image

24 May 2024 2:38 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Joy Philip

Trade Morning
X

Summary

തെരഞ്ഞെടുപ്പ് ഫലത്തിനു മുമ്പേ ' ജൂണ്‍ 4' വെടിക്കെട്ട്


ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെ റെക്കാര്‍ഡ് ഉയരത്തില്‍ എത്തുകയും പുതിയ ഉയരത്തില്‍ ക്ലോസ് ചെയ്യുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല ആത്മവിശ്വാസം പ്രകടപ്പിക്കുകയും റിസര്‍വ് ബാങ്ക് ലാഭവീതമായി മുന്‍വര്‍ഷത്തേതിന്റെ ഇരട്ടി സര്‍ക്കാരിനു നല്‍കുകയും ആഗോള വിപണികളുടെ മുന്നേറ്റവുമൊക്കെ ഇന്നലെ ഇന്ത്യന്‍ വിപണിയെ പുതിയ ഉയരങ്ങളിലെത്തിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ചുമാര്‍ക്കായ നിഫ്റ്റി 369.85 പോയിന്റിന്റെ വര്‍ധനയോടെ 22967.65 പോയിന്റില്‍ ക്ലോസ് ചെയ്തു ഇന്നലെ ഒരവസരത്തില്‍ നിഫ്റ്റി 22993.6 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. ഇതു രണ്ടും റെക്കാര്‍ഡാണ്.

സെന്‍സെക്സ് സൂചിക. തലേദിവസത്തെ ക്ലോസിംഗിനേക്കാള്‍ 1196.6 പോയിന്റ് മെച്ചത്തോടെ 75418.04 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഇതും റെക്കാര്‍ഡ് ആണ്.

അമ്പത്തിയേഴു സീറ്റുകളിലേക്കുള്ള ആറാം ഘട്ട തെരഞ്ഞെടുപ്പ് നാളെ ( മേയ് 25) നടക്കാനിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ ആത്മവിശ്വാസത്തിലാണ്. ആദ്യ അഞ്ചു ഘട്ടത്തില്‍നിന്നുതന്നെ ഭരിക്കാനുള്ള ഭൂരിപക്ഷം എന്‍ഡിഎയ്ക്കു ലഭിച്ചുകഴിഞ്ഞുവെന്നാണ് മോദി അവകാശപ്പെടുന്നത്. ഇനി വരുന്ന ഘട്ടങ്ങളില്‍ ഈ മൊമന്റം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം പറയുന്നു. ഇനിയുള്ള തെരഞ്ഞെടുപ്പുകളെല്ലാം ബിജെപി ശക്തികേന്ദ്രങ്ങളിലാണ്.

'ജൂണ്‍ നാലിന് ബിജെപി എംപിമാരുടെ എണ്ണം റെക്കാര്‍ഡാകും; ഓഹരി വിപണി പുതിയ ഉയരങ്ങള്‍ കുറിക്കും.' അദ്ദേഹം ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുന്നു.

അദ്ദേഹത്തിന്റെ ഈ ആത്മവിശ്വാസം ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിക്കുകയാണ്. പ്രധാനമന്ത്രി പറഞ്ഞ വിപണിയുടെ പുതിയ ഉയരങ്ങള്‍ ജൂണ്‍ നാലിനു മുമ്പേ സംഭവിക്കുകയാണോ?

