image

6 Aug 2024 2:46 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഓഗസ്റ്റ് 6)

Joy Philip

Trade Morning
X

Summary

മാന്ദ്യഭീതി അമിത ഉത്ക്കണ്ഠ മാത്രം; ഇന്നു തിരിച്ചുവരവു പ്രതീക്ഷിക്കാം


തിരുത്തലിനു വിപണി കാത്തിരിക്കുകയായിരുന്നു വിപണി. തുടര്‍ച്ചായ ഉയര്‍ന്ന മുന്നേറ്റങ്ങള്‍ ബുള്ളുകള്‍ക്കുതന്നെ മടുപ്പുണ്ടാക്കിത്തുടങ്ങിയെന്ന സാഹചര്യത്തിലാണ് യുഎസ് മാന്ദ്യത്തെക്കുറിച്ചുള്ള അമിത ആശങ്ക പുറത്തുവന്നതും വില്‍പ്പനയ്ക്കു ശക്തി പകര്‍ന്നതും. ഏതായാലും മാന്ദ്യഭീതി കുറഞ്ഞതോടെ വിപണിയില്‍ പുള്‍ബാക്ക് പ്രതീക്ഷിക്കാം.

പ്രധാനമായും യു എസ് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ രണ്ടു ദിവസമായി ആഗോള വിപണിയെ ആകമാനം ഉലച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പുറത്തുവന്ന യുഎസ് ജോബ് ഡേറ്റ ഉയര്‍ത്തിയ ആശങ്കകളാണ് ആഗോള ധനകാര്യ വിപണികളെ പിടിച്ചു കുലുക്കയിത്. യുഎസ് തൊഴിലില്ലായ്മ 4.2 ശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. 2020-നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മാത്രവുമല്ല, യുഎസ് മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങുകയും ചെയ്തിട്ടുണ്ട്.

പ്രധാനമായും മൂന്നു കാര്യങ്ങളാണ് ആശങ്കയ്ക്കു മൂര്‍ച്ഛ കൂട്ടിയത്. ഉത്പാദന വളര്‍ച്ച കുറഞ്ഞു, തൊഴിലില്ലായ്മ കൂടി, സെപ്റ്റംബര്‍ വരെ ഫെഡറല്‍ റിസര്‍വ് സഹായത്തിനു വരികയില്ല- ഇവ മൂന്നും ഒരുമിച്ചു വന്നപ്പോള്‍ വിപണിയില്‍ ശക്തമായ വില്‍പ്പനയുണ്ടായി.

ഈ സാഹചര്യത്തിലും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കുന്നത് നീട്ടി വയ്ക്കുന്നത് യു എസ് സമ്പദ്ഘടനയെ മാന്ദ്യത്തിലേക്കു തള്ളിവിടുമെന്ന വിലയിരുത്തലും ആശങ്കയുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. പലിശ നിരക്ക് 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 5.25-5.5 ശതമാനത്തിലാണ്. സെപ്റ്റംബറില്‍ പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള സാധ്യതകളെക്കുറിച്ചു ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ സൂചിപ്പിച്ചിരുന്നു. ദീര്‍ഘകാലം പലിശ നിരക്ക് ഇത്തരത്തില്‍ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്നതു തുടരുന്നത് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനയെ മാന്ദ്യ റിസ്‌ക് ഉയര്‍ത്തുകയാണെന്നു വിപണി കരുതുന്നു.

പലിശ കുറയ്ക്കുന്നത് രാജ്യത്തിന്റെ ചെലവു കുറയ്ക്കുകയും യുഎസ് കമ്പനികള്‍ക്കു കുറഞ്ഞ ചെലവില്‍ കടമെടുക്കാനും അതു സമ്പദ്ഘടനയെ ഉണര്‍ത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇതിനു സമയമെടുക്കുന്നുവെന്നതാണ് ആശങ്കപ്പെടുത്തുന്നത്.

ഇതോടൊപ്പമാണ് ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷ സാധ്യത മൂര്‍ച്ഛിക്കുന്നത്. യുദ്ധം സംഭവിച്ചാല്‍പ്പോലും ഒരു പരിധിക്കപ്പുറത്തേയ്ക്കു പോകുവാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ക്രൂഡോയില്‍ വിലയെ ഇത് അത്രകണ്ടു ബാധിക്കുമെന്നു തോന്നുന്നില്ല.

