21 May 2024 2:18 AM GMT
Summary
തെരഞ്ഞെടുപ്പു ഫലങ്ങളാണ് വിപണിക്കു ദിശ നല്‍കുക. അതുവരെ റേഞ്ച് ബൗണ്ടായി നീങ്ങുവാനുള്ള പ്രണതയാണ് കാണിക്കുന്നത്
മേയ് 18-ലെ പ്രത്യേക വ്യാപാരവും തെരഞ്ഞെടുപ്പു പ്രമാണിച്ച് ഒരു ദിവസത്തെ അവധിക്കും ശേഷമാണ് ഈ വാരത്തില്‍ വിപണി തുറക്കുവാന്‍ പോകുന്നത്. വ്യക്തമായ ദിശയില്ലാത്തതിനാല്‍ ആഗോള വിപണികളുടെ ചുവടുപിടിച്ചാവും വിപണി ഇന്ന് വ്യാപാരം ആരംഭിക്കുക.
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പു പൂര്‍ത്തിയായെങ്കിലും അതില്‍ വിപണിക്ക് ആദ്യ ഘട്ടങ്ങളിലെപ്പോലെ ആകാംക്ഷയും ആശങ്കയുമില്ല എന്നതാണ് വസ്തുത. ഇതുവരെ 430 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പു പൂര്‍ത്തിയായിരിക്കുകയാണ്. ഇനി രണ്ടു ഘട്ടങ്ങളിലായി 114 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പു നടക്കാനുള്ളത്. മേയ് 25, ജൂണ്‍ ഒന്ന് തീയതികളില്‍ ഇതു പൂര്‍ത്തിയാകും. ബിജെപിക്കു മുന്‍തൂക്കമുള്ള മേഖലകളിലാണ് തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നത്. അവിടെ വലിയ അട്ടിമറിയൊന്നും വിപണി പ്രതീക്ഷിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ ശാന്തത സൂചിപ്പിക്കുന്നത്.
ഇനി തെരഞ്ഞെടുപ്പു ഫലങ്ങളാണ് വിപണിക്കു ദിശ നല്‍കുക. അതുവരെ റേഞ്ച് ബൗണ്ടായി വിപണി നീങ്ങുവാനുള്ള പ്രണതയാണ് കാണിക്കുന്നത്. ആഗോള വിപണികളായിരിക്കും പ്രത്യേകിച്ച് യുഎസ് വിപണിയിലെ നീക്കങ്ങളവും ഇന്ത്യന്‍ വിപണിയെ തല്‍ക്കാലികമായി നയിക്കുക.
ഇന്ത്യന്‍ ഓഹരി വിപണിയുടെ ബഞ്ച് മാര്‍ക്കുകകളിലൊന്നായ നിഫ്റ്റി മേയ് 18-ലെ ഹൃസ്വവ്യാപാരത്തില്‍ 35.9 പോയിന്റ് മെച്ചപ്പെട്ട് 22502 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഈ വ്യാപാരത്തില്‍ നിഫ്റ്റി 22037 പോയിന്റ് വരെ എത്തിയശേഷം ശക്തമായി തിരിച്ചുവരികയായിരുന്നു.
സെന്‍സെക്‌സ് സൂചിക മേയ് 18-ന് 88.91 പോയിന്റ് നേട്ടത്തോടെ 74005.94 പോയിന്റില്‍ ക്ലോസ് ചെയ്തു.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
നാലഞ്ചു ദിവസങ്ങളായി ഓരോ ദിവസവും ഉയര്‍ന്ന ദിവസ പോയിന്റില്‍ തൊട്ടാണ് വിപണി മുന്നോട്ടു നീങ്ങിയിട്ടുള്ളത്. അതേപോലെ താഴ്ചകളുടെ നിലയും ഓരോ ദിവസവും ഉയര്‍ത്തിയാണ് വിപണി മുന്നോട്ടു പോയത്. എന്നാല്‍ അവസാന വ്യാപാരദിനത്തില്‍ കുത്തനെ താഴ്ന്നശേഷം തിരിച്ചു വന്ന് പോസീറ്റാവായി ക്ലോസ് ചെയ്യുകയായിരുന്നു. തലേവാരത്തിക്കാള്‍ ഏതാണ്ട് 447 പോയിന്റ് മെച്ചപ്പെട്ടാണ് ഈവാരത്തില്‍ നിഫ്റ്റി ക്ലോസ് ചെയ്തത്.
ഇതേ മൊമന്റം തുടരുകയാണെങ്കില്‍ നിഫ്റ്റിക്ക് 22600 പോയിന്റിലും തുടര്‍ന്ന് 22800 പോയിന്റിലും ശക്തമായ റെസിസ്റ്റന്‍സ് ഉണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ ആഗോള വിപണികളുടെ പിന്‍ബലത്തില്‍ തെരഞ്ഞെടുപ്പു ഫലം എത്തുന്നതിനു മുമ്പേ പുതിയ ഉയരങ്ങളിലേക്ക് നിഫ്റ്റി നീങ്ങിയാലും അതിശയിക്കേണ്ട്.
