image

12 Jun 2024 2:15 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ജൂണ്‍ 12)

Joy Philip

Market closes with mixed trading
X

Summary

പണപ്പെരുപ്പം ഹൃസ്വകാല ദിശ നല്‍കും


പുതിയതായി ചാര്‍ജെടുത്ത എല്ലാ മന്ത്രിമാരോടും അവരുടെ ആദ്യ 100 ദിവസത്തെ പദ്ധതി തയാറാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതു വിപണി സസൂക്ഷ്മം നിരീക്ഷിക്കാറുണ്ട്. 2014-ല്‍ ആദ്യ മോദി ഗവണ്മെന്റിന്റെ സമയത്ത് ആദ്യ നൂറു ദിനങ്ങളില്‍ നിഫ്റ്റി 9.8 ശതമാനവും 2019-ല്‍ 6.74 ശതമാനവും ഉയര്‍ച്ച നേടിയിരുന്നു.

തുടര്‍ന്നുവന്നിരുന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ സമ്പദ്ഘടനയുടെ പല മേഖലകളിലും പുനര്‍ജീവനത്തിന്റെ ആവശ്യമുണ്ട്. അതിനുള്ള സമയമാണ് ആദ്യ നൂറുദിനങ്ങള്‍.

വപിണി ആകാംക്ഷയോടെ കാത്തിരിക്കുന്നതും വിപണിക്കു ദിശ നല്‍കുന്നതുമായ സംഭവമാണ് മോദി 3.0യുടെ ആദ്യ ബജറ്റ്. ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. പുതിയ സര്‍ക്കാരിന്റെ പരിഗണനയ്ക്കായി എല്ലാം വിട്ടു നല്‍കുകയായിരുന്നു.

എന്തായാലും യുഎസ്, ഇ്ന്ത്യന്‍ പണപ്പെരുപ്പക്കണക്കുകളും യുഎസ് പലിശനിരക്ക് വെട്ടിക്കുറയ്ക്കല്‍ സംബന്ധിച്ച ഫെഡറല്‍ റിസര്‍വിന്റെ സൂചനകളുമായിരിക്കും വിപണിക്ക് ഹൃസ്വകാലത്തില്‍ ദിശ പകരുക.

വിപണി ഇന്നലെ

പ്രോഫിറ്റ് ബുക്കിംഗിനെത്തുടര്‍ന്ന് ഓഹരി വിപണി ബഞ്ച്മാര്‍ക്ക് സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും ഫ്‌ളാറ്റ് ആയി ക്ലോസ് ചെയ്തു. മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി ഇന്നലെ 5.65 പോയിന്റ് മെച്ചത്തോടെ 23264.85 പോയിന്റില്‍ ക്ലോസ് ചെയ്തു. 23389 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി ഒരവസരത്തില്‍ 23206 പോയിന്റ് വരെ താഴ്ന്നിരുന്നു.

തിങ്കളാഴ്ചത്തെ 23411.90 പോയിന്റാണ് നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ്. ഉയര്‍ന്ന ക്ലോസിംഗ് 23290.15 പോയിന്റുമാണ്.

സെന്‍സെക്‌സ് ഇന്നലെ 33.49 പോയിന്റ് നഷ്ടത്തോടെ 76456.59 പോയിന്റില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് ഇന്നലെ 76860.53 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.

സെക്ടര്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ ഇന്നലെ ഇരൂന്നൂറിലധികം പോയിന്റ് മെച്ചപ്പെട്ടപ്പോള്‍ ഐടി നിഫ്റ്റി 5.2 പോയിന്റ്ാണ് ഉയര്‍ന്നത്. ബാങ്ക് നിഫ്റ്റി തലേദിവസത്തേതുപോലെ നേരിയ തോതിലിടിഞ്ഞ് 49705.75 പോയിന്റില്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

കണ്‍സോളിഡേഷന്‍ മൂഡില്‍ നീങ്ങുന്ന നിഫ്്റ്റി സൂചികയ്ക്ക് 23500-23600 പോയിന്റില്‍ ശക്തമായ റെസിസ്റ്റന്‍സ് നേരിടുകയാണ്. അടുത്ത റെസിസ്റ്റന്‍സ് 23800 പോയിന്റാണ്.

