image

16 Aug 2024 2:44 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഓഗസ്റ്റ് 16)

Joy Philip

Trade Morning
X

Summary

ഇന്ത്യന്‍ വിപണി ഇന്നു തിരിച്ചുവരവിന്?


സ്വാതന്ത്ര്യദിനം പ്രമാണിച്ച ഒരു ദിവസത്തെ അവധിക്കുശേഷം തുറക്കുന്ന ഇന്ത്യന്‍ വിപണിയെ സ്വാഗതം ചെയ്യുന്നത് ആവേശത്തില്‍ നില്‍ക്കുന്ന ആഗോള വിപണിയാണ്. അതിന്റെ പ്രതിഫലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലുമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

യുഎസ്, യുറോപ്യന്‍. ഏഷ്യന്‍ വിപണികളെല്ലാം ഈ വാരത്തില്‍ വന്‍ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. ഇന്നലെ യുഎസിലെ മൂന്നു മുഖ്യ സൂചികളും വന്‍ മുന്നേറ്റം നടത്തി. ശക്തമായ റീട്ടെയില്‍ സെയില്‍സ് കണക്കുകളും ജോബ് ലെസ് ക്ലെയിം പ്രതീക്ഷിച്ചതിലും കുറഞ്ഞതുമാണ് യുഎസ് വിപണിയെ തുണച്ചത്. അവിടെ കകണ്‍സ്യൂമര്‍ ഇന്‍ഫ്ളേഷന്‍ 2.9 ശതമാനത്തിലേക്കു താഴുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം സെപ്റ്റംബറിലെ പണനയത്തില്‍ പലിശ വെട്ടിക്കുറയ്ക്കലിലേക്കു നയിക്കുമെന്നു വിപണി കരുതുന്നു. യുഎസ് മാന്ദ്യത്തിലേക്കു നീങ്ങുമെന്ന ആശങ്ക ഏതാണ്ട് ഇല്ലാതായിരിക്കുകയാണ്.

രാജ്യത്തെ പ്രധാന കമ്പനികളുടെയെല്ലാം ആദ്യ ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവന്നു കഴിഞ്ഞിരിക്കുകയാണ്. സമ്മിശ്ര ഫലങ്ങളാണെങ്കിലും അടുത്ത ക്വാര്‍ട്ടറുകളില്‍ മെച്ചപ്പെട്ട ഫലങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നവയാണിത്.

വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ വില്‍പ്പന തുടരുകയാണ്. എങ്കിലും അവര്‍ താമസിയാതെ ഇന്ത്യന്‍ വിപണിയിലേക്കു തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുത്തലിന്റേയും മെച്ചപ്പെട്ട ക്വാര്‍ട്ടര്‍ ഫലങ്ങളുടേയും അടിസ്ഥാനത്തില്‍ ഇന്ത്യന്‍ഓഹരികളുടെ മൂല്യത്തില്‍ വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ അവര്‍ താമസിയാതെ തിരിച്ചെത്തുമെന്നു കരുതുന്നു. പലിശ വെട്ടിക്കുറയ്ക്കല്‍ സംഭവിച്ചാല്‍ അതു കമ്പനികളുടെ അറ്റാദായത്തില്‍ പ്രതിഫലിക്കും.

ഇന്ത്യന്‍ വിപണി

തുടര്‍ച്ചയായ രണ്ടാം ദിവസത്തെ ഇടിവിനുശേഷം നേരിയ റേഞ്ചില്‍ നീങ്ങിയ നിഫ്റ്റി നേരിയ ഉയര്‍ച്ച കാണിച്ചിരിക്കുകയാണ്. ബുധനാഴ്ച നിഫ്റ്റി 24143.75 പോയിന്റിലാണ് ക്ലോസ് ചെയ്തത്. തലേദിവസത്തെ ക്ലോസിംഗ് 24139 പോയിന്റായിരുന്നു.

ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് 149.85 പോയിന്റ് മെച്ചപ്പെട്ട് 79105.88 പോയിന്റിലാണ് ക്ലോസ് ചെയ്തത്.

