image

12 Aug 2024 2:25 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഓഗസ്റ്റ് 12)

Joy Philip

Trade Morning
X

Summary

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് വിപണിയെ വീഴ്ത്തുമോ?


ഹിന്‍ഡെന്‍ബര്‍ഗ് റിസേര്‍ച്ച് റിപ്പോര്‍ട്ടിനോടായിരിക്കും ആഗോള വിപണികളേക്കാള്‍ ഇന്ന് രാവിലെ ഇന്ത്യന്‍വിപണി പ്രതികരിക്കുക. അദാനി ഗ്രൂപ്പിന്റെ ഓഫ്ഷോര്‍ ഫണ്ടുകളില്‍ സെബിയുടെ ചെയര്‍പേഴ്സണ്‍ മാധബി ബുച്ചും ഭര്‍ത്താവ് ധവാല്‍ ബുച്ചും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഹിന്‍ഡെന്‍ബര്‍ഗ് റിസേര്‍ച്ച് ആരോപിക്കുന്നത്. അവര്‍ അതു നിഷേധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള ഫണ്ടില്‍ തങ്ങള്‍ക്കു മറച്ചുവച്ച നിക്ഷേപങ്ങളൊന്നുമില്ലെന്നാണ് ബുച്ച് കുടുംബം വ്യക്തമാക്കിയിട്ടുള്ളത്. അദാനി ഗ്രൂപ്പും ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് ആരോപണം നിക്ഷേധിച്ചിട്ടുണ്ട്. തങ്ങളുടെ വിദേശത്തുള്ള ഫണ്ടുകള്‍ എല്ലാം വളരെ സുതാര്യമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുള്ളത്.

സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനെതിരേ ഹിന്‍ഡെന്‍ബര്‍ഗ് റിസേര്‍ച്ച് ഉയര്‍ത്തിയിട്ടുള്ള ആരോപണങ്ങള്‍ നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ളവരില്‍ ഉത്ക്കണ്ഠ ഉളവാക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് രാഹൂല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരിക്കുകയാണ്. സെബിയുടെ സത്യനിഷ്ഠയില്‍ വിട്ടുവീഴ്ച വരുത്തിയിരിക്കുകയാണെന്നും അതിനാല്‍ ചെയര്‍പേഴ്സണെ പുറത്താക്കണമെന്നും അ്ദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടിന്റെ പേരില്‍ നിക്ഷേപകര്‍ക്ക് അവരുടെ പണം നഷ്ടപ്പെട്ടാല്‍ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം ചോദിച്ചു.

അദാനി ഗ്രൂപ്പിനെതിരേയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് ആരോപണങ്ങള്‍ അന്വേഷിച്ചു തീര്‍പ്പാക്കിയത് മാധബി ബുച്ച് ചെയര്‍പേഴ്സണായിട്ടുള്ള സെബിയാണ്.

ഏതാണ്ട് 1900-ലധികം കമ്പനികളാണ് ഈ വാരത്തില്‍ ആദ്യക്വാര്‍ട്ടര്‍ ഫലങ്ങളുമായി എത്തുന്നത്. ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോകോര്‍പ് തുടങ്ങിയ നിഫ്റ്റി 50 കമ്പനികളും ഈ വാരത്തില്‍ ഫലം പുറത്തുവിടും. വ്യക്തിഗത ഓഹരികളെ ഈ ഫലങ്ങള്‍ സ്വാധീനിക്കും.

ചില്ലറവിലക്കയറ്റത്തോത് കണക്കുകള്‍ ഇന്നു പുറത്തുവരും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 7.4 ശതമാനമായിരുന്നു. ഇതിലും കുറവായിരിക്കുമെന്ന് ഉറപ്പാണ്. മേയില്‍ 4.75 പോയിന്റിലേക്കു താഴ്ന്ന പണപ്പെരുപ്പനിരക്ക് മേയില്‍ 5.08 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. അതു താഴുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. പലിശ വെട്ടിക്കുറയ്ക്കുന്നതിനെ സ്വാധീനിക്കുന്നതാണ് പണപ്പെരുപ്പക്കണക്കുകള്‍.