ആഗോള വിപണികളിലെ ഇടിവ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കമ്പനികളുടെ രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങളാണ് വിപണിക്കു ദിശ നല്‍കുക. മോശമല്ലാത്ത ഫലങ്ങളാണ് പൊതുവേ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറിനെക്കുറിച്ച് അത്ര പ്രതീക്ഷയില്ല.

ഓഗസ്റ്റ് എട്ടിന് എത്തുന്ന റിസര്‍വ് ബാങ്കിന്റെ പണനയം വിപണിക്കു വ്യക്തമായ ദിശ നല്‍കുമെന്നു കരുതുന്നു. പണപ്പെരുപ്പ നിരക്കു കുറയുന്നുവെങ്കിലും എന്നു പലിശ നിരക്ക് വെട്ടിക്കുറയ്ക്കല്‍ ആരംഭിക്കുമെന്ന സൂചന പണനയത്തില്‍നിന്നു പ്രതീക്ഷിക്കുന്നു.

യുഎസ് മാന്ദ്യഭീതി അമിത ഉത്ക്കണ്ഠയാണെന്നാണ് ആഗോള നിക്ഷേപകസ്ഥാപനമായ ബ്ലാക്ക്റോക്കിന്റെ വിലയിരുത്തല്‍. അതിനാല്‍തന്നെ വിപണി ഉടനേതന്നെ തിരിച്ചുവരുമെന്ന് അവര്‍ വ്യക്തമാക്കുന്നു. ഇന്നു രാവിലെ ആഗോള വിപണിയില്‍ പുള്‍ബാക്ക് മനോഭാവം ദൃശ്യമാണ്. ഏഷ്യന്‍ വിപണികള്‍ എല്ലാം പോസീറ്റീവായാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.

മാന്ദ്യഭീതയകറ്റാന്‍ യുഎസ് ഫെഡറല്‍ റിസര്‍വും യുക്തമായതു ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ വിപണി ഇന്നലെ

കഴിഞ്ഞ രണ്ടു വ്യാപാരദിനങ്ങളിലായി ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റിക്ക് ന്ഷ്ടമായത് 955 പോയിന്റാണ്. ഓഗസ്റ്റ് ഒന്നിലെ ക്ലോസിംഗായ 25010.9 പോയിന്റില്‍നിന്ന് തിങ്കളാഴ്ച 24055.6 പോയിന്റില്‍ നിഫ്റ്റി എത്തിയിരിക്കുകയാണ് ഇന്നലെ മിഡ്, സ്മോള്‍, ലാര്‍ജ് കാപ് ഓഹരികള്‍ എന്നുവേണ്ട എല്ലാ മേഖലകളിലും വന്‍ വില്‍പ്പനയാണ് ഉണ്ടായത്.

മൂന്നുറോളം പോയിന്റിന്റെ ഗ്യാപ് ഓപ്പണിംഗായിരുന്നു ഇന്നലെ നിഫ്റ്റിയില്‍ ദൃശ്യമായത്.

ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് 2222.55 പോയിന്റ് ഇടിവോടെ 78759.4 പോയിന്റില്‍ ക്ലോസ് ചെയ്തു. കുത്തനെയുള്ള ഇടിവായിരുന്നു ഇത്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

വിപണിയില്‍ ശക്തമായ തിരുത്തല്‍ സംഭവിച്ചിരിക്കുകയാണ്. ഇന്നലെ മുന്നൂറിലധികം പോയിന്റ് ഗ്യാപ്പില്‍ ഓപ്പണ്‍ ചെയ്ത നിഫ്റ്റി താഴേയ്ക്കു പോവുകയായിരുന്നു. ഒരവസരത്തില്‍ 24000 പോയിന്റിനും താഴെ 23893.7 പോയിന്റ് വരെ എത്തിയിരുന്നു. പിന്നീട് നിഫ്റ്റി 24000 പോയിന്റിനു മുകളിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ആഗോളവിപണികളുടെ മനോഭാവം കണക്കിലെടുത്താല്‍ ഇന്നൊരു തിരിച്ചുവരവു പ്രതീക്ഷിക്കാം. അതു സംഭവിച്ചാല്‍ വിപണിക്ക് 24350 പോയിന്റില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്നും മുന്നോട്ടു നീങ്ങിയാല്‍ 24700 പോയിന്റില്‍ ശക്തമായ റെസിസ്റ്റന്‍സ് ഉണ്ട്.

