image

23 May 2024 2:30 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Joy Philip

Trade Morning
X

Summary

  • ഫെഡ് മിനിറ്റ്സ് നിരാശപ്പെടുത്തി
  • എന്‍വിഡിയ ഊര്‍ജമാകും


ഫെഡറല്‍ റിസര്‍വ് മിനിറ്റ്സ് നിരാശപ്പെടുത്തിയെങ്കിലും എഐഐ ഓഹരിയായ എന്‍വിഡിയയുടെ പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ആദ്യക്വാര്‍ട്ടര്‍ ഫലവും ഗൈഡന്‍സും വിപണിക്ക് ഇന്നു തുണയാകും.

യുഎസിലെ പണപ്പെരുപ്പം ഉയര്‍ന്നു തന്നെ തുടരുമെന്നും ഫെഡറല്‍ റിസര്‍വിന്റെ ലക്ഷ്യമായ രണ്ടു ശതമാനത്തിലേയ്ക്ക് എത്തുവാന്‍ ഇനിയും സമയമെടുക്കുമെന്ന വിലയിരുത്തല്‍ വിപണിയെ ഒന്നു കുലുക്കിയിരിക്കുകയാണ്. അതിന്റെ അനുരണനങ്ങള്‍ ഇന്ന് ആഗോളവിപണികളിലുമുണ്ടാകും.

എന്‍വിഡിയയുടെ മികച്ച പ്രവര്‍ത്തനഫലത്തില്‍ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ വിലയിരുത്തല്‍ മുങ്ങിപ്പോകുമെന്നാണ് യുഎസ് , യൂറോപ്യന്‍ ഫ്യൂച്ചറുകള്‍ നല്‍കുന്ന സൂചന. ഫ്യൂച്ചേഴ്സ് എല്ലാംതന്നെ ഉയര്‍ന്നു നില്‍ക്കുകയാണ്.

ഇന്ത്യന്‍ വിപണിയിലേക്കു എത്താം.ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച് മാര്‍ക്കു സൂചികയായി കണക്കാക്കുന്ന നിഫ്റ്റി 50 സൂചിക തുടര്‍ച്ചയായ മൂന്നാം ദിനവും 22500 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്.

നിഫ്റ്റി സൂചിക മേയ് 22-ന് 68.75 പോയിന്റ് മെച്ചപ്പെട്ട് 22597.8 പോയിന്റില്‍ ക്ലോസ് ചെയ്തു. തലേദിവസമിത് 22529.05 പോയിന്റായിരുന്നു. സെന്‍സെക്സ് സൂചിക മേയ് 22-ന് തലേദിവസത്തെ ക്ലോസിംഗിനേക്കാള്‍ 267.75 പോയിന്റ് മെച്ചത്തോടെ 74221.06 പോയിന്റിലെത്തി.

ഐടി ഓഹരികള്‍ വിപണിക്കു ശക്തമായ പിന്തുണ നല്‍കിയപ്പോള്‍ ബാങ്കിംഗ്-ധനകാര്യ ഓഹരികള്‍ വിപണിയുടെ മുന്നേറ്റത്തിനു വിഘാതമായി.

വിപണിക്കു തുണയായ മറ്റൊരു കാര്യം കൂടിയുണ്ട്. ഇന്ത്യന്‍ ബോണ്ട് യീല്‍ഡ് ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ ഇന്നലെ എത്തിയിരിക്കുകയാണ്. ബുധനാഴ്ച പത്തുവര്‍ഷ ബോണ്ട് യീല്‍ഡ് 6.991 ശതമാനത്തിലാണ് ക്ലോസ് ചെയ്തത്. റിസര്‍വ് ബാങ്ക് ഗവണ്‍മെന്റിന് റെക്കാര്‍ഡ് തുക (2.11 ലക്ഷം കോടി രൂപ) ഡിവിഡന്‍ഡ് ആയി നല്‍കിയതിനെത്തുടര്‍ന്നാണ് ബോണ്ട് യീല്‍ഡ് താഴ്ന്നത്. മുന്‍വര്‍ഷം നല്‍കിയതിനേക്കാള്‍ 87416 കോടി രൂപ കൂടുതലാണിത്. ഇതു മൂലം ഗവണ്‍മെന്റ് ബോണ്ട് തിരിച്ചുവാങ്ങല്‍ വര്‍ധിപ്പിക്കുമെന്നും കടമെടുപ്പു കുറയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ബോണ്ട് യീല്‍ഡ് കുറുന്നത് കൂടുതല്‍ തുക ഓഹരി വിപണിയിലേക്ക് എത്തുവാന്‍ സഹായിക്കും. ഓഹരി വിപണിയും ബോണ്ട് യീല്‍ഡും വിരുദ്ധ ദിശയിലാണ് സഞ്ചരിക്കുന്നത്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