നിഫ്റ്റി താഴേയ്ക്കു നീങ്ങിയാല്‍ 22200-22300 നിലവാരത്തില്‍ പിന്തുണയുണ്ട്. തുടര്‍ന്ന് 21950-22050 നിലവാരത്തിലും പിന്തുണ പ്രതീക്ഷിക്കാം. 21700-21800 ശക്തമായ പിന്തുണയാണു നിലനില്‍ക്കുന്നത്. പല തവണ ഈ തലത്തില്‍ എത്തിയശേഷം വിപണി മികച്ച തിരിച്ചുവരവു നടത്തിയിട്ടുണ്ട്. ഈ തലത്തില്‍നിന്നാണ് റിക്കാര്‍ഡ് ഉയരമായ 22794 പോയിന്റിലേക്ക് മേയ് മൂന്നിന് എത്തിയത്. തുടര്‍ന്ന് ഈ തലത്തിലേക്ക് എത്തിയ നിഫ്റ്റി 22500-ന് മുകളിലേക്ക് എത്തിയിരിക്കുകയാണ്.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് സോണിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മേയ് 18-ലെ ആര്‍എസ്‌ഐ 56.16 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി കാര്യമായ വ്യ്ത്യാസമില്ലാതെയാണ് ഓപ്പണ്‍ ചെയ്തത്. തുടര്‍ന്ന പോസീറ്റീവ് സോണിലൂടെ നീങ്ങുകയാണ്. ഇന്ത്യന്‍ ഓഹരികള്‍ പോസീറ്റീവ് ആയി ഓപ്പണ്‍ ചെയ്യുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്. ഏഷ്യന്‍ വിപണികള്‍ പോസീറ്റീവായിട്ടാണ് തുറന്നിട്ടുള്ളത്. യുഎസ് , യുറോപ്പ്, ഏഷ്യന്‍ ഫ്യൂച്ചറുകള്‍ പൊതുവേ പോസീറ്റീവാണ്.
ഇന്ത്യ വിക്‌സ്
ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്‌സ് മേയ് 18-ന് 20.52 ആണ്. തലേ വ്യാപാരദിനത്തിലിത് 19.99 ആയിരുന്നു. ഏപ്രില്‍ 23-ന് 10.2 ആയിരുന്നു. തെരഞ്ഞെടുപ്പു അഞ്ചാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ചാഞ്ചാട്ടത്തിന്റെ അളവും കുറഞ്ഞിരിക്കുകയാണ്.
വിപണി മൂഡിനെ പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) മേയ് 18-ന് തലേ ദിവസത്തെ 1.23 -ല്‍നിന്ന് 1.24 ലേക്ക് ഉയര്‍ന്നിരിക്കുകയാണ്. . വിപണി ഇപ്പോഴും ബുള്ളുകളുടെ നിയന്ത്രണത്തിലാണെന്ന സൂചനയാണ് ഇതു നല്‍കുന്നത്.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
കഴിഞ്ഞ വാരത്തില്‍ 40000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്ത യുഎ്‌സ് ഡൗണ്‍ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് മേയ് 20-ന് തലേദിവസത്തെ 40003 പോയിന്റെന്ന റിക്കാര്‍ഡ് ക്ലാേസിംഗില്‍നിന്ന് 196.82 പോയിന്റ് കുറഞ്ഞാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ആദ്യക്വാര്‍ട്ടര്‍ വരുമാനം, സ്ഥിരതയാര്‍ന്ന ജോബ് വിപണി, കുറയുന്ന പണപ്പെരുപ്പ സമ്മര്‍ദ്ദം തുടങ്ങിയവയാണ് ഡൗ ജോണ്‍സിനെ റിക്കാര്‍ഡ് ഉയരത്തില്‍ എത്തിച്ചത്. ഇത് നിക്ഷേപകരില്‍ പ്രതീക്ഷ കൂട്ടിയിരിക്കുകയാണ്. അതു കൂടുതല്‍ നിക്ഷേപകരിലേക്കു പടരുകയാണുതാനും. ഈ വര്‍ഷം പലിശനിരക്കില്‍ വെട്ടിക്കുറവു സംഭവിക്കുന്നതോടെ യുഎസ് വിപണി കൂടുതല്‍ ഉയരത്തിലേക്കു നീങ്ങും. അതു ആഗോള വിപണികള്‍ക്കു തുണയാകും. 2024 സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമായിരിക്കുമെന്നു പല വിദഗ്ധരും കരുതുന്നു.