താഴേയ്ക്കു നീങ്ങിയാല്‍ നിഫ്റ്റിക്ക് 23000 പോയിന്റിനു ചുറ്റളവില്‍ പിന്തുണ കിട്ടും. വീണ്ടു താഴയേക്ക് പോയാല്‍ 22700-22800 തലത്തില്‍ ശക്തമായ പിന്തുണയുണ്ട്.

വിപണിയുടെ നീക്കത്തെ ഇനി ഏറ്റവും കൂടുതല്‍ സ്വാധീനിക്കുക പുതിയ സര്‍ക്കാരിന്റെ നടപ്പുവര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റാണ്. ജൂലൈ രണ്ടാം വാരത്തിനുള്ളില്‍ പുതിയ ബജറ്റ് എത്തും. മോദി സര്‍ക്കാരിന്റെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള നയവും മാര്‍ഗനിര്‍ദ്ദേശങ്ങളും ലഭ്യമാകും.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ ബുള്ളീഷ് മോഡിലാണ്. ഇന്നലെയത് 58.81 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റി ഇന്നലെ 75.15 പോയിന്റ് കുറഞ്ഞ് 49705.59 പോയിന്റിലാണ് ക്ലോസ് ചെയ്തിട്ടുള്ളത്.തിങ്കളാഴ്ച അമ്പതിനായിരം പോയിന്റിനു മുകളിലെത്തിയിരുന്നെങ്കിലും താഴ്ന്നാണ് ര്‌ലോസ് ചെയ്തിരുന്നത്.

അമ്പതിനായിരം പോയിന്റ് ബാങ്ക് നിഫ്റ്റിക്ക് ഏറ്റവുമടുത്ത റെസിസ്റ്റന്‍സ് ആയിരിക്കുകയാണ്. തുടര്‍ന്ന് 50600-50700 പോയിന്റില്‍ ശക്തമായ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

താഴേയ്ക്കു നീങ്ങിയാല്‍ 49500-49600 പോയിന്റ് തലത്തില്‍ ആദ്യ പിന്തുണ പ്രതീക്ഷിക്കാം. അടുത്തത് 48900-49000 തലത്തിലും തുടര്‍ന്ന് 48200-48300 പോയിന്റിലും പിന്തുണ കിട്ടും.

ബുള്ളീഷ് സോണിലേക്ക് തിരിച്ചെത്തിയിട്ടുള്ള ബാങ്ക് നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 55.55 ആണ്.

വിപണി നേട്ടമുണ്ടാക്കും

2024 അവസാനത്തോടെ നിഫ്റ്റി സൂചിക 24860 പോയിന്റിലെത്തുമെന്ന് ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നൊമുര അഭിപ്രായപ്പെടുന്നു.മാനുഫാക്ചറിംഗ്, കണ്‍സംപ്ഷന്‍, എഫ്എംസിജി, ടെക്, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ മേഖലകള്‍ നേട്ടമുണ്ടാക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനം കരുതുന്നത്. ഫിനാന്‍ഷ്യല്‍, ഇന്‍ഫ്രാ, എണ്ണ, പ്രകൃതിവാതകം, ടെലികോം, പവര്‍ തുടങ്ങിയ മേഖലയില്‍ തിരുത്തല്‍ വന്നാല്‍ വാങ്ങാന്‍ അവസരം ലഭിക്കുമെന്നും അവര്‍ വിലയിരുത്തുന്നു.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ താഴ്ന്നാണ് തുറന്നിട്ടുള്ളത്. നിഫ്റ്റിയില്‍ ഫ്‌ളാറ്റ് ഓപ്പണിംഗ് പ്രതീക്ഷിക്കാം.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെ സമ്മിശ്രമായിരുന്നു.ഇന്‍ഫോസിസ് എഡിആര്‍ 0.28 ശതമാനവും കുറഞ്ഞപ്പോള്‍ വിപ്രോ 0.36 ശതമാനം വര്‍ധിച്ചു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എഡിആര്‍റുകള്‍ യഥാക്രമം 0.08 ശതമാനം, 1.07 ശതമാനം വീതം കുറഞ്ഞപ്പോള്‍ ഇന്നലെ നേട്ടമുണ്ടാക്കിയ റിലയന്‍സ് ഇന്‍ഡ് 1.52 ശതമാനവും ഡോ റെഡ്ഡീസ് 0.77 ശതമാനവും ഇടിവു കാണിച്ചു.