മേയ് 10 മുതല്‍ ഇന്നലെ വരെ എല്ലാ വ്യാപാരദിനങ്ങളിലും ( തുടര്‍ച്ചയായി എട്ടു വ്യാപാരദിനങ്ങള്‍) നിഫ്റ്റി പുതിയ പ്രതിദിന ഉയര്‍ച്ച സൃഷ്ടിച്ചിരിക്കുകയാണ്. അതേപോലെതന്നെ അതേപോലെ താഴ്ചകളുടെ നിലയും ഓരോ ദിവസവും ഉയര്‍ത്തിയാണ് വിപണി മുന്നോട്ടു പോകുന്നത്. മേയ് ഒമ്പതിലെ ക്ലോസിംഗായ 21957.5 പോയിന്റില്‍നിന്ന് തുടര്‍ച്ചയായി വിപണി മെച്ചപ്പെടുകയായിരുന്നു.

മൂന്നു ദിവസം തുടര്‍ച്ചയായി 22500 പോയിന്റില്‍ ക്ലോസ് ചെയ്ത നിഫ്റ്റിയുടെ കണ്‍സോളിഡേഷന്‍ ഈ തലത്തില്‍ ശക്തമാകുകയാണ്. ഇത് അനുകൂലമായ ചെറിയ കാര്യങ്ങള്‍ പോലും വിപണിയെ പുതിയ പുതിയ ഉയരത്തിലേക്കു കൊണ്ടുപോകും. നിഫ്റ്റിക്ക് 22500 പോയിന്റില്‍ ശക്തമായ പിന്തുണ കിട്ടിയിരിക്കുകയാണ്.

ഇന്നലെ പ്രതിദിനവ്യാപാരത്തില്‍ 22600 പോയിന്റെന്ന തടസവും കടന്നിരിക്കുകയാണ്. നിഫ്റ്റിയുടെ അടുത്ത ശക്തമായ റെസിസ്റ്റന്‍സ് 22800 പോയിന്റാണ്. 22700-22800 പോയിന്റിനിടയില്‍ നിരവധി തവണ നിഫ്റ്റി എത്തുകയും താഴേയ്ക്കു പോകുകയും ചെയ്യുകയായിരുന്നു. അതു മികച്ച വ്യാപ്തത്തോടെ മറികടന്നാല്‍ നിഫ്റ്റി 23100 പോയിന്റിലേക്കും തുടര്‍ന്ന് 23650 പോയിന്റിലേക്കും ഉയരും.

നിഫ്റ്റി താഴേയ്ക്കു നീങ്ങിയാല്‍ 22500 പോയിന്റില്‍ ആദ്യ പിന്തുണ ലഭിക്കും. തുടര്‍ന്നു താഴേയ്ക്കു നീങ്ങിയാല്‍ 22200-22300 നിലവാരത്തില്‍ പിന്തുണയുണ്ട്. അടുത്ത പിന്തുണ 21950-22050 നിലവാരത്തിലാണ്. ശക്തമായ പിന്തുണ നിലനില്‍ക്കുന്ന 21700-21800 പോയിന്റ് നിലവാരത്തിലാണ്.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് സോണില്‍ കോണ്‍സോളിഡേറ്റ് ചെയ്യുകയാണ്. മേയ് 22- ലെ ആര്‍എസ്ഐ 59.13 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: നിഫ്റ്റിക്കു പിന്നാലെ ഏറ്റവും സജീവമായ സൂചികകളിലൊന്നായ ബാങ്ക് നിഫ്റ്റി 266.25 പോയിന്റ് താഴ്ന്ന് 47781.95 പോയിന്റില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്.ഒരവസരത്തില്‍ 4735 പോയിന്റിലേക്ക് ബാങ്ക് നിഫ്റ്റി എത്തിയിരുന്നു.ബാങ്കിംഗ് നിഫ്റ്റിക്ക് 47500 പോയിന്റില്‍ മികച്ച പിന്തുണയാണുള്ളത്. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ അടുത്ത ശക്തമായ പിന്തുണ 47000 പോയിന്റിനു ചുറ്റളവിലാണ്.