വെള്ളിയാഴ്ച വിദേശനിക്ഷേപകസ്ഥാപനങ്ങളും ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളും ഒരേപോലെ നെറ്റ് വാങ്ങലുകാരായിരുന്നു. ഇന്ത്യന്‍ വിപണിയിലേക്കു തിരിച്ചുവരുന്നത് വിപണിക്ക് കരുത്തു നല്‍കാം. അവര്‍ ഇതുവരെയും അത്ര സജീവമായിട്ടില്ല. ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പൂര്‍ത്തിയാകുകകയും പലിശ വെട്ടിക്കുറവു സംഭവിക്കുകയും ചെയ്യുന്നതോടെ അവര്‍ ഇന്ത്യന്‍ വിപണിയില്‍ സജീവമാകുമെന്നു പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച

ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ഓഹരി വിപണിയും നീങ്ങുന്നത്. വിപണിക്കു ഊര്‍ജം നല്‍കുന്ന മറ്റുവാര്‍ത്തകളെല്ലാംതന്നെ അവസാനിച്ചിരിക്കുയാണ്. യുഎസ് ഉള്‍പ്പെടെയുള്ള ആഗോള വിപണികളുടെ തിരിച്ചുവരവ് വാരാന്ത്യത്തില്‍ ഇന്ത്യന്‍ വിപണിയേയും തിരികെയത്തിച്ചു.

വ്യതിയാനങ്ങളിലൂടെ നീങ്ങിയ ഇക്കഴിഞ്ഞ വാരത്തില്‍ ഇന്ത്യന്‍ വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 24367.50 പോയിന്റില്‍ വെള്ളിയാഴ്ച ക്ലോസ് ചെയ്തിരിക്കുകയാണ്. ഈ വാരത്തിലെ ഏറ്റവും ഉയര്‍ന്ന് പോയിന്റായ24419.75 പോയിന്റും വെള്ളിയാഴ്ചയാണ് സൃഷ്ടിച്ചത്. ഇക്കഴിഞ്ഞ ആഴ്ചയില്‍ ആദ്യഭാഗത്ത് 24000 പോയിന്റിനു താഴെ നിഫ്റ്റി എത്തിയിരുന്നു.

ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് വെള്ളിയാഴ്ച 819.69 പോയിന്റ് മെച്ചത്തോടെ 79705.91 പോയിന്റിലാണ് ക്ലോസ് ചെയ്തത്.

ബാങ്ക്, ഐടി, ഓട്ടോ, ഹെല്‍ത്ത്കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങി വെള്ളിയാഴ്ചത്തെ മുന്നേറ്റത്തില്‍ എല്ലാ മേഖലകളും തന്നെ പങ്കെടുത്തു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

ആഗോള വിപണി ഫ്യൂച്ചേഴ്സ സമ്മിശ്രമായാണ് നീങ്ങുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് നേരിയ തോതില്‍ താഴ്ന്നാണെങ്കിലും മറ്റ് യൂറോപ്യന്‍, ഏഷ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം പോസീറ്റീവായാണ് നീങ്ങുന്നത്.പൊതു മനോഭാവവും ഏതാണ്ട് പോസീറ്റീവാണ്. എന്നാല്‍ ഇന്ത്യന്‍ വിപണിയെ സംബന്ധിച്ചിടത്തോളം സെബി ചെയര്‍പേഴ്‌സണും ഭര്‍ത്താവിനുമെതിരേ ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് വിപണിയെ സ്വാധീനിച്ചേക്കാം. അദാനിഗ്രൂപ്പിനെതിരേ ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിച്ച് സെറ്റിലാക്കിയത് സെബിയാണ്. തീര്‍ച്ചയായും ഇതു വിപണിയില്‍ ഇന്ന് പ്രതിഫലിക്കും.