ഒരു പക്ഷേ തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പേ പുതിയ പുതിയ ഉയര്‍ച്ചകള്‍ വിപണി കൈവരിച്ചേക്കാം. തെരഞ്ഞെടുപ്പു ഫലദിനത്തില്‍ ഇറക്കം തുടങ്ങാനുമുള്ള സാധ്യതയേറെയാണ്. മോദിയുടെ ആത്മവിശ്വാസം വിപണിയിലും പ്രതിഫലിക്കുന്നതാകാം തെരഞ്ഞെടുപ്പിനു മുമ്പുള്ള ഈ മുന്നേറ്റം. കമ്പനികളുടെ ഫലം വരുന്നതിനു മുമ്പേ സംഭവിക്കുന്ന മുന്നേറ്റം പോലെ. ഗൈഡന്‍സ് പാലിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ മികച്ച ഫലം പുറത്തുവിട്ടാലൂം ആ ഓഹരികളുടെ വിലയില്‍ ഫലം വരുന്ന ദിവസം ഇടിവുണ്ടാകും. തെരഞ്ഞെടുപ്പ് ഫലത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്‍ഡിഎയുടെ 370-400 സീറ്റ് അവകാശവാദം സംഭവിക്കുന്നില്ലെങ്കില്‍ വിപണിയില്‍ താല്‍ക്കാലിക ഇടിവു സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.

ബോണ്ട് യീല്‍ഡ് : വിപണിക്കു തുണയായ മറ്റൊരു കാര്യം കൂടിയുണ്ട്. ഇന്ത്യന്‍ ബോണ്ട് യീല്‍ഡ് ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ ഇന്നലെ എത്തിയിരിക്കുകയാണ്. ബുധനാഴ്ച പത്തുവര്‍ഷ ബോണ്ട് യീല്‍ഡ് 6.991 ശതമാനത്തിലാണ് ക്ലോസ് ചെയ്തത്. റിസര്‍വ് ബാങ്ക് ഗവണ്‍മെന്റിന് റെക്കാര്‍ഡ് തുക (2.11 ലക്ഷം കോടി രൂപ) ഡിവിഡന്‍ഡ് ആയി നല്‍കിയതിനെത്തുടര്‍ന്നാണ് ബോണ്ട് യീല്‍ഡ് താഴ്ന്നത്. മുന്‍വര്‍ഷം നല്‍കിയതിനേക്കാള്‍ 87416 കോടി രൂപ കൂടുതലാണിത്. ഇതു മൂലം ഗവണ്‍മെന്റ് ബോണ്ട് തിരിച്ചുവാങ്ങല്‍ വര്‍ധിപ്പിക്കുമെന്നും കടമെടുപ്പു കുറയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ബോണ്ട് യീല്‍ഡ് കുടുന്നത് കൂടുതല്‍ തുക ഓഹരി വിപണിയിലേക്ക് എത്തുവാന്‍ സഹായിക്കും. ഓഹരി വിപണിയും ബോണ്ട് യീല്‍ഡും ഒരേ ദിശയിലാണ് സഞ്ചരിക്കുന്നത്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

പുതിയ പ്രതിദിന ഉയര്‍ച്ച സൃഷ്ടിച്ചുപോരുന്ന നിഫ്റ്റിയുടെ പതിവ് ഇന്നലെയും തെറ്റിച്ചില്ല. അതേപോലെതന്നെ അതേപോലെ താഴ്ചകളുടെ നിലയും മെച്ചപ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായ ഒമ്പതു വ്യാപാരദിനങ്ങളില്‍ ഇത്തരത്തില്‍ പുതിയ ഉയര്‍ച്ചയും മെച്ചപ്പെട്ട താഴ്ചയും സൃഷ്ടിച്ചു മുന്നേറുകയാണ് നിഫ്റ്റി.ഇന്നലെ വിപണി റിക്കാര്‍ഡ് ഉയരത്തില്‍ എത്തുകയും ചെയ്തു.

22700-22800 പോയിന്റ് തലത്തിലുണ്ടായിരുന്ന ശക്തമായ റെസിസ്റ്റന്‍സ് മറികടന്ന് 23000 പോയിന്റിനു തൊട്ടുതാഴെവരെ എത്തിയിരിക്കുകയാണ്. ഈ മൊമന്റം തുടര്‍ന്നാല്‍ വിപണി 23100 ചെറിയ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.തുടര്‍ന്ന് 23500 പോയിന്റിലും 23700-23800 പോയിന്റ് തലത്തില്‍ ശക്തമായ റെസിസ്്റ്റന്‍സ് പ്രതീക്ഷിക്കാം.