ഇന്ത്യ വിക്‌സ്

ഇന്ത്യ വിക്‌സ് ഇന്നലെയും 9.96 ശതമാനം കുറഞ്ഞ് 14.76 ആയി. തലേദിവസമിത് 16.4 പോയിന്റായിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്ന ജൂണ്‍ നാലിനിത് 26.74 ആയിരുന്നു. ചുരുക്കത്തില്‍ ഇന്ത്യന്‍ വിപണി സാധാരണ നിലയിലേക്ക് എത്തുകയാണ്.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ജൂണ്‍ 10-ന് 0.84 ആണ്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

പണപ്പെരുപ്പ് നിരക്ക് ബുധനാഴ്ച രാവിലെയും ഫെഡറല്‍ പോളിസിനയം ഉച്ചകഴിഞ്ഞും എത്താനിരിക്കേ ഇന്നലെ യുഎസ് ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രീയല്‍സ് ആവറേജ് 120.62 പോയിന്റ് ഇടിഞ്ഞ് 38747.42 പോയിന്റില്‍് ക്ലോസ് ചെയ്തു.

ഫെഡറല്‍ പോളിസി പലിശ നിരക്ക് (5.25%-5.5%) മാറ്റമില്ലാതെ നിലനിര്‍ത്തുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. രണ്ടു ദശകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. നാലു വര്‍ഷമായി തുടരുന്ന ഉയര്‍ന്ന നിരക്കില്‍ ആദ്യ വെട്ടിക്കുറവ് എന്നായിരിക്കുമെന്നതിനുള്ള സൂചകള്‍ക്കായി നിക്ഷേപകര്‍ കാത്തിരിക്കുകയാണ്.

പണപ്പെരുപ്പത്തോത് മേയ്ില്‍ 0.1 ശതമാനം വര്‍ധിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

ആപ്പിളിന്റെ തിരിച്ചുവരവില്‍ നാസ്ഡാക്കും എസ് ആന്‍ഡ് പി 500 സൂചികയും ഇന്നലെ റിക്കാര്‍ഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. നാസ്ഡാക് 151.02 പോയിന്റ് മെച്ചത്തോടെ 17343.55 പോയിന്റിലെത്തിയപ്പോള്‍ എസ് ആന്‍ഡ് പി 14.53 പോയിന്റ് ഉയര്‍ന്ന് 5375.32 പോയിന്റില്‍ ക്ലോസ് ചെയ്തു. പുതിയ എഐ സോഫറ്റ് വേര്‍ പുറത്തിറക്കിയ ആപ്പിള്‍ തിങ്കളാഴ്ച്ചത്തെ ഇടിവില്‍നിന്നു വന്‍ തിരിച്ചുവരവാണ് നടത്തിയത്. ഇ്ന്നലെ 7.26 ശതമാനം നേട്ടത്തോടെ 207.15 ഡോളറില്‍ ക്ലോസ് ചെയ്തു. എന്‍വിഡയ ഓഹരി നേരിയ ഇടിവോടെ 120.91 ഡോളറിലാണ്.

