image

23 Aug 2024 2:18 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഓഗസ്റ്റ് 23)

Joy Philip

Stock Market Today: Top 10 things to know before the market opens
X

Summary

പോസീറ്റീവാണെങ്കിലും നിഫ്റ്റി നീക്കം റേഞ്ച് ബൗണ്ടില്‍


കമ്പനികളുടെ ആദ്യക്വാര്‍ട്ടര്‍ ഫലങ്ങളെല്ലാംതന്നെ പുറത്തുവന്നു; ജൂലൈയിലെ പണപ്പെരുപ്പക്കണക്കുകളും പുറത്തുവന്നു. ഇന്ത്യന്‍ വിപണി ഒരു ട്രിഗറിനായി കാക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വരുന്ന എറ്റവും വലിയ സംഭവം ഓഗസ്റ്റ് 30-ന് എത്തുന്ന ആദ്യക്വാര്‍ട്ടര്‍ ജിഡിപി കണക്കുകളാണ്. വരും ക്വാര്‍ട്ടറുകളിലെ വളര്‍ച്ചയെക്കുറിച്ചുള്ള ഒരു ഉള്‍ക്കാഴ്ചയും ഇതില്‍നിന്നു ലഭിച്ചേക്കും.

ഇതൊഴിച്ചാല്‍ ആഗോള വിപണികളിലേയും ആഗോള സമ്പദ്ഘടനയിലേയും സംഭവവികാസങ്ങളാണ് ഇന്ത്യന്‍ വിപണിക്കും ദിശ നല്‍കുന്നത്. ആഗോള സംഭവങ്ങളില്‍ പ്രധാന സംഭവങ്ങളിലൊന്ന് യുഎസ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിനു സെപ്റ്റംബറില്‍ തുടക്കം കുറിക്കുമോ എന്നതും അത് എത്രയായിരിക്കുമെന്നതാണ്. ഇതിനു മുന്നോടിയായി ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജറോം പവല്‍ വെള്ളിയാഴ്ച രാവിലെ പത്തിന് ജാക്സണ്‍ ഹോള്‍ ഇക്കണോമിക് പോളിസി സിമ്പോസിയത്തില്‍ പ്രസംഗിക്കുന്നുണ്ട്. ഫെഡ് സെപ്റ്റംബര്‍ മീറ്റിംഗില്‍ പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ചു പവല്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. പലിശ നിരക്ക് ഇപ്പോള്‍ 5.25-5.5 ശതമാനമാണ്. 2001-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പലിശനിരക്കാണിത്. യുഎസ് ജോബ് ലെസ് ക്ലെയിം കണക്കുകള്‍ പ്രതീക്ഷിച്ചതുപോലെതന്നെയായിരുന്നതിനാല്‍ വിപണി പ്രതികരിച്ചില്ല.

സെപ്റ്റംബറിലെ പലിശ വെട്ടിക്കുറയ്ക്കല്‍ സംബന്ധിച്ച എല്ലാ സംശയങ്ങളും കഴിഞ്ഞ ദിവസം ഫെഡ് എഫ്ഒഎംസി മിനിട്സ് ഇല്ലാതാക്കിയിരിക്കുകയാണെന്നാണ് ഹാരീസ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ജാമി കോസ് അഭിപ്രായപ്പെടുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം പലിശ വെട്ടിക്കുറയ്ക്കല്‍ വിദേശ നിക്ഷേപകസ്ഥാപനങ്ങളെ ഇന്ത്യന്‍ വിപണിയിലേക്കു തിരിച്ചെത്തിക്കുമോയെന്നതാണ്. ഇന്ത്യന്‍ ഓഹരികള്‍ പല നവോദയ രാജ്യങ്ങളുടെ ഓഹരികളേക്കാള്‍ അധികമൂല്യത്തിലാണെന്നാണ് എഫ്ഐഐ വിലയിരുത്തല്‍. ഓഗസ്റ്റില്‍ അവര്‍ വന്‍ വില്‍പ്പനക്കാരായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപക്സഥാപനങ്ങള്‍ ശക്തമായ പിന്തുണയാണ് വിപണിക്കു നല്‍കുന്നത്.

