image

14 Aug 2024 2:05 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഓഗസ്റ്റ് 14)

Joy Philip

Trade Morning
X

Summary

ആഗോള വിപണി സന്ദേശം മുന്നേറ്റത്തിന്റേത്


സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് വ്യാഴാഴ്ച അവധിയായതിനാല്‍ നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയുടെ പ്രതിവാര എക്സ്പയെറി ദിനമാണ് ഇന്ന്. അതിനാല്‍ തന്നെ വിപണിയില്‍ വ്യതിയാനം കൂടുതല്‍ പ്രതീക്ഷിക്കാം.

കമ്പനികളുടെ ആദ്യക്വാര്‍ട്ടര്‍ ഫലങ്ങളുടെ വരവ് അവസാന ഘട്ടത്തിലാണ്. ഇന്ന് അഞ്ഞൂറിലേറെ കമ്പനികളാണ് ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടുന്നത്. ഇന്നലെ ഫലം പുറത്തുവിട്ട ഹീറോ മോട്ടോകോര്‍പ്, അപ്പോളോ ഹോസ്പിറ്റല്‍, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയവയുടെ ഫലങ്ങളോടുള്ള വിപണിയുടെ പ്രതികരണവും ലഭിക്കും.

വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ തുടര്‍ന്നും വില്‍പ്പനക്കാരായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വാങ്ങലുകാരാണ് താനും. അതായത് ഈ രണ്ടു കൂട്ടരും അവരുടെ ക്യാറ്റ് ആന്‍ഡ് മൗസ് കളി തുടരുകയാണ്. ഇന്ത്യന്‍ ഓഹരികളുടെ മൂല്യം ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്നവെന്നതാണ് വിദേശ നിക്ഷേപകസ്ഥാപനങ്ങളെ വില്‍പ്പനയ്ക്കു പ്രേരിപ്പിക്കുന്നത്. ആദ്യ ക്വാര്‍ട്ടര്‍ ഫലങ്ങള്‍ കമ്പനികളുടെ വരുമാനത്തില്‍ വന്‍കുതിപ്പൊന്നും വരുത്തിയിട്ടില്ല. അത്ര മോശമല്ലെന്നു മാത്രമേയുള്ളു. എന്നാല്‍ പല ഓഹരികളുടേയും മൂല്യം വളരെ ഉയര്‍ന്ന തലത്തിലാണെന്നാണ് വിലയിരുത്തല്‍. ഇതില്‍ തിരുത്തല്‍ സംഭവിച്ചാല്‍ മാത്രമേ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ വളരെ സജീവമായി ഇന്ത്യന്‍ വിപണിയിലേക്കു തിരിച്ചെത്തുകയുള്ളു.

ഇന്ത്യന്‍ വിപണി ഇന്നലെ

തുടര്‍ച്ചയായ രണ്ടാം ദിവസവും നിഫ്റ്റി ഇടിവു കാണിച്ചിരിക്കുകയാണ്. എല്ലാ മേഖലകളിലും ലാഭമെടുപ്പു ദൃശ്യമായ വിപണിയില്‍ നിഫ്റ്റി 208 പോയിന്റ് ഇടിവോടെ 24139 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഉയര്‍ന്ന തലത്തില്‍ ഓപ്പണ്‍ ചെയ്ത വിപണി തുടര്‍ന്ന് താഴേയ്ക്കു നീങ്ങുകയായിരുന്നു. ദിവസ താഴ്ചയ്ക്ക് ഏതാനും പോയിന്റ് മുകളിലാണ് നിഫ്റ്റിയുടെ ക്ലോസിംഗ്.

ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് ഇന്നലെ 692.89 പോയിന്റ് ഇടിവോടെ 78956.03 പോയിന്റിലാണ് ക്ലോസ് ചെയ്തത്.

കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഐടി എന്നിവയൊഴികെയുള്ള എല്ലാ മേഖലയിലുമുള്ള ഓഹരികള്‍ ഇടിയുകയാണ് ചെയ്തത്. ബാങ്കിംഗ് മേഖലയില്‍ കനത്ത ഇടിവാണ് അനുഭവപ്പെട്ടത്. നിഫ്റ്റിയുടെ ഇടിവിന്റെ 50 ശതമാനത്തോളം എച്ച്ഡിഎഫ്സി ബാങ്കിന്റെ സംഭാവനയാണ്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

24400- 24500 തലത്തില്‍ ശക്തമായ റെസിസ്റ്റന്‍സ് രൂപപ്പെട്ടിരിക്കുകയാണ്. ഇതിനു മുകളില്‍ മികച്ച വ്യാപാരവ്യാപ്തത്തോടെ എത്തി ക്ലോസ് ചെയ്താല്‍ മാത്രമേ നിഫ്റ്റിക്കു മുന്നോട്ടു പോകുവാന്‍ കരുത്തു ലഭിക്കുകയുള്ളു. 24700 പോയിന്റാണ് അടുത്ത റെസിസ്റ്റന്‍സ്. ഇതിനു മുകളിലേക്കു നീങ്ങിയാല്‍ 24850 പോയിന്റ് വരെ എത്താം. ഓഗസറ്റ് അഞ്ചിലെ ബെയറീഷ് ഗ്യാപ് ഓപ്പണിംഗ് ഇതുവരെ ഫില്ലു ചെയ്തിട്ടില്ല.

ഇന്നു നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 23950-24050 തലത്തിലും പിന്തുണ കിട്ടും. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 23760- 23850 തലത്തിലേക്ക് നിഫ്റ്റി എത്താം. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ ശക്തമായ തിരുത്തല്‍ പ്രതീക്ഷിക്കാം. ഒരു പക്ഷേ, 22710-22935 തലത്തിലേക്ക് നിഫ്റ്റി എത്താം.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 45.72 ആണ്. ബെയറീഷ് മോഡിലേക്കു വീണിരിക്കുകയാണ്. വിപണി.

ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ഈ വാരത്തില്‍ ഒരിക്കല്‍ക്കൂടി ബാങ്ക് നിഫ്റ്റി 50000 പോയിന്റിനു താഴെ ക്ലോസ് ചെയ്തിരിക്കുകയാണ്. ബാങ്ക് നിഫ്റ്റി ഇന്നലെ 746.10 പോയിന്റ് ഇടിവോടെ 49831.85 പോയിന്റില്‍ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി ഇപ്പോഴും 49650-50850 റേഞ്ചില്‍ നീങ്ങുകയാണ്. ഈ രണ്ടു പോയിന്റുകളും സപ്പോര്‍ട്ടും റെസിസ്റ്റന്‍സുമായി വര്‍ത്തിക്കുകയാണ്.

ബാങ്ക് നിഫ്റ്റി ഇന്നലത്തെ മൊമന്റം തുടര്‍ന്നാല്‍ 49785 പോയിന്റില്‍ ആദ്യത്തെ പിന്തുണ കിട്ടും. തുടര്‍ന്നു താഴേയ്ക്കു നീങ്ങിയാല്‍ 49650 പോയിന്റില്‍ ശക്തമായ പിന്തുണയുണ്ട്. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ അടുത്ത പിന്തുണ 48750- 48900 തലത്തിലാണ്. ബാങ്ക് നിഫ്റ്റിയില്‍ ഒരു നെഗറ്റീവ് മനോഭാവമാണ് കാണുന്നത്.

