image

11 Jun 2024 2:12 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ജൂണ്‍ 11)

Joy Philip

Market at new high, Nifty crosses 77,000
X

Summary

  • രണ്ടാം മോദി മന്ത്രിസഭയുടെ ആവര്‍ത്തനം
  • പോളിസിയില്‍ തുടര്‍ച്ച പ്രതീക്ഷിക്കാം


മന്ത്രിമാരായി. വകുപ്പുകളായി. എന്‍ഡിഎയിലെ മുഖ്യകക്ഷിയായ ബിജെപി മുഖ്യ വകുപ്പുകളെല്ലാം നിലനിര്‍ത്തുകയും ചെയ്തിരക്കുന്നു. മോദി 2.0യുടെ നയങ്ങളും പരിപാടികളും പദ്ധതികളും കാര്യമായ വ്യത്യാസമില്ലാതെ തുടരുമെന്നാണ് മന്ത്രിമാരുടെ നിയമനവും വകുപ്പു വിഭജനവും നല്‍കുന്ന സൂചന. പ്രതിരോധം, ആഭ്യന്തരം, ധനകാര്യം, വിദേശകാര്യം,ട്രാന്‍സ്‌പോര്‍ട്ട്- ഹൈവേ, വാണിജ്യം തുടങ്ങിയ വകുപ്പുകളിലെല്ലാം പഴയ മുഖങ്ങള്‍ തന്നെ. ധനകാര്യ വകുപ്പില്‍ നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ രണ്ടാമത്തെ ഊഴമാണ്.മന്ത്രിസഭയിലെ 61 ശതമാനം പേരും പഴയ മന്ത്രിസഭയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്.

സഖ്യ കക്ഷികളുടെ സമ്മര്‍ദ്ദമൊന്നും വിലപ്പോവില്ലെന്ന സന്ദേശമാണ് വകുപ്പു വിഭജനത്തിലൂടെ മോദി നല്‍കിയിട്ടുള്ളത്. രണ്ടാം മോദി സര്‍ക്കാരിന്റെ ആവര്‍ത്തനമാണ് പുതിയ മന്ത്രിസഭ.

കാര്‍ഷിക മന്ത്രാലയത്തില്‍ പുതുമുഖമായി ശിവരാജ് സിംഗ് ചൗഹാന്‍ എത്തിയിട്ടുണ്ട്. കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.2022-ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മോദി ഒന്നാം മന്ത്രിസഭയുടെ കാലത്തെ പ്രഖ്യാപനം ഇപ്പോഴും പ്രഖ്യാപനമായി തുടരുകയാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷികമേഖലയുടെ വളര്‍ച്ച വെറും 1.8 ശതമാനമാണ്. ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്.

മുഖ്യ വകുപ്പുകള്‍ക്കും മുഖങ്ങള്‍ക്കും മാറ്റമില്ലാത്ത മന്ത്രിസഭയെ വിപണി നെറ്റിച്ചുളിച്ചാണ് സ്വാഗതം ചെയ്തിട്ടുള്ളത്. ഇതോടൊപ്പമാണ് കൂട്ടുകക്ഷിഭരണമെന്ന യാഥാര്‍ത്ഥ്യവും മുന്നിലുള്ളത്. അനുഭവവും തുടര്‍ച്ചയുമൊക്കെപ്പറയുന്നുണ്ടെങ്കിലും സമ്പദ്ഘടനയെ ഉയര്‍ന്ന വളര്‍ച്ചാമോഡിലേക്കു നയിക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള ഇന്നോവേറ്റീവ് നടപടികളും നയങ്ങളും സ്വീകരിക്കുവാന്‍ സാധിക്കുമോയെന്നതാണ്. പഴയ മന്ത്രിമാര്‍ക്ക് പഴയതില്‍ കൂടുതല്‍ എന്തു നല്‍കാന്‍ സാധിക്കുമെന്നതാണ് അറിയേണ്ടത്.