നിഫ്റ്റി താഴേയ്ക്കു നീങ്ങിയാല്‍ 22750-22800 തലം ഏറ്റവുമടുത്ത സപ്പോര്‍ട്ട് തലമായി മാറും. താഴേയ്ക്കുള്ള മൊമന്റത്തിനു ശക്തികൂടിയാല്‍ 22500-22600 തലത്തിലും തുടര്‍ന്നു 22200-22300 നിലവാരത്തിലും പിന്തുണ പ്രതീക്ഷിക്കാം. അടുത്ത പിന്തുണ 21950-22050 നിലവാരത്തിലാണ്. ഏറ്റവും ശക്തമായ പിന്തുണ നിലനില്‍ക്കുന്ന 21700-21800 പോയിന്റ് തലത്തിലാണ്.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് സോണില്‍ കോണ്‍സോളിഡേറ്റ് ചെയ്യുകയാണ്. മേയ് 23- ലെ ആര്‍എസ്ഐ 68.23 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: രണ്ടു ദിവസത്തെ തുടര്‍ച്ചയായ താഴ്ച അവസാനിപ്പിച്ചുകൊണ്ട് ബാങ്ക് നിഫ്റ്റി ഇന്നലെ 986.65 പോയിന്റ് നേട്ടത്തോടെ 48768.6 പോയിന്റില്‍ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റിയുടെ സമീപകാലത്തെ ഏറ്റവും വലിയ ഏകദിന ഉയര്‍ച്ചയാണിത്. റിസര്‍വ് ബാങ്ക് 2.11 ലക്ഷം കോടി രൂപ ഗവണ്‍മെന്റ് ഖജനാവിലേക്ക് ലാഭവീതമായി നല്‍കുമെന്ന വാര്‍ത്തയാണ് ബാങ്ക് ഓഹരികള്‍ക്കും ഓഹരി വിപണിക്കു പൊതുവേയും ഊര്‍ജം നല്‍കിയത്. ധനകമ്മി കുറയ്ക്കുവാനും നിക്ഷേപം വര്‍ധിപ്പിക്കാനും ഇതു സര്‍ക്കാരിനെ സഹായിക്കും.

ഇപ്പോഴത്തെ മൊമന്റം തുടരുകയാണെങ്കില്‍ ബാങ്ക് നിഫ്റ്റി അടുത്ത റെസിസ്റ്റന്‍സായ 49000 കാര്യമായ ബുദ്ധിമുട്ടില്ലാതെ കന്നുപോകും. അടുത്ത റെസിസ്റ്റന്‍സ് 49400-49500 തലത്തിലാണ്. ഏപ്രില്‍ 30-ന് എത്തിയ 49974.75 പോയിന്റ്ാണ് ബാങ്ക് നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ്. ഉയര്‍ന്ന ക്ലോസിംഗ് 49424.05 പോയിന്റുമാണ്.

താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 48000 പോയിന്റിന് ചുറ്റളവില്‍ നല്ല സപ്പോര്‍ട്ട് ഉണ്ട്. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 47300-47400 പോയിന്റില്‍ പിന്തുണ കിട്ടും.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ നേരിയ ഉയര്‍ച്ചയില്‍ ഓപ്പണ്‍ ചെയ്തതതതെങ്കിലും നെഗറ്റീവ് സോണിലേക്കു വീണിരിക്കുകയാണ്.എന്നാല്‍ യുഎസ് , യുറോപ്പ്, ഏഷ്യന്‍ ഫ്യൂച്ചറുകള്‍ പൊതുവേ പോസീറ്റീവാണ്. ഇന്ത്യന്‍ വിപണി കാര്യമായ വ്യത്യാസമില്ലാതെ തുറന്നേക്കുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