ഇന്ത്യന്‍ വിപണി ഇന്നലെ

ആഗോള വിപണികളുടെ ചുവടുപിടിച്ച് നീങ്ങിയ ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെ നേരിയ നോട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ പ്രതിവാര എഫ് ആന്‍ഡ് ഒ ക്ലോസിംഗ് ദിനംകൂടിയായിരുന്നു. റേഞ്ച് ബൗണ്ട് വ്യാപാരത്തിലൂടെയാണ് ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെ കടന്നുപോയത്. ദിവസത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 14 വ്യാപാരദിവസത്തിലാദ്യമായി 24800 പോയിന്റിനു മുകളിലേക്ക് എത്തിയിരിക്കുകയാണ്. നിഫ്റ്റി ഇന്നലെ 41.30 പോയിന്റ് നേട്ടത്തോടെ 24811.5 പോയിന്റിലാണ് ക്ലോസ് ചെയ്തത്.

ബാങ്ക് ഓഹരികള്‍ ഇന്നലെ ശക്തമായി തിരിച്ചെത്തി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്എംസിജി, മെറ്റല്‍സ്, ഹെല്‍ത്ത്കെയര്‍, കാപ്പിറ്റല്‍ ഗുഡ്സ് എന്നിവ മെച്ചപ്പെട്ടു. ഐടിയുടെ പ്രകടനം ഫ്ളാറ്റായിരുന്നു. ഓട്ടോ, ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ നേരിയ താഴ്ച രേഖപ്പെടുത്തി.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 147.89 പോയിന്റ് നേട്ടത്തോടെ 81053.19 പോയിന്റില്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

നിഫ്റ്റിയുടെ നീക്കം ഇന്നും റേഞ്ച് ബൗണ്ടായാണ്. രാജ്യത്തിനകത്തുനിന്നും വിപണിക്കു ഊര്‍ജം നല്‍കുന്ന സംഭവങ്ങളൊന്നും ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ പോസിറ്റീവ് മനോഭാവത്തില്‍ ദിശയില്ലാതെ നീങ്ങുകയാണ്. ഇന്നലെ നിഫ്റ്റിയുടെ ഉയര്‍ച്ച താഴ്ചകള്‍ 100 പോയിന്റിനു താഴെ ഒതുങ്ങി. ആഗോള വിപണികളുടെ നീക്കത്തിനനുസരിച്ചാണ് ഇന്ത്യന്‍ വിപണിയുടേയും നീക്കം. കഴിഞ്ഞ അഞ്ചുദിവസത്തേതുപോലെ ഇന്നലെയും നിഫ്റ്റിയുടെ പ്രതിദിന ഉയര്‍ച്ചയും താഴ്ചയും തലേദിവസത്തേക്കാള്‍ മെച്ചപ്പെട്ടതായിരുന്നു.

ഇപ്പോഴത്തെ നിലയില്‍ ഇന്നലത്തെ മൊമന്റം തുടര്‍ന്നാല്‍ 24950- 25080 തലത്തില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റാണ് 25078.3 ആണ്. ഇതിനു മുകളിലേക്ക് നിഫ്റ്റി കടന്നാല്‍ 25830 പോയിന്റിലേക്ക് ഘട്ടംഘട്ടമായി വിപണി എത്താം.

നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 24701-24800 തലത്തിലും തുടര്‍ന്ന് 24441-24500 തലത്തിലും പിന്തുണ പ്രതീക്ഷിക്കാം. തുടര്‍ന്ന് 23950-24100 തലത്തിലും പിന്തുണ കിട്ടും..

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ വെള്ളിയാഴ്ച 60.46 ആണ്. ബുള്ളീഷ് മോഡിലൂടെ നീങ്ങുകയാണ് നിഫ്റ്റി.

ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: അമ്പതിനായിരം പോയിന്റിനു മുകളില്‍ ബാങ്ക് നിഫ്റ്റി കണ്‍സോളിഡേഷന്‍ നേടുകയാണ്. തുടര്‍ച്ചയായി അഞ്ചാമത്തെ ദിനമാണ് ബാങ്ക് നിഫ്റ്റി 50000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്യുന്നത്. ഇന്നലെ 300.15 പോയിന്റ് നേട്ടത്തോടെ ബാങ്ക് നിഫ്റ്റി 50985.70 പോയിന്റില്‍ ക്ലോസ് ചെയ്തു. ചെറിയ ഗ്യാപ് അപ് ഓപ്പണിംഗ് ആയിരുന്നു ഇന്നലെ.