മനോഭാവം പോസീറ്റീവാണെങ്കില്‍ ബാങ്ക് നിഫ്റ്റിക്ക് 48300 പോയിന്റിനു ചുറ്റളവില്‍ ശക്തമായ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 10 പോയിന്റ് മെച്ചത്തിലാണ് നില്‍ക്കുന്നത്. തുറന്നതു മുതല്‍ പോസീറ്റീവ് സോണിലൂടെ നീങ്ങുകയാണ്. ഇന്ത്യന്‍ ഓഹരികള്‍ പോസീറ്റീവ് ആയി ഓപ്പണ്‍ ചെയ്യുമെന്ന സൂചനയാണ് ഇതുള്‍പ്പെടെയുള്ള ആഗോള വിപണികള്‍ നല്‍കുന്നത്. യുഎസ് , യുറോപ്പ്, ഏഷ്യന്‍ ഫ്യൂച്ചറുകള്‍ പൊതുവേ പോസീറ്റീവാണ്.

ഇന്ത്യ വിക്സ്

ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്സ് മേയ് 22-ന് 21.47 ആണ്. തലേ വ്യാപാരദിനത്തിലിത് 21.81 ആയിരുന്നു. ഏപ്രില്‍ 23-ന് 10.2 ആയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തെ വിപണിയുടെ ചാഞ്ചാട്ടം സാധാരണമാണ്. തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. അതായത് മോദി ഗവണ്മെന്റ് ഭുരിപക്ഷം കുറഞ്ഞാലും അധികാരത്തിലെത്തുമെന്ന വിപണിയുടെ ധാരണയെ ഇതു ബലപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഫലം വരുന്ന ജൂണ്‍ നാലുവരെ ഇന്ത്യ വിക്സ് റേഞ്ച് ബൗണ്ടായി നീങ്ങുവാനാണ് സാധ്യത.

വിപണി മൂഡിനെ പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) മേയ് 21-ലെ 1.15-ല്‍നിന്ന് ഇന്നലെ 1.2 ആയി വര്‍ധിച്ചു. വിപണി ഇപ്പോഴും ബുള്ളുകളുടെ നിയന്ത്രണത്തിലാണെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ സമ്മിശ്രമായാണ് ഇന്നലെ ക്ലോസ് ചെയ്തിട്ടുള്ളത്. ഐടി മേഖലയില്‍നിന്നുള്ള വിപ്രോ 0.19 ശതമാനവും ഇന്‍ഫോസിസ് 1.53 ശതമാനവും സിഫി 1.12 ശതമാനവും നേട്ടമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ബാങ്കിംഗ് മേഖലയില്‍നിന്നുള്ള ഐസിഐസിഐ ബാങ്ക് എഡിആര്‍ 0.85 ശതമാനവും എച്ച് ഡിഎഫ് സി ബാങ്ക് 0.04 ശതമാനവും ഇടിവു കാണിച്ചു. ആക്സിസ് ബാങ്ക് മാറ്റമില്ലാതെ തുടര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.27 ശതമാനം നേട്ടമുണ്ടാക്കി. ഇതും ഇന്നു രാവിലെ ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കും. ഐടി ഓഹരികള്‍ മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.

യുഎസ് വിപണികള്‍

പ്രതീക്ഷയ്ക്കൊത്തുയരാത്ത ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ ( ഏപ്രില്‍ 30-മേയ് 1) മിനിറ്റ്സ് യൂഎസ് വിപണിയെ ദുര്‍ബലമാക്കുന്ന കാഴ്ചയാണ് മേയ് 22-ന് കണ്ടത്.

യുഎസ് ഡൗണ്‍ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് ഇന്നലെ 201.95 പോയിന്റ് ഇടിഞ്ഞ് 39671.04 പോയിന്റലെത്തി. കഴിഞ്ഞ വാരത്തില്‍ 40000 പോയിന്റിനു മുകളില്‍ റിക്കാര്‍ഡ് ക്ലോസിംഗ് നടത്തിയിരുന്നു.

