image

26 Aug 2024 1:57 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഓഗസ്റ്റ് 26)

Joy Philip

Trade Morning
X

Summary

നിഫ്റ്റി 25000 പോയിന്റ് വീണ്ടെടുക്കുമോ?


ഇതാ സമയം ആയിരിക്കുന്നു. പലിശ നിരക്ക് വെട്ടിക്കുറയ്ക്കുന്നതിനുള്ള സമയം. പണപ്പെരുപ്പമുണ്ടാക്കുന്ന അപകട സാധ്യത കുറഞ്ഞിരിക്കുകയാണ്. ഇനി തൊഴില്‍ വിപണിയിലെ അപകടനമാണ് നിലില്‍ക്കുന്നത്. അതിലേക്കു ശ്രദ്ധ മാറ്റേണ്ടിയിരിക്കുന്നു: ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ കഴിഞ്ഞ വെള്ളിയാഴ്ച ജാക്സണ്‍ ഹോള്‍ സാമ്പത്തിക സിമ്പോസിയത്തില്‍ പങ്കെടുത്തുകൊണ്ടു പറഞ്ഞു. ലോകത്തിലെ കേന്ദ്രബാങ്കുകളുടെ തലവന്മാരാണ് രണ്ടു ദിവസമായി നടന്ന ജാക്ഹോള്‍ സിമ്പോസിയത്തില്‍ പങ്കെടുത്തുത്. ഫെഡ് ഫണ്ട് നിരക്ക് എപ്പോള്‍, എത്ര കുറക്കുമെന്നൊന്നും പവല്‍ വ്യക്തമാക്കിയില്ല. എങ്കിലും പവലിന്റെ വാക്കുകള്‍ യുഎസ് വിപണി സൂചികകളെ വെള്ളിയാഴ്ച മികച്ച നേട്ടമുണ്ടാക്കി നല്‍കി.

വരും ആഴ്ചകളില്‍ എത്തുന്ന സമ്പദ്ഘടനയില്‍നിന്നുള്ള വിവരങ്ങളായിരിക്കും വെട്ടിക്കുറയ്ക്കേണ്ട നിരക്കിന്റെ അളവു തീരുമാനിക്കുക. യുഎസ് രണ്ടാം ക്വാര്‍ട്ടര്‍ ജിഡിപി കണക്കുകള്‍, മാനുഫാക്ചറിംഗ് ഗുഡ്സ് കണക്കുകള്‍, പണപ്പെരുപ്പക്കണക്കുകള്‍, ജോബ്ലെസ് ക്ലെയിം കണക്കുകള്‍ തുടങ്ങിയവ ഈ വാരത്തില്‍ എത്താനുണ്ട്.

സെപ്റ്റംബര്‍ 18-ന് നടക്കുന്ന അടുത്ത ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ പലിശ നിരക്കു വെട്ടിക്കുറയ്ക്കുന്നതിനു തുടക്കം കുറിക്കുമെന്നാണ് പൊതുവേ കരുതുന്നത്. കാല്‍ ശതമാനം കുറവു പ്രതീക്ഷിക്കുന്നവരും അര ശതമാനം പ്രതീക്ഷിക്കുന്നവരുമുണ്ട്. കാല്‍ ശതമാനമാണെങ്കില്‍ വിപണി അതു ഉള്‍ക്കൊണ്ടു കഴിഞ്ഞു. അരശതമാനമാണെങ്കില്‍ വിപണിക്കു സന്തോഷം!

പ്രത്യേക വാര്‍ത്തകളോ ട്രിഗറുകളോ ഒന്നുമില്ലാത്ത ഇന്ത്യന്‍ ഓഹരി വിപണി കഴിഞ്ഞ വാരത്തില്‍ നേരിയ തോതില്‍ ഓരോ ദിവസവും ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. തലേവാരത്തേക്കാള്‍ മെച്ചപ്പെട്ടാണ് ഇക്കഴിഞ്ഞ വാരത്തില്‍ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. ലാര്‍ജ് കാപ് ഓഹരികള്‍ മാത്രമല്ല, മിഡ്, സ്മോള്‍ കാപ് ഓഹരികള്‍ കഴിഞ്ഞ വാരത്തില്‍ സജീവമായിരുന്നു. നിഫ്റ്റി 2800 പോയിന്റിനു മുകളില്‍ ശക്തിയാര്‍ജിച്ചാല്‍ 25000 പോയിന്റിനു മുകളിലേക്കു നിഫ്റ്റി വീണ്ടുമെത്താനുള്ള സാധ്യതയേറെയാണ്. കാത്തിരിക്കുക.

ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച

പ്രത്യേക ട്രെന്‍ഡൊന്നും ദൃശ്യമില്ലാതെ ഇന്ത്യന്‍ ഓഹരി വിപണി യുടെ വളരെ ചെറിയ റേഞ്ചില്‍ കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു ഇക്കഴിഞ്ഞ വാരത്തില്‍. വെള്ളിയാഴ്ച ജാക്സണ്‍ഹോള്‍ ഇക്കണോമിക് സിമ്പോസിയത്തില്‍ പ്രസംഗിച്ച ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്ത വിപണി നേരിയ നേട്ടത്തോടെയാണ് ക്ലോസ് ചെയ്യുകയായിരുന്നു.

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി 11.65 പോയിന്റ് ഉയര്‍ന്ന് 24823.15 പോയിന്റില്‍് ക്ലോസ് ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് നിഫ്റ്റി 24800 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്യുന്നത്.

ഓട്ടോ, കാപ്പിറ്റല്‍ ഗുഡ്സ് എ്ന്നീ മേഖലകളാണ് വെള്ളിയാഴ്ച വിപണിക്കു തുണയായത്. ഐടിയും ബാങ്ക് ഓഹരികള്‍ ഉള്‍പ്പെടെ നല്ലൊരു വിഭാഗം മേഖലകളും ചുവപ്പിലാണ് ക്ലോസ് ചെയ്തത്. സ്മോള്‍ കാപ് ഓഹരികള്‍ നേരിയതോതില്‍ മെച്ചപ്പെട്ടപ്പോള്‍ മിഡ്കാപ് ഓഹരികളും നിഫ്റ്റി ഓഹരികളില്‍ നല്ലൊരു പങ്കും നെഗറ്റീവായിട്ടാണ് ക്ലോസ് ചെയ്തത്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 33.02 പോയിന്റ് നേട്ടത്തോടെ 81086.21 പോയിന്റില്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

വെള്ളിയാഴ്ച ഇന്ത്യന്‍ വിപണി അടച്ച ശേഷം പുറത്തുവന്ന ഫെഡ് ചെയര്‍മാന്‍ ജെറോ പവലിന്റെ ജാക്സണ്‍ഹോള്‍ സിമ്പോസിയത്തിലെ പ്രസംഗം തിങ്കളാഴ്ച വിപണിക്ക് ഉര്‍ജമാകും. പ്രസംഗത്തിനുശേഷം യു എസ് വിപണികള്‍ 52 ആഴ്ചയിലെ ഉയരത്തിനടത്തു എത്തിയിരിക്കുകയാണ് യുഎസ് ഫ്യൂച്ചേഴ്സും മെച്ചപ്പെട്ടു നില്‍ക്കുകയാണ്.

കഴിഞ്ഞ വാരത്തില്‍ എല്ലാ ദിവസവുംതന്നെ റേഞ്ച് ബൗണ്ടായി നീങ്ങിയ നിഫ്റ്റിക്ക് ഈ വാരത്തില്‍ ആഗോള വിപണിയിലെ ഉയര്‍ച്ച കരുത്തു പകരുമെന്നു കരുതുന്നു. നിഫ്റ്റി 25000 പോയിന്റ്ിലേക്കു തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച നിഫ്റ്റിയുടെ നീക്കം വെറും 87 പോയിന്റിനിടയിലായിരുന്നു. കഴിഞ്ഞ വാരത്തില്‍ വിപണി ആരോഹണക്രമത്തിലായിരുന്നുവെന്നു പറയാം. അരോ ദിവസവും ഉയര്‍ന്ന ടോപ്പും ഉയര്‍ന്ന ബോട്ടവും സൃഷ്ടിച്ചാണ് മുന്നേറിയത്.