ബാങ്ക് നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 51100-51200 തലത്തിലും തുടര്‍ന്ന് 51370 പോയിന്റിലും 51826 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

മറിച്ച് ഇന്ന് താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 50770 പോയിന്റില്‍ പിന്തുണ പ്രതീക്ഷിക്കാം. തുടര്‍ന്ന് 50330-50504 തലത്തില്‍ പിന്തുണ പ്രതീക്ഷിക്കാം. അടുത്ത പിന്തുണ 49650 പോയിന്റ് ചുറ്റളവിലുമാണ്.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 51.02 ആണ്. ബെയറീഷ് മൂഡില്‍നിന്നു ബാങ്ക് നിഫ്റ്റി പതിയെ പുറത്തുകടക്കുകയാണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 19.5 പോയിന്റ് താഴ്ന്നാണ് ഇന്നു രാവിലെ ഇന്ത്യന്‍ വിപണിയില്‍ മെച്ചപ്പെട്ട് ഓപ്പണിംഗ് പ്രതീക്ഷിക്കാം.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ ഭൂരിപക്ഷവും ഇന്നലെ താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഐസിഐസിഐ ബാങ്ക് 0.85 ശതമാനം ഉയര്‍ന്നപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.32 ശതമാനം ഉയര്‍ന്നു.

ഐടി ഓഹരികളായ ഇന്‍ഫോസിസ് 1.02 ശതമാനവും വിപ്രോ 1.92 ബാങ്ക് ഓഹരി എച്ച്ഡിഎഫ്സി ബാങ്ക് 0.73 ശതമാനവും ഡോ. റെഡ്ഡീസ് 1.90 ശതമാനവും യാത്രാ ഓഹരികളായ മേക്ക് മൈട്രിപ്പ് 1.95 ശതമാനവും താഴ്ന്നാണ് ക്ലോസ് ചെയ്തത്. യാത്ര ഓണ്‍ലൈന്‍ മാറ്റമില്ലാതെ തുടര്‍ന്നു.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് ഇന്നലെ 2.49 ശതമാനം കുറഞ്ഞ് 13-ലെത്തി. ബുധനാഴ്ച 13.22 ആയിരുന്നു. വ്യതിയാനം കുറഞ്ഞ് പതിയെ ശാന്തമാകുകയാണ് ഇന്ത്യന്‍ വിപണി.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ (പിസിആര്‍) ഇന്നലെ 1.24-ല്‍നിന്ന് 1.4-ലേക്ക് ഉയര്‍ന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

നാല്‍പ്പതു പോയിന്റോളം മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത യുഎസ് വിപണി റേഞ്ച് ബൗണ്ട് നീക്കത്തിനൊടുവില്‍ താഴ്ന്നു ക്ലോസ് ചെയ്തു. ജാക്സണ്‍ഹോള്‍ ഇക്കണോമിക് സിമ്പോസിയത്തില്‍ വെള്ളിയാഴ്ച ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ വാക്കുകള്‍ക്കായി വിപണി കാതോര്‍ക്കുകയാണ്. സെപ്റ്റംബര്‍ 18-ലെ പണനയ കമ്മിറ്റിയില്‍ പലിശ വെട്ടിക്കുറയ്ക്കുമെന്നു തന്നെയാണ് വിപണി 100 ശതമാനവും വിശ്വസിക്കുന്നത്. അതിന്റെ സൂചനകളും യുഎസ് സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച സൂചനകളും പവലിന്റെ പ്രസംഗത്തില്‍ ഉണ്ടോയെന്ന് അറിയാനാണ് വിപണി കാത്തിരിക്കുന്നത്. പലിശ നിരക്കില്‍ മാറ്റം വരുത്തണമെന്നതില്‍ ഫെഡ് റിസര്‍വ് ബോര്‍ഡംഗങ്ങളില്‍ ഭൂരിപക്ഷത്തിനും യോജിപ്പാണെന്നാണ് ജൂലൈയിലെ എഫ്ഒഎംസി മിനിറ്റ്സ് സൂചിപ്പിക്കുന്നത്.