പണപ്പെരുപ്പ റിസ്‌ക് നിലനില്‍ക്കുകയാണെന്നും ആവശ്യമെങ്കില്‍ പലിശനിരക്കു വര്‍ധനയാകാമെന്നും ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ പലിശയിലെ വെട്ടിക്കുറവ് ഇനിയും താമസിച്ചേക്കുമെന്ന വിലയിരുത്തലാണ് വിപണികളെ ഒന്നു കുലുക്കിയിട്ടുള്ളത്. രണ്ടുവര്‍ഷത്തെ ബോണ്ട് യീല്‍ഡ് 4.886 ശതമാനത്തിലേക്കും പത്തുവര്‍ഷത്തെ ബോണ്ട് യീല്‍ഡ് 4.434 ശതമാനത്തിലേക്കും ഉയര്‍ന്നിട്ടുണ്ട്.

ഡൗ ജോണ്‍സിന്റെ ചുവടുപിടിച്ച് എസ് ആന്‍ഡ് പി 500 സൂചികയും 14.4 പോയിന്റ് ഇടിവോടെ 5307.01 പോയിന്റിലെത്തി. മുന്നൂ ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിനാണ് തടവീണത്.

നാസ്ഡാക് കോംപോസിറ്റ് 31.08 പോയിന്റ് ഇടിവോടെ 16801.54 പോയിന്റിലാണ് ക്ലോസ് ചെയ്തത്. വിപണി അടച്ചതിനുശേഷം പുറത്തുവന്ന എന്‍വിഡിയ പ്രവര്‍ത്തനഫലം നാസ്ഡാക് ഫ്യൂച്ചേഴ്സ്, എസ് ആന്‍ഡ് പി ഫ്യൂച്ചേഴ്സ് തുടങ്ങിയവയ്ക്കു തുണയായിട്ടുണ്ട്. എന്നാല്‍ ഡൗ ഫ്യൂച്ചേഴ്സ് നെഗറ്റീവാണ്.

യുഎസ് വിപണി അടച്ചശേഷം പുറത്തുവന്ന എന്‍വിഡിയയുടെ ആദ്യക്വാര്‍ട്ടര്‍ ഫലം വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചമായിരുന്നു. വരുമാനം 2604 കോടി ഡോളറാണ്. പ്രതീക്ഷിച്ചിരുന്നത് 2465 കോടി ഡോളറായിരുന്നു. പ്രതിഓഹരി വരുമാനം 6.12 ഡോളറായി. പ്രതീക്ഷിച്ചിരുന്നത് 5.59 ഡോളറായിരുന്നു. ഏതായാലും എന്‍വിഡിയ ഓഹരി വില 1000 ഡോളറിനു മുകളില്‍ ആദ്യമായി എത്തി. പത്തു രൂപ മുഖവിലയുള്ള ഓഹരികള്‍ ഒരു രൂപ മുഖവിലയായി വിഭജിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. നടപ്പു ക്വാര്‍ട്ടറില്‍ 2800 കോടി ഡോളര്‍ വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് ഗൈഡന്‍സില്‍ പറയുന്നു.

യുഎസ് വിപണിക്ക് മുമ്പേ അടച്ച യൂറോപ്യന്‍ വിപണികളെല്ലാം തന്നെ ഇന്നലെ ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്ടിഎസ് ഇ യുകെ 46 പോയിന്റും സിഎസി ഫ്രാന്‍സ് 49 പോയിന്റും ഡാക്സ് ജര്‍മനി 47 പോയിന്റും താഴന്നാണ് ക്ലോസ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇവയുടെ ഫ്യൂച്ചേഴ്സ് എല്ലാം പോസീറ്റീവാണ്. എന്‍വിഡിയയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനഫലവും ഗൈഡന്‍സുമാണ് ഇതിനു തുണയായിട്ടുള്ളത്.

ബുധനാഴ്ച 320 പോയിന്റോളം ഇടിഞ്ഞു ക്ലോസ് ചെയ്ത ജാപ്പനീസ് നിക്കി ഇന്നു രാവിലെ ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 231 പോയിന്റ് മെച്ചത്തിലാണ്. എന്നാല്‍ കൊറിയന്‍ കോസ്പി നേരിയ താഴ്ചയില്‍ തുടരുമ്പോള്‍ ചെനീസ് ഷാംഗ്ഹായ് കോംപോസിറ്റ് നേരിയ ഉയര്‍ച്ചയിലാണ്. ഹോങ്കോംഗ് ഹാംഗ്സെംഗ്200 പോയിന്റ് താഴെയാണ്.

