27 Aug 2024 2:27 AM GMT
Summary
നിഫ്റ്റി 25000 പോയിന്റ് കടന്നു, ഇനിയെന്ത്?
വെള്ളിയാഴ്ചത്തെ മുന്നേറ്റത്തിന്റെ തുടര്‍മുന്നേറ്റം യുഎസ് ഡൗ ജോണ്‍സില്‍ കണ്ടുവെങ്കിലും ടെക് ഓഹരികളില്‍ ഇടിവാണുണ്ടായത്. എന്‍വിഡിയയുടെ ക്വാര്‍ട്ടര്‍ ഫലം സംബന്ധിച്ച ആശങ്കകളാണ് ടെക് വിപണിയില്‍ പ്രതിഫലിച്ചത്. ജെറോം പവലിന്റെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ പലിശ നിരക്കു കുറയ്ക്കുമെന്നു വിപണിയുടെ പ്രതീക്ഷ ഏതാണ്ട് 100 ശതമാനവും ഉറപ്പിച്ചതുപോലെയാണ്. നിരക്ക് കുറയ്ക്കല്‍ എത്രയാണെന്നതാണ് പ്രശ്നം. അര ശതമാനമെങ്കിലും കുറയ്ക്കണമെന്ന കാഴ്ചപ്പാടാണ് വിപണിക്കുള്ളത്. കാല്‍ ശതമാനം കുറവ് എന്നതു വിപണിയില്‍ പ്രതിഫലിച്ചു കഴിഞ്ഞു. ഉടനേയെത്തുന്ന പണപ്പെരുപ്പ കണക്കുകളും ജോബ്ലെസ് ക്ലെയിം കണക്കുകളുമാണ് നിരക്ക് കുറവ് എത്ര എന്നതിനെ സ്വാധീനിക്കുക.
യുഎസ് വിപണിയുടെ തിങ്കളാഴ്ചത്തെ പ്രകടനം കണക്കിലെടുത്താല്‍ ഇന്ന് ഇന്ത്യന്‍ വിപണിയിലും വലിയ ഉത്സാഹമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. റേഞ്ച് ബൗണ്ട് നീക്കം പ്രതീക്ഷിച്ചാല്‍ മതി. പ്രതിമാസ എഫ് ആന്‍ഡ് ഒ ക്ലോസിംഗ് ഈ വരുന്ന വ്യാഴാഴ്ചയാണ്. ഓഗസ്റ്റ് 30-ന് ജിഡിപി കണക്കുകളും വരും. ജിഡിപി വളര്‍ച്ച കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ഇന്ത്യന്‍ വിപണിയില്‍ ഒരു തിരുത്തലുണ്ടായാലും അതിശയിക്കേണ്ട.
ഇന്ത്യന്‍ വിപണി ഇന്നലെ
പ്രതീക്ഷിച്ചതുപോലെതന്നെ വെള്ളിയാഴ്ചത്തെ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ ജാക്സണ്‍ഹോള്‍ സിമ്പോസിയത്തിലെ പ്രസംഗം തിങ്കളാഴ്ച ഇന്ത്യന്‍ വിപണിക്ക് ഉര്‍ജമായി.
പലിശ നിരക്കു കുറയ്ക്കുവാന്‍ സമയമായി എന്നായിരുന്നു ഫെഡ് ചെയര്‍മാന്‍ പവലിന്റെ പ്രഖ്യാപനത്തിന്റെ കാതല്‍. ഇതിന്റെ ചുവടുപിടിച്ച് ആഗോള വിപണികളില്‍ വെള്ളിയാഴ്ചയുണ്ടായ കുതിപ്പ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു.
ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി 187.45 പോയിന്റ് ഉയര്‍ന്ന് 25010.6 പോയിന്റില്‍ ക്ലോസ് ചെയ്തു. ഓഗസ്റ്റ് ഒന്നിനു സൃഷ്ടിച്ച റിക്കാര്‍ഡ് ക്ലോസിംഗിലേക്ക് നിഫ്റ്റി ഇന്നലെ തിരിച്ചെത്തിയിരിക്കുകയാണ്.