വിപണി ഇന്നലെ

മോദി 3.0യെ സംശയത്തോടെയാണ് വിപണി സ്വാഗതം ചെയ്തിട്ടുള്ളത്. തുടര്‍ച്ചയായ മൂന്നു ദിവസത്തെ കുതിപ്പിനുശേഷം ഓഹരി വിപണി ബഞ്ച്മാര്‍ക്ക് സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും നേരിയ പിന്‍മാറ്റം നടത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി ഇന്നലെ 30.95 പോയിന്റ് താഴ്ന്ന് 23259.20 പോയിന്റിലാണ് ക്ലോസ് ചെയ്തത്. റിക്കാര്‍ഡ് ഉയര്‍ച്ചയ്ക്കുശേഷമാണ് താഴ്ന്ന് ക്ലോസ് ചെയ്തത്. ഇന്നലെ രാവിലെ ഓ്പ്പണ്‍ ചെയ്ത് ആദ്യ സെഷനില്‍ തന്നെ റിക്കാര്‍ഡ് ഉയരത്തില്‍ (23411.90 പോയിന്റ്) എത്തിയ നിഫ്റ്റി താഴ്ന്നു ക്ലോസ് ചെയ്യുകയായിരുന്നു. പ്രോഫിറ്റ് ബുക്കിംഗ് ആണ് പ്രധാന കാരണം.

സെന്‍സെക്‌സ് 203.28 പോയിന്റ് കുറഞ്ഞ് 76490.08 പോയിന്റില്‍ ക്ലോസ് ചെയ്തു.

സെക്ടര്‍ സൂചികകളില്‍ ഐടിയിലാണ് വന്‍ ഇടിവുണ്ടായത്. ഐടി നിഫ്റ്റി 644 പോയിന്റോളം ഇടിവ് കാണിച്ചു. എന്നാല്‍ ബാങ്ക് നിഫറ്റി 22 പോയിന്റ് കുറഞ്ഞു ക്ലോസ് ചെയ്തു. തുടര്‍ച്ചയായ മൂന്നു ദിവസത്തെ മുന്നേറ്റത്തിനാണ് അറുതി സംഭവിച്ചത്. ബാങ്ക് നിഫ്റ്റി 50000 പോയിന്റിനു മുകളിലെത്തിയെങ്കിലും അതിനുമുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചില്ല.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി റിക്കാര്‍ഡ് ഉയരത്തില്‍നിന്ന് തിരിച്ചെത്തിയിരിക്കുകയാണ്. 23500-23600 പോയിന്റ് ശക്തമായ റെസിസ്റ്റന്‍സ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. അടുത്ത റെസി്‌സ്റ്റന്‍സ് 23800 പോയിന്റാണ്.

താഴേയ്ക്കു നീങ്ങിയാല്‍ നിഫ്റ്റിക്ക് 23000 പോയിന്റിനു ചുറ്റളവില്‍ പിന്തുണ കിട്ടും. വീണ്ടു താഴയേക്ക് പോയാല്‍ 22700-22800 തലത്തില്‍ ശക്തമായ പിന്തുണയുണ്ട്.

തല്‍ക്കാലത്തേയ്ക്ക് നിഫ്റ്റി 23000-23500 തലത്തില്‍ കണ്‍സോളിഡേഷനുള്ള ശ്രമത്തിലാണ്.

നാലു ദിവസങ്ങളായി നിഫ്റ്റി സൂചിക ഓരോ ദിവസവും പുതിയ ഉയര്‍ച്ചയും ഉയരുന്ന താഴ്ചയും രേഖപ്പെടുത്തിയാണ് മുന്നോട്ടു പോയിട്ടുള്ളത്. വിപണിക്ക് ഊര്‍ജം പകരാന്‍ തക്കവിധത്തിലുള്ള രാഷ്ട്രീയ വാര്‍്ത്തകള്‍ അവസാനിച്ചിരിക്കുന്നു. ഇന്നി സാമ്പത്തിക കോര്‍പറേറ്റ് വാര്‍ത്തകളാണ് വിപണിക്ക് ദിശ നല്‍കുക. അതില്‍ പ്രധാനപ്പെട്ടതാണ് ജൂലൈയില്‍ അവതരിപ്പിക്കുന്ന പുതുക്കിയ ബജറ്റ്. അതില്‍ മോദി സര്‍ക്കാരിന്റെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള നയവും മാര്‍ഗനിര്‍ദ്ദേശങ്ങളും ലഭ്യമാകും.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ ബുള്ളീഷ് മോഡിലാണ്. ഇന്നലെയത് 58.75 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റി ഇന്നലെ ചെറിയ ഇടിവോടെയാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ഇന്നലെ അമ്പതിനായിരം പോയിന്റിനു മുകളിലെത്തിയ വിപണിക്ക് ക്ലോസിംഗില്‍ അതു നിലനിര്‍ത്താന്‍ സാധിച്ചില്ല.