ഇന്ന് ബാങ്ക് നിഫ്റ്റി മെച്ചപ്പെട്ടാല്‍ 50550 പോയിന്റിലും തുടര്‍ന്ന് 50850 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്നും മുന്നോട്ടു പോയാല്‍ 51100 പോയിന്റിനു ചുറ്റളവില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിലെ ഇടിവാണ് ബാങ്ക് നിഫ്റ്റിയേയും നിഫ്റ്റിയേയും ശക്തമായ ഇടിവിലേക്കു നയിച്ചത്. ഏതാണ്ട മൂന്നര ശതമാനത്തോളം കുറഞ്ഞ് 1603.2 രൂപയിലാണ് എച്ച് ഡിഎഫ്സി ബാങ്ക് ക്ലോസ് ചെയ്തിട്ടുള്ളത്.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 36.19 ആണ്. ബെയറീഷ് മൂഡിലൂടെയാണ് ബാങ്ക് നിഫ്റ്റി നീങ്ങുന്നത്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 17 പോയിന്റ് മെച്ചത്തിലാണ്. ആഗോള വിപണി നീക്കങ്ങളും ഗിഫ്റ്റി നിഫ്റ്റിയും കണക്കിലെടുത്താല്‍ മെച്ചപ്പെട്ട ഓപ്പണിംഗ് പ്രതീക്ഷിക്കാം.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ സമ്മിശ്രമായിരുന്നു ഇന്നലെ. ഐടി ഓഹരികളായ ഇന്‍ഫോസിസ് 1.27 ശതമാനവും വിപ്രോ 1.39 ശതമാനവും മെച്ചപ്പെട്ടു ക്ലോസ് ചെയ്തു. എന്നാല്‍ ബാങ്ക് ഓഹരികളായ എച്ച്ഡിഎഫ്സി ബാങ്ക് 3.18 ശതമാനവും ഐസിഐസിഐ ബാങ്ക് 0.54 ശതമാനവും ഇടിവു കാണിക്കുകയായിരുന്നു. ഡോ. റെഡ്ഡീസ് 1.4 ശതമാനം മെച്ചപ്പെട്ടപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറ്റമില്ലാതെ തുടര്‍ന്നു. മേക്ക് മൈട്രിപ്പ് 2.51 ശതമാനം ഉയര്‍ച്ച കാണിച്ചപ്പോള്‍ യാത്ര ഓണ്‍ലൈന്‍ 10.97 ശതമാനം കുത്തനെ ഇടിഞ്ഞു.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് ഇന്നലെ 16.17 ആയി. തിങ്കളാഴ്ചയിത് 15.87ആയിരുന്നു. പതിയെ വിപണിയിലെ വ്യതിയാനം ഉയരുകയാണ്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ചൊവ്വാഴ്ച 0.78 ലേക്കു താഴ്ന്നു. തിങ്കളാഴ്ചയിത് 1.03 ആയിരുന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

പണപ്പെരുപ്പം കുറയുമെന്ന സൂചനകള്‍ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സിനെ കഴിഞ്ഞ വാരത്തിലെ ഉയര്‍ച്ചയിലേക്ക് തിരിച്ചെത്തിച്ചിരിക്കുകയാണ് ഇന്നലെ. ഡൗ 408.63 പോയിന്റ് മെച്ചത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തത്.

ഇന്നും മികച്ച നേട്ടമുണ്ടാക്കിയ എന്‍വിഡിയയുടെ പിന്തുണയില്‍ നാസ്ഡാക് കോംപോസിറ്റ് 407 പോയിന്റു മെച്ചപ്പെട്ടപ്പോള്‍ എസ് ആന്‍ഡ് പി 500 സൂചിക 90.04 പോയിന്റ് ഉയര്‍ച്ച നേടി. എന്നാല്‍ യുഎസ് ഫ്യൂച്ചേഴ്സ് നേരിയ തോതില്‍ താഴ്ന്നാണ് നീങ്ങുന്നത്.

ചില്ലറവിലക്കയറ്റത്തിനു മുമ്പ് എത്തിയ പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡെക്സ് 0.1 ഉയര്‍ച്ച നേടിയതാണ് വിപണിക്ക് ഉത്സാഹം പകര്‍ന്നത്. ഇക്കണോമിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നത് 0.2 ശതമാനമായിരുന്നു. ഇന്നു കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെസ്‌ക്സ കണക്കുകള്‍ ബുധനാഴ്ച രാവിലെ പുറത്തുവരും.

യൂറോപ്യന്‍ വിപണി ഇന്നലെ പൊതുവേ പോസീറ്റീവായാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 42.15 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 140.69 പോയിന്റും ജര്‍മന്‍ ഡാക്സ് 3.59 പോയിന്റും മെച്ചത്തില്‍ ക്ലോസ് ചെയ്തു. എന്നാല്‍ സിഎസി ഫ്രാന്‍സ് 19.04 പോയിന്റും കുറഞ്ഞാണ് ക്ലോസ് ചെയ്തത്. യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് സമ്മിശ്രമാണ്.

ഏഷ്യന്‍ വിപണികള്‍

മൗണ്ടന്‍ ഡേ അവധിക്കുശേഷം തുറന്ന ജാപ്പനീസ് നിക്കി ഇന്നലെ 1207 പോയിന്റ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തിട്ടുള്ളത്.

