image

7 Aug 2024 2:00 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഓഗസ്റ്റ് 7)

Joy Philip

Trade Morning
X

Summary

ഇന്ത്യന്‍ വിപണി കണ്‍സോളിഡേഷന്‍ മോഡില്‍


ഇന്ത്യന്‍ വിപണിയൊഴികെ ആഗോളവിപണികളില്‍ നല്ലൊരു പങ്കും ഇന്നലെ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. ദുര്‍ബ്ബലമായ ജോബ് ഡേറ്റയുടെ അടിസ്ഥാനത്തില്‍ യുഎസ് സമ്പദ്ഘടനയുടെ മാന്ദ്യത്തിലേക്കു പോകുന്നതു തടയുവാന്‍ നടപടി സ്വീകരിക്കുമെന്ന ഫെഡറല്‍ റിസര്‍വ് സൂചനയാണ് ചൊവ്വാഴ്ച ആഗോള വിപണികള്‍ക്കു കരുത്തു പര്‍ന്നത്. സെപ്റ്റംബറില്‍ അര ശതമാനം പലിശ വെട്ടിക്കുറയ്ക്കുന്നതിലേക്കു ഫെഡറല്‍ റിസര്‍വിനെ ഇതു നയിക്കുമെന്ന വിലയിരുത്തല്‍ വിപണിക്കു ഊര്‍ജമായി.

പലിശനിരക്കു വെട്ടിക്കുറയ്ക്കല്‍ ഉടനേയുണ്ടാകുമെന്നാണ് ജെപി മോര്‍ഗന്‍, സിറ്റിഗ്രൂപ്പ് തുടങ്ങിയബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തല്‍.

ആഗോള വിപണിക്കു വിരുദ്ധമായാണ് ഇന്ത്യന്‍ വിപണി ഇന്നലെ നീങ്ങിയത്. മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത് ഇന്ത്യന്‍ വിപണി തുടര്‍ന്നു താഴേയ്ക്കു നീങ്ങുകയായിരുന്നു. കണ്‍സോളിഡേഷന്‍ മൂഡിലാണ് ഇന്ത്യന്‍ വിപണി. 23500 പോയിന്റിനു ചുറ്റളവില്‍ വിപണി വീണ്ടും ശക്തിയാര്‍ജിക്കാനുള്ള സാധ്യതയാണ് പ്രതീക്ഷിക്കുന്നത്.

നാളെ (ഓഗസ്റ്റ് 8) എത്തുന്ന റിസര്‍വ് ബാങ്കിന്റെ പണനയം വിപണിക്കു വ്യക്തമായ ദിശ നല്‍കുമെന്നു കരുതുന്നു. പണപ്പെരുപ്പ നിരക്കു കുറയുന്നുവെങ്കിലും എന്നു പലിശ നിരക്ക് വെട്ടുക്കുറയ്ക്കല്‍ ആരംഭിക്കുമെന്ന സൂചന പണനയത്തില്‍നിന്നു പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ വിപണി ഇന്നലെ

ഓഗസ്റ്റ് ഒന്നിലെ റിക്കാര്‍ഡ് ഉയരത്തില്‍നിന്ന് ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവു (63.05 പോയിന്റ് ) രേഖപ്പെടുത്തിയിരിക്കുകയാണ്. ഓഗസ്റ്റ് ഒന്നിലെ ക്ലോസിംഗായ 25010.9 പോയിന്റില്‍നിന്ന് 23992.55 പോയിന്റില്‍ വിപണി ക്ലോസ് ചെയ്തിരിക്കുകയാണ്. ഏതാണ്ട് നാലര ശതമാനത്തോളം ഇടിവ്. ഏഴു മുതല്‍ 10 വരെ ശതമാനം തിരുത്തല്‍ വിപണിയില്‍ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഐടി ഒഴികെ മിക്ക മേഖലകളും നെഗറ്റീവായാണ് ക്ലോസ് ചെയ്തിട്ടുള്ളത്. നിഫ്റ്റിയില്‍ ഇടിവ് 63 പോയിന്റേ ഉണ്ടായിരുന്നുള്ളുവെങ്കിലും പൊതുവേ ഓഹരി വിലകളില്‍ ഉയര്‍ന്ന ഇടിവാണുണ്ടായിട്ടുള്ളത്. തിങ്കളാഴ്ചത്തെ വന്‍ വില്‍പ്പനയ്ക്കുശേഷം നിഫ്റ്റി മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്യുകയായിരുന്നു ഇന്നലെ. വ്യാപാരം പുരോഗമിക്കുന്തോറും വിപണി തുടര്‍ച്ചയായി കുറയുകയും നെഗറ്റീവായി ക്ലോസ് ചെയ്യുകയുമായിരുന്നു.

ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് ഇന്നലെ 166.33 പോയിന്റ് താഴ്ന്ന് 78593.07 പോയിന്റിലാണ് ക്ലോസ് ചെയ്തത്. തിങ്കളാഴ്ച 2222.55 പോയിന്റ് ഇടിവ് കാണിച്ചിരുന്നു. മൂന്നു ദിവസംകൊണ്ട് സെന്‍സെക്സിലുണ്ടായ ഇടിവ് 3275 പോയിന്റോളമാണ് ( നാലു ശതമാനം). ചുരക്കത്തില്‍ ശക്തമായ തിരുത്തല്‍ വിപണിയില്‍ സംഭവിച്ചിരിക്കുക്കുകയാണ്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

വിപണി ശക്തമായ തിരുത്തലിലൂടെ കടന്നുപോവുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും 24000 പോയിന്റിനു താഴേക്കു നീങ്ങിയ നിഫ്റ്റിക്ക് പക്ഷേ, അതിനു മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചില്ല. 24000 പോയിന്റിനു തൊട്ടുതാഴെയായിരുന്നു ക്ലോസിംഗ്. തിരുത്തലുകള്‍ വിപണിയുടെ ആരോഗ്യകരമായ മുന്നേറ്റത്തിന് ഏറ്റവും ആവശ്യമായ സംഗതിയാണ്. ഇന്നലെ 24000 പോയിന്റിനു താഴേയ്ക്കു വീണെങ്കിലും നിഫ്റ്റി തിങ്കളാഴ്ചത്തെ പ്രതിദിന താഴ്ചയേക്കാള്‍ സാമാന്യം മെച്ചപ്പെട്ട നിലയിലായിരുന്നു ഇന്നലത്തെ ഏറ്റവും താഴ്ന്ന പോയിന്റ്.

ഇന്നലത്തെ മൊമന്റം വിപണിയില്‍ തുടര്‍ന്നാല്‍ തിങ്കളാഴ്ചത്തെ ഏറ്റവും താഴ്ചയായ 23893 പോയിന്റില്‍ നിഫ്റ്റിക്ക് ആദ്യ പിന്തുണ ലഭിക്കും. തുടര്‍ന്ന് 23623 പോയിന്റിലേക്കും 23405 പോയിന്റിലേക്കുമെത്താം.

മറിച്ച് വിപണി മെച്ചപ്പെടുകയാണെങ്കില്‍ 24350 പോയിന്റിലേക്ക് നിഫ്റ്റി എത്താം. അവിടെ വില്‍പ്പന സമ്മര്‍ദ്ദം ദൃശ്യമാണ്. തുടര്‍ന്നും പോസീറ്റീവ് മൊമന്റം തുടരുകയാണെങ്കില്‍ 24500 പോയിന്റിനു ചുറ്റളവിലും 24851 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ചൊവ്വാഴ്ച 40.85 ആണ്. ബെയറീഷ് മനോഭാവത്തിലേക്ക് നിഫ്റ്റി വീണിരിക്കുകയാണ്.

ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: തിങ്കളാഴ്ച 1258.05 പോയിന്റ് നഷ്ടം കാണിച്ച ബാങ്ക് നിഫ്റ്റി ഇന്നലെ 343.80 പോയിന്റ് താഴ്ചയോടെ 49748.3 പോയിന്റില്‍ ക്ലോസ് ചെയ്തു. ജൂണ്‍ 18-ന് ശേഷം ആദ്യമായാണ് ബാങ്ക് നിഫ്റ്റി 50000 പോയിന്റിനു താഴെ ക്ലോസ് ചെയ്യുന്നത്.

ഇന്നലത്തെ മൊമന്റം തുടര്‍ന്നാല്‍ ബാങ്ക് നിഫ്റ്റിക്ക് 49500 പോയിന്റില്‍ ആദ്യ പിന്തുണ ലഭിക്കും. വില്‍പ്പന തുടരുകയാണെങ്കില്‍ അടുത്ത പിന്തുണ 49000 പോയിന്റിന് ചുറ്റളവിലാണ്. തുടര്‍ന്ന് 48570 പോയിന്റില്‍ പിന്തുണയുണ്ട്.