യൂറോപ്യന്‍ പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വലുതുപക്ഷം മുന്നേറ്റമുണ്ടാക്കിയതിനെത്തുടര്‍ന്ന് ഫ്രാന്‍സിലുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം യൂറോപ്യന്‍ ഓഹരികളെ ഇന്നലെ പ്രതികൂലമായി ബാധിച്ചു. എഫ്ടിഎസ് ഇ യുകെ 80.67 പോയിന്റും സിഎസി ഫ്രാന്‍സ് 104.77 പോയിന്റും ഡാക്‌സ് ജര്‍മനി 124.95 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 667.53 പോയിന്റും ഇടിഞ്ഞാണ് ക്ലോസ് ചെയ്തിട്ടുള്ളത്.

യുഎസ് ഡൗ ഫ്യൂച്ചേഴ്‌സ് നേരിയ തോതില്‍ താഴ്ന്നാണ് നില്‍ക്കുന്നുവെങ്കിലും നാസ്ഡാക്, എസ് ആന്‍ഡ് പി, മറ്റ് യൂറോപ്യന്‍ വിപണി ഫ്യൂച്ചേഴ്‌സ് എല്ലാം പോസീറ്റീവാണ്.

ഏഷ്യന്‍ വിപണികള്‍

ഏഷ്യയിലെ മുഖ്യ വിപണികളിലൊന്നായ ജാപ്പനീസ് നിക്കി ഇന്നു രാവിലെ ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 303.9 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്. തിങ്കളാഴ്ച 354.25 പോയന്റ് ഉയര്‍ന്ന നിക്കി ഇന്നലെ 96.63 പോയിന്റ് മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്്. എന്നാല്‍ നിക്കി ഫ്യൂച്ചേഴസ്് നേരിയ താഴ്ചയിലാണ്.

കൊറിയന്‍ കോസ്പി 8.25 പോയിന്റ് മെച്ചത്തിലാണ്.

ഹോങ്കോംഗിലെ ഹാംഗ് സെംഗ് സൂചിക 153 പോയിന്റ് താഴെയാണ്. ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക 3.70 പോയിന്റ് താഴ്ന്നാണ് നില്‍ക്കുന്നത്.

എഫ്‌ഐഐ വാങ്ങല്‍-വില്‍ക്കല്‍

ഇന്നലെ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ നേരിയ തോതില്‍ വില്‍പ്പനക്കാരായി ഇന്നലെ 111.04 കോടി രൂപയുടെ നെറ്റ് വില്‍പ്പനയാണ് അവര്‍ നടത്തിയത്. തിങ്കളാഴ്ച 2572.38 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിരുന്നു. ഇതോടെ ജൂണിലെ അവരുടെ നെറ്റ് വില്‍പ്പന 11257.08 കോടി രൂപയായി താഴ്ന്നു.

അതേ സമയം ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 3193.29 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതുവരെ അവരുടെ നെറ്റ് വാങ്ങല്‍ 11536 കോടി രൂപയുടെ ഓഹരികളാണ്.

സാമ്പത്തിക വര്‍ത്തകള്‍

ഇന്ത്യന്‍ സമ്പദ്ഘടന 2024-25-ല്‍ 6.6 ശതമാനം വളര്‍ച്ച നേടുമെന്ന് വേള്‍ഡ് ബാങ്ക് അനുമാനിക്കുന്നു. 2024-27 കാലയളവില്‍ 6.7 ശതമാനം വാര്‍ഷിക വളര്‍ച്ച നേടുമെന്നും അവരുടെ ജൂണിലെ ഗ്ലോബല്‍ ഇക്കണോമിക്ക് പ്രോസ്്‌പെക്ട്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2025-26-ല്‍ 6.7 ശതമാനവും 2026-27-ല്‍ 6.8 ശതമാനവും വളര്‍ച്ചയാണ് ലോക ബാങ്ക് കണക്കാക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടന എന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.

അതേസമയം, രാജ്യത്തെ കേന്ദ്രബാങ്ക് നടപ്പുവര്‍ഷം പ്രതീക്ഷിക്കുന്നത് 7.2 ശതമാനമാണ്. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും അതിജീവിച്ച വളര്‍ച്ചയാണ് (8.2 ശതമാനം) ഇക്കഴിഞ്ഞസാമ്പത്തിക വര്‍ഷം ഇന്ത്യ നേടിയത്.