നാസ്ഡാക് കോംപോസിറ്റ് സൂചിക ഇന്നലെ റിക്കാര്‍ഡ് ഉയരത്തില്‍ എത്തി. ബുധനാഴ്ച എത്തുന്ന എന്‍വിഡിയ ക്വാര്‍ട്ടര്‍ഫലം, ഫെഡറല്‍ പോളിസി മീറ്റിംഗ് മിനുട്‌സ് എന്നിവ സംബന്ധിച്ച പ്രതീക്ഷകളാണ് നാസ്ഡാക് 109 പോയിന്റോളം ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. നാസ്ഡാക് ക്ലോസിംഗ് 16794.9 പോയിന്റ് റിക്കാര്‍ഡ് ക്ലോസിംഗാണ്. എസ് ആന്‍ഡ് പി 500 സൂചിക 4.86 പോയിന്റ് മെച്ചത്തോടെ 5308 പോയിന്റിലാണ് ക്ലോസ് ചെയ്തിട്ടുള്ളത്.
എന്നാല്‍ ഡൗ, നാസ്ഡാക് തുടങ്ങിയ യുഎസ് ഫ്യൂച്ചേഴ്‌സ് താഴ്ന്നു നില്‍ക്കുകയാണ്. എസ് ആന്‍ഡ് പി ഫ്യൂച്ചേഴ്‌സ് നേരിയ തോതില്‍ മെച്ചത്തിലാണ്.
എഫ്ടിഎസ്ഇ യുകെ, സിഎസി 40 ഫ്രാന്‍സ്, ഡാക്‌സ് ജര്‍മനി തുടങ്ങി മിക്ക യൂറോപ്യന്‍ വിപണികളും മേയ് 20-ന് പോസീറ്റീവാണ് ക്ലോസ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇവയുടെ ഫ്യൂച്ചേഴ്‌സ് ക്ലോസിംഗിന് ചുറ്റളവില്‍ കാര്യമായ വ്യത്യാസമില്ലാതെ തുടരുകയാണ്.
ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ പോസീറ്റാവായാണ് തുറന്നിട്ടുള്ളത്. മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത ജാപ്പനീസ് നിക്കി ഒരു മണിക്കൂര്‍ വ്യാപാരം കഴിഞ്ഞപ്പോള്‍ 160 പോയിന്റ് നേട്ടത്തിലാണ്. തിങ്കളാഴ്ച 282 പോയിന്റ് മെച്ചപ്പെട്ടാണ് നിക്കി ക്ലോസ് ചെയ്തിരുന്നത്്. എല്ലാ ഏഷ്യന്‍ വിപണികളും തിങ്കളാഴ്ച പോസീറ്റീവായിട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്.
ഇന്നു രാവിലെ നിക്കി പോസീറ്റീവായാണ് തുറന്നതെങ്കിലും കൊറിയന്‍ കോസ്പി 14 പോയിന്റും ഓസ്‌ട്രേലിയന്‍ ഓള്‍ ഓര്‍ഡറി 11.5 പോയിന്റ്ും താഴ്ന്നാണ് നില്‍ക്കുന്നത്. ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് 17 പോയിന്റ് ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ഹോങ്‌ഖോംഗ് ഹാംഗ്‌സെംഗ് 190 പോയിന്റ് താഴ്ന്നാണ ഓപ്പണ്‍ ചെയ്തിട്ടുള്ളത്.
എഫ്‌ഐഐ വാങ്ങല്‍-വില്‍ക്കല്‍
വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ വില്‍പ്പനത്തോത് ഗണ്യമായി കുറഞ്ഞുവെന്നു മാത്രമല്ല, മേയ് 17-ന് നെറ്റ് വാങ്ങലുകാരായിരിക്കുകയാണ്. അവര്‍ 1616 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. എന്നാല്‍ മേയ് 18 വരെ അവരുടെ നെറ്റ് വില്‍പ്പന 35625.42 കോടി രൂപയുടെ ഓഹരികളാണ്.
അതേ സമയം ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ ഈ മാസം എല്ലാ ദിവസവുംതന്നെ നെറ്റ് വാങ്ങലുകരായിരുന്നു. മേയില്‍ ഇതുവരെ അവരുടെ വാങ്ങല്‍ 33820 കോടി രൂപയുടേതാണ്. ഏപ്രിലില്‍ അവര്‍ 44186 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിരുന്നു.
നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍
ഭെല്‍, എന്‍എംഡിസി, ഇര്‍കോണ്‍, പിഐ ഇന്‍ഡസ്ട്രീസ്, ഗോദാവരി പവര്‍, ജെക് ടയര്‍, ഷീലാ ഫോം, റെലിഗര്‍ എന്റര്‍പ്രൈസസ്, ലക്ഷ്മി ഓര്‍ഗാനിക്‌സ്, അരവിന്ധ് ഫാഷന്‍സ്, തിലക് ഇന്‍ഡസ്ട്രീസ് തുടങ്ങി മുപ്പതോളം കമ്പനികള്‍ ഇന്ന് ( മേയ് 21) ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടും.