മറിച്ച് വിപണി മെച്ചപ്പെട്ടാല്‍ ബാങ്ക് നിഫ്റ്റി 50400-50600 തലത്തിലാണ് ആദ്യ റെസിസ്റ്റന്‍സ്. തുടര്‍ന്നു മുന്നോട്ടു പോയാല്‍ 51100 പോയിന്റിലേക്കും 51800-51900 പോയിന്റിലേക്കും എത്താം.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 31.22 ആണ്. ബെയറീഷ് മൂഡിലൂടെയാണ് ബാങ്ക് നിഫ്റ്റി നീങ്ങുന്നത്. ഓവര്‍ സോള്‍ഡ് തലത്തിലേക്ക് നീങ്ങുകയാണ്.

ഗിപ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ നേരയി നേട്ടത്തോടോയാണ് ആരംഭിച്ചത്. പി്ന്നീട് തുടര്‍ച്ചയായി മെച്ചപ്പെടുകയായിരുന്നു. ഗിഫ്റ്റ് നിഫ്റ്റി ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 70 പോയിന്റ് മെച്ചത്തിലാണ്. ആഗോള വിപണികളിലെ മനോഭാവും നെഗറ്റീവ് ആണെങ്കിലും മെച്ചപ്പെട്ട ഓപ്പണിംഗ് പ്രതീക്ഷിക്കാം.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്നലെ നല്ലൊരു പങ്ക് ഇന്ത്യന്‍ എഡിആറുകളും പോസീറ്റീവായാണ് ക്ലോസ് ചെയ്തത്. അപവാദമായി റിലയന്‍സ് ഇന്‍ഡ്സ്ട്രീസ് എഡിആര്‍ 0.64 ശതമാനം താഴ്ന്നാണ് ക്ളോസ് ചെയ്തത്.

ഇന്‍ഫോസിസ് 0.91 ശതമാനവും വിപ്രോ 3.36 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 0.55 ശതമാനം ഐസിഐസിഐ ബാങ്ക് 0.07 ശതമാനവും താഴ്ന്നു. മേക്ക് മൈട്രിപ്പ് 5.95 ശതമാനവും യാത്ര ഓണ്‍ലൈന്‍ 1.96 ശതമാനവും ഡോ. റെഡ്ഡീസ് 1.16 ശതമാനവും മെച്ചപ്പെട്ടു.

ഇന്ത്യ വിക്സ്

തിങ്കളാഴ്ച ഇന്ത്യ വിക്സ് കുത്തനെ ഉയര്‍ന്നെങ്കിലും ഇന്നലെ എട്ടു ശതമാനത്തോളം (1.62 പോയിന്റ്) കുറഞ്ഞ് 18.74 ആയി. തിങ്കളാഴ്ച ഇത് 20.37 ആയിരുന്നു. തിങ്കളാഴ്ചത്തെ കുത്തനെയുണ്ടായ തിരുത്തലിനുശേഷം ഇന്നലെ രാവിലെ മികച്ച തിരിച്ചുവരവു നടത്തിയ വിപണി കണ്‍സോളിഡേഷന്‍ മാനോഭാവത്തിലാണ്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 0.71ലേക്കു താഴ്ന്നു. തിങ്കളാഴ്ചയിത് 0.72 ആയിരുന്നു. വിപണി ബയറീഷ് മൂഡിലേക്കു നീങ്ങുന്ന പ്രവണതയെയാണ് ഇതു സൂചിപ്പിക്കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് ചൊവ്വാഴ്ച ശക്തമായ തിരിച്ചുവരവു നടത്തിയിരിക്കുകയാണ്. രണ്ടു ദിവസങ്ങളിലായി 1650 പോയിന്റോളം ഇടിവു കാണിച്ച ഡൗ ഇന്നലെ പോസീറ്റീവായാണ് വ്യാപാരം തുടങ്ങിയത്. ദിവസത്തെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഡൗ ജോണ്‍സ് 294.39 പോയിന്റ് മെച്ചത്തിലാണ്. നാസ്ഡാക് കോംപോസിറ്റ്, എസ് ആന്‍ഡ് പി 500 എന്നിവയും ഇന്നലെ പോസീറ്റീവായാണ് ഓപ്പണ്‍ ചെയ്തത്. ക്ലോസിംഗ് യഥാക്രമം 166.77 പോയിന്റ്, 53.7 പോയിന്റ് വീതം മെച്ചപ്പെട്ടാണ്.