ബാങ്ക്, എഫ്എംസിജി,മെറ്റല്‍, ഹെല്‍ത്ത്കെയര്‍ തുടങ്ങിയ എല്ലാ മേഖലകളിലേയും സ്മോള്‍, മിഡ്കാപ് ഓഹരികള്‍ ഇടിവു കാണിച്ചപ്പോള്‍ ഐടിയും ഓട്ടോയുമാണ് ബുധനാഴ്ച നിഫ്റ്റിക്ക് തുണയായത്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

24400- 24500 തലത്തില്‍ ശക്തമായ റെസിസ്റ്റന്‍സ് രൂപപ്പെട്ടിരിക്കുകയാണ്. ഇതിനു മുകളില്‍ മികച്ച വ്യാപാരവ്യാപ്തത്തോടെ എത്തി ക്ലോസ് ചെയ്താല്‍ മാത്രമേ നിഫ്റ്റിക്കു മുന്നോട്ടു പോകുവാന്‍ കരുത്തു ലഭിക്കുകയുള്ളു. ഇതിനു മുകളിലേക്കു നീങ്ങിയാല്‍ 24850 പോയിന്റ് വരെ എത്താം. ഓഗസറ്റ് അഞ്ചിലെ ബെയറീഷ് ഗ്യാപ് ഓപ്പണിംഗിനു സമീപത്ത് എത്താന്‍ നിഫ്റ്റിക്കു കഴിഞ്ഞിട്ടില്ല.

ഇന്നു നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 23950-24050 തലത്തിലും പിന്തുണ കിട്ടും. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 23760- .23850 തലത്തിലേക്ക് നിഫ്റ്റി എത്താം. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ ശക്തമായ തിരുത്തല്‍ പ്രതീക്ഷിക്കാം. ഒരു പക്ഷേ, 22710-22935 തലത്തിലേക്ക് നിഫ്റ്റി എത്താം.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 45.84 ആണ്. ബെയറീഷ് മോഡിലേക്കു വീണിരിക്കുകയാണ്. വിപണി.

ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റി അമ്പതിനായിരം പോയിന്റിനു താഴെ വീണ്ടും ക്ലോസ് ചെയ്തിരിക്കുകയാണ്. ബുധനാഴ്ച 104.55 പോയിന്റ് നഷ്ടത്തോടെ 49727.3 പോയിന്റിലായിരുന്നു ക്ലോസിംഗ്.

ബാങ്ക് നിഫ്റ്റി ഇപ്പോഴും 49650-50850 റേഞ്ചില്‍ നീങ്ങുകയാണ്. ഈ രണ്ടു പോയിന്റുകളും സപ്പോര്‍ട്ടും റെസിസ്റ്റന്‍സുമായി വര്‍ത്തിക്കുകയാണ്.

ബാങ്ക് നിഫ്റ്റി ബുധനാഴ്ചത്തെ മൊമന്റം തുടരുകയും 49650 പോയിന്റു താഴേയ്ക്കു നീങ്ങുകയും ചെയ്താല്‍ 49350-49415 തലത്തില്‍ ആദ്യത്തെ പിന്തുണ കിട്ടും. തുടര്‍ന്നു താഴേയ്ക്കു നീങ്ങിയാല്‍ 48750- 48900 തലത്തില്‍ ശക്തമായ പിന്തുണ കിട്ടും. ബാങ്ക് നിഫ്റ്റിയില്‍ ഒരു നെഗറ്റീവ് മനോഭാവമാണ് കാണുന്നത്.

ഇന്ന് ബാങ്ക് നിഫ്റ്റി മെച്ചപ്പെട്ടാല്‍ 49950-50050 തലത്തിലും തുടര്‍ന്ന് 50550 പോയിന്റിലും 50850 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 35.34 ആണ്. ബെയറീഷ് മൂഡിലൂടെയാണ് ബാങ്ക് നിഫ്റ്റി നീങ്ങുന്നത്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 180.5 പോയിന്റ് മെച്ചത്തിലാണ്. ആഗോള വിപണി നീക്കങ്ങളും ഗിഫ്റ്റി നിഫ്റ്റിയും കണക്കിലെടുത്താല്‍ മെച്ചപ്പെട്ട ഓപ്പണിംഗ് പ്രതീക്ഷിക്കാം.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ എല്ലാംതന്നെ മെച്ചപ്പെട്ടു. ഐടി ഓഹരികളായ ഇന്‍ഫോസിസ് 0.37 ശതമാനവും വിപ്രോ 1.2 ശതമാനവും മെച്ചപ്പെട്ടപ്പോള്‍ ബാങ്ക് ഓഹരികളായ എച്ച്ഡിഎഫ്സി ബാങ്ക് 1.7 ശതമാനവും ഐസിഐസിഐ ബാങ്ക് 0.94 ശതമാനവും ഉയര്‍ച്ച നേടി. ഡോ. റെഡ്ഡീസ് 0.12 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.32 ശതമാനവും ഉയര്‍ന്നു. മേക്ക് മൈട്രിപ്പ് 1.72 ശതമാനം ഉയര്‍ച്ച കാണിച്ചപ്പോള്‍ യാത്ര ഓണ്‍ലൈന്‍ 0.74 ശതമാനം കുറഞ്ഞു.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് ബുധനാഴ്ച നാലര ശതമാനം കുറഞ്ഞ് 15.44-ലെത്തി. വ്യതിയാനം കുറഞ്ഞ് പതിയെ ശാന്തമാകുകയാണ് ഇന്ത്യന്‍ വിപണി.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ബുധനാഴ്ച 1.14-ലേക്ക് കുതിച്ചുയര്‍ന്നു. ചൊവ്വാഴ്ച 0.78 ആയിരുന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