ബാങ്ക് നിഫ്റ്റിക്ക് 50600-50700 പോയിന്റില്‍ ശക്തമായ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

താഴേയ്ക്കു നീങ്ങിയാല്‍ 49600 പോയിന്റിനു ചുറ്റളവില്‍ ആദ്യ പിന്തുണ പ്രതീക്ഷിക്കാം. അടുത്തത് 48900-49000 തലത്തിലും തുടര്‍ന്ന് 48200-48300 പോയിന്റിലും പിന്തുണ കിട്ടും. ബുള്ളീഷ് സോണിലേക്ക് തിരിച്ചെത്തിയിട്ടുള്ള ബാങ്ക് നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 56.02 ആണ്.

വിപണി നേട്ടമുണ്ടാക്കും

2024 അവസാനത്തോടെ നിഫ്റ്റി സൂചിക 24860 പോയിന്റിലെത്തുമെന്ന് ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നൊമുര അഭിപ്രായപ്പെടുന്നു.മാനുഫാക്ചറിംഗ്, കണ്‍സംപ്ഷന്‍, എഫ്എംസിജി, ടെക്, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ മേഖലകള്‍ നേട്ടമുണ്ടാക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനം കരുതുന്നത്. ഫിനാന്‍ഷ്യല്‍, ഇന്‍ഫ്രാ, എണ്ണ, പ്രകൃതിവാതകം, ടെലികോം, പവര്‍ തുടങ്ങിയ മേഖലയില്‍ തിരുത്തല്‍ വന്നാല്‍ വാങ്ങാന്‍ അവസരം ലഭിക്കുമെന്നും അവര്‍ വിലയിരുത്തുന്നു.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ താഴ്ന്നാണ് തുറന്ന്‌തെങ്കിലും. ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍പോസീറ്റീവായാണ് നീങ്ങുന്നത്. ഏഷ്യന്‍ വിപണിയിലെ മുന്‍നിര സൂചികയായ ജാപ്പനീസ് നിക്കി ഫ്യൂച്ചേഴ്‌സ് 52 പോയിന്റോളം മെച്ചപ്പെട്ടു നില്‍ക്കുകയാണെങ്കിലും ആഗോളവിപണി ഫ്യൂച്ചേസ് എല്ലാം തന്നെ താഴ്ചയിലാണ്. നിഫ്റ്റിയില്‍ ഫ്‌ളാറ്റ് ഓപ്പണിംഗ് പ്രതീക്ഷിക്കാം.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ എല്ലാം തന്നെ താഴ്ന്നാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഇന്‍ഫോസിസ് എഡിആര്‍ 0.94 ശതമാനവും ശതമാനവും വിപ്രോ 1.07 ശതമാനവും താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എഡിആര്‍റുകള്‍ മാറ്റമില്ലാതെ നിന്നപ്പോള്‍ റിലയന്‍സ് ഇന്‍ഡ് 4.46 ശതമാനം വര്‍ധന കാണിച്ചു. ഡോ റെഡ്ഡീസ് 1.71 ശതമാനം മെച്ചപ്പെട്ടു.

ഇന്ത്യ വിക്‌സ്

ഇന്ത്യ വിക്‌സ് ഇന്നലെയും കുറഞ്ഞു. തലേദിവസത്തേക്കാള്‍ 0.49 പോയിന്റ് കുറഞ്ഞ് 16.4 പോയിന്റായി. തെരഞ്ഞെടുപ്പു ഫലം വന്ന ജൂണ്‍ നാലിനിത് 26.74 ആയിരുന്നു.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ജൂണ്‍ 10-ന് 0.82 ആണ്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

ഫെഡറല്‍ റിസര്‍വ് പോളിസി, പണപ്പെരുപ്പ് നിരക്ക് എന്നിവയ്ക്ക് കാതോര്‍ക്കുന്ന .യുഎസ് വിപണി ഇന്നലെ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ബുധനാഴ്ചയാണ് ഫെഡ് പോളിസി തീരുമാനങ്ങള്‍ വരിക. സെപ്റ്റംബറില്‍ പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. അല്ലെങ്കില്‍ വ്യക്തമായ സൂചനയെങ്കിലും ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

യുഎസ് ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രീയല്‍സ് ആവറേജ് 69.05 പോയിന്റ് മെച്ചത്തോടെ 38868.04 പോയിന്റിലാണ് ക്ലോസ് ചെയ്തത്.

