28 Aug 2024 1:58 AM GMT
Summary
നേരിയ റേഞ്ചിനു പുറത്തുവരാന്‍ ട്രിഗര്‍ കാത്ത് നിഫ്റ്റി
ഒരു ട്രെന്‍ഡുമില്ലാത്ത അവസ്ഥയിലാണ് ഇന്ത്യന്‍ വിപണി നീങ്ങുന്നത്. നേരിയ റേഞ്ചില്‍ നീങ്ങുന്ന വിപണി പോസീറ്റീവ് മനോഭാവത്തോടെ ഓരോ ദിവസവും ക്ലോസ് ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ ഒരു ട്രിഗറിനായി വിപണി കാക്കുകയാണ്. ഓഗസ്റ്റ് 30-ന് എത്തുന്ന ജിഡിപി കണക്കുകളാണ് രാജ്യത്തു പ്രതീക്ഷിക്കുന്ന പ്രധാന സംഭവങ്ങളിലൊന്ന്.
അടുത്തത് ആഗോള വിപണിയില്‍നിന്നാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് എത്രമാത്രം പലിശ വെട്ടിക്കുറയ്ക്കുമെന്നതാണ്. സെപ്റ്റംബര്‍ 18-ലെ ഫെഡ് മീറ്റിംഗിനായി കാത്തിരിക്കുകയാണ്. ഇതു ഉണ്ടാകുമെന്നു ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്ന് യുഎസ് വിപണി റിക്കാര്‍ഡ് ഉയരത്തില്‍ എത്തി നില്‍ക്കുകയാണ്. അതിനു സമയമെടുക്കും. എന്നാല്‍ ബുധനാഴ്ചയെത്തുന്ന എന്‍വിഡിയയുടെ രണ്ടാം ക്വാര്‍ട്ടര്‍ പ്രവര്‍ത്തനഫലമാണ് യുഎസ് വിപണിക്ക് ഉടനേ ദിശയാകുക. അതിനായി ഡൗവും നാസ്ഡാക്കും കാത്തിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതം ഇന്ത്യന്‍ വിപണിയിലും ആഗോള വിപണികളിലും പ്രതിഫലിക്കും.
ഇന്ത്യന്‍ വിപണി ഇന്നലെ
ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി തുടര്‍ച്ചയായ ഒമ്പതാമത്തെ വ്യാപാരദിനമാണ് തലേദിവസത്തേക്കാള്‍ മെച്ചപ്പെട്ടു ക്ലോസ് ചെയ്യുന്നത്. ഈ ഉയര്‍ച്ചകളെല്ലാം നേരിയ തോതിലാണെന്നു മാത്രം. എല്ലാ ദിവസങ്ങളിലുംതന്നെ നിഫ്റ്റിയുടെ നീക്കം നാരോ റേഞ്ചിലുമായിരുന്നു. നിഫ്റ്റി ഓഗസ്റ്റ് ഒന്നിലെ റിക്കാര്‍ഡ് ഉയരത്തിനടുത്തുനിന്നു ( 25078.30 പോയിന്റ് ) ഏതാനും പോയിന്റ് അകലെ വരെയെത്തിയ നിഫ്റ്റി ഇന്നലെ റിക്കാര്‍ഡ് ക്ലോസിംഗ് ആണ് നടത്തിയത്. ഇന്നലെ 25073.1 പോയിന്റ് വരെ എത്തിയശേഷം 25017.75 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. ഉയര്‍ച്ച 7.15 പോയിന്റാണ്. നിഫ്റ്റിയുടെ റിക്കാര്‍ഡ് ക്ലോസിംഗാണിത്.
വിവിധ മേഖലകളുടെ പ്രകടനം ഇന്നലെ സമ്മിശ്രമായിരുന്നു. ഓട്ടോ, മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്എംസിജി തുടങ്ങിയവ ഇടിവു കാണിച്ചപ്പോള്‍ ബാങ്ക്, ഐടി, കാപ്പിറ്റല്‍ഗുഡ്സ്, ഹെല്‍ത്ത്കെയര്‍ തുടങ്ങിയവ മെച്ചപ്പെട്ടു. മാത്രവുമല്ല, ലാര്‍ജ്, മിഡ്, സ്മോള്‍ കാപ് ഓഹരികള്‍ ഒരേപോലെ മെച്ചപ്പെട്ടു.
ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 13.65 പോയിന്റ് നേട്ടത്തോടെ 81711.76 പോയിന്റില്‍ ക്ലോസ് ചെയ്തു.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയരമായ 25080 പോയിന്റിനു മുകളില്‍ ശക്തമായി കടന്നാല്‍ മാത്രമേ കൂടുതല്‍ മുന്നോട്ടു പോകുവാന്‍ സാധിക്കുകയുള്ളു. തുടര്‍ന്ന് 25172 പോയിന്റും 25272 പോയിന്റും റെസിസ്റ്റന്‍സ് ആയി പ്രതീക്ഷിക്കാം. നാളെ പ്രതിമാസം എഫ് ആന്‍ഡ് ഒ ക്ലോസിംഗാണ് എന്നതും ശ്രദ്ധിക്കുക.
ഇന്നു നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 24970 പോയിന്റില്‍ ആദ്യ പിന്തുണ കിട്ടും. തുടര്‍ന്ന് 24775-24850 തലത്തില്‍ പിന്തുണ പ്രതീക്ഷിക്കാം.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ വെള്ളിയാഴ്ച 64.70 ആണ്. ബുള്ളീഷ് മോഡില്‍ തന്നെ നീങ്ങുകയാണ് നിഫ്റ്റി.
ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: അമ്പതിനായിരം പോയിന്റിനു മുകളില്‍ കണ്‍സോളിഡേഷന്‍ നേടിയ ബാങ്ക് നിഫ്റ്റി തുടര്‍ച്ചയായ രണ്ടാം ദിവസം 51000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്തു. ഇന്നലെ 130.65 പോയിന്റ് നേട്ടത്തോടെ 51278.75 പോയിന്റില്‍ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റിയുടെ പ്രതിമാസ എക്സ്പയറി ദിനം കൂടിയാണിന്ന്.
ബാങ്ക് നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 51608 തലത്തിലേക്ക് ഉയരാം. തുടര്‍ന്ന് 51877 പോയിന്റില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. 51957-52000 തലത്തിലാണ് അടുത്ത റെസിസ്റ്റന്‍സ്.
മറിച്ച് ഇന്ന് താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 50938.1 പോയിന്റ് ആദ്യ സപ്പോര്‍ട്ടായി പ്രവര്‍ത്തിക്കും. തുടര്‍ന്ന് 50790-50850 തലത്തിലും തുടര്‍ന്ന് 50333 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കാം.
ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 54.92 ആണ്. ബെയറീഷ് മൂഡില്‍നിന്നു ബാങ്ക് നിഫ്റ്റി പതിയെ പുറത്തുകടന്നിരിക്കുകയാണ്.
ഗിഫ്റ്റ് നിഫ്റ്റി
ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. രാവിലെ 25 പോയിന്റ് മെച്ചപ്പെട്ട ഓപ്പണ്‍ ചെയ്ത ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 6 പോയിന്റ് താഴ്ന്നാണ് നില്‍ക്കുന്നത്.
ഇന്ത്യന്‍ എഡിആറുകള്‍
ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെയും സമ്മിശ്ര പ്രകടനമാണ് കാഴ്ച വച്ചത്. ഐടി ഓഹരികളായ ഇന്‍ഫോസിസ് 0.36 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ വിപ്രോ എഡിആര്‍ 0.16 ശതമാനം കുറഞ്ഞു. അതുപോലെ ഐസിഐസിഐ ബാങ്ക് 1.15 ശതമാനം ഉയര്‍ന്നപ്പോള്‍ എച്ച്ഡിഎഫ്സി ബാങ്ക് 0.13 ശതമാനം കുറഞ്ഞു. ഡോ. റെഡ്ഡീസ് 0.11 ശതമാനം മെച്ചപ്പട്ടപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.89 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. യാത്രാ ഓഹരികളായ മേക്ക് മൈട്രിപ്പ് 0.75 ശതമാനവും ഇടിവുകാണിച്ചപ്പോള്‍ യാത്ര ഓണ്‍ലൈന്‍ 2.22 ശതമാനവും മെച്ചപ്പെട്ടു.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് ഇന്നലെ 0.72 ശതമാനം താഴ്ന്ന് 13.7.-ലെത്തി. തിങ്കളാഴ്ചയിത് 13.73 ആയിരുന്നു. വ്യതിയാനം കുറഞ്ഞ് പതിയെ ശാന്തമാകുകയാണ് ഇന്ത്യന്‍ വിപണി.
നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.31-ല്‍നിന്ന് 1.22-ലേക്ക് താഴ്ന്നു. പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
ഇന്നലെ യുഎസ് വിപണികള്‍ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. എന്‍വിഡിയ ഉള്‍പ്പെടെ നിരവധി കമ്പനികളുടെ രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഈ വാരത്തിലെത്തും. എന്‍വിഡിയയുടെ ഫലം ബുധനാഴ്ച വിപണി അടച്ചശേഷമാണ് പ്രസിദ്ധീകരിക്കുക. അതിനാല്‍ തന്നെ വന്‍നീക്കത്തിനൊന്നും നിക്ഷേപകര്‍ തയാറാകാതെ പതുങ്ങുകയായിരുന്നു.
ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്നലെ 9.98 പോയിന്റ് മെച്ചപ്പെട്ട 41250.5 പോയിന്റില്‍ ക്ലോസ് ചെയ്തു. റിക്കാര്‍ഡ് ക്ലോസിംഗാണിത്. എന്നാല്‍ തിങ്കളാഴ്ചത്തെ 52 ആഴ്ചയിലെ ഏറ്റവും ഉയരമായി 41420.05 പോയിന്റിലെത്താന്‍ ഇന്നലെ ഡൗവിനു കവിഞ്ഞില്ല. നേരിയ റേഞ്ചിലായിരുന്നു നീക്കം.
നാസ്ഡാക് കോംപോസിറ്റ് 29.06 പോയിന്റു മെച്ചപ്പെട്ട് 17754.8 പോയിന്റിലും എസ് ആന്‍ഡ് പി 500 സൂചിക 8.96 പോയിന്റ് ഉയര്‍ന്ന് 5625.8 പോയിന്റിലും ക്ലോസ് ചെയ്തു.
യൂറോപ്യന്‍ വിപണി ഇന്നലെയും സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്ടിഎസ്ഇ യുകെ 17.68 പോയിന്റു മെച്ചപ്പെട്ടപ്പോള്‍ സിഎസി ഫ്രാന്‍സ് 24.59 പോയിന്റുകുറഞ്ഞു. ജര്‍മന്‍ ഡാക്സ് 64.79 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 174 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.
യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാംതന്നെ ചുവപ്പിലാണ് നീങ്ങുന്നത്.
ഏഷ്യന്‍ വിപണികള്‍
ചൊവ്വാഴ്ച 178.4 പോയിന്റ് മെച്ചപ്പെട്ടു ക്ലോസ് ചെയ്ത ജാപ്പനീസ് നിക്കി ഇന്നു രാവിലെ 19.07 പോയിന്റ് താഴ്ന്നാണ് ഓപ്പണ്‍ ചെയ്ത്. ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയായപ്പോള്‍ 84.06 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്.
കൊറിയന്‍ കോസ്പി 7.35 പോയിന്റു താഴെയാണ്. സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 26.68 പോയിന്റും ചൈനീസ് ഷാങ്ഹായ് സൂചിക 6.7 പോയിന്റും താഴ്ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍
കഴിഞ്ഞ ദിവസങ്ങളിലെ നെറ്റ് വാങ്ങലിനുശേഷം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ 604.08 കോടി രൂപയുടെ നെറ്റ് വില്‍ക്കല്‍ നടത്തിയിരിക്കുകയാണ്. ഇതോടെ ഈമാസത്തെ അവരുടെ നെറ്റ് വാങ്ങല്‍ 48346.52 കോടി രൂപയായി.