വാര്‍ത്തകളില്‍ കമ്പനികള്‍
ഒഎന്‍ജിസി : പൊതുമേഖല സ്ഥാപനമായ ഒഎന്‍ജിസിയുടെ സംയോജിത അറ്റാദായം 78 ശതമാനം വര്‍ധനയോടെ 11526 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിതേ കാലയളവിലിത് 6478.2 കോടി രൂപയായിരുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ കമ്പനിയുടെ അറ്റാദായം 11104.5 കോടി രൂപയായിരുന്നു. എന്നാല്‍ വരുമാനം നേരിയ വര്‍ധനയോടെ 1.66 കോടി രൂപയിലെത്തി. അഞ്ചു രൂപ മുഖവിലയുള്ള ഓഹരിയില്‍ കമ്പനി 2.5 രൂപ അവസാന ലാഭവീതം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഓയില്‍ ഇന്ത്യ : ഓയില്‍ ഇന്ത്യ ലിമിറ്റഡ് മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറില്‍ 2332.94 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 1979.74 കോടി രൂപയേക്കാള്‍ 17 ശതമാനം കൂടുതലാണിത്. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറിലെ 2607.7 കോടി രൂപയേക്കാള്‍ 10 ശതമാനം കുറവാണിത്. കമ്പനിയുടെ വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 16 ശതമാനം മെച്ചത്തോടെ 10166 കോടി രൂപയിലെത്തി.
സെയില്‍ : പൊതുമേഖല സ്റ്റീല്‍ കമ്പനിയായ സെയിലിന്റെ സംയോജിത അറ്റാദായം മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറില്‍ മൂന്നു ശതമാനം കുറഞ്ഞ് 1125.7 കോടി രൂപയിലെത്തി. ആഭ്യന്തര വിപണിയില്‍ സ്റ്റീല്‍ വില കുറഞ്ഞതും ചൈനീസ് മത്സരവുമാണ് ലാഭമാര്‍ജിനെ ബാധിച്ചത്. കമ്പനിയുടെ മൊത്തം വരുമാനം നാലു ശതമാനം കുറവോടെ 27958.5 കോടി രൂപയായി. കമ്പനി ഒരു രൂപ അവസാന ലാഭവീതവും പ്രഖ്യാപിച്ചു. കമ്പനിയുടെ ക്രൂഡ് സ്റ്റീല്‍ ഉത്പാദനം അഞ്ചു ശതമാനം വര്‍ധനയോടെ 19.2 ദശലക്ഷം ടണ്ണായി.
ഓഫീസ് സ്‌പേസ് സൊലൂഷന്‍സ് : വര്‍ക്ക് സ്‌പേസ് സൊലൂഷന്‍ നല്‍കുന്ന ഓഫിസ് സ്‌പേസ് സൊലൂഷന്‍സ് 599 കോടി രൂപയുടെ ഇഷ്യുമായി മേയ് 22-ന് വിപണിയിലെത്തും. ഇഷ്യു മേയ് 27-ന് അവസാനിക്കും. മെയില്‍ ബോര്‍ഡില്‍നിന്ന് ഈയാഴ്ച എത്തുന്ന ഇഷ്യുവാണിത്. എസ്് എം ഇ മേഖലയില്‍നിന്ന് ജിഎസ്എം ഫോയില്‍സ്11 കോടി രൂപയുടെ ഇഷ്യുമായി എത്തുകയാണ്.
ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് ഓഹരി മേയ് 23-ന് ലിസ്റ്റ് ചെയ്യും. ഇഷ്യു വില 272 രൂപയ്ക്കായിരിക്കും ഓഹരികള്‍ നല്‍കുക. കമ്പനിയുടെ 2615 കോടി രൂപയുടെ ഇഷ്യുവിന് 9.6 ഇരട്ടി അപേക്ഷകള്‍ ലഭിച്ചിരുന്നു.
ക്രൂഡോയിലും സ്വര്‍ണവും
ഇറാന്‍ പ്രസിഡന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് ആഗോള ക്രൂഡോയില്‍ വിപണിയില്‍ യൊതോരു ചലനവുമുണ്ടാക്കിയില്ല. ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 83.69 ഡോളറില്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ഡബ്‌ള്യു ടി ഐ ക്രൂഡ് ബാരലിന് 79.72 ഡോളറിലാണ്. ഇത് തലേ ദിവസത്തേക്കാള്‍ 0.1-0.4 ശതമാനം കുറവാണ്. സ്വര്‍ണവില ഔണ്‍സിന് 2.2 ഡോളര്‍ മെച്ചപ്പെട്ടു നില്‍ക്കുകയാണ്.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.