ആഗോള വിപണികളുടെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഐടി, മെറ്റല്‍ മേഖലകള്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ബാങ്ക്, കാപ്പിറ്റല്‍ ഗുഡ്സ് , കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവയെല്ലാം വിപണിക്ക് ഇന്നലെ പിന്തുണ നല്‍കി. മിഡ്, സ്മോള്‍ കാപ് ഭേദമില്ലാതെ ഓഹരികള്‍ മെച്ചപ്പെട്ടു.
ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 611.90 പോയിന്റ് നേട്ടത്തോടെ 81698.11 പോയിന്റില്‍ ക്ലോസ് ചെയ്തു.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
കഴിഞ്ഞ വാരത്തില്‍ എല്ലാ ദിവസവുംതന്നെ റേഞ്ച് ബൗണ്ടായി നീങ്ങിയ നിഫ്റ്റി അതിന്റെ റിക്കാര്‍ഡ് ക്ലോസിംഗിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇന്നലെ. ഇന്നലെ രാവിലെ ഗ്യാപ് അപ് ഓപ്പണിംഗ് ആയിരുന്ന നിഫ്റ്റി 25000 പോയിന്റിനു മുകളിലേക്കു നീങ്ങുകയും 25043.8 പോയിന്റില്‍ എത്തിയശേഷം 25010 പോയിന്റില്‍ ക്ലോസ് ചെയ്യുകയുമായിരുന്നു. ഇന്നലെയും ഉയര്‍ന്ന ടോപ്പും ഉയര്‍ന്ന ബോട്ടവും സൃഷ്ടിച്ചാണ് നിഫ്റ്റി ക്ലോസ് ചെയ്തിട്ടുള്ളത്.
നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയരമായ 25078.3 പോയിന്റാണ് നിഫ്റ്റിയുടെ ആദ്യത്തെ റെസിസ്റ്റന്‍സ്. തുടര്‍ന്ന് 25320 പോയിന്റില്‍ അടുത്ത റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. എഫ് ആന്‍ഡ് ഒ ക്ലോസിംഗ്, ആഗോള വിപണികളുടെ നീക്കം തുടങ്ങിയ കണക്കിലെടുത്താല്‍ വന്‍ മുന്നേറ്റമൊന്നും പ്രതീക്ഷിക്കാനാവില്ല.
ഇന്നു നിഫ്റ്റി താഴേക്കു നീങ്ങുകയാണെങ്കില്‍ 24820 പോയിന്റില്‍ ആദ്യ പിന്തുണ കിട്ടും. തുടര്‍ന്ന് 24600 പോയിന്റിലും 24100-24180 തലത്തിലും പിന്തുണ പ്രതീക്ഷിക്കാം.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ വെള്ളിയാഴ്ച 64.56 ആണ്. ബുള്ളീഷ് മോഡില്‍ തന്നെ നീങ്ങുകയാണ് നിഫ്റ്റി.
ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: കഴിഞ്ഞ ആറു വ്യാപാരദിനങ്ങളില്‍ അമ്പതിനായിരം പോയിന്റിനു മുകളില്‍ കണ്‍സോളിഡേഷന്‍ നേടിയ ബാങ്ക് നിഫ്റ്റി ഇന്നലെ 51000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്തു. ഇന്നലെ 214.65 പോയിന്റ് മെച്ചപ്പെട്ട് 51148.10 പോയിന്റിലാണ് ക്ലോസ് ചെയ്തത്.
ബാങ്ക് നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 51450 തലത്തിലേക്ക് ഉയരാം. തുടര്‍ന്ന് 51780 പോയിന്റിലും 51957-52000 തലത്തിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.
മറിച്ച് ഇന്ന് താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 51000 പോയിന്റ് ആദ്യ സപ്പോര്‍ട്ടായി പ്രവര്‍ത്തിക്കും 50870 പോയിന്റിലും തുടര്‍ന്ന് 50480 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കാം.
ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 53.41 ആണ്. ബെയറീഷ് മൂഡില്‍നിന്നു ബാങ്ക് നിഫ്റ്റി പതിയെ പുറത്തുകടക്കുകയാണ്.
ഗിഫ്റ്റ് നിഫ്റ്റി
ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. മുപ്പത് പോയിന്റ് താഴ്ന്ന് ഓപ്പണ്‍ ചെയ്ത ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 15.5 പോയിന്റ് താഴ്ന്നാണ് നില്‍ക്കുന്നത്.
ഇന്ത്യന്‍ എഡിആറുകള്‍
ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെ സമ്മിശ്ര പ്രകടനമാണ് കാഴ്ച വച്ചത്. ഐടി ഓഹരികളായ ഇന്‍ഫോസിസ് 0.45 ശതമാനവും വിപ്രോ എഡിആര്‍ 0.98 ശതമാനവും മെച്ചപ്പെട്ടു. ഡോ. റെഡ്ഡീസ് 0.29 ശതമാനം മെച്ചപ്പട്ടപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്ര്ീസ് 0.94 ശതമാനം ഇടിവു രേഖപ്പെടുത്തി.
ഐസിഐസിഐ ബാങ്ക് 0.24 ശതമാനവും എച്ച്ഡി എഫ്സി ബാങ്ക് 0.48 ശതമാനവും നേട്ടമുണ്ടാക്കി. യാത്രാ ഓഹരികളായ മേക്ക് മൈട്രിപ്പ് 2.77 ശതമാനം ഇടിവുകാണിച്ചപ്പോള്‍ യാത്ര ഓണ്‍ലൈന്‍ 1.5 ശതമാനം മെച്ചപ്പെട്ടു.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് ഇന്നലെ 1.33 ശതമാനം ഉയര്‍ന്ന് 13.73.-ലെത്തി. വെള്ളിയാഴ്ചയിത് 13.55. ആയിരുന്നു. വ്യതിയാനം കുറഞ്ഞ് പതിയെ ശാന്തമാകുകയാണ് ഇന്ത്യന്‍ വിപണി.
നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.27-ല്‍നിന്ന് 1.31-ലേക്ക് ഉയര്‍ന്നു. പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
പലിശനിരക്കുവെട്ടിക്കുറയ്ക്കല്‍ ഉടനുണ്ടാകുമെന്നു പ്രതീക്ഷ ഊട്ടിയുറപ്പിച്ച ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്നലെ 52 ആഴ്ചയിലെ ഏറ്റവും ഉയരത്തില്‍ (41420.05 പോയിന്റ്) എത്തിയശേഷം 65.44 പോയിന്റ് മെച്ചത്തോടെ 41240.52 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇതു റിക്കാര്‍ഡ് ക്ലോസിംഗാണ്. എന്നാല്‍ നാസ്ഡാക് , എസ് ആന്‍ഡ് പി സൂചികകള്‍ താഴ്ന്നാണ് ക്ലോസ് ചെയ്തത്. നാസ്ഡാക് കോംപോസിറ്റ് 152.03 പോയിന്റു താഴ്ചയോടെ 17725.77 പോയിന്റിലും എസ് ആന്‍ഡ് പി 500 സൂചിക 17.77 പോയിന്റ് താഴ്ന്ന് 5616.84 പോയിന്റിലും ക്ലോസ് ചെയ്തു. എന്‍വിഡിയ കമ്പനിയുടെ ക്വാര്‍ട്ടര്‍ ഫലം എത്താനിടെയാണ് നാസ്ഡാക് ഇടിവിലേക്കു നീങ്ങിയത്.
പവലിന്റെ പ്രസംഗത്തില്‍ വെള്ളിയാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്ത യൂറോപ്യന്‍ വിപണി സമ്മിശ്രമായാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. എഫ്ടിഎസ്ഇ യുകെ 39.78 പോയിന്റും സിഎസി ഫ്രാന്‍സ് 19.3852.93 പോയിന്റും മെച്ചപ്പെട്ടപ്പോള്‍ ജര്‍മന്‍ ഡാക്സ് 6.45 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 32.54 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്.