ശക്തമായ റീട്ടെയില്‍ കണക്കുകളും കുറഞ്ഞ ജോബ് ലെസ് ക്ലെയിമുകളും യുഎസ് വിപണിയെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയരത്തിലെത്തിച്ചു. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രീയല്‍ സൂചിക 554.67 പോയിന്റ് മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. ബുധനാഴ്ച 408.63 പോയിന്റ് ഉയര്‍ന്നിരുന്നു.ഇന്നലെ വാള്‍ മാര്‍ട്ട്, സിസ്‌കോ എന്നിവയുടെ ക്വാര്‍ട്ടര്‍ ഫലങ്ങളാണ് വിപണിക്ക് കരുത്തു പകര്‍ന്നത്.

നാസ്ഡാക് കോംപോസിറ്റ് 401.89 പോയിന്റ് ഉയര്‍ച്ചയാണ് ഇന്നലെ നേടിയത്. ബുധനാഴ്ച 407 പോയിന്റു മെച്ചപ്പെട്ടിരുന്നു. എസ് ആന്‍ഡ് പി 500 സൂചിക ഇന്നലെ 88.01 പോയിന്റ് മെച്ചപ്പെട്ടു. എന്നാല്‍ യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നേരിയ തോതില്‍മെച്ചപ്പെട്ടാണ് നീങ്ങുന്നത്.

യൂറോപ്യന്‍ വിപണി ഇന്നലെയും മികച്ച മുന്നേറ്റമുണ്ടാക്കി. എഫ്ടിഎസ്ഇ യുകെ 66.3 പോയിന്റും സിഎസി ഫ്രാന്‍സ് 90.01 പോയിന്റും ജര്‍മന്‍ ഡാക്സ് 297.64 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 321.58 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. യൂറോപ്യന്‍ ഫ്യൂച്ചേഴ്സും പോസീറ്റീവാണ്.

ഏഷ്യന്‍ വിപണികള്‍

മൗണ്ടന്‍ ഡേ അവധിക്കുശേഷം കഴിഞ്ഞ ദിവസങ്ങളിലെല്ലാം ജാപ്പനീസ് നിക്കി മികച്ച മുന്നേറ്റത്തിലായിരുന്നു. ഇന്നു രാവിലെ 550 പോയിന്റോളം മെച്ചത്തില്‍ ഓപ്പണ്‍ ചെയ്ത നിക്കി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 1088.9 പോയിന്റ് ഉയരത്തിലാണ്. കൊറിയന്‍ കോസ്പി 47.8 പോയിന്റു മെച്ചപ്പെട്ടു നില്‍ക്കുന്നു. സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 265.1 പോയിന്റു മെച്ചപ്പെട്ടും ചൈനീസ് ഷാങ്ഹായ് സൂചിക 6.8 പോയിന്റു താഴ്ന്നുമാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ബുധനാഴ്ചയും വില്‍പ്പനക്കാരായിരുന്നു. അവര്‍ 2595.27 കോടി രൂപയുടെ നെറ്റ് വില്‍പ്പന നടത്തി. ഇതോടെ ഓഗസ്റ്റ് 14 വരെ നെറ്റ് വില്‍പ്പന 29473.43 കോടി രൂപയായി ഉയര്‍ന്നു.

ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ 2236.21 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്. ഓഗസ്റ്റിലെ അവരുടെ നെറ്റ് വാങ്ങല്‍ 31453.91 കോടി രൂപയായി. വിദേശ, ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ വിപണിയിലെ തങ്ങളുടെ വിരുദ്ധ മനോഭാവങ്ങള്‍ മാസങ്ങളായി തുടരുകയാണ്.

സാമ്പത്തിക വാര്‍ത്തകള്‍

കയറ്റുമതി താഴ്ചയില്‍: ജൂലൈയില്‍ കയറ്റുമതി വരുമാനം 3398 കോടി ഡോളറായി. ഇതു മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 1.5 ശതമാനം കുറവാണ്. എന്നാല്‍ ഇറക്കുമതി7.5 ശതമാനം വര്‍ധനയോടെ 5750 കോടി ഡോളറിലെത്തി. വ്യാപാരകമ്മി 2350 കോടി ഡോളറാണ്. ഇതു മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 23.7 ശതമാനം കൂടുതലാണ്.ഇക്കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് കയറ്റുമതി വരുമാനം 3.5 ശതമാനം കുറഞ്ഞപ്പോള്‍ ഇറക്കുമതി ബില്‍ 2.3 ശതമാനം വര്‍ധിച്ചു. എണ്ണ ഇറക്കുമതി 17.4 ശതമാനം വര്‍ധനയോടെ 1380 കോടി ഡോളറിലെത്തി.