തിങ്കളാഴ്ചത്തെ മൊമന്റം തുടരുകയാണെങ്കില്‍ നിഫ്റ്റിക്ക് 23900- 24000 തലത്തില്‍ പിന്തുണയുണ്ട്. തുടര്‍ന്നും വില്‍പ്പനയുണ്ടായാല്‍ 23450 പോയിന്റ് തലത്തിലും 23000 പോയിന്റിനു ചുറ്റളവിലും പിന്തുണ പ്രതീക്ഷിക്കാം.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ തിങ്കളാഴ്ച 42.11 ആണ്. ബെയറീഷ് മനോഭാവത്തിലേക്ക് നിഫ്റ്റി വീണിരിക്കുകയാണ്.

ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റി ഇന്നലെ 1258.05 പോയിന്റ് നഷ്ടത്തോടെ 50092,10 പോയിന്റിലാണ് ക്ലോസ് ചെയ്തത്.

ഇന്നലത്തെ മൊമന്റം തുടര്‍ന്നാല്‍ ബാങ്ക് നിഫ്റ്റിക്ക് 49700 പോയിന്റില്‍ ആദ്യ പിന്തുണ ലഭിക്കും. വില്‍പ്പന തുടരുകയാണെങ്കില്‍ അടുത്ത പിന്തുണ 49000 പോയിന്റിന് ചുറ്റളവിലാണ്.

മറിച്ച് വിപണി മെച്ചപ്പെട്ടാല്‍ ബാങ്ക് നിഫ്റ്റി 50750 പോയിന്റിലും തുടര്‍ന്ന് 51090 പോയിന്റിലും 51650 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 33.69 ആണ്. ബെയറീഷ് മൂഡിലൂടെയാണ് ബാങ്ക് നിഫ്റ്റി നീങ്ങുന്നത്. ഓവര്‍ സോള്‍ഡ് തലത്തിലേക്ക് നീങ്ങുകയാണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 129 പോയിന്റ് മെച്ചത്തോടെ 24251 പോയിന്റിലാണ് ഓപ്പണ്‍ ചെയ്ത്. 24370 പോയിന്റ് വരെ ഉയര്‍ന്ന ഗിഫ്റ്റ് നിഫ്റ്റി ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 165 പോയിന്റ് മെച്ചത്തിലാണ്. ആഗോള വിപണികളിലെ മനോഭാവും കൂടി കണക്കിലെടുത്താല്‍ മെച്ചപ്പെട്ട ഓപ്പണിംഗ് പ്രതീക്ഷിക്കാം.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്നലെ ഇന്ത്യന്‍ എഡിആറുകള്‍ എല്ലാം താഴ്ന്നാണ് ക്ളോസ് ചെയ്തത്. ഏതാണ്ട് വെള്ളിയാഴ്ചയുടെ തുടര്‍ച്ചയായിരുന്നു ഇന്നലെയെന്നു പറയാം.

ഇന്‍ഫോസിസ് 4.48 ശതമാനവും വിപ്രോ 4.39 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 3.27 ശതമാനം ഐസിഐസിഐ ബാങ്ക് 1.03 ശതമാനവും താഴ്ന്നു. റിലയന്‍സ് ഇ്ന്‍സ്ട്രീസ് 3.98 ശതമാനം ഇടിവുകാണിച്ചപ്പോള്‍ മേക്ക് മൈട്രിപ്പ് 1.14 ശതമാനവും യാത്ര ഓണ്‍ലൈന്‍ 3.76 ശതമാനവും ഇടിഞ്ഞു. ഡോ. റെഡ്ഡീസ് 2.9 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്.