ഇന്നു രാവിലെ മുന്നൂറു പോയിന്റ് മെച്ചത്തില്‍ ഓപ്പണ്‍ ചെയ്ത നിക്കി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 220.4 പോയിന്റ് ഉയരത്തിലാണ്. കൊറിയന്‍ കോസ്പി 21.7 പോയിന്റു മെച്ചപ്പെട്ടു നില്‍ക്കുന്നു. സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 63.1 പോയിന്റു മെച്ചപ്പെട്ടും ചൈനീസ് ഷാങ്ഹായ് സൂചിക 1.7 പോയിന്റു താഴ്ന്നുമാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വില്‍പ്പന തുടരുകയാണ്. ഇന്നലെ 2107.17 കോടി രൂപയുടെ നെറ്റ് വില്‍പ്പനയാണ് നടത്തിയത്. ഇതോടെ ഓഗസ്റ്റിലെ അവരുടെ നെറ്റ് വില്‍പ്പന 27148.16 കോടി രൂപയായി.

അതേസമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 1239.96 കോടിരൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ ഓഗസ്റ്റില്‍ ഇവരുടെ നെറ്റ് വാങ്ങല്‍ 29217.7 കോടി രൂപയിലേക്കു ഉയര്‍ന്നു.

സാമ്പത്തിക വാര്‍ത്തകള്‍

മണ്‍സൂണ്‍: പടിഞ്ഞാറന്‍ കാലവര്‍ഷം രണ്ടര മാസം പൂര്‍ത്തിയാക്കവേ രാജ്യത്തൊട്ടാകെ ലഭിച്ച മഴ ദീര്‍ഘകാല ശരാശരിയേക്കാള്‍ 5.5 ശതമാനം കൂടുതലാണ്. ഓഗസ്റ്റ് 13 വരെ ലഭിച്ച മഴ 592.8 മില്ലീമീറ്ററാണ്. ഈ കാലയളവില്‍ സാധാരണ ലഭിച്ചിരുന്ന മഴ 561.9 മില്ലീമീറ്ററാണ്.

കാര്‍ഷികമേഖലയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായിരുന്നു ജൂലൈയിലേയും ഓഗസ്റ്റിലേയും മഴ. അതു മെച്ചപ്പെട്ടതു കൂടുതല്‍ വിസ്തൃതിയില്‍ കൃഷിയിറക്കുന്നതിനു സഹായകമായി. ജൂലൈ 26-ന് മുന്‍വര്‍ഷത്തേക്കാള്‍ 2.6 ശതമാനം അധികം സ്ഥലത്ത് കൃഷിയിറക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ സ്ഥലത്തു കൃഷിയിറക്കുന്നത് ഗ്രാമീണ മേഖലയെ കൂടുതല്‍ സമ്പന്നമാക്കുമെന്നു മാത്രമല്ല, ഭക്ഷ്യവിലക്കയറ്റം കുറയ്ക്കുവാനും സഹായിക്കും. കൃഷി വിസ്തൃതിയുടെ കണക്കുകള്‍ കാര്‍ഷിക മന്ത്രാലയം പുറത്തുവിടാനിരിക്കുന്നതേയുള്ളു.

ഇപ്പോഴത്ത മണ്‍സൂണ്‍ ലഭ്യതയനുസരിച്ച് ഭക്ഷ്യവിലക്കയറ്റം കുറയുമെന്ന് ഇന്ത്യ റേറ്റിംഗ് റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല, നടപ്പുവര്‍ഷം 4.3 ശതമാനം കാര്‍ഷിക വളര്‍ച്ചയും പ്രതീക്ഷിക്കുന്നു. ഇക്കഴിഞ്ഞ വര്‍ഷത്തിലിത് 1.4 ശതമാനമായിരുന്നു. ഓഗസറ്റ് രണ്ടു വരെ നെല്‍ക്കൃഷി വിസ്തീര്‍ണം 5.3 ശതമാനം വര്‍ധിച്ചതായി ഇന്ത്യ റേറ്റിംഗ് റിപ്പോര്‍ട്ട് പറയുന്നു.