ഇന്ത്യ വിക്സ്

ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്സ് മേയ് 23-ന് 21.38 ആണ്. തലേ വ്യാപാരദിനത്തിലിത് 21.47 ആയിരുന്നു. ഏപ്രില്‍ 23-ന് 10.2 ആയിരുന്നു. ചാഞ്ചാട്ടത്തിനു ഈ ദിവസങ്ങളില്‍ കുറവു വന്നിരിക്കുന്നു. ഫലം വരുന്ന ജൂണ്‍ നാലുവരെ ഇന്ത്യ വിക്സ് റേഞ്ച് ബൗണ്ടായി നീങ്ങുന്ന പ്രവണതയാണ് കാണിക്കുന്നത്.

വിപണി മൂഡിനെ പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) മേയ് 22-ലെ 1.20-ല്‍നിന്ന് ഇന്നലെ 1.37 ആയി വര്‍ധിച്ചു. വിപണി ശക്തമായ ബുള്ളീഷ് മൂഡിലാണെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ സമ്മിശ്രമായാണ് ഇന്നലെ ക്ലോസ് ചെയ്തിട്ടുള്ളത്. ഐടി മേഖലയില്‍നിന്നുള്ള ഇന്‍ഫോസിസ് 0.75 ശതമാനവും വിപ്രോ 0.92 ശതമാനവും ഉയര്‍ച്ച കാണിച്ചിട്ടുണ്ട്. എന്നാല്‍ ബാങ്കിംഗ് മേഖലയില്‍നിന്നുള്ള ഐസിഐസിഐ ബാങ്ക് എഡിആര്‍ 1.2 ശതമാനവും എച്ച് ഡിഎഫ് സി ബാങ്ക് 1.10 ശതമാനവും നേട്ടം കാണിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 3.13 ശതമാനം നേട്ടമുണ്ടാക്കി. എഡിആറുകള്‍ പോസീറ്റീവ് സൂചനയാണ് നല്‍കുന്നത്.

യുഎസ് വിപണികള്‍

എന്‍വിഡിയ ഓഹരികള്‍ കുതിച്ചുവെങ്കിലും ( ഇന്നലെ 88.49 ഡോളര്‍ മെച്ചത്തോടെ 1037.99 ഡോളറിലാണ് ക്ലോസിംഗ്) പിന്നീട് വന്ന ബോയിംഗ് പോലുള്ള വമ്പന്‍മാരുടെ പ്രവര്‍ത്തനഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തു ഉയരാതെ പോയത് യുഎസ് ഓഹരികളില്‍ കുത്തനെ ഇടിവുണ്ടാക്കി. യുഎ്സ് ഡൗണ്‍ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് ഇന്നലെ 605.78 പോയിന്റ് ഇടിഞ്ഞ് 39065 പോയിന്റലെത്തി. കഴിഞ്ഞ വാരത്തില്‍ 40000 പോയിന്റിനു മുകളില്‍ റെക്കാര്‍ഡ് ക്ലോസിംഗ് നടത്തിയിരുന്നു. ഡൗ ജോണ്‍സിന്റെ ചുവടുപിടിച്ച് എസ് ആന്‍ഡ് പി 500 സൂചികയും 39.37 പോയിന്റു കുറഞ്ഞു.

എന്‍വിഡിയയുടെ മെച്ചപ്പെട്ട നാലാം ക്വാര്‍ട്ടര്‍ നാസ്ഡാക് കോംപോസിറ്റ് സൂചികയെ പുതിയ ഉയരങ്ങളിലെത്തിച്ചെങ്കിലും 65.51 പോയിന്റ് നഷ്ടത്തിലാണ് ക്ലോസിംഗ്. ഇന്നലെ രാവിലെ 17000 പോയിന്റിനടുത്ത് ഓപ്പണ്‍ ചെയ്ത നാസ്ഡാക് തുടര്‍ച്ചയായി താഴേയ്ക്കു പോരുകയായിരുന്നു.