നാസ്ഡാക് സൂചിക 59.40 പോയിന്റ് നേട്ടത്തോടെ 17192.5 പോയിന്റിലെത്തിയപ്പോള്‍ എസ് ആന്‍ഡ് പി സൂചിക 13.8 പോയിന്റ് ഉയര്‍ന്ന് 5360.79 പോയിന്റിലെത്തി. എന്‍വിഡയ ഓഹരി നേരിയ താഴ്ചയിലാണ്. എഐ മേഖലയിലേക്കു പ്രവേശിക്കുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട ആപ്പിളിന്റെ ഓഹരിയില്‍ രണ്ടു ശതമാനം ഇടിവുണ്ടായി. എന്നാല്‍ എന്‍വിഡിയ ഒരു ഡോളറോളം വര്‍ധന കാണിച്ചു.

യൂറോപ്യന്‍ പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മാക്രോണിന്റെ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയെത്തുടര്‍ന്ന് ഫ്രഞ്ച് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുകയാണ്. ജര്‍മനിയിലെ ഭരണകക്ഷിക്കും തിരിച്ചടിയേറ്റു.

ഇതേത്തുടര്‍ന്ന് യൂറോപ്യന്‍ വിപണി സൂചികകള്‍ എല്ലാം ഇന്നലെ താഴ്ന്നാണ് ക്ലോസ്‌ചെയ്തത്്. എഫ്ടിഎസ് ഇ യുകെ 16.89 പോയിന്റും സിഎസി ഫ്രാന്‍സ് 107.82 പോയിന്റും ഡാക്‌സ് ജര്‍മനി 62.38 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 118.37 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തിട്ടുള്ളത്.

യുഎസ്, യൂറോപ്യന്‍ വിപണി ഫ്യൂച്ചേഴ്‌സ് എല്ലാം താഴ്ന്നാണ് നില്‍ക്കുന്നത്.

ഏഷ്യന്‍ വിപണികള്‍

ഏഷ്യയിലെ മുഖ്യ വിപണികളിലൊന്നായ ജാപ്പനീസ് നിക്കി ഇന്നു രാവിലെ ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 286.6 പോയിന്റ് ഉയര്‍ന്നു നില്‍ക്കുകയാണ്. തിങ്കളാഴ്ച 354.25 പോയന്റ് മെച്ചപ്പെട്ടിരുന്നു. എന്നാല്‍ നിക്കി ഫ്യൂച്ചേഴ് നേരിയ താഴ്ചയിലാണ്. കൊറിയന്‍ കോസ്പി 10 പോയിന്റ് മെച്ചത്തിലാണ്.

അവധിക്കുശേഷം തുറന്ന ഹോങ്കോംഗിലെ ഹാംഗ് സെംഗ് സൂചിക 240 പോയിന്റ് താഴെയാണ് നീങ്ങുന്നത്. ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക 16 പോയിന്റ് താഴ്ന്നാണ് നില്‍ക്കുന്നത്.

എഫ്‌ഐഐ വാങ്ങല്‍-വില്‍ക്കല്‍

കേന്ദ്രത്തില്‍ ഏതാണ്ട് സുസ്ഥിരതയുള്ള ഗവണ്‍മെന്റ് അധികാരത്തില്‍ എത്തിയതോടെ വിദേശനിക്ഷേപകസ്ഥാപനങ്ങളും പതിയെ തിരികെ വരികയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി നെറ്റ് വില്‍പ്പനക്കാരായിരുന്ന വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ അടുത്തയിടെ ഇടയ്ക്കിടെ നെ്റ്റ വാങ്ങലുകാരായി മാറുകയാണ്. വെള്ളിയാഴ്ച 4300 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയ അവര്‍ ഇന്നലെ 2572.38 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്. ഇതോടെ ജൂണിലെ അവരുടെ നെറ്റ് വില്‍ക്കല്‍ 11146.04 കോടി രൂപയായി താഴ്ന്നു.

ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും ഇന്നലെ നെറ്റ് വാങ്ങലുകാരായിരുന്നു. അവര്‍ ഇന്നലെ 2764.46 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ജൂണിലിതവരെ അവരുടെ നെറ്റ് വാങ്ങല്‍ 8343.17 കോടി രൂപയുടേതായി ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യയുടെ മികച്ച വളര്‍ച്ചാകഥയുടെ പശ്ചാത്തലത്തില്‍ അടുത്ത ആറു മാസത്തിനകം വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വന്‍തോതില്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ റിഥാം ദേശായ് പറഞ്ഞു. ധനകാര്യകമ്മി നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ മോദിയുടെ മൂന്നാം ഭരണത്തില്‍ കുടൂതല്‍ ശക്തമാകുമെന്നും അത് സമ്പദ്ഘടനയില്‍ സ്ഥിരതയും നയപരമായ തുടര്‍ച്ചയും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

2024 ജനുവരി മുതല്‍ ജൂണ്‍ 10 വരെ 137678 കോടി രൂപയാണ് വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍നി്ന്നു പിന്‍വലിച്ചിട്ടുള്ളത്.

സാമ്പത്തിക വര്‍ത്തകള്‍

മേയിലെ പണപ്പെരുപ്പ കണക്കുകളും വ്യാവസായികോത്പാദനക്കണക്കുകളും ജൂണ്‍ 12-ന് എത്തും. പണപ്പെരുപ്പ സമ്മര്‍ദ്ദം കുറഞ്ഞാല്‍ പലിശ നിരക്കു കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുവാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കും. ഇക്കഴിഞ്ഞ പണനയത്തില്‍ റീപോ നിരക്ക് മാറ്റമില്ലാതെ നിര്‍ത്തിയിരിക്കുകയാണ്.

പടിഞ്ഞാറന്‍ കാലവര്‍ഷം പുരോഗമിക്കുകയാണ്. ജൂണ്‍ ഒന്നിന് ആരംഭിച്ച മണ്‍സൂണ്‍ സീസണില്‍ ജൂണ്‍ പത്തുവരെ രാജ്യത്തൊട്ടാകെ 2.7 ശതമാനം അധികം മഴ കിട്ടി. ഈ കാലയളവില്‍ ലഭിച്ച മഴ 36.5 മില്ലിമീറ്ററാണ്. സാധാരണ 35.5 മില്ലിമീറ്ററാണ് ലഭിക്കാറ്. സെന്റീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 32.6 സെന്റീമീറ്റര്‍ മഴ കിട്ടിയിട്ടുണ്ട്. ജൂണ്‍ 25ഓടെ രാജ്യമൊട്ടാകെ മണ്‍സൂണ്‍ എത്തുമെന്നാണ് ഐഎംഡി വ്യക്തമാക്കിയിട്ടുള്ളത്. ഈ വര്‍ഷം 106 ശതമാനം മഴ കിട്ടുമെന്നാണ് അവരുടെ പ്രവചനം. ജൂണ്‍- സെപ്റ്റംബറില്‍ ലഭിക്കേണ്ട ദീര്‍ഘകാലശരാശരി മഴ 87 സെന്റീമീറ്ററാണ്.

ക്രൂഡോയില്‍ വില

രാജ്യന്തര വിപണിയില്‍ ക്രൂഡോയില്‍ വില പതിയെ ഉയരുകയാണ്. ഇന്നു രാവിലെ ഡബ്‌ള്യു ടിഐ ക്രൂഡിന്റെ വില ബാരലിന് 77.9 ഡോളറാണ്. ഇ്ന്നലെ രാവിലെ അത് 75.65 ഡോളറായിരുന്നു. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 80 ഡോളറിന് മുകളിലേക്ക് വീണ്ടുമെത്തി. ഇന്നു രാവിലെ 81.74 ഡോളറാണ് വില. ഇന്നലെ രാവിലെ അത് 79.73 ഡോളറായിരുന്നു.

ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല. അത് കറന്റ് അക്കൗണ്ട് കമ്മി കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതി ചെയ്യുകയും ചെയ്യും.

രൂപ ഡോളറിനെതിരേ കാര്യമായ വ്യത്യാസമില്ലാതെ തുടരകുകയാണ്. ഇന്നലെഡോളറിന് 83.51 രൂപയിലാണ് ക്ലോസ് ചെയ്തത്. തലേദിവസമിത് 83.50 രൂപയായിരുന്നു.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക