19 Aug 2024 2:10 AM GMT
Summary
നിഫ്റ്റി 25000 പോയിന്റില്‍ തിരിച്ചെത്തുമോ?
വെള്ളിയാഴ്ച ഇന്ത്യന്‍ വിപണി ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്.ആഭ്യന്തര സംഭവങ്ങളേക്കാള്‍ ആഗോള തലത്തിലുയര്‍ന്ന ആത്മവിശ്വാസമാണ് ഇന്ത്യന്‍ വിപണിക്കു തുണയായത്. യുഎസ് മാന്ദ്യഭീതി ഗണ്യമായി കുറഞ്ഞതു മാത്രമല്ല, സെപ്റ്റംബറിലെ ഫെഡറല്‍ റിസര്‍വ് മീറ്റിംഗില്‍ പലിശ വെട്ടിക്കുറയ്ക്കല്‍ നടപടികള്‍ക്കു തുടക്കം കുറിക്കുമെന്ന പ്രതീക്ഷയും ജാപ്പനീസ് യെന്‍ സ്റ്റെബിളിറ്റി നേടിയതും മറ്റു പോസീറ്റീവ് യുഎസ് സാമ്പത്തികക്കണക്കുകളുമാണ് ലോകമെങ്ങുമുള്ള വിപണികള്‍ക്കു കരുത്തു പകര്‍ന്നത്.
അടുത്ത ബുധനാഴ്ച പുറത്തുവിടുന്ന എഫ്ഒഎംസി മിനിട്സും അടുത്ത വെള്ളിയാഴ്ച ജാ്ക്സണ്‍ ഹോള്‍ സാമ്പത്തിക നയ സിമ്പോസിയത്തിലെ ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവലിന്റെ പ്രസംഗവും ആഗോള വിപണി കാത്തിരിക്കുകയാണ്.
ഇതോടൊപ്പം ഇന്ത്യയുള്‍പ്പെടെ പ്രമുഖ രാജ്യങ്ങളുടെ ഓഗസ്റ്റിലെ ഫ്ളാഷ് പിഎംഐ സൂചിക കണക്കുകളും പുറത്തുവരുന്നുണ്ട്. സാമ്പത്തിക വളര്‍ച്ച സംബന്ധിച്ചു കൂടുതല്‍ വ്യക്തത അതു വരുത്തും.
ഇന്ത്യന്‍ വിപണിക്ക് എതിരായി നില്‍ക്കുന്ന പ്രധാന സംഗതിയാണ് വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ തുടര്‍ച്ചയായ വില്‍പ്പന. ഓഗസ്റ്റില്‍ 28976 കോടി രൂപയുടെ നെറ്റ് വില്‍ക്കല്‍ അവര്‍ നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഓഹരികള്‍ വാല്യു ബൈയിംഗ് അല്ലായെന്ന അഭിപ്രായമാണ് പല എഫ്ഐഐകള്‍ക്കുമുള്ളത്.
ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ വാങ്ങലുകാരാണുതാനും. വെള്ളിയാഴ്ച വിദേശ, ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ ഒരു പോലെ നെറ്റ് വാങ്ങലുകരായിരുന്നു എന്നത് ശ്രദ്ധിക്കുക. വിപണിയിലെ ഓരോ ഇടിവിലും വാങ്ങല്‍ താല്‍പ്പര്യം ഉയരുന്നുണ്ട്.
ആദ്യക്വാര്‍ട്ടര്‍ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു റീറേറ്റിംഗ് ഉണ്ടാകേണ്ടതുണ്ട്. ആദ്യ ക്വാര്‍ട്ടറില്‍ നിഫ്റ്റി 50 സൂചികയിലെ വരുമാന വളര്‍ച്ച അഞ്ചു ശതമാനത്തിനടുത്താണ്. ഇതാവട്ടെ 2020 ജൂണിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചയും. ഈ വളര്‍ച്ച ദലാള്‍ തെരുവ് പ്രതീക്ഷിച്ചതിനേക്കാള്‍ അല്‍പ്പം കൂടി ഉയര്‍ന്നതാണെന്നു വിലയിരുത്തുന്നു.
ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച
രണ്ടാഴ്ചത്തെ ഏറ്റവും ഉയരത്തില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 24541.15 പോയിന്റില്‍ ക്ലോസ് ചെയ്തു. നാലു ദിവസം വ്യാപാരമുണ്ടായിരുന്ന ഇക്കഴിഞ്ഞ വാരത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗ് ആണ്ഇത്. ബുധനാഴ്ചത്തേക്കാള്‍ 397.4 പോയിന്റ് മെച്ചത്തിലാണ് ക്ലോസിംഗ്. രണ്ടാഴ്ചയ്ക്കിടയില്‍ ആദ്യമായാണ് നിഫ്റ്റി 24500 പോയിന്റിനു മുകളിലെത്തുന്നതും ക്ലോസ് ചെയ്യുന്നതും.
ലാര്‍ജ്, മിഡ്, സ്മോള്‍ കാപ് ഓഹികള്‍ ഒരേപോലെ വിപണിയെ തുണച്ചു. ഐടി ഓഹരികള്‍ വന്‍മുന്നേറ്റമാണ് കാഴ്ച വച്ചത്. മിക്ക സെ്ക്ടറുകളും മികച്ച മുന്നേറ്റം നടത്തി.
ഇന്ത്യന്‍ ഒോഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക 1330.96 പോയിന്റ് മെച്ചത്തോടെ 80436.84 പോയിന്റില്‍ ക്ലോസ് ചെയ്തു. ഒമ്പതു ട്രേഡിംഗ് സെഷനുകളില്‍ ആദ്യമായാണ് സെന്‍സെക്സ് 80000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്യുന്നത്. ഈ കാലയളവിലെ ഏറ്റവും താഴ്ന്ന പോയിന്റാണ് 78295.86 പോയിന്റ്.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
നിഫ്റ്റി 24400- 24500 തലത്തിലുണ്ടായിരുന്ന ശക്തമായ റെസിസ്റ്റന്‍സ് മറികടന്നിരിക്കുകയാണ്. നിഫ്റ്റി ഈ വാരത്തില്‍ 25000 പോയിന്റില്‍ വീണ്ടും തിരിച്ചെത്തുമോ?
വെള്ളിയാഴ്ചത്തെ മൊമന്റം നിലനിര്‍ത്തിയാല്‍ നിഫ്റ്റിക്ക് 24686 പോയിന്റിലും തുടര്‍ന്ന് 24850 പോയിന്റിലും 24930 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്ന് 25030- 25079 തലത്തിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. ഓഗസറ്റ് അഞ്ചിലെ ബെയറീഷ് ഗ്യാപ് ഓപ്പണിംഗ് ഇപ്പോഴും ശക്തമായ റെസിസ്റ്റന്‍സ് ആയി നിലകൊള്ളുകയാണ്.
ഇന്നു നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 24100-24200 തലത്തിലും തുടര്‍ന്ന് 23950 പോയിന്റിലും പിന്തുണ കിട്ടും. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 23740-23840 തലത്തിലേക്ക് നിഫ്റ്റി എത്താം. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ ശക്തമായ തിരുത്തല്‍ പ്രതീക്ഷിക്കാം. ഒരു പക്ഷേ, 22710-22935 തലത്തിലേക്ക് നിഫ്റ്റി എത്താം.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ വെള്ളിയാഴ്ച 55 ആണ്. ബുള്ളീഷ് മോഡിലേക്കു തിരിച്ചെത്തിയിരിക്കുകയാണ് നിഫ്റ്റി.
ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റി വീണ്ടും അമ്പതിനായിരം പോയിന്റിനു മുകളിലേക്ക് എത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച 789.6 പോയിന്റ് നേട്ടത്തോടെ 50516.90 പോയിന്റിലാണ് ക്ലോസ് ചെയ്തത്.
ബാങ്ക് നിഫ്റ്റി ഇപ്പോഴും 49650-50850 റേഞ്ചിനുള്ളില്‍ നീങ്ങുകയാണ്. ഈ രണ്ടു പോയിന്റുകളും സപ്പോര്‍ട്ടും റെസിസ്റ്റന്‍സുമായി വര്‍ത്തിക്കുകയാണ്.
ബാങ്ക് നിഫ്റ്റി വെള്ളിയാഴ്ചത്തെ മൊമന്റം തുടരുകയും 50850 പോയിന്റിനു മുകളിലേക്കു നീങ്ങുകയും ചെയ്താല്‍ 51100 പോയിന്റിലേക്കും തുടര്‍ന്ന് 51400 പോയിന്റിലേക്കും 51552 പോയിന്റിലേക്കും ബാങ്ക് നിഫ്റ്റി എത്താം.
