്പനികളായ ഇന്‍ഫോസിസ് 0.83 ശതമാനവും വിപ്രോ 1.04 ശതമാനവും യാത്രാ ഓഹികളായ മേക്ക് മൈട്രിപ്പ് 5.61 ശതമാനം താഴന്നപ്പോള്‍ യാത്ര ഓണ്‍ലൈന്‍ 1.49 ശതമാനം മെച്ചപ്പെട്ടു. അതേ സമയം റിലയന്‍സ് ഇന്‍ഡ്സ്ട്രീസ് എഡിആര്‍ മാറ്റമില്ലാതെയാണ് ക്ലോസ് ചെയ്തത്.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് ഇന്നലെ നേരിയ തോതില്‍ ഉയര്‍ന്ന് ( 2.67 ശതമാനം) 16.6 ആയി. തിങ്കളാഴ്ച ഇത് 20.37 വരെ ഉയര്‍ന്നിരുന്നു.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.04 ലേക്കു മെച്ചപ്പെട്ടു. ബുധനാഴ്ചയിത് 0.88 ആയിരുന്നു. ബയറീഷ് മൂഡില്‍നിന്നു പതിയെ ബുള്ളീഷ് മനോഭാവം തിരിച്ചുപിടിക്കുകയാണ് വിപണി

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

മൂന്നാഴ്ചയിലെ ഏറ്റവും മികച്ച മുന്നേറ്റത്തിനാണ് യുഎസ് വിപണി ഇന്നലെ സാക്ഷ്യം വഹിച്ചത്. പുതിയ ജോബ് ഡേറ്റയാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തിയത്. മുന്‍വാരത്തില്‍ ശക്തമായ ഇടിവിനു കാരണമായതും ജോബ് ഡേറ്റയാണ്. ഏറ്റവും പുതിയ ജോബ്്ലെസ് ക്ലെയിം മുന്‍വാരത്തേക്കാള്‍ 17000 കണ്ടു കുറഞ്ഞിരിക്കുകയാണെന്ന് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിരിക്കുകയാണ്. യുഎസ് സമ്പദ്ഘടനയെക്കുറിച്ചുള്ള ആശങ്കകള്‍ കുറഞ്ഞതാണ് കാരണം. ഇതേ നിരക്കില്‍ മുന്നോട്ടുപോയാല്‍ ആരോഗ്യകരമായ തൊഴില്‍ വിപണിയെ പ്രതീക്ഷിക്കാമെന്ന് സാമ്പത്തികവിദഗ്ധനായ ജോസഫ് ബ്രസ്യൂലാസ് എക്സില്‍ കുറിക്കുന്നു.

ഇന്നലെ രാവിലെ 177 പോയിന്റ് ഉയര്‍ച്ചയോടെ ഓപ്പണ്‍ ചെയ്ത ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രീയല്‍സ് വ്യാപാരം അവസാനിപ്പിച്ചത് 683.04 പോയിന്റ് (1.76 %) നേട്ടത്തിലാണ്. നാസ്ഡാക് കോംപോസിറ്റ് 464.22പോയിന്റ് (2.87 %) നേട്ടത്തോടെ ക്ലോസ് ചെയ്തപ്പോള്‍ എസ് ആന്‍ഡ് പി 500 സൂചിക 119.81 പോയിന്റ് (2.3 %) ഉയര്‍ന്നു. എസ് ആന്‍ഡ് പിയുടെ 2022-ലെ ഏറ്റവും വലിയ ഏകദിന നേട്ടമാണിത്. ടെക്് ഓഹരികള്‍ വന്‍മുന്നേറ്റമാണ് കാഴ്ച വച്ചത്. എന്‍വിഡിയ, ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ് മെറ്റ തുടങ്ങിയവയെല്ലാം വന്‍മുന്നേറ്റമാണ് ഇന്നലെ കാഴ്ച വച്ചത്.