നിഫ്റ്റി 24400 പോയിന്റിനടുത്ത് കണ്‍സോളിഡേറ്റ് ചെയ്യുകയാണ്. ഇതിനു മുകളിലേക്ക് ശക്തമായ മുന്നേറിയാല്‍ നിഫ്റ്റിക്ക് 24700 പോയിന്റിനു ചുറ്റളവില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. ഓഗസറ്റ് അഞ്ചിന് ബെയറീഷ് ഗ്യാപ് ഓപ്പണിംഗായിരുന്നു നിഫ്റ്റിയില്‍ കണ്ടത്. അത് ഇതുവരെയും ഫില്ലു ചെയ്തിട്ടില്ല. അതിന് 24700 പോയിന്റിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. അതിനു മുകളിലേക്കുപോയാലേ നിഫ്റ്റിക്ക് കരുത്തോടോ പഴയ ഉയരത്തിലേക്കു പോകുവാന്‍ സാധിക്കുകയുള്ളു.

ഹിന്‍ഡന്‍ബര്‍ഗിന്റെ പശ്ചാത്തലത്തില്‍ വിപണി താഴേയ്ക്കു പോവുകയാണെങ്കില്‍ നിഫ്റ്റിക്ക് 24050 പോയിന്റില്‍ ആദ്യപിന്തുണ ലഭിക്കാം. തുടര്‍ന്ന് 23800-23900 തലത്തിലും പിന്തുണ കിട്ടും

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ വെള്ളിയാഴ്ച ബുള്‍മോഡിലേക്ക് തിരിച്ചുവന്നു. ആര്‍എസ്ഐ 50.81 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: തുടര്‍ച്ചയായി മൂന്നാം ദിവസവും ബാങ്ക് നിഫ്റ്റി അമ്പതിനായിരം പോയിന്റിനു മുകളില്‍ ക്ലോസിംഗ് നിലനിര്‍ത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച 327.8 പോയിന്റ് മെച്ചത്തോടെ 50484.5 പോയിന്റിലാണ് ക്ലോസ് ചെയ്തത്. മെച്ചപ്പെട്ടു ക്ലോസ് ചെയ്തെങ്കിലും ബാങ്ക് നിഫ്റ്റിയുടെ പൊതുമനോഭാവം അത്ര ഉത്സാഹഭരിതമല്ല. ഈ വാരത്തില്‍ ഒരിക്കല്‍ 50000 പോയിന്റിനു താഴേയ്ക്കു നീങ്ങുകപോലും ചെയ്്തു. നാലഞ്ചു ദിവസമായി ബാങ്ക് നിഫ്റ്റി 49650-50750 റേഞ്ചില്‍ നീങ്ങുകയാണ് ഈ രണ്ടു പോയിന്റുകളും സപ്പോര്‍ട്ടും റെസിസ്റ്റന്‍സുമായി വര്‍ത്തിക്കുകയാണ്. ഇതിനു പുറത്തേക്കു നീങ്ങുന്നതോടെ മാത്രമേ വ്യക്തമായ ദിശ ബാങ്ക് നിഫ്റ്റിക്ക് കണ്ടെത്താനാകൂ.

ഇന്ന് ബാങ്ക് നിഫ്റ്റി മെച്ചപ്പെട്ടാല്‍ 50750 പോയിന്റിലും തുടര്‍ന്ന് 51100 പോയിന്റിനു ചുറ്റളവിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. പോയിന്റില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

നീക്കം മറിച്ചായാല്‍ ബാങ്ക് നിഫ്റ്റിക്ക് 49780 പോയിന്റില്‍ ആദ്യ പിന്തുണ ലഭിക്കും. വില്‍പ്പന തുടരുകയാണെങ്കില്‍ അടുത്ത പിന്തുണ 49650 പോയിന്റിലാണ്.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 41.81 ആണ്. ബെയറീഷ് മൂഡിലൂടെയാണ് ബാങ്ക് നിഫ്റ്റി നീങ്ങുന്നത്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 17 പോയിന്റ് താഴ്ചയിലാണ്. ഹിന്‍ഡന്‍ബെര്‍ഗിന്റെ പശ്ചാത്തലത്തില്‍ വിപണി താഴ്ന്നു തുടങ്ങാനാണ് സാധ്യത.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ എല്ലാംതന്നെ വെള്ളിയാഴ്ച നില മെച്ചപ്പെടുത്തി. എച്ച്ഡിഎഫ്സി ബാങ്ക് 0.80 ശതമാനം മെച്ചപ്പെട്ടപ്പോള്‍ ഐസിഐസിഐ ബാങ്ക് 0.07 ശതമാനം കുറഞ്ഞു.