എഫ്ഐഐ വാങ്ങല്‍-വില്‍ക്കല്‍

വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 16061 കോടി രൂപയുടെ വാങ്ങലും 16747.5 കോടി രൂപയുടെ വില്‍ക്കലും നടത്തി. ദിവസത്തിനൊടുവില്‍ നെറ്റ് വില്‍പ്പന 686.04 കോടി രൂപയായി. ഇതോടെ മേയിലെ നെറ്റ് വില്‍പ്പന ഇതുവരെ 38186 കോടി രൂപയായി. മേയ് 17-ന് 1600 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിരുന്നു.

ഫിനാന്‍ഷ്യല്‍സ്, ഐടി, കണ്‍സ്ട്രക്ഷന്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, എഫ്എം സിജി തുടങ്ങിയ മേഖലകളിലാണ് വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയിട്ടുള്ളത്.

അതേ സമയം ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ മേയ് 22 വരെ 38331.06 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്. ഇന്നലെ 961.91 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ അവര്‍ നടത്തിയിരുന്നു. ഏപ്രിലില്‍ അവര്‍ 44186 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിരുന്നു.

നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍

എഫ് എംസിജി മേഖലയിലെ മുഖ്യ കമ്പനികളിലൊന്നായ ഐടിസിയുടെ നാലാം ക്വാര്‍ട്ടര്‍ ഫലം ഇന്നു പുറത്തുവരും. കേരളത്തില്‍നിന്നുള്ള മുത്തൂറ്റ് കാപ്പിറ്റലിന്റെ ഫലവും ഇന്നാണെത്തുക. പേജ് ഇന്‍ഡസ്ട്രീസ്, ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷന്‍, സിഇഎസ് സി, ഫിനോളക്സ് കേബിള്‍സ്, ഹൊനാസ കണ്‍സ്യൂമര്‍, കെപിഐ ഗ്രീന്‍ എനര്‍ജി ബാര്‍ബിക്യു, റേഡിയന്റ് കാഷ് മാനേജ്മെന്റ്, അമൃതാഞ്ജന്‍ ഹെല്‍ത്ത്കെയര്‍ തുടങ്ങി ഇരുപത്തിയൊന്നു കമ്പനികള്‍ ഇന്ന് ( മേയ് 23) ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടും.

വാര്‍ത്തകളില്‍ കമ്പനികള്‍

സണ്‍ഫാര്‍മ : പ്രതീക്ഷയ്ക്കൊത്ത നാലാം ക്വാര്‍ട്ടര്‍ പ്രകടനം കാഴ്ചവച്ച് സണ്‍ ഫാര്‍മ. മാര്‍ച്ചിലവസാനിച്ച നാലാം ക്വാര്‍ട്ടറില്‍ കമ്പനി 2654 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 1984 കോടി രൂപയേക്കാള്‍ 34 ശതമാനം കൂടുതലാണ്. വരുമാനം 10 ശതമാനം വര്‍ധിച്ച് 11983 കോടി രൂപയായി. കമ്പനി 5 രൂപ ഫൈനല്‍ ലാഭവീതവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഗോഡിജിറ്റ് ഇന്‍ഷുറന്‍സ് : കന്നി ഇഷ്യുവിന് മികച്ച പ്രതികരണം ലഭിച്ച ഗോഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ ഓഹരികള്‍ ഇന്നു ലിസ്റ്റി ചെയ്യും. ഇഷ്യുവിന് പത്തിരട്ടി അപേക്ഷകള്‍ റീട്ടെയില്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരില്‍നിന്നു ലഭിച്ചിരുന്നു. ഓഹരി നല്‍കിയിട്ടുള്ളത് 272 രൂപയ്ക്കാണ്.

ക്രൂഡോയില്‍ വിലയില്‍ താഴ്ച

ആഗോള ക്രൂഡോയില്‍ വിലയില്‍ ഇന്നലെ 0.93- 1.27 ശതമാനം വരെ ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 82.44 ഡോളറില്‍ നിന്ന് 81.23 ഡോളറിലേക്കു താഴ്ന്നു. ഡബ്ള്യു ടി ഐ ക്രൂഡ് ബാരലിന് 79.26 ഡോളറില്‍നിന്ന് 76.85 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. പണപ്പെരുപ്പം സംബന്ധിച്ച ആശയക്കുഴപ്പമാണ് ക്രൂഡോയില്‍ വിലയില്‍ ഇടിവുണ്ടാക്കിയിട്ടുള്ളത്.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.