അതേ സമയം വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ നാലാം ദിവസവും തുടര്‍ന്നു. ഇന്നലെ 1503.76 കോടി രൂപയുടെ നെറ്റ് വാങ്ങലാണ് നടത്തിയത്. ഇതോടെ ഇവരുടെ നെറ്റ് വില്‍പ്പന ഇതുവരെ 28598.68 കോടി രൂപയായി കുറഞ്ഞു.
ക്രൂഡോയില്‍ വില
അടുത്തവര്‍ഷം ക്രൂഡോയിലിന്റെ ശരാശരി വില 80 ഡോളറിനു താഴെയായിരിക്കുമെന്ന് ആഗോള നിക്ഷേപകസ്ഥാപനമായ ഗോള്‍ഡ്മാന്‍ സാചസ് പ്രവചിക്കുന്നു. ഒപെക് പ്ലസ് രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങളും മാന്ദ്യ സാധ്യതയുമാണ് ക്രൂഡ് വിലയെ താഴേയ്ക്ക് കൊണ്ടുപോകുന്നത്. യുഎസ് ഷെയില്‍ ഉത്പാദനം ഉയരുന്നതും ചൈനീസ് ഡിമാണ്ട് കുറയുന്നതും ക്രൂഡ് വില താഴേയ്ക്കു പോകാന്‍ കാരണമാകുമെന്നും ഗോള്‍ഡ്മാന്‍ സാചസ് പറയുന്നു.
ആഗോള നിക്ഷേപകസ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിക്കും ഇതേ അഭിപ്രായമാണുള്ളത്. ഇപ്പോഴത്തെ സ്പളൈ നിയന്ത്രണത്തില്‍ അയവു വരുന്നതോടെ 2025-ല്‍ വില താഴ്ചയിലേക്കു നീങ്ങും.
പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് എണ്ണ സ്പളൈയെ ബാധിക്കുമെന്ന ഭയമാണ് ക്രൂഡോയില്‍ വില വാരാദ്യത്തില്‍ കുത്തനെ ഉയര്‍ത്തിയത്. ലിബിയ എണ്ണ ഉത്പാദനവും വിതരണവും നിറുത്തിയതും റഷ്യ യുക്രൈനില്‍ മിസൈല്‍ ആക്രമണം ശക്തമാക്കിയതും ക്രൂഡ് വില ഉയരാന്‍ കാരണമായി.
ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 81 ഡോളറിനു മുകളിലേക്ക് എത്തിയിട്ടുള്ളത്. ഇന്നു രാവിലെ ബ്രെന്റ് ക്രൂഡിന് ബാരലിന് 79.92 ഡോളറാണ്. ചൊവ്വാഴ്ചയിത് 81.01 ഡോളറായിരുന്നു. ഡബ്ള്യുടിഐ ക്രൂഡിന് 75.9 ഡോളറാണ് വില. ഇന്നലെ രാവിലെ ഇത് 76.95 ഡോളറായിരുന്നു.
രൂപ വീണ്ടും ദുര്‍ബലമായി
ചൊവ്വാഴ്ച രൂപ ഡോളറിനെതിരേ നേരിയ ഇടിവു രേഖപ്പെടുത്തി. ഡോളറിന് 83.92 രൂപയാണ് വില. തിങ്കാളാഴ്ചത്തെ ക്ലോസിംഗ് 83.89 ആയിരുന്നു. രൂപ നേരിയ റേഞ്ചില്‍ നീങ്ങുമെന്നാണ് ട്രേഡര്‍മാര്‍ പ്രതീക്ഷിക്കുന്നത്. ആഗോള സംഘര്‍ഷങ്ങളും ക്രൂഡ് വില ഉയരുന്നതുമാണ് രൂപയുടെ മുന്നേറ്റത്തിനു തടസമായിനില്‍ക്കുന്നത്.
രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടം. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.