ഡോ. റെഡ്ഡീസ് 0.08 ശതമാനവും ഐടി കമ്പനികളായ ഇന്‍ഫോസിസ് 0.76 ശതമാനവും വിപ്രോ 0.51 ശതമാനവും യാത്രാ ഓഹികളായ മേക്ക് മൈട്രിപ്പ് 0.46 ശതമാനം യാത്ര ഓണ്‍ലൈന്‍ 1.47 ശതമാനം മെച്ചപ്പെട്ടു. അതേ സമയം റിലയന്‍സ് ഇന്‍ഡ്സ്ട്രീസ് എഡിആര്‍ 1.91 ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് വെള്ളിയാഴ്ച 1.27 (7.63 ശതമാനം) പോയിന്റ് കുറഞ്ഞ് 15.34 ആയി. വ്യാഴാഴ്ചയിത് 16.61 ആയിരുന്നു. വന്‍ വ്യതിയാനം കുറച്ച് വിപണി പതിയ സാധാരണ നിലയിലേക്ക് എത്തുകയാണെന്നാണ് ഇന്ത്യ വിക്സ് സൂചിപ്പിക്കുന്നത്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) വെള്ളിയാഴ്ച 1.09 ലേക്കു മെച്ചപ്പെട്ടു. വ്യാഴാഴ്ചയിത് 1.04 ആയിരുന്നു. ബയറീഷ് മൂഡില്‍നിന്നു പതിയെ ബുള്ളീഷ് മനോഭാവം തിരിച്ചുപിടിക്കുകയാണ് വിപണി

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

വ്യാഴാഴ്ച 683.04 പോയിന്റ് നേട്ടത്തിനു പിന്നാലെ വെള്ളിയാഴ്ച ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രീയല്‍സ് 51.05 പോയിന്റ് കൂടി മെച്ചപ്പെട്ടു. നാസ്ഡാക് കോംപോസിറ്റ് 85.28 പോയിന്റും എസ് ആന്‍ഡ് പി 500 സൂചിക 24.85 പോയിന്റും ഉയര്‍ന്നു. യുഎസ് വിപണിയില്‍ ഇനിയും ബുള്‍മുന്നേറ്റത്തിനു ഇടമുണ്ടെന്നാണ് ഓപ്പണ്‍ഹെയ്മര്‍ അസറ്റ് മാനേജ്മെന്റിലെ ജോണ്‍ സോറ്റോള്‍സ്ഫസ്റ്റിന്റെ അഭിപ്രായം. പലിശ വെട്ടിക്കുറയ്ക്കല്‍ നീട്ടിക്കൊണ്ടുപോവുകയാണെങ്കിലും യുഎസ് സമ്പദ്ഘടനയുടെ അടിസ്ഥാനം ശക്തമാണ്. പലിശ നിരക്ക് എപ്പോള്‍ വേണമെങ്കിലും വെട്ടിക്കുറയ്ക്കാവുന്ന സ്ഥിതിയിലുമാണ്: അദ്ദേഹം പറയുന്നു.

യൂറോപ്യന്‍ വിപണി വെള്ളിയാഴ്ച പൊതുവേ പോസീറ്റീവായാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 23.13 പോയിന്റും സിഎസി ഫ്രാന്‍സ് 22.26 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 40.32 പോയിന്റും ജര്‍മന്‍ ഡാക്സ് 42.488 പോയിന്റും മെച്ചത്തില്‍ ക്ലോസ് ചെയ്തു.

യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് പോസീറ്റീവായാണ് നീങ്ങുമ്പോള്‍ യുഎസ് ഫ്യൂച്ചേഴ്സ് നേരിയ തോതില്‍ താഴ്ന്നാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

മൗണ്ടന്‍ ഡേ പ്രമാണിച്ച് ജാപ്പനീസ് വിപണിക്ക് ഇന്നവധിയാണ്.