ഇന്ത്യ വിക്സ്

ഇന്ത്യന്‍ ഓഹരി വിപണിയിലെ വ്യതിയാനത്തിനു ശക്തി കൂടുകയാണ്. തിങ്കളാഴ്ച ഇന്ത്യ വിക്സ് കുത്തനെ ഉയര്‍ന്നു. ഇന്നലെ 42.23 ശതമാനം (6.05 പോയിന്റ്) ഉയര്‍ച്ചയോടെ 20.37 ആയി. തിങ്കളാഴ്ചയിത് 14.32 ആയിരുന്നു. ആഗോള സംഭവങ്ങള്‍, പ്രത്യേകിച്ചും മധ്യപൂര്‍വ പ്രദേശത്ത് ഉരുത്തിരിഞ്ഞുവരുന്ന സംഭവവികാസങ്ങളും ആഗോള സമ്പദ്ഘടനയിലെ വളര്‍ച്ചാമാന്ദ്യ ആശങ്കളുമാണ് വിപണിയിലെ വ്യതിയാനത്തിനു ശക്തികൂട്ടുന്നത്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) തിങ്കളാഴ്ച 0.72ലേക്കു താഴ്ന്നു. വെള്ളിയാഴ്ചയിത് 0.91-ആയിരുന്നു. വിപണി ബയറീഷ് മൂഡിലേക്കു നീങ്ങുന്ന പ്രവണതയെയാണ് ഇതു സൂചിപ്പിക്കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

പ്രതീക്ഷിച്ചതിലും മോശമായ യുഎസ് ജോബ് ഡേറ്റ കണക്കുകള്‍ ആഗോള ധനകാര്യ വിപണികളെ കീഴ്മേല്‍ മറിക്കുകയാണ്. ഏഷ്യന്‍, യൂറോപ്യന്‍, യുഎസ് വിപണികള്‍ ഒരേപോലെ തകര്‍ച്ചയെ നേരിടുകയാണ്.

വെള്ളിയാഴ്ച 611 പോയിന്റ് ഇടിവോടെ ക്ലോസ് ചെയ്ത ഡൗ ജോണ്‍സ് ഇന്നലെ 1033.99 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രണ്ടു വര്‍ഷത്തിനുള്ളിലെ ഡൗ ഏറ്റവും വലിയ ഇടിവാണിത്.ഡൗ ജോണ്‍സിന്റെ ചുവടുപിടിച്ച് നാസ്ഡാക് കോംപോസിറ്റ് 576.08 പോയിന്റും എസ് ആന്‍ഡ് പി 500 സൂചിക 160.23 പോയിന്റും ഇടിഞ്ഞാണ് ക്ലോസ് ചെയ്തത്. എന്നാല്‍ യുഎസ് ഫ്യൂച്ചേഴ്സ് എല്ലാം പോസീറ്റീവായാണ് നീങ്ങുന്നത്.

വെള്ളിയാഴ്ച ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ച യൂറോപ്യന്‍ വിപണികളില്‍ ഇന്നലെ കുത്തനെയുള്ള ഇടിവാണ് കാണപ്പെട്ടത്. എല്ലാ സൂചികകളും താഴ്ന്നാണ് ഓപ്പണ്‍ ചെയ്തത്. എഫ്ടിഎസ്ഇ യുകെ 166.48 പോയിന്റും സിഎസി ഫ്രാന്‍സ് 102.81 പോയിന്റും ജര്‍മന്‍ ഡാക്സ് 322.22 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 725.30 പോയിന്റും ഇടിഞ്ഞാണ് ക്ലോസ് ചെയ്തതത്. എന്നാല്‍ യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം പോസീറ്റീവാണ്.

ഏഷ്യന്‍ വിപണികള്‍

1987-ലെ 'കറുത്ത തിങ്കളാഴ്ച'യ്ക്കുശേഷം മറ്റൊരു കറുത്ത തിങ്കളാഴ്ചയാണ് ജാപ്പനീസ് ഓഹരി വിപണിയില്‍ ഇന്നലെ കണ്ടത്. ജാപ്പനീസ് നിക്കി ഇന്നലെ 13 ശതമാനത്തോളമാണ് ( 4451.28 ശതമാനം) ഇടിവാണ് കാണിച്ചത്. ഇതോടെ വിപണിയുടെ റിക്കാര്‍ഡ് ഉയര്‍ച്ചയില്‍നിന്ന് 26 ശതമാനത്തോളം ഇടിഞ്ഞിരിക്കുകയാണ്. ജാപ്പനീസ് ഓഹരി വിപണി കരടികളുടെ പിടിയിലേക്കു നീങ്ങുന്നതായാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. നിക്കിയുടെ ഈ വര്‍ഷത്തെ നേട്ടം പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്.