ഇന്നു വിപണി മെച്ചപ്പെടുകയാണെങ്കില്‍ 24950- 25080 തലത്തില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റാണ് 25078.3 ആണ്. ഇതിനു മുകളിലേക്ക് നിഫ്റ്റി കടന്നാല്‍ 25830 പോയിന്റിലേക്ക് ഘട്ടംഘട്ടമായി വിപണി എത്താം. ഇതിനിടയില്‍ ചെറിയ ചെറിയ റെസിസ്റ്റന്‍സുകള്‍ ഉണ്ടാവും. ഒക്ടബോര്‍ 30-ന് എത്തുന്ന ആദ്യ ക്വാര്‍ട്ടര്‍ ജിഡിപി കണക്കുകളാകും വിപണിക്കു തുടര്‍ന്ന് ദിശ നല്‍കുക.

ഇന്നു നിഫ്റ്റി താഴേയക്കു നീങ്ങുകയാണെങ്കില്‍ 24675 പോയിന്റില്‍ ആദ്യ പിന്തുണ കിട്ടും. തുടര്‍ന്ന് 24500 ചുറ്റളവിലും 24100-24180 തലത്തിലും പിന്തുണ പ്രതീക്ഷിക്കാം.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ വെള്ളിയാഴ്ച 60.71 ആണ്. ബുള്ളീഷ് മോഡില്‍ തന്നെ നീങ്ങുകയാണ് നിഫ്റ്റി.

ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: കഴിഞ്ഞ ആറു വ്യാപാരദിനങ്ങളില്‍ ബാങ്ക് നിഫ്റ്റി അമ്പതിനായിരം പോയിന്റിനു മുകളില്‍ കണ്‍സോളിഡേഷന്‍ നേടുകയാണ്. വെള്ളിയാഴ്ച 52.25 പോയിന്റ് ഇടിവോടെ ബാങ്ക് നിഫ്റ്റി 50933.45 പോയിന്റില്‍ ക്ലോസ് ചെയ്തു. ചെറിയ ഗ്യാപ് അപ് ഓപ്പണിംഗ് ആയിരുന്നു ഇന്നലെ.

ബാങ്ക് നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 51350 51450 തലത്തിലേക്ക് ഉയരാം. തുടര്‍ന്ന് 51600 പോയിന്റിലും 51877 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

മറിച്ച് ഇന്ന് താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 50773 പോയിന്റിലും തുടര്‍ന്ന് 50480 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കാം. തുടര്‍ന്ന് 50150 പോയിന്റില്‍ പിന്തുണ പ്രതീക്ഷിക്കാം.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 50.89 ആണ്. ബെയറീഷ് മൂഡില്‍നിന്നു ബാങ്ക് നിഫ്റ്റി പതിയെ പുറത്തുകടക്കുകയാണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. 29 പോയിന്റ് മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 2 പോയിന്റ് നേട്ടത്തിലാണ്.

ഇന്ത്യന്‍ എഡിആറുകള്‍

യുഎസ് വിപണി ശക്തമായ പ്രകടനം കാഴ്ച വച്ച പശ്ചാത്തലത്തില്‍ മിക്ക ഇന്ത്യന്‍ എഡിആറുകളും വെള്ളിയാഴ്ച മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഐടി ഓഹരികളായ ഇന്‍ഫോസിസ് മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ വിപ്രോ എഡിആര്‍ 0.16 ശതമാനം കുറഞ്ഞു. ഡോ. റെഡ്ഡീസ് 0.54 ശതമാനം ഇടിവു രേഖപ്പെടുത്തി.

ഐസിഐസിഐ ബാങ്ക് 0.85 ശതമാനവും എച്ച്ഡി എഫ്സി ബാങ്ക് 1.53 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.63 ശതമാനവും നേട്ടമുണ്ടാക്കി. യാത്രാ ഓഹരികളായ മേക്ക് മൈട്രിപ്പ് 2.28 ശതമാനവും യാത്ര ഓണ്‍ലൈന്‍ 3.10 ശതമാനവും മെച്ചപ്പെട്ടു.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് വെള്ളിയാഴ്ച 4.25 ശതമാനം കുറഞ്ഞ് 13.55.-ലെത്തി. വ്യാഴാഴ്ച 13 ആയിരുന്നു. വ്യതിയാനം കുറഞ്ഞ് പതിയെ ശാന്തമാകുകയാണ് ഇന്ത്യന്‍ വിപണി.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.4-ല്‍നിന്ന് 1.27-ലേക്ക് താഴ്ന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

നയപലിശനിരക്ക് വെട്ടിക്കുറയ്ക്കേണ്ട സമയമായെന്ന് ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ സൂചന നല്‍കിയതോടെ യുഎസ് വിപണികള്‍ വെള്ളിയാഴ്ച മികച്ച മുന്നേറ്റമാണ് നടത്തിയത്.