കൊറിയന്‍ കോസ്പി 27.61 പോയിന്റുമെച്ചപ്പെട്ടു നില്‍ക്കുമ്പോള്‍ സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 84 പോയിന്റ് കുറഞ്ഞാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

കഴിഞ്ഞ വാരത്തിലെ അവസാന വ്യാപാരദിനമായ വെള്ളിയാഴ്ച വിദേശ നിക്ഷേപകസ്ഥാപനങ്ങളും ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളും ഒരേപോലെ വാങ്ങലുകാരായിരുന്നു. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വെള്ളിയാഴ്ച 406.2 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ ഓഗസ്റ്റിലെ അവരുടെ നെറ്റ് വില്‍പ്പന 20360.48 കോടി രൂപയായി.

അതേസമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 3979.59 കോടിരൂപയുടെ നെറ്റ് വാങ്ങലാണ് നടത്തിയത്. ഓഗസ്റ്റില്‍ ഇവരുടെ നെറ്റ് വാങ്ങല്‍ 23500.01 കോടി രൂപയിലേക്കു ഉയര്‍ന്നു.

കമ്പനി വാര്‍ത്തകള്‍

ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്: വൊഡാഫോണ്‍ ഐഡിയ, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍, എന്‍എംഡിസി, വോള്‍ട്ടാസ്, എഐഎ എന്‍ജിനീയറിംഗ്, നാല്‍കോ, ഹിന്ദുസ്ഥാന്‍ കോപ്പര്‍, നാറ്റ്കോ ഫാര്‍മ, സേറ സാനിറ്ററി വേര്‍, ഉഷ മാര്‍ട്ടിന്‍, ഹാപ്പിയസ്റ്റ് മൈന്‍ഡ്സ് ടെക്, സണ്‍ടെക് റിയല്‍റ്റി, ഓര്‍ക്കിഡ് ഫാര്‍മ, പികാഡല്ലി അഗ്രോ ഇന്‍ഡസട്ര്ീസ്, ബജാജ് ഹിന്ദുസ്ഥാന്‍, തിലക് നഗര്‍ ഇന്‍ഡസ്ടീസ്, ഡിസിഎസ് സിസ്റ്റംസ്, സുബ്രോസ്, പ്രകാശ് ഇന്‍ഡ്, മോര്‍പെന്‍ ലാബ്, എന്‍ ആര്‍ബി ബെയറിംഗ്സ്, ഗ്ലോബസ് സ്പിരിറ്റ്, ഹൈടെക് പൈപ്സ് തുടങ്ങി402 കമ്പനികള്‍ ഇന്ന് ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടും.

ക്രൂഡോയില്‍ വില

ഡബ്ള്യുടിഐ, ബ്രെന്റ് ക്രൂഡോയില്‍ ഏഴുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍നിന്ന് നല്ല ഉയര്‍ച്ച നേടി. ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന് 77.07 ഡോളറാണ്. ശനിയാഴ്ച ് 76.84 ഡോളറിലായിരുന്നു ക്ലോസിംഗ്. ബ്രെന്റ് ക്രൂഡിന് ബാരലിന് ഇന്നു രാവിലെ 79.75 ഡോളറാണ്. ശനിയാഴ്ചയിത് 79.66 ഡോളറായിരുന്നു.

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ബ്രെന്റ് കൂഡ് വില ബാരലിന് 81 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.

ഇന്ത്യന്‍ രൂപ റിക്കാര്‍ഡ് താഴ്ചയില്‍

തിങ്കളാഴ്ച ഡോളറിനെതിരേ റിക്കാര്‍ഡ് താഴ്ചയില്‍ ( 84 രൂപ) എത്തിയ രൂപ വെള്ളിയാഴ്ച 83.95 ലാണ് ക്ലോസ് ചെയ്തത്. തലേദിവസത്തെ ക്ലോസിംഗ് 83.97 ആയിരുന്നു. ക്രൂഡോയിലിന്റെ വില കുത്തനെ ഉയര്‍ന്നതാണ് രൂപയുടെ ശക്തിപ്പെടലിനു തടയിട്ടത്.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടും. പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.