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് 177.71 പോയിന്റും നാസ്ഡാക് കോംപോസിറ്റ് 299.63 പോയിന്റും എസ് ആന്‍ഡ് പി 500 സൂചിക 50.21 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്. പവലിന്റെ പ്രസംഗത്തിനു മുമ്പേ ശക്തമായ ലാഭമെടുപ്പാണ് വിപണിയില്‍ ദൃശ്യമായത്. വെള്ളിയാഴ്ച രാവിലെ പത്തുമണിക്കാണ് പവല്‍ സിമ്പോസിയത്തില്‍ പ്രസംഗിക്കുക.

യൂറോപ്യന്‍ വിപണി ഇന്നലെ സമ്മിശ്രമായിരുന്നു. ഏതാണ്ട് ഫ്ളാറ്റായിട്ടായിരുന്നു ക്ലോസിംഗ്. എഫ്ടിഎസ്ഇ യുകെ 4.57 പോയിന്റും ജര്‍മന്‍ ഡാക്സ് 44.44 പോയിന്റും മെച്ചപ്പെട്ടപ്പോള്‍ സിഎസി ഫ്രാന്‍സ് 0.61 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 1.48 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തിട്ടുള്ളത്.

എന്നാല്‍ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം പച്ചയിലാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇടിവു കാണിച്ച ജാപ്പനീസ് നിക്കി വ്യാഴാഴ്ച 259.11 പോയിന്റ് മെച്ചത്തോടെ തിരിച്ചുവരവു നടത്തി. ഇന്നു രാവിലെ 78 പോയിന്റിനടുത്ത് മെച്ചപ്പെട്ടാണ് നിക്കി ഓപ്പണ്‍ ചെയ്തത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കിയപ്പോള്‍ 33 പോയിന്റ് മെച്ചത്തില്‍ തുടരുകയാണ്.

കൊറിയന്‍ കോസ്പി 7.2 പോയിന്റു താഴ്ന്നു നില്‍ക്കുന്നു. സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 132.02 പോയിന്റും ചൈനീസ് ഷാങ്ഹായ് സൂചിക ഒരു പോയിന്റും താഴ്ന്ന് ഓപ്പണ്‍ ചെയ്തിരിക്കുകയാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

പതിവിനു വിപരീതമായി ഇന്നലെ വിദേശ, സ്വദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഒരേപോലെ നെറ്റ് വാങ്ങലുകാരായിരുന്നു. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 1371.79 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ ഓഗസ്റ്റിലെ നെറ്റ് വില്‍പ്പന 32530.28 കോടി രൂപയായി.

അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 2971.80 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ ഓഗസ്റ്റിലെ അവരുടെ നെറ്റ് വാങ്ങല്‍ 44184.36 കോടി രൂപയായി ഉയര്‍ന്നു. ഓഗസ്റ്റിലെ എല്ലാ ദിവസവും തന്നെ അവര്‍ നെറ്റ് വാങ്ങലുകാരായിരുന്നു.

സാമ്പത്തികവാര്‍ത്തകള്‍

എച്ച് എസ്ബിസി ഫ്ളാഷ് ഇന്ത്യ കോമ്പോസിറ്റ് ഔട്ട്പുട്ട് ഇന്‍ഡെക്സ്: ഇന്ത്യന്‍ ഉത്പാദന, സേവന മേഖലകള്‍ ശക്തമായ വളര്‍ച്ചയിലാണ്. ഇതു സൂചിപ്പിക്കുന്ന എച്ച് എസ്ബിസി ഫ്ളാഷ് ഇന്ത്യ കോമ്പോസിറ്റ് ഔട്ട്പുട്ട് സൂചിക 60 പോയിന്റിനു മുകളിലാണ്. തുടര്‍ച്ചയായ 37-മത്തെ മാസമാണ് സൂചിക വളര്‍ച്ച കാണിക്കുന്നത്. അമ്പതു പോയിന്റിനു താഴെ ചുരങ്ങലിനെ സൂചിപ്പിക്കുന്നു. ഓഗസ്റ്റിലെ സൂചിക 60.5 പോയിന്റാണ്. ജൂലൈയിലിത് 60.7 ആയിരുന്നു. മാനുഫാക്ചറിംഗ് പിഎംഐ സൂചിക ജൂലൈയില്‍ 58.1 സര്‍വീസസ് പിഎംഐ സൂചിക 60.3- ഉം ആയിരുന്നു. തലേമാസമിത് യഥാക്രമം 58.2-ഉം 60.5-ഉം വീതമായിരുന്നു.