ജാക്സണ്‍ ഹോള്‍ വാര്‍ഷിക സാമ്പത്തിക സിമ്പോസിയത്തില്‍ പ്രസഗം നടത്തുകയായിരുന്നു പവല്‍. പണപ്പെരുപ്പ റിസ്‌കില്‍നിന്ന് തൊഴില്‍ റിസ്‌കിലേക്ക് സമ്പദ്ഘടനമാറുകയാണെന്നും അതൊഴിവാക്കാന്‍ പിന്തുണ നല്‍കണമെന്നും പവല്‍ വ്യക്തമാക്കി.

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് 462.3 പോയിന്റ് നേട്ടത്തോടെ 41175.08 പോയിന്റില്‍ ക്ലോസ് ചെയ്തു. അമ്പത്തി രണ്ട് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന ഡൗ സൂചിക 41376 പോയിന്റാണ്.

നാസ്ഡാക് കോംപോസിറ്റ് 229.03 പോയിന്റുമെച്ചത്തോടെ 19720.87 പോയിന്റിലും എസ് ആന്‍ഡ് പി 500 സൂചിക 63.97 പോയിന്റ് മെച്ചത്തോടെ 5634.61 പോയിന്റിലും ക്ലോസ് ചെയ്തു. ഓസ് ആന്‍ഡ് പി റിക്കാര്‍ഡ് ഉയര്‍ച്ചയ്ക്കു അടുത്തെത്തിയിരിക്കുകയാണ്. റേറ്റ് സെന്‍സിറ്റീവ് ഓഹരികളെല്ലാം ഇന്നലെ മെച്ചപ്പെട്ടു.

പവലിന്റെ പ്രസംഗത്തിനു പിന്നാലെ യൂറോപ്യന്‍ വിപണി വന്‍മുന്നേറ്റത്തോടെയാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 39.78 പോയിന്റും സിഎസി ഫ്രാന്‍സ് 52.93 പോയിന്റും ജര്‍മന്‍ ഡാക്സ് 139.71 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 339.24 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.

യുഎസ്, ഫ്യൂച്ചേഴ്സ് പച്ചയിലാണ് നീങ്ങുന്നതെങ്കിലും യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാംതന്നെ ചുവപ്പിലാണ്.

ഏഷ്യന്‍ വിപണികള്‍

വ്യാഴാഴ്ച 259.11 പോയിന്റ് നേട്ടമുണ്ടാക്കിയ ജാപ്പനീസ് നിക്കി വെള്ളിയാഴ്ച 153.26 പോയിന്റ് ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 180 പോയിന്റിനടുത്ത് താഴ്ന്നാണ് നിക്കി ഓപ്പണ്‍ ചെയ്തത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കിയപ്പോള്‍ 380 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്.

കൊറിയന്‍ കോസ്പി 7.95 പോയിന്റു മെച്ചത്തിലാണ്. സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 97.17 പോയിന്റും ചൈനീസ് ഷാങ്ഹായ് സൂചിക 1.11 പോയിന്റും മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തിരിക്കുകയാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

പതിവിനു വിപരീതമായി തുടര്‍ച്ചയായ രണ്ടാം ദിവസവും വിദേശ, സ്വദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഒരേപോലെ നെറ്റ് വാങ്ങലുകാരായിരുന്നു. ഇന്നലെ എഫ്എഫ്ഐകള്‍ 1944.48 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ ഓഗസ്റ്റിലെ നെറ്റ് വില്‍പ്പന 30585.8 കോടി രൂപയായി. പലിശ നിരക്കു കുറയുന്ന സാഹചര്യത്തില്‍ മറ്റു നിക്ഷേപങ്ങളിലേക്കു തിരിയകയാണ് അവര്‍.

അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ വെള്ളിയാഴ്ച 2896.02 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ ഓഗസ്റ്റിലെ അവരുടെ നെറ്റ് വാങ്ങല്‍ 47080.38 കോടി രൂപയായി ഉയര്‍ന്നു. ഓഗസ്റ്റിലെ എല്ലാ ദിവസവും തന്നെ അവര്‍ നെറ്റ് വാങ്ങലുകാരായിരുന്നു.