യുഎസ് വിപണിക്ക് മുമ്പേ അടച്ച യൂറോപ്യന്‍ വിപണികള്‍ സമ്മിശ്രമായിരുന്നു. എഫ്ടിഎസ് ഇ യുകെ 31 പോയിന്റ് കുറഞ്ഞപ്പോള്‍ സിഎസി ഫ്രാന്‍സ് 10 പോയിന്റും ഡാക്സ് ജര്‍മനി 11.1 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.

എന്നാല്‍ ഡൗ, നാസ്ഡാക് ഫ്യൂച്ചേഴ്സ്, എസ് ആന്‍ഡ് പി ഫ്യൂച്ചേഴ്സ് തുടങ്ങിയവയുള്‍പ്പെടെ യൂറോപ്യന്‍ ഫ്യൂച്ചേഴ്സും ഇന്നു രാവിലെ മെച്ചപ്പെട്ടു നില്‍ക്കുകയാണ്.

വ്യാഴാഴ്ച 486.12320 പോയിന്റ് മെച്ചപ്പെട്ട് ക്ലോസ് ചെയ്ത ജാപ്പനീസ് നിക്കി ഇന്നു രാവിലെ ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 510 പോയിന്റും കൊറിയന്‍ കോസ്പി 30.67 പോയിന്റും താഴെയാണ്. ചെനീസ് ഷാംഗ്ഹായ് കോംപോസിറ്റ് 6 പോയിന്റും ഹോങ്കോംഗ് ഹാംഗ്സെംഗ് 126 പോയിന്റും താഴ്ന്നാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഏഷ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം മെച്ചപ്പെട്ടു നില്‍ക്കുകയാണ്.

എഫ്ഐഐ വാങ്ങല്‍-വില്‍ക്കല്‍

വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 4670.95 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിരിക്കുകയാണ്. ഇതോടെ മേയിലെ നെറ്റ് വില്‍പ്പന 33515.05 കോടി രൂപയായി.

എന്നാല്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങളുടെ വില്‍പ്പനയും വാങ്ങലും കാര്യമായ വ്യത്യാസമില്ലാതെ തുടര്‍ന്നു. ഇതുവരെ ഈ മാസത്തില്‍ അവരുടെ നെറ്റ് വാങ്ങല്‍ 38477.57 കോടി രൂപയുടെ ഓഹരികളാണ്. ഇന്നലെ അവര്‍12439.4 കോടി രൂപയുടെ വാങ്ങലും 12292.89 കോടി രൂപയുടെ വില്‍ക്കലുമാണ് നടത്തിയത്. അതായത് ഇത്രയും ഉയര്‍ന്ന നിലയില്‍ വില്‍ക്കാനുള്ള പ്രവണതയാണ് ആഭ്യന്തരനിക്ഷേപകസ്ഥാപനങ്ങള്‍ കാണിക്കുന്നത് എന്ന് ഓര്‍മിക്കുക.

നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍

കൊച്ചിന്‍ ഷിപ്യാഡ്, ബോഷ്, ഹിന്‍ഡാല്‍കോ, ജെഎം ഫിനാന്‍ഷ്യല്‍, യുണൈറ്റഡ് സ്പിരിറ്റ്സ്, പ്രകാശ് പൈപ്സ്, ടിടികെ ഹെല്‍ത്ത്, അശോക് ലേലാന്‍ഡ്, മണപ്പുറം ഫിനാന്‍സ്, ടൊറന്റ് ഫാര്‍മ, ജംമ്ന ഓട്ടോ, ലൂമാക്സ്, ഹാരിസണ്‍ മലയാളം, കോഫീ ഡേ, ഇഐഡി പാരി, കര്‍ണാടക ബാങ്ക്, അസ്ട്ര മൈക്രോവേവ്, 63 മൂണ്‍സ് ടെക്നോളജീസ്, സണ്‍ഫാര്‍മ അഡ്വാന്‍സ്ഡ്, നസാറ ടെക്നോളജീസ്, ബൊറോസില്‍, ഇഐഎച്ച് അസോസിയേറ്റ്സ്, സണ്‍ടിവി, മാക്സ് ഇന്ത്യ തുടങ്ങി 250-ഓളം കമ്പനികള്‍ ഇന്ന് ( മേയ് 24) നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടും.