മൂന്നു ദിവസംകൊണ്ട് ഈ വര്‍ഷത്തെ നേട്ടം മൂഴുവന്‍ നഷ്ടപ്പെടുത്തിയ ജാപ്പനീസ് വിപണി സൂചിക നിക്കി, ഇന്നു രാവിലെ 519 പോയിന്റ് നേട്ടത്തിലാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. തുടര്‍ന്ന് സ്ഥിരതയോടെ മെച്ചപ്പെട്ട നിക്കി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 2800 പോയിന്റ് ഉയര്‍ന്നു നില്‍ക്കുകയാണ്.

മെച്ചപ്പെട്ട ഓപ്പണ്‍ ചെയ്ത കൊറിയന്‍ കോസ്പി 83 പോയിന്റ് ഉയരത്തിലാണ് ട്രേഡ് ചെയ്യപ്പെടുന്നത്. എന്നാല്‍ സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 10.78 പോയിന്റും ചൈനീസ് ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 2.87 പോയിന്റും താഴ്ന്നാണ് നില്‍ക്കുന്നത്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണി ശക്തമായ ഇടിവു രേഖപ്പെടുത്തിയ സാഹചര്യത്തില്‍ വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ ഇന്നലെ വന്‍ വില്‍പ്പനയാണ് നടത്തിയത്. അവരുടെ ഇന്നലെത്തെ നെറ്റ് വില്‍പ്പന 10073.75 കോടി രൂപയാണ്. ഇതോടെ ഈ മാസത്തെ അവരുടെ നെറ്റ് വില്‍പ്പന 11294.47 കോടി രൂപയാണ്.

അതേസമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ വന്‍ വാങ്ങലും നടത്തി. അവര്‍ 9155.55 കോടി രൂപയുടെ നെറ്റ് വാങ്ങലാണ് നടത്തിയത്. ഇതോടെ ഓഗസ്റ്റിലെ വാങ്ങല്‍ 11784.46 കോടി രൂപയിലെത്തി.

രാജ്യത്തെ ലിസ്റ്റഡ് കമ്പനികളുടെ ഉടമസ്ഥതയില്‍ വിദേശ നിക്ഷേപകസ്ഥാപനങ്ങളും ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ തമ്മിലുള്ള വ്യത്യാസം ഗണ്യമായി കുറഞ്ഞു. എന്‍എസ്ഇ ലിസ്റ്റഡ് കമ്പനികളിലെ എഫ്ഐഐ ഉടമസ്ഥത 17.38 ശതമാനമായി കുറഞ്ഞു. പന്ത്രണ്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഉടമസ്ഥതയാണിത്. എന്നാല്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ ഉടമസ്ഥത റിക്കാര്‍ഡ് ഉയരത്തിലെത്തി ( 16.23 ശതമാനം). 2015-ല്‍ എഫ്എഫ്ഐയ്ക്ക് 20.07 ശതമാനം ഉടമസ്ഥത ഉണ്ടായിരുന്നപ്പോള്‍ ഡിഐഐയുടെ ഉടമസ്ഥത 10.38 ശതമാനമായിരുന്നു.

നടപ്പുവര്‍ഷം ജൂണിലവസാനിച്ച ക്വാര്‍ട്ടറില്‍ എഫ്ഐഐ 27800 കോടി രൂപയുടെ നെറ്റ് വില്‍പ്പന നടത്തിയപ്പോള്‍ ഡിഐഐ 1.29 ലക്ഷം കോടി രൂപയുടെ നെറ്റ് വാങ്ങലാണ് നടത്തിയത്.

സാമ്പത്തിക വാര്‍ത്തകള്‍

മണ്‍ൂസൂണ്‍ സാധാരണപോലെ: പടിഞ്ഞാറന്‍ കാലവര്‍ഷം മൂന്നാം മാസത്തേയ്ക്ക് കടക്കുമ്പോള്‍ ഓഗസ്റ്റ് അഞ്ചുവരെ രാജ്യത്തു ലഭിച്ച മഴ സാധാരണയേക്കാള്‍ 6.6 ശതമാനം അധികമാണ്. ഇതുവരെ ലഭിച്ച മഴ 523.4 മില്ലീമീറ്ററാണ്. ഈ കാലയളവില്‍ ലഭിച്ചിരുന്ന ദീര്‍ഘകാല ശരാശരി 491 മില്ലീമീറ്ററാണ്. നാലു മാസം നീണ്ടുനില്‍ക്കുന്ന ഈ മണ്‍സൂണ്‍ സീസണിന്റെ രണ്ടാം പകുതിയില്‍ സാധാരണയേക്കാള്‍ 106 ശതമാനം മഴ കിട്ടുമെന്നാണ് ഐഎംഡി പ്രവചിച്ചിട്ടുള്ളത്.