രാജ്യത്തെ ചില്ലറവിലക്കയറ്റത്തോത് ജൂലൈയില്‍ 3.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ ആദ്യ ക്വാര്‍ട്ടര്‍ ജിഡിപി കണക്കുകള്‍ ഓഗസ്റ്റ് 30-ന് എത്തും.

അധികനിയന്ത്രണം വളര്‍ച്ചയെ ബാധിക്കുന്നു: അധികനിയന്ത്രണ പണനയം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുകയാണെന്ന് മോണിട്ടറി പോളിസി അംഗങ്ങളായ പ്രഫ. അഷിമ ഗോയലും പ്രഫ്. ജെ ആര്‍ വര്‍മയും അഭിപ്രായപ്പെടുന്നു. റിസര്‍വ് ബാങ്ക് പുറത്തുവിട്ട,ഓഗസ്റ്റ് എട്ടിലെ പണനയത്തിന്റെ മിനിറ്റ്സിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഇരുവരും 0.25 ശതമാനം പലിശ വെട്ടിക്കുറയ്ക്കലിന് അനുകൂലമായി വോട്ടു ചെയ്തിരുന്നു.

കമ്പനി വാര്‍ത്തകള്‍

ക്രൂഡോയില്‍ വില

തുടര്‍ച്ചയായി അഞ്ചു ദിവസത്തെ ഇടിവിനുശേഷം ക്രൂഡോയില്‍ വില ഇന്നു മെച്ചപ്പെട്ടിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് 76 ഡോളറിലേക്കും ഡബ്ള്യുടിഐ ക്രൂഡ് വില 72 ഡോളറിനു താഴേയ്ക്കും കഴിഞ്ഞ ദിവസമെത്തിയിരുന്നു.

ഒപ്പെക്കിനു പുറത്തുള്ള രാജ്യങ്ങളില്‍ ക്രൂഡോയില്‍ ഉത്പാദനം വര്‍ധിക്കുകയാണെന്നാണ് കണക്കുകള്‍. ഇതോടൊപ്പമാണ് ഡിമാണ്ടിലെ അനിശ്ചതത്വം നില്‍നില്‍ക്കുന്നത്. ഇതു രണ്ടും ക്രൂഡോയില്‍ സെന്റിമെന്റിനെ ബാധിച്ചിരിക്കുകയാണ്. ഇതിനര്‍ഥം ഡിമാണ്ട് നിലനില്‍ക്കുന്നില്ല എന്നല്ല.

ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന് 73.15 ഡോളറാണ് വില. വ്യാഴാഴ്ച രാവിലെ ഇത് 71.8 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡിന് ബാരലിന് ഇന്നു രാവിലെ 77.32 ഡോളറാണ്. വ്യാഴാഴ്ച 75.98 ഡോളറായിരുന്നു.

രൂപ വീണ്ടും ദുര്‍ബലമായി

ഇറക്കുമതിക്കാരില്‍ നിന്നും വിദേശ ബാങ്കുകളില്‍നിന്നുമുള്ള ഡോളര്‍ ഡിമാണ്ടും വിദേശ ഫണ്ടുകള്‍ നിക്ഷേപം പിന്‍വലിക്കുന്നതും രൂപയെ ദുര്‍ബലമാക്കുകയാണ്. ചൊവ്വാഴ്ച 83.76-ലേക്ക് മെച്ചപ്പെട്ട രൂപ വ്യാഴാഴ്ച 83.95-ലേക്ക് താഴ്ന്നു. പോസീറ്റീവായി ഓഹരി വിപണിയും ക്രൂഡോയില്‍ വില കുറഞ്ഞതും രൂപയ്ക്കു പിന്തുണ നല്‍കുന്നുണ്ടെന്നതാണ് ആശ്വാസകരമായിട്ടുള്ളത്.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.