യൂറോപ്യന്‍ വിപണി ഇന്നലെ സമ്മിശ്രമായാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 30.55 പോയിന്റും സിഎസി ഫ്രാന്‍സ് 19.9 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 110.12 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തതത്. ജര്‍മന്‍ ഡാക്സ് 49.58 പോയിന്റുമെച്ചത്തില്‍ ക്ലോസ് ചെയ്തു. യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് പോസീറ്റീവായാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

രണ്ടു ദിവസംകൊണ്ടു മികച്ച തിരിച്ചുവരവുനടത്തിയ നിഫ്റ്റി ഇന്നലെ 259 പോയിന്റ് താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഡോളറിനെതിരേ യെന്‍ ശക്തമായതും യുഎസ് മാന്ദ്യ ഭീതിയുമാണ് ജാപ്പനീസ് വിപണിയെ ബാധിച്ചത്. ഇന്നു രാവിലെ 440 പോയിന്റ് മെച്ചത്തോടെയാണ് നിക്കി ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 509 പോയിന്റ് മെച്ചപ്പെട്ടു നില്‍ക്കുകയാണ്.

കൊറിയന്‍ കോസ്പി 40.1 പോയിന്റും സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 247 പോയിന്റും ചൈനീസ് ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 10 പോയിന്റും മെച്ചപ്പെട്ടു നില്‍ക്കുകയാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ഇന്നലെയും വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വില്‍പ്പനക്കാരായിരുന്നു. ഇന്നലെ അവരുടെ നെറ്റ് വില്‍പ്പന 2626.73 കോടി രൂപയാണ്. ഇതോടെ ഓഗസ്റ്റിലെ അവരുടെ നെറ്റ് വില്‍പ്പന 20767.2 കോടി രൂപയായി.

അതേസമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 577.3 കോടിരൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്. ഇതോടെ ഓഗസ്റ്റിലെ വാങ്ങല്‍ 19520.42 കോടി രൂപയിലെത്തി.

സാമ്പത്തിക വാര്‍ത്തകള്‍

പ്രതീക്ഷിച്ചതുപോല, തുടര്‍ച്ചയായ ഒമ്പതാമത്തെ തവണയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നയ പലിശനിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി. എസ്ഡിഎഫ്, എംഎസ്എഫ്, ബാങ്ക് റേറ്റ് തുടങ്ങിയവയ്ക്കും മാറ്റമില്ല.

രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടു പോകുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കുകയും ചെയ്തു. നടപ്പുവര്‍ഷം 7.2 ശതമാനം ജിഡിപി വളര്‍ചചയാണ് ആര്‍ബിഐ അനുമാനിച്ചിട്ടുള്ളത്. മികച്ച മണ്‍സൂണ്‍, ഖാരിഫ് വിളയിറക്കല്‍ വിസ്തൃതി വര്‍ധിക്കുന്നത്, അണക്കെട്ടുകളിലെ മെച്ചപ്പെട്ട ജലനില തുടങ്ങിയവയെല്ലാ ഖാരിഫ് വിളവ് മെച്ചപ്പെടുത്തുകയും ഭക്ഷ്യലഭ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഭക്ഷ്യവിലക്കയറ്റം വരും ദിവസങ്ങളില്‍ കുറയുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മെച്ചപ്പെട്ട കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഗ്രാമീണ ഉപഭോഗം ഉയര്‍ത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതീക്ഷിച്ചതിനേക്കാള്‍ ഭക്ഷ്യവില ഉയര്‍ന്നത് ജൂണില്‍ ചില്ലറവിലക്കയറ്റത്തോത് 5.1 ശതമാനത്തിലേക്ക് ഉയര്‍ത്തി. വരും മാസങ്ങളില്‍ അതു കുറയുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. നാലു ശതമാനം വിലക്കയറ്റത്തോത് ലക്ഷ്യമിടുന്ന ആര്‍ബിഐ അതുകൊണ്ടുതന്നെ നയപലിശ നിരക്ക് പനരവലോകനം ചെയ്യാന്‍ തയാറായില്ല. വിലസ്ഥിരതയില്ലാതെ ഉയര്‍ന്ന വളര്‍ച്ച സാധ്യമല്ലെന്ന നിലപാടാണ് ആര്‍ബിഐയ്ക്കുള്ളത്. മോശമല്ലാത്ത വളര്‍ച്ച സമ്പദ്ഘടനയിലുള്ളതിനാല്‍ പണപ്പെരുപ്പം ലക്ഷ്യത്തിലേക്കു താഴ്ത്തുകയെന്നതിന് ആര്‍ബിഐ പ്രത്യേക ശ്രദ്ധ നല്‍കുന്നു. പലിശ കുറയ്ക്കലിനോട് അയഞ്ഞ സമീപനം സ്വീകരിക്കാന്‍ ഇതു റിസര്‍വ് ബാങ്കിന് സാഹചര്യം നല്‍കുന്നു. പലിശ നിരക്കു കുറയ്ക്കുന്നതിന ധൃതി പിടിക്കേണ്ടതില്ലെന്നാണ് ശക്തികാന്ത ദാസിന്റെ സമീപനം.