2024-25 കാര്‍ഷിക വര്‍ഷത്തില്‍ ( ജൂലൈ 1- ജൂണ്‍ 30) 340 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യ ഉത്പാദനമാണ് കാര്‍ഷിക മന്ത്രാലയം ലക്ഷ്യമിടുന്നത്. മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ ( 328.8 ദശലക്ഷം ടണ്‍) 3.4 ശതമാനം കൂടുതലാണ് ഇത്. ഖാരിഫ് സീസണില്‍ 159.95 ദശലക്ഷം ടണ്ണും റാബി സീസണില്‍ 164 ദശലക്ഷം ടണ്ണും സമ്മര്‍ സീസണില്‍ 16.43 ദശലക്ഷം ടണ്ണുമാണ് ലക്ഷ്യമിടുന്നത്.

കമ്പനി വാര്‍ത്തകള്‍

ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്: പവര്‍ ഫിനാന്‍സ് കോര്‍പ്, വേദാന്ത, ടാറ്റ പവര്‍, ടിവിഎസ് മോട്ടോര്‍, കമിന്‍സ് ഇന്ത്യ, ശ്രീസിമന്റ്, ലൂപിന്‍, സോളാര്‍ ഇന്‍ഡ്, പി ഐ ഇന്‍ഡ്, ബ്ലൂസ്റ്റാര്‍, ഇഐഎച്ച്, എന്‍സിസി, ഗുജറാത്ത് ഗ്യാസ്, റേമണ്ട്, ബജാജ് ഇലക്ട്രിക്കല്‍സ്, റെയിന്‍ ഇന്‍ഡസ്ട്രീസ്, ഡി- ലിങ്ക് ഇന്‍ഡ്, കായാ, ഗോവ കാര്‍ബണ്‍, സാള്‍സര്‍ ഇലക്ട്രോണിക്സ്, കിര്‍ലോസ്‌കര്‍ ഇലക്ട്രിക്, ഇസെഡ് എഫ് സ്റ്റീറിംഗ്, ശ്രീറാം അസറ്റ് മാനേജ്മെന്റ് , വിഐപി ഇന്‍ഡസ്ട്രീസ് തുടങ്ങി നൂറ്റിമുപ്പതോളം കമ്പനികള്‍ ഇന്നു ഫലം പുറത്തുവിടും.

ഒല ഇലക്ട്രിക് ഐപിഒ: ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക്കിന്റെ ഐപിഒയുടെ രണ്ടാം ദിവസം അപേക്ഷ പൂര്‍ണമായി. കമ്പനി 6145 കോടി രൂപയാണ് സ്വരൂപിക്കുന്നത്. റീട്ടെയില്‍ വിഭാഗത്തില്‍ മൂന്നിരട്ടി അപേക്ഷകള്‍ ലഭിച്ചു. പ്രൈസ് ബാന്‍ഡ് 72-76 രൂപ. ഇഷ്യു ആറിന് അവസാനിക്കും. ഒമ്പതിന് എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

സെയ്ഗാള്‍ ഇന്ത്യ: ഓഗസ്റ്റ് അഞ്ചിന് അവസാനിച്ച സെയ്ഗാള്‍ ഇന്ത്യയുടെ ഇഷ്യുവിന് 13.74 ഇരട്ടി അപേക്ഷകള്‍ കിട്ടി. ഇഷ്യുവലുപ്പം 1252.66 കോടി രൂപയുടേതായിരുന്നു. പ്രൈസ് ബാന്‍ഡ് 380-401 രൂപ. ഓഗസ്റ്റ് എട്ടിന് എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

അകും ഡ്ര്ഗ്സ്: കമ്പനിയുടെ ഓഹരികള്‍ ഇന്നു ലിസ്റ്റ് ചെയ്യും. കമ്പനിയുടെ 1857 കോടി രൂപയുടെ ഇഷ്യുവിന് 63.5 ഇരട്ടി അപേക്ഷകള്‍ ലഭിച്ചിരുന്നു. ഓഹരിവില 679 രൂപയായിരുന്നു.