സാമ്പത്തിക വാര്‍ത്തകള്‍

റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് 2.11 ലക്ഷം കോടി രൂപ ലാഭവീതമായി നല്‍കുന്നത് 2023-24 വര്‍ഷത്തെ ധനകമ്മിയില്‍ 0.2-0.4 ശതമാനം വരെ കുറവുണ്ടാക്കുമെന്നു വിലയിരുത്തപ്പെടുന്നു. ഇടക്കാല ബജറ്റില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ധനകമ്മിയായി കണക്കാക്കിയിട്ടുള്ളത് 5.1 ശതമാനമാണ്. 2025-26-ല്‍ ധനകമ്മി 4.5 ശതമാനമായി കുറയ്ക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഗവണ്മെന്റ് കടമെടുപ്പു കുറയുന്നത് പലിശനിരക്കിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.

വാര്‍ത്തകളില്‍ കമ്പനികള്‍

ഐടസി: സിഗറ്റ്, എഫ് എംസിജി കമ്പനിയായ ഐടിസിയുടെ അറ്റാദായം നാലാം ക്വാര്‍ട്ടറില്‍ 1.31 ശതമാനം താഴ്ന്ന 5020.2 കോടി രൂപയിലെത്തി. എഫ്എംസിജി മാര്‍ജിന്‍ കുറഞ്ഞതാണ് കമ്പനിയുടെ ലാഭം കുറച്ചത്. കമ്പനിയുടെ ഈ ക്വാര്‍ട്ടറിലെ സംയോജിത അറ്റാദായം 5114 കോടി രൂപയാണ്. വരുമാനം 1.40 ശതമാനം വര്‍ധിച്ച് 17752.87 കോടി രൂപയിലെത്തി.

ഇന്‍ഡിഗോ: കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ യെറിന്റെ നടത്തിപ്പുകാരായ ഇന്റര്‍ഗ്ലോബ് എവിയേഷന്റെ അറ്റാദായം മാര്‍ച്ചിലവസാനിച്ച നാലാം ക്വാര്‍ട്ടറില്‍ 1894.8 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലിത് 919 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം 26 ശതമാനം വര്‍ധിച്ച് 17825.3 കോടി രൂപയിലെത്തി. വിമാനയാത്രാവശ്യങ്ങള്‍ വര്‍ധിച്ചുവരുന്നത് കമ്പനിക്ക് മികച്ച നേട്ടമാണ് നല്‍കുന്നത്. തുടര്‍ച്ചയായ ആറാമത്തെ ക്വാര്‍ട്ടറാണ് കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. 2021-22 നാലാം ക്വാര്‍ട്ടറില്‍ കമ്പനിയുടെ നഷ്ടം 1680 കോടി രൂപയായിരുന്നു.

മാമെര്‍ത്ത് : സ്‌കിന്‍കെയര്‍ ബ്രാന്‍ഡായ മാമെര്‍ത്ത്ിന്റെ പേരന്റ് കമ്പനിയാ ഹൊനാസ കണ്‍സ്യൂമര്‍ മാര്‍ച്ച് ക്വാര്‍ട്ടറില്‍ 471 കോടി രൂപ വരുമാനവും30 കോടി രൂപ അറ്റാദായവും നേടി. ഇത് മുന്‍വര്‍ഷമിതേ കാലയളവില്‍ കമ്പനിയുടെ നഷ്ടം 162 കോടി രൂപയായിരുന്നു.