സാമ്പത്തികവാര്‍ത്തകള്‍

ഗോള്‍ഡ്മാന്‍ സാച്ചസ് ഗ്രൂപ്പ്: 2024, 2025 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യന്‍ ജിഡിപി വളര്‍ച്ച 0.2 ശതമാനത്തിന്റെ കുറവുണ്ടായേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാച്ചസ് ഗ്രൂപ്പ് അനുമാനിക്കുന്നു. 2024-ല്‍ 6.7 ശതമാനവും 2025-ല്‍ 6.4 ശതമാനവും വളര്‍ച്ചയാണ് ഗോള്‍ഡ്മാന്‍ കണക്കാക്കുന്നത്. ധനകമ്മി 4.5 ശതമാനത്തിലേക്കു താഴ്ത്താനുള്ള ഗവണ്‍മെന്റ് ശ്രമങ്ങളും സ്വകാര്യ ഉപഭോഗം കുറയുന്നതുമാണ് വളര്‍ച്ചയെ ബാധിക്കുകയെന്നും അവര്‍ പറയുന്നു.

ക്രൂഡോയില്‍ വില

ക്രൂഡോയില്‍ വില തിരിച്ചുവരവിലാണ്. കഴിഞ്ഞ വാരത്തില്‍ ബ്രെന്റ് ക്രൂഡ് 76 ഡോളറിനു താഴേയ്ക്കും ഡബ്ള്യുടിഐ ക്രൂഡ് വില 72 ഡോളറിനു താഴേയ്ക്കും എത്തിയിരുന്നു. വാരാവസാനത്തോടെ ക്രൂഡ് മികച്ച തിരിച്ചുവരവാണു നടത്തിയത്. ജെറോം പവലിന്റെ ജാക്സണ്‍ഹോള്‍ സിമ്പോസിയം പ്രസംഗത്തിനിടെ ക്രൂഡ് വില രണ്ടു ഡോളറോളമുയര്‍ന്നിരുന്നു. അടുത്ത് ഫെഡ് മീറ്റിംഗില്‍ പലിശ കുറയ്ക്കുന്നതിനു തുടക്കമാകുമെന്നു ഉറപ്പായത് ക്രൂഡിന് തുണയാകും.

മാത്രവുമല്ല, ആഗോള തലത്തില്‍ ക്രൂഡ് ശേഖരം കുറഞ്ഞിരിക്കുകയാണ്. യുഎസ് ക്രൂഡ് ശേഖരം രണ്ടു വര്‍ഷത്തെ താഴ്ന്ന നിലയില്‍ എത്തിയിരിക്കുകയാണെന്നാണ് വിലയിരുത്തല്‍. അതിന്റെ കണക്കുകള്‍ ഈ വാരത്തില്‍ പുറത്തുവരും.

ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന് 75.44 ഡോളറാണ് വില. ശനിയാഴ്ച രാവിലെ ഇത് 74.83 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡിന് ബാരലിന് ഇന്നു രാവിലെ 79.63 ഡോളറാണ്. ശനിയാഴ്ച 79.02 ഡോളറായിരുന്നു.

രൂപ വീണ്ടും ദുര്‍ബലമായി

വെള്ളിയാഴ്ച ഡോളറിനെതിരേ രൂപയുടെ മൂല്യം 83.89 ആയിരുന്നു. തലേദിവസത്തേക്കാള്‍ ആറു പൈസയുടെ നേട്ടത്തോടയാണ് രൂപ ക്ലോസ് ചെയ്തത്. വ്യാഴാഴച് ഡോളറിന് 83.95 രൂപയായിരുന്നു. ഡോളര്‍ ദുര്‍ബലമായതും വിദേശ ഫണ്ട് എത്തിയതുമാണ് രൂപയെ ശക്തിപ്പെടുത്തിയത്. എന്നാല്‍ ക്രൂഡ് വില ഉയര്‍ന്നത് കൂടുതല്‍ നേട്ടമുണ്ടാക്കുന്നതിനു തടസമായി.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടും. പണപ്പെരുപ്പം കൂടുതല്‍ ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.