കമ്പനി വാര്‍ത്തകള്‍

ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്: സീമന്‍സ്, ട്രെന്റ്, ഗ്രാസിം ഇന്‍ഡ്, സൈഡസ് ലൈഫ്സയന്‍സ്, ഇന്‍ഫോ എഡ്ജ്, ജിഐസി, ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ്, ബെര്‍ജര്‍ പെയിന്റ്സ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍, സണ്‍ടിവി നെറ്റ്് വര്‍ക്ക്, ചോളമണ്ഡലം ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ്, എന്‍ജിനീയേഴ്സ് ഇന്ത്യ, ഷിപ്പിംഗ് കോര്‍പറേഷന്‍, ഇന്ത്യ സിമന്റ്സ്, ഇനോക്സ് വിന്‍ഡ്, എച്ചഎംടി, ഫിനോടെക്സ് കെമിക്കല്‍, ഡൈനാമിക് ടെക്നോളജീസ്, മുത്തൂറ്റ് മൈക്രോഫിന്‍, ജ്യോതി സ്ട്രക്ചര്‍,എക്സല്‍ ഇന്‍ഡസ്ട്രീസ്, തുടങ്ങി ഇരൂനൂറ്റിത്തൊണ്ണൂറോളം കമ്പനികള്‍ ആദ്യക്വാര്‍ട്ടര്‍ ഫലം ഇന്ന് പുറത്തുവിടും.

കൊച്ചില്‍ ഷിപ്യാഡ്സ്: ഷിപ്ബില്‍ഡറായ കൊച്ചിന്‍ ഷിപ്യാഡ് ജൂണിലവസാനിച്ച ആദ്യ ക്വാര്‍ട്ടറില്‍ 174 കോടി രൂപ അറ്റാദായം നേടി. ഇത് മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 75.7 ശതമാനം കൂടുതലാണ്. അതേസമയം വരുമാനം 62 ശതമാനം വര്‍ധനയോടെ 771 കോടി രൂപയിലെത്തി.

എല്‍ഐസി: എല്‍ഐസി യുടെ ആദ്യക്വാര്‍ട്ടര്‍ അറ്റാദായം 9 ശതമാനം വര്‍ധനയോടെ 10544 കോടി രൂപയിലെത്തി. കമ്പനിയുടെ നെറ്റ് പ്രീമിയം 16 ശതമാനം വര്‍ധനയോടെ 1.14 ലക്ഷം കോടി രൂപയിലെത്തി.

ബ്രെയിന്‍ബീസ് സൊലൂഷന്‍സ്: ഫസ്റ്റ് ക്രൈ സ്റ്റോര്‍ ഓപ്പറേറ്റ് ചെയ്യുന്ന ബ്രെയിന്‍ബീസ് സൊലൂഷന്‍സ് കന്നി പബ്ളിക് ഇഷ്യുവിന് 7.13 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. രണ്ടാം ദിവസം 30 ശതമാനം അപേക്ഷകളെ ലഭിച്ചിരുന്നുള്ളു. പ്രൈസ് ബാന്‍ഡ് 440-465 രൂപ. ഇഷ്യു വഴി 4193 കോടി രൂപയാണ് കമ്പനി സ്വരൂപിക്കുക. ഓഗസ്റ്റ് 13-ന് ലിസ്റ്റ് ചെയ്യും.