ജൂലൈയില്‍ ഇറക്കുമതി വരുമാനം കുറഞ്ഞുവെങ്കിലും 2024-25-ല്‍ കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതി വരുമാനമായ 77800 കോടി ഡോളറിനു മുകളില്‍ എത്തുവാന്‍ കഴിയുമെന്ന് വാണിജ്യസെ്ക്രട്ടറി സുനില്‍ ബര്‍ത്വാള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

മണ്‍സൂണ്‍: ഓഗസ്റ്റ് 15 വരെ രാജ്യത്തു ലഭിച്ച പടിഞ്ഞാറന്‍ കാലവര്‍ഷം ദീര്‍ഘകാലശരാശരിയേക്കാള്‍ 4.8 ശതമാനം കൂടുതലാണ്. ഓഗസ്റ്റ് 15 വരെ ലഭിച്ച മഴ 606.8 മില്ലീമീറ്ററാണ്. സാധാരണ ഈ കാലയളവില്‍ ലഭിച്ചിരുന്നത് 579.1 മില്ലീമീറ്ററാണ്. ഓഗസ്റ്റ് 13 വരെ ലഭിച്ച മഴ 592.8 മില്ലീമീറ്ററാണ്. ഈ കാലയളവില്‍ സാധാരണ ലഭിച്ചിരുന്ന മഴ 561.9 മില്ലീമീറ്ററാണ്.

മെച്ചപ്പെട്ട മഴയുടെ പശ്ചാത്തലത്തില്‍ ഖാരിഫ് വിളയിറക്കല്‍ വിസ്തൃതി മുന്‍വര്‍ഷത്തേക്കാള്‍ 1.4 ശതമാനം വര്‍ധന കാണിച്ചു.പയര്‍, പരിപ്പുവര്‍ഗങ്ങളുടെ കൃഷി വിസ്തൃതി 6.7 ശതമാനം വര്‍ധന കാണിച്ചു. നെല്‍ക്കൃഷി വിസ്തൃതി ജൂലൈ 26-ന് 332 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 4.3 ശതമാനം കൂടുതല്‍. ഈ വിളയിറക്കല്‍ സീസണ്‍ ഏതാനും ആഴ്ച കൂടി ഉള്ളതിനാല്‍ മികച്ച മഴ ഇനിയും നിര്‍ണായകമാണ്. വിളയിറക്കല്‍ സംബന്ധിച്ച കാര്‍ഷിക മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ എത്താനിരിക്കുന്നതേയുള്ളു.

ക്രൂഡോയില്‍ വില

ഗാസസംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ച തുടങ്ങിയത് ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്തുമെന്ന വിലയിരുത്തലും യുഎസില്‍നിന്നു പുറത്തുവന്ന പോസീറ്റീവ് സാമ്പത്തിക വാര്‍ത്തകളും ഇന്നലെ ക്രൂഡോയില്‍ വില മെച്ചപ്പെടുത്തി. യുഎസിലെ ശക്തമായ റീട്ടെയില്‍ സെയില്‍സ് കണക്കുകളും ജോബ് ലോസ് ക്ലെയിം കുറഞ്ഞതും സെപ്റ്റംബറില്‍ പലിശ വെട്ടിക്കുറയ്ക്കലിലേക്കു നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് എണ്ണ ഡിമാണ്ട് ഉയര്‍ത്തുമെന്നു അനുമാനിക്കുന്നു.

ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന് 78.01 ഡോളറാണ് വില. ഇന്നലെ രാവിലെ ഇത് 77.23 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡിന് ബാരലിന് ഇന്നു രാവിലെ 80.91 ഡോളറാണ്. ഇന്നലെയത് 79.95 ഡോളറായിരുന്നു.

രൂപ റിക്കാര്‍ഡ് താഴ്ചയില്‍

ഇറക്കുമതിക്കാരില്‍ നിന്നും വിദേശ ബാങ്കുകളില്‍നിന്നും ഡോളര്‍ ഡിമാണ്ട് ഉണ്ടായതിനെത്തുടര്‍ന്ന് രൂപ 83.98-ലേ താഴ്ന്നു. ചൊവ്വാഴ്ച ഡോളറിനെതിരേ രൂപയുടെ മൂല്യം 83.97 ആയിരുന്നു. ഇന്നലെ രാവിലെ 83.9 വരെ മെച്ചപ്പെട്ട രൂപ അവസാന ഭാഗത്ത് നേട്ടം മുഴുവനും നഷ്ടപ്പെടുത്തുകയായിരുന്നു.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.