ബ്രെയിന്‍ബീസ് സൊലൂഷന്‍: ഫസ്റ്റ് ക്രൈ സ്റ്റോര്‍ ഓപ്പറേറ്റ് ചെയ്യുന്ന ബ്രെയിന്‍ബീസ് സൊലൂഷന്‍സ് കന്നി പബ്ളിക് ഇഷ്യു ഇന്ന് ആരംഭിക്കും. ഇഷ്യു എട്ടിന് അവസാനിക്കും. പ്രൈസ് ബാന്‍ഡ് 440-465 രൂപ. ഇഷ്യു വഴി 4193 കോടി രൂപയാണ് കമ്പനി സ്വരൂപിക്കുക.

ക്രൂഡോയില്‍ വില

യുഎസ് സാമ്പത്തികമാന്ദ്യം അനിവാര്യമാണെന്ന ആശങ്കയില്‍ ഡബ്ള്യുടിഐ, ബ്രെന്റ് ക്രൂഡോയില്‍ ജനുവരി മുതല്‍ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന് 74.22 ഡോളറാണ്. തിങ്കളാഴ്ചയിത് 73.28 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡിന് ബാരലിന് ഇന്നു രാവിലെ 77.36 ഡോളറാണ്. തിങ്കളാഴ്ച 76.59 ഡോളറായിരുന്നു.

യുഎസ് സമ്പദ്ഘടനയുടെ മാന്ദ്യ ആശങ്ക ഓഹരിയടക്കം ലോകമെങ്ങുമുള്ള വിവിധ വിപണികളില്‍ പ്രതിധ്വനിക്കുകയാണ്. ചൈനീസ് സാമ്പത്തികവളര്‍ച്ചാക്കുറവിനു പിന്നാലെ യുഎസ് മാന്ദ്യ ഭീതിയും എണ്ണവില താഴേയ്ക്കു പോകുവാന്‍ കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തുകയാണ്. ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചിക്കുന്നതൊന്നും ക്രൂഡോയില്‍ വിപണി ശ്രദ്ധിക്കുന്നതേയില്ല. ഹനിയ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ബ്രെന്റ് കൂഡ് വില ബാരലിന് 81 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.

ഇന്ത്യന്‍ രൂപ റിക്കാര്‍ഡ് താഴ്ചയില്‍

ഇന്ത്യന്‍ രൂപ ഡോളറിനെതിരേ റിക്കാര്‍ഡ് താഴ്ചയില്‍ എത്തിയിരിക്കുകയാണ്. തിങ്കളാഴ്ച ഡോളറിന് 84.03 എന്ന നിലയിലെത്തിയ രൂപയുടെ ക്ലോസിംഗും അതേ നിലയില്‍തന്നെയാണ്. രൂപയ്ക്ക് നഷ്ടം 31 പൈസ. വെള്ളിയാഴ്ചത്തെ ക്ലോസിംഗ് ഡോളറിന് 83.72 രൂപ എന്ന നിലയിലായിരുന്നു.

യുഎസ് മാന്ദ്യ ആശങ്കയെത്തുടര്‍ന്ന് ലോകമെങ്ങുമുള്ള വിപണികളില്‍ വന്‍വില്‍പ്പനയുണ്ടായതിനെത്തുടര്‍ന്നാണ് രൂപ ഇടിവു കാണിച്ചത്. വിപണികളില്‍നിന്നും വിദേശഫണ്ട് പുറത്തേക്കു പോകുമെന്ന വിലയിരുത്തലാണ് രൂപയെ ബാധിച്ചത്. മധ്യപൂര്‍വപ്രദേശത്തെ സംഘര്‍ഷം രൂക്ഷമാകുന്നതും വിദേശനിക്ഷേപം പുറത്തേക്കു പോകുവാന്‍ കാരണമാകുന്നതും രൂപയെ പ്രതികൂലമായി ബാധിക്കുകയാണ്. എന്നാല്‍ എണ്ണ വില കുറയുന്നത് രൂപയ്ക്ക് താഴ്ന്ന നിലയില്‍ പിന്തുണ നല്‍കുന്നു.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.