കമ്പനി വാര്‍ത്തകള്‍

ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്: ഹിന്ദുസ്ഥാന്‍ എറോനോട്ടിക്സ്, ഒല ഇലക്ട്രിക്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, സ്വാന്‍ എനര്‍ജി, ഇഐഡി പാരി, റിലയന്‍സ് പവര്‍, കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്, റിലയന്‍സ് ഇന്‍ഫ്ര, രാജേഷ് എക്സ്പോര്‍ട്സ്, ജിഎംആര്‍ പവര്‍, ലക്സ് ഇന്‍ഡസ്ട്രീസ്, ഗബ്രിയേല്‍ ഇന്ത്യ,ബൊറോസില്‍, കിര്‍ലോസ്‌കര്‍ ഇന്‍ഡസ്ട്രീസ്, ഗുഡീയര്‍, ബിഎല്‍ കശ്യപ്, കിറ്റെക്സ് ഗാര്‍മന്റ്സ്, മാക്സ് ഇന്ത്യ, ബോഡാല്‍ കെമിക്കല്‍സ്, ജയന്ത് അഗ്രോ, കേറല ആയുര്‍വേദ തുടങ്ങി 591 കമ്പനികള്‍ ഇന്ന് ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടും.

സരസ്വതി സാരി ഡിപ്പോ: സരസ്വതി സാരീ ഡിപ്പോയുടെ കന്നി ഇഷ്യു രണ്ടു ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ 16.35 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. ഓഗസ്റ്റ് 12-ന് ആരംഭിച്ച ഇഷ്യു ഇന്നവസാനിക്കും. ഇഷ്യു വഴി 160.01 കോടി രൂപയാണ് സ്വരൂപിക്കുക. പ്രൈസ് ബാന്‍ഡ് 152-160 രൂപ. റീട്ടെയില്‍ വിഭാഗത്തില്‍ 20.32 ഇരട്ടി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഓഹരി ഓഗസ്റ്റ് 20-ന് എന്‍എസ്ഇയിലും ബിഎസ് ഇയിലും ലിസ്റ്റ് ചെയ്യും.

ക്രൂഡോയില്‍ വില

ചൈനീസ് ഉപഭോഗം കുറയുന്നതിനാല്‍ 2024-ന്റെ ശേഷിച്ച കാലത്തും 2025-ലും പ്രതിദിന ഡിമാണ്ട് ഒരു ദശലക്ഷം ബാരലിനു താഴെയായിരിക്കുമെന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ ( ഐഇഎ) വിലയിരുത്തല്‍ ക്രൂഡോയില്‍ വിലയില്‍ നേരിയ ഇടിവുണ്ടാക്കി. ചൈനയുടെ എണ്ണ ഡിമാണ്ട് തുടര്‍ച്ചയായ മൂന്നാമത്തെ മാസവും കുറഞ്ഞിരിക്കുകയാണെന്ന് ഐഇഎ പറയുന്നു.

ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന് 78.81 ഡോളറാണ്. ഇന്നലെ രാവിലെ ഇത് 79.65 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡിന് ബാരലിന് ഇന്നു രാവിലെ 81.09 ഡോളറാണ്. ഇന്നലെയത് 82.30 ഡോളറായിരുന്നു.

ക്രൂഡോയില്‍ വില കൂടുന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവു കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതി ചെയ്യുന്നതിനു തുല്യമാകുകയും ചെയ്യും. രാജ്യത്തിന്റെ എണ്ണആവശ്യത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.

ഇന്ത്യന്‍ രൂപ റിക്കാര്‍ഡ് താഴ്ചയില്‍

ഡോളറിന് എതിരേ സൈക്കോളജിക്കല്‍ പിന്തുണയുള്ള 84-ലിനു താഴൈയ്ക്കു പോകാതിരിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെട്ടിതിനെത്തുടര്‍ന്ന് രൂപ തിങ്കളാഴ്ചത്തെ 83.97-ല്‍ ഇന്നലെ ക്ലോസ് ചെയ്തു.

ഇന്നലെ രാവിലെ ഡോളറിനെതിരേ 83.95-ല്‍ ഓപ്പണ്‍ ചെയ്ത രൂപ 83.98 വരെ താഴ്ന്നശേഷം 83.97-ല്‍ ക്ലോസ് ചെയ്തിരിക്കുകയാണ്. രൂപ ഈ വാരത്തില്‍ 83.90- 84 നിലവാരത്തില്‍ നീങ്ങുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.