മറിച്ച് ഇന്ന് താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 49800-49960 തലത്തിലും തുടര്‍ന്ന് 49650 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കാം. അടുത്ത പിന്തുണ 49008 പോയിന്റിലും തുടര്‍ന്ന് 48706 പോയിന്റിലും പിന്തുണയുണ്ട്.
ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 45.76 ആണ്. ബെയറീഷ് മൂഡിലൂടെയാണ് ബാങ്ക് നിഫ്റ്റി നീങ്ങുന്നത്.
ഗിഫ്റ്റ് നിഫ്റ്റി
ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 34 പോയിന്റ് മെച്ചത്തിലാണ്. ആഗോള വിപണി നീക്കങ്ങളും ഗിഫ്റ്റി നിഫ്റ്റിയും കണക്കിലെടുത്താല്‍ മെച്ചപ്പെട്ട ഓപ്പണിംഗ് പ്രതീക്ഷിക്കാം.
ഇന്ത്യന്‍ എഡിആറുകള്‍
ഇന്ത്യന്‍ എഡിആറുകള്‍ വെള്ളിയാഴ്ച സമ്മിശ്രമായാണ് ക്ലോസ് ചെയ്തത്. ഐടി ഓഹരികളായ ഇന്‍ഫോസിസ് 0.82 ശതമാനവും വിപ്രോ 2.36 ശതമാനവും മെച്ചപ്പെട്ടപ്പോള്‍ ബാങ്ക് ഓഹരികളായ എച്ച്ഡിഎഫ്സി ബാങ്ക് 0.45 ശതമാനവും ഐസിഐസിഐ ബാങ്ക് 1.26 ശതമാനവും ഉയര്‍ച്ച നേടി. ഡോ. റെഡ്ഡീസ് 0.29 ശതമാനനം ഉയര്‍ന്നപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.32 ശതമാനം കുറഞ്ഞു. യാത്രാ ഓഹരികളായ മേക്ക് മൈട്രിപ്പ് 2 ശതമാനവും യാത്ര ഓണ്‍ലൈന്‍ 5.22 ശതമാനവും കുറഞ്ഞു. ബുധനാഴ്ച യാത്ര ഓണ്‍ലൈന്‍ 10.97 ശതമാനം ഇടിഞ്ഞിരുന്നു.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് വെള്ളിയാഴ്ച 6.69 ശതമാനം കുറഞ്ഞ് 14.4-ലെത്തി. ബുധനാഴ്ചയിത് 16.17 ആയിരുന്നു. വ്യതിയാനം കുറഞ്ഞ പതിയെ ശാന്തമാകുകയാണ് ഇന്ത്യന്‍ വിപണി.
നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) വെള്ളയാഴ്ച 1.31-ലേക്ക് കുതിച്ചുയര്‍ന്നു. ബുധനാഴ്ച 1.13 ആയിരുന്നു.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
യുഎസിലെ മുഖ്യമായ മൂന്നു സൂചികകളും മികച്ച നേട്ടത്തോടെയാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ചില്ലറവിലക്കയറ്റത്തോത് കുറഞ്ഞതും ശക്തമായ റീട്ടെയില്‍ സെയില്‍സ് കണക്കുകളും കമ്പനികളുടെ മികച്ച ക്വാര്‍ട്ടര്‍ ഫലങ്ങളും യുഎസ് സമ്പദ്ഘടനയിലെ മാന്ദ്യഭീതിയെ പിന്നോട്ടു തള്ളിയത് ഇക്കഴിഞ്ഞ വാരത്തില്‍ യുഎസ് വിപണികളില്‍ ഉത്സാഹം പടര്‍ത്തി. തുടര്‍ച്ചയായി നാലു ദിവസം ഡൗ ജോണ്‍സ് ഉയര്‍ന്നപ്പോള്‍ നാസ്ഡാക്, എസ് ആന്‍ഡ് പി സൂചികകള്‍ തുടര്‍ച്ചയായി ആറു ദിവസത്തെ മുന്നേറ്റമാണ് കൈവരിച്ചത്. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് വെള്ളിയാഴ്ച 96.70 പോയിന്റ് മെച്ചപ്പെട്ടപ്പോള്‍ നാസ്ഡാക് കോംപോസിറ്റ് 37.22 പോയിന്റും എസ് ആന്‍ഡ് പി 500 സൂചിക 11.05 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.