ഗ്രാസിം ഇന്‍ഡസ്ട്രീസ് : ആദിത്യ ബിര്‍ള ഗ്രൂപ്പില്‍പ്പെട്ട ഗ്രാസിം ഇന്‍ഡസ്ട്രീസ് മാര്‍ച്ചിലവസാനിച്ച നാലാം ക്വാര്‍ട്ടറില്‍ 1369.8 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷവമിത് 1368.9 കോടി രൂപയാണ്. കമ്പനിയുടെ മാര്‍ജിനുകള്‍ താഴേയ്ക്കു പോയി. കമ്പനിയുടെ സംയോജിത വരുമാനം 12.7 ശതമാനം ഉയര്‍ച്ചയോടെ 37727.1 കോടി രൂപയിലെത്തി. കമ്പനി പത്തു ശതമാനം ലാഭവീതവും പ്രഖ്യാപിച്ചിട്ടുണ്ട്.

നയിക്ക : ബ്യൂട്ടി- പേഴ്സണല്‍ കെയര്‍ വിഭാഗത്തിലെ ഇ- കൊമേഴ്സ് സംരംഭമായ നയിക്ക മാര്‍ച്ച് 31-ന് അവസാനിച്ച നാലാം ക്വാര്‍ട്ടറില്‍ ഒമ്പതു കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലിത് രണ്ടു കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം 28 ശതമാനം വര്‍ധനയോടെ 1668 കോടി രൂപയിലെത്തി. മൂന്നാം ക്വാര്‍ട്ടറില്‍ വരുമാനം 1789 കോടി രൂപയും അറ്റാദായം 17 കോടി രൂപയുമായിരുന്നു.

ജൂബിലന്റ് ഫുഡ് വര്‍ക്സ് : ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ദിവസവും ഓരോ പുതിയ സ്റ്റോര്‍ വീതം തുറന്ന ജൂബിലന്റ് ഫുഡ് വര്‍ക്സ് മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറില്‍ 208.2 കോടി രൂപ സംയോജിത അറ്റാദായവും 1572.7 കോടി രൂപ വരുമാനവും നേടി. കമ്പനിക്ക് ഈ കാലയളവില്‍ 170 കോടി രൂപയുടെ അസാധാരണ നേട്ടവും ലഭ്യമായിട്ടുണ്ട്. രണ്ടു രൂപ മുഖവിലയുള്ള ഓഹരിയില്‍ 1.2 രൂപ ലാഭവീതവും പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിക്ക് ഇപ്പോള്‍ രാജ്യത്തൊട്ടാകെ മൂവായിരത്തോളം സ്റ്റോറുകളുണ്ട്.

പേടിഎം : വായ്പ വിതരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പേടിഎം തീരുമാനിച്ചിരിക്കുകയാണ്. വായ്പ കൊടുത്തതിനുശേഷമുള്ള എല്ലാ സേവനമേഖലയില്‍നിന്നും കമ്പനി പിന്‍മാറുകയാണ്. ബാങ്കിംഗ്- ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങളുമായി വായ്പ നല്‍കല്‍, തിരികെ പിരിച്ചെടുക്കല്‍ തുടങ്ങിയവ സേവനങ്ങള്‍ കമ്പനി ഇതുവരെ നല്‍കിപ്പോന്നിരുന്നു.

അദാനി എന്റര്‍പ്രൈസസ്: വിപ്രോയ്ക്കു പകരം നിഫ്റ്റി 50 സൂചികയിലേക്കു അദാനി എന്റര്‍പ്രൈസസിനു പ്രവേശനം ലഭിച്ചേക്കുമെന്ന വാര്‍ത്ത കമ്പനിയുടെ ഓഹരികളില്‍ വന്‍ കുതിപ്പിന് ഇടയാക്കി. ഇന്നലെ 7.84 ശതമാനം വര്‍ധനയോടെ 3387.3 രൂപയില്‍ ക്ലോസ് ചെയ്തു. അദാനി പോര്‍ട്സ് 4.73 ശതമാനം മെച്ചപ്പെട്ട് 1443.35 രൂപയിലെത്തി.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോര്‍മേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.