മേയിലെ ചില്ലറവിലക്കയറ്റത്തോത് കണക്കുകളും ഏപ്രിലിലെ വ്യാവസായികോത്പാദനക്കണക്കുകളും ഇന്നെത്തും. ഏപ്രില്‍ പണപ്പെരുപ്പം 4.83 ശതമാനവും മാര്‍ച്ചില്‍ 4.85 ശതമാനവുമായിരുന്നു. നാലു ശതമാനമെന്ന ലക്ഷ്യമാണ് റിസര്‍വ് ബാങ്ക് വച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ജൂണ്‍ ഏഴിലെ പണനയത്തില്‍ റീപോ നിരക്ക് 6.5 ശതമാനത്തില്‍ത്തന്നെ മാറ്റമില്ലാതെ നിലനിര്‍ത്തി.

വ്യാവസായികോത്പാദന വളര്‍ച്ച മാര്‍ച്ചില്‍ 4.9 ശതമാനവും ഫ്രെബ്രുവരിയില്‍ 5.7 ശതമാനവുമായിരുന്നു.

വാഹന വില്‍പ്പന: മേയില്‍ യാത്രവാഹന വില്‍പ്പന 3.9 ശതമാനം വളര്‍ച്ചയോടെ 347492 യൂണിറ്റിലെത്തിയതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമ1ബൈല്‍ മാനുഫാക്ചററേഴ്‌സ അസോസിയേഷന്‍ (സിയാം) അറിയിച്ചു. ഇരുചക്രവാഹന വില്‍പ്പനയില്‍ 10.1 ശതമാനവും മുച്ക്ര വിഭാഗത്തില്‍ 14.7 ശതമാനവും വളര്‍ച്ചയുണ്ടായി. മേയില്‍ 1620084 ഇരുചക്രവാഹനയൂണിറ്റുകള്‍ വിറ്റു. വിറ്റ മുച്ക്രവാഹനങ്ങളുടെ എണ്ണം 55763 യൂണിറ്റായിയെന്ന് സിയാം അറിയിച്ചു.

നല്ല മണ്‍സൂണ്‍, രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ചത്, മികച്ച ജിഡിപി വളര്‍ച്ച തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ ഓട്ടോ വ്യവസായം മികച്ച വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുനനത്.

കമ്പനി വാര്‍ത്തകള്‍

വൊഡാഫോണ്‍ ഐഡിയ: നോക്കിയ, എറിക്‌സണ്‍ തുടങ്ങിയ കമ്പനികളുടെ കടങ്ങള്‍ വീട്ടുന്നതിന് വൊഡാഫോണ്‍ ഐഡിയ ഓഹരികളോ ഓഹരിയാക്കി മാറ്റാവുന്ന കടപ്പത്രങ്ങളോ ഇഷ്യു ചെയ്‌തേക്കും.ജൂണ്‍ 13-ന് ചേരുന്ന ബോര്‍ഡ് യോഗം ഇതു സംബന്ധിച്ച തീരുമാനമെടുക്കും. നോകിയയ്ക്ക് 3000 കോടി രൂപയും എറിക്‌സണ് 500 കോടി രൂപയുമാണ് വിഐ നല്‍കാനുള്ളത്. കമ്പനി 4ജി, 5ജി നെറ്റ് വര്‍ക്കുകള്‍ വികസിപ്പിക്കുവാനും ഉദ്ദേശിക്കുന്നു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് 25000 കോടി രൂപയുംമറ്റ് സൗകര്യങ്ങളില്‍നിന്ന് 10000 കോടി രൂപ സമാഹരിക്കുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് : ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറില്‍ 53 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 26 കോടി രൂപയേക്കാള്‍ 104 ശതമാനം കൂടുതല്‍. 2023-24-ലെ അറ്റാദായം 405 ശതമാനം വര്‍ധനയോടെ 182 കോടി രൂപയിലെത്തി. കമ്പനിയുടെ പ്രീമിയം 24.5 ശതമാനം വര്‍ധിച്ച് 7243 കോടി രൂപയിലെത്തി.