യുഎസ് ഫ്യൂച്ചേഴ്സ് ചുവപ്പിലാണ്. യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാംതന്നെ പച്ചയിലാണ് നീങ്ങുന്നത്.
ഏഷ്യന്‍ വിപണികള്‍
ജെറോം പവലിന്റെ ജാക്സണ്‍ഹോള്‍ പ്രസംഗമൊന്നും ജാപ്പനീസ് വിപണിക്ക് കരുത്തായില്ല. ഇന്നലെ രാവിലെ 180 പോയിന്റിനടുത്ത് താഴ്ന്ന് ഓപ്പണ്‍ ചെയ്ത നിക്കി 254.05 പോയിന്റെ താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നു രാവിലെ 44 പോയിന്റ് താഴ്ന്ന് ഓപ്പണ്‍ ചെയ്ത നിക്കി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയായപ്പോള്‍ 67.4 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്.
കൊറിയന്‍ കോസ്പി 8.1 പോയിന്റു താഴെയാണ്. സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 134.93 പോയിന്റും ചൈനീസ് ഷാങ്ഹായ് സൂചിക 4.6 പോയിന്റും താഴ്ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
തുടര്‍ച്ചയായ മൂന്നാം ദിവസവും വിദേശ, സ്വദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഒരേപോലെ നെറ്റ് വാങ്ങലുകാരായിരുന്നു. ഇന്നലെ എഫ്എഫ്ഐകള്‍ 483.36 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ ഓഗസ്റ്റിലെ നെറ്റ് വില്‍പ്പന 30102.44 കോടി രൂപയായി. ഇന്ത്യന്‍ ഓഹരികള്‍ ഉയര്‍ന്ന വാല്വേഷനിലാണെന്നാണ് എഫ്ഐഐകളുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അവര്‍ വില്‍പ്പനക്കാരാകുകയാണെങ്കിലും പ്രാഥമിക വിപണിയില്‍ നിക്ഷേപം നടത്തുകയാണ്. ഓഗസ്റ്റില്‍ 12367 കോടി രൂപയുടെ ഓഹരികള്‍ പ്രാഥമിക വിപണിയില്‍നിന്നു വാങ്ങിയിട്ടുണ്ട്.
അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 1870.22
കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ ഓഗസ്റ്റിലെ അവരുടെ നെറ്റ് വാങ്ങല്‍ 48950.6 കോടി രൂപയായി ഉയര്‍ന്നു.
സാമ്പത്തികവാര്‍ത്തകള്‍
എസ്ബിഐ ഇക്കണോമിസ്റ്റ്സ്: ജൂണിലവസാനിച്ച ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ ജിഡിപി വളര്‍ച്ച 7.1 ശതമാനമായിരിക്കുമെന്ന് എസ്ബിഐയുടെ സാമ്പത്തികവിദഗ്ധര്‍ കണക്കാക്കുന്നു.ജിവിഎ ( ഗ്രോസ് വാല്യു ആഡഡ്) 6.7-6.8 ശതമാനത്തിലേക്കു താഴുമെന്നും അവര്‍ വിലയിരുത്തുന്നു. മുന്‍വര്‍ഷം ആദ്യ ക്വാര്‍ട്ടറിലും നാലാം ക്വാര്‍ട്ടറിലും 7.8 ശതമാനം വളര്‍ച്ച നേടിയിരുന്നു. എന്നാല്‍ നടപ്പുവര്‍ഷത്തെ വളര്‍ച്ച 7.5 ശതമാനമായിരിക്കുമെന്നും അവര്‍ കണക്കാക്കുന്നു. റിസര്‍വ് ബാങ്ക് 7.2 ശതമാനം വളര്‍ച്ചയാണ് നടപ്പുവര്‍ഷം അനുമാനിച്ചിട്ടുള്ളത്.