എഫ്ടിഎസ്ഇ യുകെ ഒഴികെയുള്ള യൂറോപ്യന്‍ സൂചികകളെല്ലാം വെള്ളിയാഴ്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തിട്ടുള്ളത്. എഫ്ടിഎസ്ഇ യുകെ 35.94 പോയിന്റ് താഴ്ന്നു ക്ലോസ് ചെയ്തപ്പോള്‍ സിഎസി ഫ്രാന്‍സ് 26.33 പോയിന്റും ജര്‍മന്‍ ഡാക്സ് 139.16 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 712.78 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.
യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് പോസീറ്റീവാണ്.
ഏഷ്യന്‍ വിപണികള്‍
വെള്ളിയാഴ്ച 1336.03 പോയിന്റ് മെച്ചത്തോടെ 38000 പോയിന്റിനു മുകളിലെത്തിയ ജാപ്പനീസ് നിക്കി ഇന്നു രാവിലെ 200-ഓളം പോയിന്റ് താഴ്ന്നാണ് ഓപ്പണ്‍ ചെയ്തത്. ഇന്നു രാവിലെ ഒന്നരമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ നിക്കി 71.649.47 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്.
കൊറിയന്‍ കോസ്പി 9.2 പോയിന്റു താഴ്ന്നു നില്‍ക്കുന്നു. സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 162.5 പോയിന്റും ചൈനീസ് ഷാങ്ഹായ് സൂചിക 4.9 പോയിന്റും മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്തിരിക്കുകയാണ്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
ഇടവേളയ്ക്കുശേഷം വിദേശനിക്ഷേപകസ്ഥാപനങ്ങളും ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളും ഒരേപോലെ നെറ്റ് വാങ്ങല്‍ നടത്തിയ ദിനമാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ 766.52 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയപ്പോള്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ 2606.18 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ ഓഗസ്റ്റിലെ നെറ്റ് വില്‍ക്കല്‍ 28976.91 കോടി രൂപയായപ്പോള്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ 34060.09 കോടി രൂപയായി.
ക്രൂഡോയില്‍ വില
ഗാസസംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ച തുടങ്ങിയത് ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്തുമെന്ന വിലയിരുത്തലകളും വെള്ളിയാഴ്ച ഇറാന് ഖത്തര്‍ ഭരണകൂടം മുന്നറിയിപ്പു നല്‍കിയതും ക്രൂഡ് വില കുറയുന്നതിനു കാരണമായി. പെട്ടെന്നു ഇസ്രയേലിനെതിരേ ഇറാന്‍ ആക്രമണം ഉണ്ടാവില്ലെന്ന വിലയിരുത്തലുകളും എണ്ണവില താഴുവാന്‍ കാരണമായി. ചൈനയുടെ എണ്ണ ആവശ്യം കുറയുകയാണെന്ന വാര്‍ത്തകളും വില ഉയര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു.
ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന് 76.37 ഡോളറാണ് വില. ശനിയാഴ്ച രാവിലെ ഇത് 76.65 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡിന് ബാരലിന് ഇന്നു രാവിലെ 79.49 ഡോളറാണ്. ശനിയാഴ്ചയത് 79.68 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡ് വില 80 ഡോളറിനു താഴേയ്ക്കു നീങ്ങിയിരിക്കുകയാണ്.
രൂപ റിക്കാര്‍ഡ് താഴ്ചയില്‍
ഇറക്കുമതിക്കാരില്‍ നിന്നും വിദേശ ബാങ്കുകളില്‍നിന്നും ഡോളര്‍ ഡിമാണ്ട് ഉണ്ടായതിനെത്തുടര്‍ന്ന് രൂപ 83.98-ലേ താഴ്ന്നു. ചൊവ്വാഴ്ച ഡോളറിനെതിരേ രൂപയുടെ മൂല്യം 83.97 ആയിരുന്നു. വെള്ളിയാഴ്ച 83.94-ലേക്ക് ഉയര്‍ന്നിട്ടുണ്ട്.
രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.