ഫെഡറല്‍ റിസര്‍വില്‍നിന്നും പലിശനിരക്കു സംബന്ധിച്ച് അനുകൂലമായ കമന്റ് വന്നതാണ് വിപണിക്ക് ഊര്‍ജം പകര്‍ന്നത്. സമ്പദ്ഘടനയുടെ ദുര്‍ബലാവസ്ഥയ്ക്കു പരിഹാരം കാണുവാന്‍ ഫെഡ് ദ്രുതതീരുമാനങ്ങള്‍ എടുത്തേക്കുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ.

പോസീറ്റീവായി ഓപ്പണ്‍ ചെയ്ത യൂറോപ്യന്‍ വിപണിയില്‍ മിക്ക സൂചികകളും പോസീറ്റീവായാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 18.46 പോയിന്റും ജര്‍മന്‍ ഡാക്സ് 15.32 പോയിന്റും മെച്ചപ്പെട്ടപ്പോള്‍ സിഎസി ഫ്രാന്‍സ് 18.95 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 186.39 പോയിന്റും ഇടിഞ്ഞാണ് ക്ലോസ് ചെയ്തതത്.

യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സും എല്ലാ പോസീറ്റീവായാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

തിങ്കളാഴ്ച 13 ശതമാനത്തോളം ഇടിവു കാണിച്ച ജാപ്പനീസ് നിക്കി സൂചിക ഇന്നലെ ശക്തമായ തിരിച്ചുവരവു നടത്തിയിരിക്കുകയാണ്. നിക്കി സൂചിക ഇന്നലെ 3217.04 പോയിന്റ് (10.23 ശതമാനം) നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഇന്നലെ മറ്റ് ഏഷ്യന്‍ വിപണികളും പോസീറ്റീവായിട്ടാണ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 550 പോയിന്റ് താഴ്ന്നാണ് നിക്കി ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 376 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്.

മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത കൊറിയന്‍ കോസ്പി 25.7 പോയിന്റ് മെച്ചപ്പെട്ടിരിക്കുകയാണ്. എന്നാല്‍ സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 96 പോയിന്റും ചൈനീസ് ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 5.42 പോയിന്റും മെച്ചപ്പെട്ടാണ് നില്‍ക്കുന്നത്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ ഇന്നലെയും വന്‍ വില്‍പ്പനക്കാരായിരുന്നു. ഇന്നലെത്തെ നെറ്റ് വില്‍പ്പന 3531.24 കോടി രൂപയാണ്. തിങ്കളാഴ്ചത്തേതിന്റെ മൂന്നിലൊന്നു മാത്രമേയുള്ളുവെന്നതാണ് ആശ്വാസം. ഇതോടെ ഈ മാസത്തെ അവരുടെ നെറ്റ് വില്‍പ്പന 14825.71 കോടി രൂപയായി.

അതേസമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ അത്രതന്നെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്. ഇന്നലെ അവര്‍ 3357.45 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ ഓഗസ്റ്റിലെ വാങ്ങല്‍ 15141.91 കോടി രൂപയിലെത്തി.

കമ്പനി വാര്‍ത്തകള്‍

ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്: പിഡിലൈറ്റ്, ഗോദ്റെജ് കണ്‍സ്യൂമര്‍, ആബട്ട് ഇന്ത്യ, അപ്പോളോ ടയേഴ്സ്, ആദിത്യബിര്‍ള ഫാഷന്‍സ്, ബിഎസ്ഇ ലിമിറ്റഡ്, ഡോ, ലാല്‍പാത് , റാഡികോ ഖയ്താന്‍, എഫ്ഡിസി,ഗോദാവരി പവര്‍, സുല വൈന്‍സ്, വെങ്കീസ്, മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് തുടങ്ങി നൂറ്റിനാല്‍പ്പതോളം കമ്പനികള്‍ ഇന്നു ഫലം പുറത്തുവിടും.

