image

13 Jun 2024 2:00 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ജൂണ്‍ 13)

Joy Philip

Profit taking, market volatility continues
X

Summary

  • വിപണി സാധാരണ നിലയില്‍
  • ഇനി സാമ്പത്തിക സൂചകങ്ങള്‍ വഴികാട്ടി


യുഎസില്‍ പണപ്പെരുപ്പം പ്രതീച്ചതിനേക്കാള്‍ മേയില്‍ കുറഞ്ഞതും ( 3.3 ശതമാനം) ഈ വര്‍ഷം പലിശ നിരക്കില്‍ ഒരു വെട്ടിക്കുറവുണ്ടാകുമെന്ന സൂചനയും ആഗോള വിപണിക്ക് ഊര്‍ജം പകര്‍ന്നിരിക്കുകയാണ്. ഈ ഉത്സാഹം ഇന്ന് ഇ്ന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.

മാത്രമല്ല, ആഭ്യന്തര സമ്പദ്ഘടയനില്‍നിന്നെത്തുന്ന വാര്‍ത്തകളും അത്ര മോശമല്ല. രാജ്യത്തെ പണപ്പെരുപ്പവും മേയില്‍ നേരിയ തോതില്‍ കുറഞ്ഞ് 4.75 ശതമാനമായിട്ടുണ്ട്. ഏപ്രിലിലിത് 4.83 ശതമാനമായിരുന്നു. വ്യാവസായികോത്പാദന വളര്‍ച്ച ഏപ്രിലില്‍ 5 ശതമാനമായി കുറഞ്ഞു. മാര്‍ച്ചിലിത് 5.4 ശതമാനമായിരുന്നു.

ചൈനീസ് പണപ്പെരുപ്പത്തോത് മേയില്‍ 0.3 ശതമാനമായി കുറഞ്ഞു. ഏപ്രിലിലിത് 0.4 ശതമാനമായിരുന്നു.

ഇവയെല്ലാം ഇന്നു രാവിലെ ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോദി സര്‍ക്കാര്‍ അധികാരമേറ്റ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. വിപണിയും ഏതാണ്ട് ശാന്തമായിരിക്കുകയാണ്. പുതിയ സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റാവും ഇനി വിപണിക്കു വ്യക്തമായ ദിശ നല്‍കുക. ഇ്ന്ത്യ വിക്‌സ് തെരഞ്ഞെടുപ്പിനു മുമ്പുള്ള നിലയിലേക്ക് ഏതാണ്ട് എത്തിയിരിക്കുന്നു.

മാത്രവുമല്ല, മോദിയുടെ കൂട്ടുകക്ഷി ഗവണ്‍മെന്റിനെക്കുറിച്ചുള്ള ആശങ്കയും കുറഞ്ഞിട്ടുണ്ട്. കാര്യമായ പ്രശ്‌നങ്ങളില്ലാതെ അതു മുന്നോട്ടുപോകുമെന്ന പ്രതീക്ഷയും വളര്‍ന്നിട്ടുണ്ട്.

വിപണി ഇന്നലെ

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി ഇന്നലെ റിക്കാര്‍ഡ് ഉയരത്തിലെത്തി. ഇന്നലെ 23441.95 പോയിന്റിലെത്തിയ നിഫ്റ്റിയുടെ ക്ലോസിംഗ് 23322.95 പോയിന്റിലാണ്. തലേദിവസത്തെ 23264.85 പോയിന്റിനേക്കാള്‍ 58.10 പോയിന്റ് കൂടുതല്‍. റിക്കാര്‍ഡ് ക്ലോസിംഗുമാണിത്.

ജൂണ്‍ മൂന്നിലെ 23411.90 പോയിന്റായിരുന്നു നിഫ്റ്റിയുടെ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പോയിന്റ്. ഉയര്‍ന്ന ക്ലോസിംഗ് 23290.15 പോയിന്റുമായിരുന്നു. അതു രണ്ടുമാണ് ഇന്നലെ നിഫ്റ്റി മറികടന്നത്.

സെന്‍സെക്‌സ് ഇന്നലെ 149.98 പോയിന്റ് മെച്ചത്തോടെ 76606.57 േ പോയിന്റില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് ഇന്നലെ 77000 പോയിന്റിനു മുകളില്‍ എത്തിയശേഷമാണ് താഴ്ന്നു ക്ലോസ് ചെയ്തത്.