ഒലെ ഇലക്ട്രിക് : ഇലക്്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒലെ ഇലക്്ട്രിക്കിന് പബ്‌ളിക് ഇഷ്യു നടത്താന്‍ സെബിയുടെ അനുമതി ലഭിച്ചു. ഇഷ്യുവിന്റെ വലുപ്പം 7250 കോടി രൂപയാണ്. ഇതില്‍ 5500 കോടി രൂപയുടെ ഓഹരി പുതിയതാണ്. ശേഷിച്ചത് ഓഫര്‍ ഫോര്‍ സെയിലും. ഇഷ്യുവിനായി കഴിഞ്ഞ ഡിസംബര്‍ 22-നാണ് കമ്പനി സെബി്കക് അപേക്ഷ നല്‍കിയത്. കമ്പനിക്ക് ഇലക്്ട്രിക് ഇരുചക്രവാഹന വിപണിയില്‍ 52 ശതമാനം വിഹിതമുണ്ട്.

ക്രൂഡോയില്‍ വില

രാജ്യന്തര വിപണിയില്‍ ക്രൂഡോയില്‍ വില പതിയെ ഉയരുകയാണ്. ഇന്നു രാവിലെ ഡബ്‌ള്യു ടിഐ ക്രൂഡിന്റെ വില ബാരലിന് 78.18 ഡോളറാണ്. ഇ്ന്നലെ രാവിലെ അത് 77.9 ഡോളറായിരുന്നു. എണ്‍പതു ഡോളറിനു മുകളില്‍ തുടരുന്ന ബ്രെന്‍ഡ് ക്രൂഡ് ബാരലിന് ഇന്നു രാവിലെ 82.09 ഡോളറാണ് വില. ഇന്നലെ രാവിലെ അത് 81.74 ഡോളറായിരുന്നു.

ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല. അത് കറന്റ് അക്കൗണ്ട് കമ്മി കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതി ചെയ്യുകയും ചെയ്യും.

രൂപ ഡോളറിനെതിരേ റിക്കാര്‍ഡ് താഴ്ചയിലെത്തി. ഇന്നു രാവിലെ കാര്യമായ വ്യത്യാസമില്ലാതെ തുടരുകയാണ്. ഇന്നലെഡോളറിന് 83.59 രൂപയിലാണ് ക്ലോസ് ചെയ്തത്. തലേദിവസമിത് 83.51 രൂപയായിരുന്നു. ഡോളര്‍ ഇന്‍ഡെക്‌സ് ഉയര്‍ന്നതാണ് കാരണം. രൂപയുടെ മൂല്യശോഷണം ഇറക്കുമതിച്ചെലവ് ഉയര്‍ത്തും.

2024-ന്റെ രണ്ടാം പകുതിയില്‍ പ്രതിദിനം 2.3 ദശലക്ഷം ബാരലിന്റെ ഡിമാണ്ട് വര്‍ധനയുണ്ടാകുമെന്നാണ് ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ് ( ഒപ്പെക്) അനുമാനിക്കുന്നത്. ഒപ്പെക് പ്ലസ് രാജ്യങ്ങള്‍ നടപ്പിലാക്കിയിട്ടുള്ള ഉത്പാദന വെട്ടിക്കുറവ് അടുത്തവര്‍ഷമാദ്യം വരെ ഇക്കഴിഞ്ഞ ദിവസം നീട്ടിയിട്ടുണ്ട്. ഈ രാജ്യങ്ങള്‍ എല്ലാം കൂടി 2.1 ദശലക്ഷം ബാരല്‍ ഉത്പാദനമാണ് സ്വമേധയ വെട്ടിക്കുറച്ചത്. ഈ വെട്ടിക്കുറവ് അടുത്ത സെപ്റ്റംബറോടെ ഘട്ടംഘട്ടമായി അവസാനിപ്പിക്കാനാണ് ഒപ്പെക് തീരുമാനിച്ചിട്ടുള്ളത്.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.