സെയ്ഗാള്‍ ഇന്ത്യ: സെയ്ഗാള്‍ ഇന്ത്യ എന്‍എസ്ഇയില്‍ 419 രൂപയ്ക്കു ലിസ്റ്റു ചെയ്തു. ഇഷ്യു വിലയായ 401 രൂപയേക്കാള്‍ 4.4 ശതമാനം പ്രീമിയത്തില്‍. ഒരവസരത്തില്‍ 424.8 രൂപ വരെ ഉയര്‍ന്ന ഓഹരി ക്ലോസ് ചെയ്തത് 386.75 രൂപയിലാണ്.

ക്രൂഡോയില്‍ വില

രണ്ടു ദിവസത്തെ ഉയര്‍ച്ചയ്ക്കുശേഷം ഇന്നലെ ക്രൂഡോയില്‍ വില കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നു. ആഗോള സമ്പദ്ഘടനയിലെ മുരടിപ്പാണ് (പ്രത്യേകിച്ചു ചൈനീസ് സമ്പദ്ഘടനയിലെ വളര്‍ച്ചാക്കുറവ്) ക്രൂഡ് വിലയില്‍ സമ്മര്‍ദ്ദമുയര്‍ത്തുന്നത്. പശ്ചിമേഷ്യയില്‍നിന്നുള്ള സപ്ലൈ സംബന്ധിച്ച ആശങ്കകള്‍ ഡിമാണ്ട് കുറവിനാല്‍ പരിഹരിക്കപ്പെട്ടതും എണ്ണവിലയുടെ മുന്നേറ്റത്തിന്റെ ശക്തി കുറച്ചു. ഇന്നലെ യുഎസ് സമ്പദ്ഘടനയെക്കുറിച്ചുള്ള ആശങ്കയ്ക്കു കുറവു വന്നത് എണ്ണവിപണിക്കു തുണയായി.

ഡബ്ള്യുടിഐ, ബ്രെന്റ് ക്രൂഡോയില്‍ ഏഴുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍നിന്ന് നല്ല ഉയര്‍ച്ച നേടി. ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന് 76.19 ഡോളറാണ്. വ്യാഴാഴ്ച രാവിലെയിത് 75.44 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡിന് ബാരലിന് ഇന്നു രാവിലെ 79.14 ഡോളറാണ്. ഇന്നലെയിത് 78.43 ഡോളറായിരുന്നു.

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ബ്രെന്റ് കൂഡ് വില ബാരലിന് 81 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.

ഇന്ത്യന്‍ രൂപ റിക്കാര്‍ഡ് താഴ്ചയില്‍

തിങ്കളാഴ്ച ഡോളറിനെതിരേ റിക്കാര്‍ഡ് താഴ്ചയില്‍ ( 84 രൂപ) എത്തിയ രൂപ ഇന്നലെ 83.97 ലാണ് ക്ലോസ് ചെയ്തത്. ബുധനാഴ്ച ഡോളറിന് 83.94 രൂപയായിരുന്നു. മധ്യപൂര്‍വ പ്രദേശത്തെ സംഘര്‍ഷങ്ങളാണ് പ്രധാനമായും രൂപയെ സ്വാധീനിക്കുന്നത്. താഴ്ന്ന തലത്തില്‍ രൂപയ്ക്ക് ( അതായത് ഡോളറിന് 84 രൂപയില്‍) പിന്തുണ കിട്ടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഹൃസ്വകാലത്തില്‍ രൂപ 83.90-84 റേഞ്ചില്‍ കണ്‍സോളിഡേറ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്രൂഡോയില്‍ വില ഉയര്‍ന്നതും വിദേശനിക്ഷേപം പിന്‍വലിക്കപ്പെടുന്നതും രൂപയെ ദുര്‍ബലമാക്കുന്നതായി ഫോറെക്സ് ട്രേഡര്‍മാര്‍ പറയുന്നു.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.