സെക്ടര്‍ സൂചികകളില്‍ ബാങ്ക് നിഫ്റ്റി 190 പോയിന്റ് നേട്ടമുണ്ടാക്കി. ചൊവ്വാഴ്ച ഇരൂന്നൂറിലധികം പോയിന്റ് മെച്ചപ്പെട്ട നിഫ്റ്റി ഐടി ഇന്നലെ നേരിയ ഉയര്‍ച്ച നേടി. മോദി ഓഹരികളടങ്ങുന്ന നിഫ്റ്റി പിഎസ്ഇ 145 പോയിന്റ് ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

കണ്‍സോളിഡേഷന്‍ മൂഡില്‍ നീങ്ങുന്ന നിഫ്റ്റി സൂചികയ്ക്ക് 23500-23600 പോയിന്റ് ശക്തമായ റെസിസ്റ്റന്‍സ് ആയി തുടരുകയാണ്. അടുത്ത റെസിസ്റ്റന്‍സ് 23800 പോയിന്റാണ്.

നിഫ്റ്റിക്ക് 23200 പോയിന്റില്‍ പിന്തുണയുണ്ട്. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ നിഫ്റ്റിക്ക് 23000 പോയിന്റിനു ചുറ്റളവില്‍ നല്ല പിന്തുണ കിട്ടും. വീണ്ടു താഴയേക്ക് പോയാല്‍ 22700-22800 തലത്തില്‍ ശക്തമായ പിന്തുണയുണ്ട്.

വിപണിയുടെ നീക്കത്തെ ഇനി ഏറ്റവും കൂടുതല്‍ സ്വാധീനിക്കുക പുതിയ സര്‍ക്കാരിന്റെ നടപ്പുവര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റാണ്. ജൂലൈ രണ്ടാം വാരത്തിനുള്ളില്‍ പുതിയ ബജറ്റ് എത്തും.

മോദി സര്‍ക്കാരിന്റെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള നയവും മാര്‍ഗനിര്‍ദ്ദേശങ്ങളും ലഭ്യമാകും.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ ബുള്ളീഷ് മോഡിലാണ്. ഇന്നലെ 59.91 ആണത്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റി ഇന്നലെ 190 പോയിന്റ് നേട്ടത്തോടെ 49895.10 പോയിന്റില്‍ ക്ലോസ് ചെയ്തു. അമ്പതിനായ.ിരം പോയിന്റിനു മുകളിലെത്തിയെങ്കിലും അതിനു താഴെയായിരുന്നു ക്ലോസിംഗ്. ജൂണ്‍ പത്തിനും 50000 പോയിന്റിനു മുകളിലെത്തി താഴെ ക്ലോസ് ചെയ്യുകയായിരുന്നു.

അമ്പതിനായിരം പോയിന്റ്, ദുര്‍ബലമാണെങ്കിലും ബാങ്ക് നിഫ്റ്റിക്ക് ഒരു സൈക്കളോജിക്കല്‍ റെസിസ്റ്റന്‍സ് ആയിരിക്കുകയാണ്. തുടര്‍ന്ന് 50600-50700 പോയിന്റാണ് ബാങ്ക് നിഫ്റ്റിയുടെ ശക്തമായ റെസിസ്റ്റന്‍സ് . ഇതു കടന്നാല്‍ 51200 പോയിന്റ് ശക്തമായ റെസിസ്റ്റന്‍സ് ആണ്.

താഴേയ്ക്കു നീങ്ങിയാല്‍ 49500-49600 പോയിന്റ് തലത്തില്‍ ആദ്യ പിന്തുണ പ്രതീക്ഷിക്കാം. അടുത്തത് 48900-49000 തലത്തിലും തുടര്‍ന്ന് 48200-48300 പോയിന്റിലും പിന്തുണ കിട്ടും.

ബുള്ളീഷ് സോണിലേക്ക് തിരിച്ചെത്തിയിട്ടുള്ള ബാങ്ക് നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 56.64 ആണ്.

വാല്വേഷന്‍ ആശങ്ക

നവോദയ വിപണികളില്‍ ഇന്ത്യ സുസ്ഥിര പ്രകടനം നിലനിര്‍ത്തിപ്പോരുന്നുണ്ടെങ്കിലും ഇപ്പോഴത്തെ ഉയര്‍ന്ന വാല്വേഷന്‍ മൂലം ആഗോള ഫണ്ടു മാനേജര്‍മാര്‍ കുറഞ്ഞ പരിഗനയാണ് ഇന്ത്യന്‍ ഓഹരികള്‍ക്കു നല്‍കുന്നതെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ റിഥാം ദേശായ് പറയുന്നു. ചൈനീസ് ഓഹരികളുടെ മൂല്യം ഇന്ത്യയുടെ പകുതിയേയുള്ളു. അതുകൊണ്ടുതന്നെ വിദേശനിക്ഷേപസ്ഥാപനങ്ങളുടെ നിക്ഷേപ പരിപ്രേക്ഷ്യത്തില്‍ ചൈനക്ക് നല്ല സ്ഥാനം ലഭിച്ചിട്ടുണ്ട്.

നിഫ്റ്റി സൂചിക അടുത്ത ബജറ്റ് വരെ കണ്‍സോളിഡേഷന്‍ മോഡില്‍ നീങ്ങാനാണ് സാധ്യതയെന്ന് സ്‌ട്രൈക്ക് മണി അനലിറ്റിക് ആന്‍ഡ് ഇന്ത്യചാര്‍ട്ടിലെ രോഹിത് ശ്രീവാസ്തവ പറയുന്നു. 23600 പോയിന്റ് മികച്ച വ്യാപ്തത്തോടെ മറികടന്നാലേ വിപണിക്ക് കൂടുതല്‍ ഉയരങ്ങളിലേക്കു പോകുവാന്‍ സാധിക്കുകയുള്ളു. ബജറ്റ് ആയിരിക്കും അതിനു നിമിത്തമാകുകയെന്നും അദ്ദേഹം പറയുന്നു.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 20 പോയിന്റ് മെച്ചപ്പെട്ടാണ് തുറന്നിട്ടുള്ളത്.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ എല്ലാം തന്നെ ഇന്നലെ മെച്ചപ്പെട്ടു. ഇന്‍ഫോസിസ് എഡിആര്‍ 0.39 ശതമാനമുയര്‍ന്നപ്പോള്‍ വിപ്രോ മാറ്റമില്ലാതെ തുടര്‍ന്നു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എഡിആറുകള്‍ യഥാക്രമം 0.19 ശതമാനം, 2.14 ശതമാനം മെച്ചപ്പെട്ടു. റിലയന്‍സ് ഇന്‍ഡ് 0.93 ശതമാനമുയര്‍ന്നു എന്നാല്‍ ഡോ റെഡ്ഡീസ് 0.46 ശതമാനവും ഇടിവു കാണിച്ചു.

ഇന്ത്യ വിക്‌സ്

ഇന്ത്യ വിക്‌സ് ഇന്നലെ 2.56 ശതമാനം കുറഞ്ഞ് 14.39 ആയി. തലേദിവസമിത് 14.76 പോയിന്റായിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്ന ജൂണ്‍ നാലിനിത് 26.74 ആയിരുന്നു. ചുരുക്കത്തില്‍ ഇന്ത്യന്‍ വിപണി സാധാരണ നിലയിലേക്ക് എത്തുകയാണ്.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ജൂണ്‍ 12-ന് 0.89 ആണ്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

യുഎസ് പണപ്പെരുപ്പത്തോത് നേരിയ കുറവു കാണിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ യുഎസ് ഓഹരികള്‍ കുതിച്ചുയര്‍ന്നു. ബഞ്ച് മാര്‍ക്ക് സൂചികകളാ നാസ്ഡാക്കും എസ് ആന്‍ഡ് പിയും റിക്കാര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഡൗ ജോണ്‍സ് നേരിയ തോതില്‍ കുറഞ്ഞാണ് ക്ലോസ് ചെയ്തത്.

ഇന്നലെ രാവിലെ 250-ഓളം പോയിന്റെ മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത ഡൗ ജോണ്‍സ് സൂചിക 39120 പോയിന്റ് വരെ ഉയര്‍ന്നശേഷം പതിയെ കുറയുകയും 38712.21 പോയിന്റില്‍ ്‌ക്ലോസ് ചെയ്യുകയുമായിരുന്നു. തലേദിവസത്തേക്കാള്‍ 35.21 പോയിന്റ് കുറവ്. എന്നാല്‍ നാസ്ഡാക്264.89 പോയിന്റ് ഉയര്‍ന്ന് 17608.44 പോയിന്റില്‍ ക്ലോസ് ചെയ്തു. റിക്കാര്‍ഡ് ആണ്. എസ് ആന്‍ഡ് പി 45.71 പോയിന്റ് ഉയരര്‍ന്ന് 5421.03 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇതും റിക്കാര്‍ഡ് ക്ലോസിംഗ് ആണ്.