ഒല ഇലക്ട്രിക് ഐപിഒ: ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക്കിന്റെ ഐപിഒയ്ക്ക് മികച്ച പ്രതികരണം. ഇന്നലെ ഇഷ്യു അവസാനിക്കുമ്പോള്‍, 6145 കോടി രൂപയുടെ ഓഹരിക്കായി 4.27 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. റീട്ടെയില്‍ വിഭാഗത്തില്‍ 3.92 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. പ്രൈസ് ബാന്‍ഡ് 72-76 രൂപ. ഇന്ന് ഓഹരി അലോട്ട് ചെയ്യും. ഒമ്പതിന് എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

അകുംസ് ഡ്രഗ്സ്: കമ്പനിയുടെ ഓഹരികള്‍ 6.8 ശതമാനം പ്രീമിയത്തില്‍ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തു. 725 രൂപയിലായിരുന്നു ലിസ്റ്റിംഗ്. ഇഷ്യു വില 679 രൂപയായിരുന്നു. ഓഹരി വില 797.5 രൂപ വരെ ഉയര്‍ന്നശേഷം 796.25 രൂപയിലാണ് ആദ്യദിവസം ക്ലോസ് ചെയ്തിട്ടുള്ളത്.

ബ്രെയിന്‍ബീസ് സൊലൂഷന്‍: ഫസ്റ്റ് ക്രൈ സ്റ്റോര്‍ ഓപ്പറേറ്റ് ചെയ്യുന്ന ബ്രെയിന്‍ബീസ് സൊലൂഷന്‍സ് കന്നി പബ്ളിക് ഇഷ്യുവിന്റെ ആദ്യദിവസം 9 ശതമാനം അപേക്ഷകളാണ് ലിഭിച്ചത്. ഇന്നലെയാരംഭിച്ച ഇഷ്യു എട്ടിന് അവസാനിക്കും. പ്രൈസ് ബാന്‍ഡ് 440-465 രൂപ. ഇഷ്യു വഴി 4193 കോടി രൂപയാണ് കമ്പനി സ്വരൂപിക്കുക. റീട്ടെയില്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 0.4 ശതമാനം അപേക്ഷയാണ് ലഭിച്ചിട്ടുള്ളത്.

ക്രൂഡോയില്‍ വില

യുഎസ് സാമ്പത്തികമാന്ദ്യം അനിവാര്യമാണെന്ന ആശങ്കയില്‍ ഡബ്ള്യുടിഐ, ബ്രെന്റ് ക്രൂഡോയില്‍ഏഴുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന് 72.74 ഡോളറാണ്. ചൊവ്വാഴ്ച 74.22 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡിന് ബാരലിന് ഇന്നു രാവിലെ 76.12 ഡോളറാണ്. ചൊവ്വാഴ്ചയിത് 77.36 ഡോളറായിരുന്നു.

യുഎസ് മാന്ദ്യ ഭീതി കുറഞ്ഞുവെങ്കിലും എണ്ണവിലയില്‍ അതു പ്രതിഫലിക്കുന്നില്ല. വില താഴേയ്ക്കു പോകുവാനുള്ള പ്രവണതയാണ് കാണിക്കുന്നത്. ഇതോടൊപ്പമാണ് യുഎസ് ക്രൂഡോയില്‍ ഉത്പാദനം റിക്കാര്‍ഡ് ഉത്പാദനനിലയിലേക്ക് ഉയരുകയാണെന്ന വാര്‍ത്തയും എണ്ണ വിലയെ പ്രതികൂലമായി ബാധിക്കുന്നു. ഹനിയ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ബ്രെന്റ് കൂഡ് വില ബാരലിന് 81 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.

ഇന്ത്യന്‍ രൂപ റിക്കാര്‍ഡ് താഴ്ചയില്‍

തിങ്കളാഴ്ച ഡോളറിനെതിരേ റിക്കാര്‍ഡ് താഴ്ചയില്‍ ( 84 രൂപ) എത്തിയ രൂപ ഇന്നലെ നേരിയതോതില്‍ മെച്ചപ്പെട്ടു. ചൊവ്വാഴ്ച ഡോളറിന് 83.91 രൂപയായിരുന്നു.

യുഎസ് മാന്ദ്യ ആശങ്കയെത്തുടര്‍ന്ന് ലോകമെങ്ങുമുള്ള വിപണികളില്‍ വന്‍വില്‍പ്പനയുണ്ടായതിനെത്തുടര്‍ന്നാണ് രൂപ തിങ്കളാഴ്ച ഇടിവു കാണിച്ചത്. എന്നാല്‍ എണ്ണ വില കുറയുന്നത് ഡോളര്‍ ആവശ്യം കുറച്ചത് രൂപയ്ക്ക് താങ്ങായി.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഓഗസ്റ്റ് 7)