കമ്പനി വാര്‍ത്തകള്‍
റിസോഴ്സ്ഫുള്‍ ഓട്ടോമൊബൈല്‍: എസ്എംഇ ഇഷ്യുവായ റിസോഴ്സ്ഫുള്‍ ഓട്ടോമൊബൈല്‍ കന്നി പബ്ളിക് ഇഷ്യുവിന് 400 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു, ഇഷ്യു ഇന്നലെ അവസാനിച്ചു.ഓഗരി വില 117 രൂപ. കമ്പനി ഇഷ്യുവഴി 11.99 കോടി രൂപയാണ് സ്വരൂപിക്കുവാന്‍ ഉദ്ദേശിച്ചിരുന്നത്. ബിഎസ്ഇ എസ്എംഇയില്‍ ഓഹരി 29-ന് ലിസ്റ്റ് ചെയ്യും.2018-ല്‍ ആരംഭിച്ച റിസോഴ്സ്ഫുള്‍ ഓട്ടോമൊബൈല്‍സ് യെമഹ ടൂവീലേഴ്സ്, കമ്യൂട്ടര്‍ ബൈ്ക്ക്സ്, സ്പോര്‍ട്സ് ബൈക്ക്സ്, സ്‌കൂട്ടേഴ്സ് തുടങ്ങിയവയുടെ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ്. ബിസിനസ് വികസനത്തിനായി തുക ഉപയോഗിക്കും.
ക്രൂഡോയില്‍ വില
ആഗോള രാഷ്ട്രീയരംഗത്തെ അനിശ്ചിതത്വം തിങ്കളാഴ്ച ക്രൂഡോയില്‍ വില ഉയരാന്‍ ഇടയാക്കിയിരിക്കുകയാണ്. 2006-നുശേഷം ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ ഉണ്ടായിട്ടുള്ള ഏറ്റവും രൂക്ഷമായ ഏറ്റമുട്ടലാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഘര്‍ഷം രൂക്ഷമാകുന്നത് എണ്ണ സ്പളൈയെ ബാധിക്കുമെന്ന ഭയമാണ് വിലയില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നത്.
മാത്രവുമല്ല, ആഗോള തലത്തില്‍ ക്രൂഡ് ശേഖരം കുറഞ്ഞിരിക്കുകയാണ്. യുഎസ് ക്രൂഡ് ശേഖരം രണ്ടു വര്‍ഷത്തെ താഴ്ന്ന നിലയില്‍ എത്തിയിരിക്കുകയാണെന്നാണ് വിലയിരുത്തല്‍. അതിന്റെ കണക്കുകള്‍ ഈ വാരത്തില്‍ പുറത്തുവരും.
ഈപശ്ചാത്തലത്തിലാണ് ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 81 ഡോളറിനു മുകളിലേക്ക് എത്തിയിട്ടുള്ളത്. ഇന്നു രാവിലെ ബ്രെന്റ് ക്രൂഡിന് ബാരലിന് 81.01 ഡോളറാണ്. തിങ്കളാഴ്ചയിത് 79.63 ഡോളറായിരുന്നു. ഡബ്ള്യുടിഐ ക്രൂഡിന് 76.95 ഡോളറാണ് വില. ഇന്നലെ രാവിലെ ഇത് 75.44 ഡോളറായിരുന്നു.
രൂപ വീണ്ടും ദുര്‍ബലമായി
തിങ്കളാഴ്ച ഡോളറിനെതിരേ കാര്യമായ മാറ്റമില്ലാതെ രൂപ ക്ലോസ് ചെയ്തു. ഡോളറിന് 83.90 രൂപയാണ് വില. വെള്ളിയാഴ്ചത്തെ ക്ലോസിംഗ് 83.89 ആയിരുന്നു. ക്രൂഡ് വില ഉയരുന്നത് രൂപയുടെ മുന്നേറ്റത്തിനു തടസമാകുകയാണ്.
രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.