ഇന്നല രാവിലെ പുറത്തുവന്ന മേയിലെ പണപ്പെരുപ്പക്കണക്കുകള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ് 3.3 ശതമാനമായതാണ് വിപണിക്ക് ഊര്‍ജം പകര്‍ന്നത്. പലിശനിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കിലും ഈ വര്‍ഷം ഒരു തവണ വെട്ടിക്കുറവുണ്ടാകുമെന്ന സൂചനയും വിപണിക്ക് കരുത്തായി. ഫെഡറല്‍ പോളിസി പലിശ നിരക്ക് (5.25%-5.5%) നാലുവര്‍ഷമായി മാറ്റമില്ലാതെ, ഉയരത്തില്‍ നില്‍ക്കുകയാണ്.

യൂറോപ്യന്‍ വിപണി ഇന്നലെ പൊതുവേ പോസീറ്റീവായിട്ടാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ് ഇ യുകെ 74.69 പോയിന്റും സിഎസി ഫ്രാന്‍സ് 80.19 പോയിന്റും ഡാക്‌സ് ജര്‍മനി 265.04 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 491.59 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്.

യുഎസ് ഡൗ ഫ്യൂച്ചേഴ്‌സ് നേരിയ തോതില്‍ താഴ്ന്നാണ് നില്‍ക്കുന്നുവെങ്കിലും നാസ്ഡാക്, എസ് ആന്‍ഡ് പി ഫ്യൂച്ചേഴ്‌സ് മെച്ചപ്പെ്ട്ടാണ് നില്‍ക്കുന്നത്. എന്നാല്‍ യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് എല്ലാം നെഗറ്റീവ് ആണ്.

ഏഷ്യന്‍ വിപണികള്‍

ഏഷ്യയിലെ മുഖ്യ വിപണികളിലൊന്നായ ജാപ്പനീസ് നിക്കി ഇരുന്നൂറോളം പോയിന്റ് മെച്ചപ്പെട്ടാണ് ഇന്നു രാവിലെ ഓപ്പണ്‍ ചെയ്തത്. ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ നിക്കി 108 പോയിന്റ് മെച്ചത്തിലാണ്. പോസീറ്റീവായി ഓപ്പണ്‍ ചെയ്ത കൊറിയന്‍ കോസ്പി 46 പോയിന്റ് മെച്ചത്തിലാണ്.

ഇന്നലെ 238 പോയിന്റ് താഴ്ന്ന ക്ലോസ് ചെയ്ത ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 167 പോയിന്റ് ഉയര്‍ന്നു നില്‍ക്കുകയാണ്. ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക 3 പോയിന്റ് താഴ്ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഏഷ്യന്‍ ഫ്യൂച്ചേഴ്‌സ് എല്ലാം തന്നെ പോസീറ്റീവാണ്.

എഫ്‌ഐഐ വാങ്ങല്‍-വില്‍ക്കല്‍

വിദേശ, ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ വളരെ നിര്‍ജീവമായിരുന്ന ദിനമായിരുന്നു ഇന്നലെ. ഇരു വിഭാഗങ്ങളുടേയും നെറ്റ് വാങ്ങല്‍ നേരിയ തോതിലായിരുന്നു. ഇരു വിഭാഗങ്ങളും പതിനയ്യായിരം കോടി രൂപയുടെ വാങ്ങലും അതിനടുത്ത് വില്‍ക്കലും നടത്തുകയായിരുന്നു. നിക്ഷേപശേഖരത്തില്‍ പുനര്‍ക്രമീകരണം നടത്തിവരികയാണ് ഇരുവിഭാഗങ്ങളും.

വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ ഇന്നലത്തെ നെറ്റ് വാങ്ങല്‍ 426.63 കോടി രൂപയുടേതാണ്. ഇതോടെ ജൂണിലെ അവരുടെ നെറ്റ് വില്‍പ്പന 10830.45 കോടി രൂപയായി. ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ 233.75 കോടി രൂപയുടേതാണ്. ഇതോടെ ഈ മാസത്തെ അവരുടെ നെറ്റ് വാങ്ങല്‍ 11770 കോടി രൂപയാണ്.

സാമ്പത്തിക വര്‍ത്തകള്‍

ചില്ലറവിലക്കയറ്റത്തോത് മേയില്‍ 4.75 ശതമാനമായി താഴ്ന്നു. പന്ത്രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പത്തോതാണിത്. ഏപ്രില്‍ പണപ്പെരുപ്പം 4.83 ശതമാനവും മാര്‍ച്ചില്‍ 4.85 ശതമാനവുമായിരുന്നു. പണപ്പെരുപ്പം നാലു ശതമാനത്തിനു താഴേയ്ക്ക് കൊണ്ടുവരുവാനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ജൂണ്‍ ഏഴിലെ പണനയത്തില്‍ റീപോ നിരക്ക് 6.5 ശതമാനത്തില്‍ത്തന്നെ മാറ്റമില്ലാതെ നിലനിര്‍ത്തുകയായിരുന്നു റിസര്‍വ് ബാങ്ക്.

വ്യാവസായികോത്പാദന വളര്‍ച്ചയുടെ തോത് ഏപ്രിലില്‍ അഞ്ചു ശതമാനമായി കുറഞ്ഞു. മൂന്നു മാസത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്. മാര്‍ച്ചിലിത് 5.4 ശതമാനവും ഫെബ്രുവരിയില്‍ 5.59 ശതമാനവുമായിരുന്നു. മുന്‍വര്‍ഷം ഏപ്രിലിലിത് 4.6 ശതമാനമായിരുന്നു.

ക്രൂഡോയില്‍ വില

രാജ്യന്തര വിപണിയില്‍ ഇന്നു രാവിലെ ഡബ്‌ള്യു ടിഐ ക്രൂഡിന്റെ വില ബാരലിന് 78.34 ഡോളറാണ്. ഇന്നലെ രാവിലെ അത് 78.18 ഡോളറായിരുന്നു. എണ്‍പതു ഡോളറിനു മുകളില്‍ തുടരുന്ന ബ്രെന്‍ഡ് ക്രൂഡ് ബാരലിന് ഇന്നു രാവിലെ 82.46 ഡോളറിലേക്ക് ഉയര്‍ന്നു. ഇന്നലെ രാവിലെ അത് 82.09 ഡോളറായിരുന്നു.

ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല. അത് കറന്റ് അക്കൗണ്ട് കമ്മി കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതി ചെയ്യുകയും ചെയ്യും.

ക്രൂഡ് വിലസ്ഥിരത ലക്ഷ്യമിട്ട് ഒപ്പെക് പ്ലസ് രാജ്യങ്ങള്‍ നടപ്പിലാക്കിയ ഉത്പാദനം വെട്ടിക്കുറവ് 2025 വരെ നീട്ടിയിരിക്കുകയാണ്. 2024 ഒക്ടോബര്‍ മുതല്‍ ഘട്ടംഘട്ടമായി വെട്ടിക്കുറവില്‍ അയവു വരുത്തുവാനും തീരുമാനിച്ചിരിക്കുകയാണ്. ഈ രാജ്യങ്ങള്‍ എല്ലാം കൂടി 2.1 ദശലക്ഷം ബാരല്‍ ഉത്പാദനമാണ് സ്വമേധയ വെട്ടിക്കുറച്ചത്. എന്നാല്‍ യുഎസ് ഉത്പാദനം വര്‍ധിച്ചിച്ചതും ( ഒപ്പെക് പ്ലസ് ഇതര രാജ്യങ്ങളുടെ ഉത്പാദനം രണ്ടു വര്‍ഷം മുമ്പത്തേക്കാള്‍ 3.1 ദശലക്ഷം ബാരല്‍ വര്‍ധന പ്രതിദിനം രേഖപ്പെടുത്തിയിട്ടുണ്ട്.) ചൈന ഉള്‍പ്പെടെയുള്ള മുഖ്യ സമ്പദ്ഘടനയില്‍നിന്നുള്ള ഡിമാണ്ട് കുറഞ്ഞതും ക്രൂഡ് വില താഴേയ്ക്കു പോകുവാന്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക