image

6 Sep 2024 2:25 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (സെപ്റ്റംബര്‍ 06)

MyFin Desk

Stock Market | Trade
X

Summary

റേഞ്ച് ബൗണ്ടായി നിഫ്റ്റി നീക്കം


ആഗോള വിപണികളിലേക്കുതന്നെയാണ് ഇന്ത്യന്‍ വിപണി ദിശയ്ക്കായി നോക്കുന്നത്. യുഎസ് വിപണി തന്നെയാണ് ഇന്ത്യന്‍ വിപണിക്കും മറ്റ് ആഗോള വിപണിക്കും ദിശ നല്‍കുക. ഇന്നു ജോബ് ഡേറ്റ വരുന്നത് യുഎസ് വിപണി കാത്തിരിക്കുകയാണ്. ദുര്‍ബലമായ തൊഴില്‍ സൃഷ്ടി സെപ്റ്റംബര്‍ 18-ലെ ഫെഡറല്‍ റിസര്‍വ് പലിശ നയ തീരുമാനത്തെ സ്വാധീനിക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. യുഎസ് സമ്പദ്ഘടനയുടെ ആരോഗ്യത്തെ സംബന്ധിച്ച ചിത്രവും ജോബ്ഡേറ്റ നല്‍കും. യുഎസ് സമ്പദ്ഘടനയുടെ ആരോഗ്യം മോശമാവുകയാണെങ്കില്‍ കൂടുതല്‍ ഉയര്‍ന്ന നിരക്ക് വെട്ടിക്കുറയ്ക്കലിലേക്ക് നയിക്കുമെന്ന് വിപണി കരുതുന്നു.

പണപ്പെരുപ്പത്തേക്കാള്‍ തൊഴില്‍ സൃഷ്ടി റിസ്‌കാണ് മുന്നിലുള്ളതെന്നാണ് യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യന്‍ വിപണി ഇന്നലെ

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ചുമാര്‍ക്ക് സൂചികയായ നിഫ്റ്റിയില്‍ ഇന്നലെ ഗ്യാപ് അപ് ഓപ്പണിംഗ് ആണ് ദൃശ്യമായതെങ്കിലും ഉയര്‍ന്ന തലത്തില്‍ അതു നിലനിര്‍ത്താന്‍ സാധിച്ചില്ല. താഴേയ്ക്കു പോകുകയാണുണ്ടായത്. ഇന്നലെ നിഫ്റ്റി 53.5 പോയിന്റ് നഷ്ടത്തില്‍ 25145.1 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ക്ലോസിംഗാകട്ടെ നിഫ്റ്റിയുടെ ദിവസത്തെ ഏറ്റവും താഴ്ചയ്ക്കടുത്താണ്.

പ്രധാനമായും നിഫ്റ്റി സൂചികയ്ക്കു പ്രതികൂലമായത് റിലയന്‍സിന്റെ ഇടിവാണ്. ഇതു മേക്ക അപ് ചെയ്തത് ഐടി ഓഹരികളായ ഇന്‍ഫോസിസ്, വിപ്രോ, ബാങ്ക് ഓഹരിയായ എച്ച് ഡിഎഫ്സി ബാങ്ക്, ഐടിസി എന്നിവയുടെ ഉയര്‍ച്ചയാണ്.

ഓട്ടോ കാപ്പിറ്റല്‍ ഗുഡ്സ്, എഫ്എംസിജി തുടങ്ങിയ മേഖലകളിലായിരുന്നു പ്രധാന വില്‍പ്പന. എന്നാല്‍ ബാങ്ക്, ഐടി എന്നിവ ഉള്‍പ്പെടെ മിക്ക മേഖലകളിലും ഓഹരി വിലകള്‍ നേരിയ തോതില്‍ മെച്ചപ്പെടുകയായിരുന്നു. മിഡ്കാപ്, സ്മോള്‍ കാപ് ഓഹരികള്‍ പൊതുവേ പോസീറ്റീവ് മനോഭാവത്തിലായിരുന്നു.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 151.48 പോയിന്റ് ഇടിവോടെ 82221.16 പോയിന്റില്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

ഗ്യാപ് ഓപ്പണിംഗ് ദൃശ്യമായ നിഫ്റ്റി ഇന്നലെ പൊതുവേ റേഞ്ച്ബൗണ്ടായാണ് നിങ്ങിയത്. വ്യാപാരത്തിനൊടുവില്‍ ദിവസത്തെ ഏറ്റവും താഴ്ചയ്ക്കു മുകളിലാണ് ക്ലോസ് ചെയ്തത്. മാത്രവുമല്ല, രണ്ടു ദിവസവും നിഫ്റ്റി 25300 പോയിന്റി നു മുകളിലേക്കു പോകുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചുമില്ല. എങ്കിലും നിഫ്റ്റി ഉയര്‍ന്ന ബോട്ടവും ഉയര്‍ന്ന ടോപ്പും സൃഷ്ടിച്ചാണ് വ്യാപാരം ക്ലോസ് ചെയ്തത്. വിപണിയുടെ താല്‍പര്യമില്ലായ്്മയോ എങ്ങോട്ടു പോകണമെന്നറിയാത്ത അവസ്ഥയെയാണ് ഇതു പ്രതിഫലിപ്പിക്കുന്നത്.

നിഫ്റ്റിയുടെ റിക്കാര്‍ഡ് ഉയര്‍ച്ചയായ 25333.65 പോയിന്റ് ഒരു റെസിസ്റ്റന്‍സായി മാറിയിരിക്കുകയാണ്. ഇന്നു വിപണി റിക്കാര്‍ഡ് ഉയരത്തിനു മുകളിലേക്ക് പോവുകയാണെങ്കില്‍ 25470 പോയിന്റും 25600 പോയിന്റും ലക്ഷ്യമായി മാറും.

നേരേ മറിച്ച് താഴ്ചയിലേക്കു നീങ്ങുകയാണെങ്കില്‍ 25080 പോയിന്റില്‍ ആദ്യ പിന്തുണ ലഭിക്കും. തുടര്‍ന്ന് 24930 പോയിന്റിലും 24800 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കാം.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 63.48 ആണ്. ബുള്ളീഷ് മോഡില്‍ തന്നെ നീങ്ങുകയാണ് നിഫ്റ്റി. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ഗ്യാപ് അപ് ഓപ്പണിംഗിലാണ് ബാങ്ക് നിഫ്റ്റിയുടേയും ഇന്നലത്തെത്തുടക്കം. നിഫ്റ്റിയെപ്പോലെതന്നെ നേട്ടം ഉയര്‍ന്ന തലത്തില്‍ നില്‍നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ബാങ്ക് നിഫ്റ്റി ഇന്നലെ 72.8 പോയിന്റ് മെച്ചത്തോടെ 51473.05 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഒരുമാസത്തിലധികമായി നിഫ്റ്റി 52000 പോയിന്റിനു താഴെ വ്യാപാരം ചെയ്യപ്പെടുകയാണ്.

ബാങ്ക് നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 51750 പോയിന്റും തുടര്‍ന്ന് 51910 പോയിന്റും റെസിസ്റ്റന്‍സുകളായി പ്രവര്‍ത്തിക്കും. ഇതു മറികടന്നാല്‍ അടുത്ത ലക്ഷ്യം 52020 പോയിന്റാണ്.

മറിച്ച് ഇന്ന് താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 51240 പോയിന്റില്‍ പിന്തുണ കിട്ടും. തുടര്‍ന്ന് 50950-51000 പോയിന്റിലും 50740 പോയിന്റിലും പിന്തുണകിട്ടും. ബാങ്ക് നിഫ്റ്റി സൈഡ്വേസ് ആയി നീങ്ങുവാനുള്ള പ്രവണതയാണ് കാണിക്കുന്നത്. ഒരു തീരുമാനമില്ലായ്മയാണ് ബാങ്ക് നിഫ്റ്റിയില്‍ ദൃശ്യമാകുന്നതെന്ന് ചുരുക്കം.ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 56.04 ആണ്. ബെയറീഷ് മൂഡില്‍നിന്നു ബാങ്ക് നിഫ്റ്റി പതിയെ പുറത്തുകടന്നിരിക്കുകയാണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 19.5 പോയിന്റ് താഴ്ന്നാണ്.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് ഇന്നലെ 1.18 ശതമാനം താഴ്ന്ന് 14.21-ലെത്തി. ബുധനാഴ്ചയിത് 14.38 ആയിരുന്നു. ഇന്നലെ മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത വിപണി പതിയ താഴ്ചയിലേക്കു പോവുകയായിരുന്നു. നീക്കം റേഞ്ച് ബൗണ്ടുമായിരുന്നു.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.33-ലേക്ക് കുതിച്ചുയര്‍ന്നു. ബുധനാഴ്ചയിത് 1.08 ആയിരുന്നു. പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

ഇന്നു ജോബ് ഡേറ്റ എത്താനിരിക്കേ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും താഴ്ചയില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്. ഡൗ ഇന്നലെ 219.22 പോയിന്റ് ഇടിവോടെ 40755.75 പോയിന്റില്‍ ക്ലോസ് ചെയ്തു. ഒരവസരത്തില്‍ 40500 പോയിന്റിനടുത്തേക്ക് ഡൗ എത്തിയിരുന്നു.

എന്നാല്‍ നാസ്ഡാക് 43.37 പോയിന്റ് മെച്ചപ്പെട്ട് ക്ലോസ് ചെയ്തപ്പോള്‍ എസ് ആന്‍ഡ് പി 16.66 പോയിന്റ് താഴ്ന്നു ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് എല്ലാം താഴ്ചയിലാണ് നീങ്ങുന്നത്.

ഇന്നലെ യൂറോപ്യന്‍ വിപണികള്‍ എല്ലാംതന്നെ താഴ്ന്നാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 27.89 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 2.54 പോയിന്റും സിഎസി ഫ്രാന്‍സ് 69.01 പോയിന്റും ജര്‍മന്‍ ഡാക്സ് 15.35 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്.

യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം ചുവപ്പിലാണ്.

ഏഷ്യന്‍ വിപണികള്‍

ഇന്നു രാവിലെ 150-ലധികം പോയിന്റ് ഉയര്‍ന്നാണ് ജാപ്പനീസ് നിക്കി ഓപ്പണ്‍ ചെയ്തതെങ്കിലും ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കിയപ്പോള്‍ 13.7 പോയിന്റ് നേട്ടത്തിലാണ്. എന്നാല്‍ കൊറിയന്‍ കോസ്പി 26.8 പോയിന്റു താഴെയാണ്. ചൈനീസ് ഷാങ്ഹായ് സൂചിക 2.87 പോയിന്റു മെച്ചപ്പെട്ടുനില്‍ക്കുകയാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ചെറിയ തോതിലാണെങ്കിലും ഇന്നലെ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ 689 കോടി രൂപയുടെ നെറ്റ് വില്‍പ്പനക്കാരായിരുന്നു.

ഇന്നലെ അവര്‍ 17446.87 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 18135.56 കോടി രൂപയുടെ ഓഹരി വില്‍ക്കുകയും ചെയ്തു. സെപ്റ്റംബറിലെ അവരുടെ നെറ്റ് വാങ്ങല്‍ ഇതോടെ 2851.42 കോടി രൂപയായി

ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ 2970 കോടി രൂപയുടേതായിരുന്നു. അവര്‍ ഇന്നലെ 14803.18 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 11832.44 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. ഇതോടെ സെപ്റ്റംബറില്‍ അവരുടെ നെറ്റ് വാങ്ങല്‍ 5240.67 കോടി രൂപയായി ഉയര്‍ന്നു.

ക്രൂഡോയില്‍ വില

ഒമ്പതു മാസത്തെ താഴ്ചയിലെത്തിയ ക്രൂഡോയില്‍ വില ഇന്നും നേരിയ തോതില്‍ താഴ്ന്നിരിക്കുകയാണ്. ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 72.73 ഡോളറാണ്. ഇന്നലെ രാവിലെയത് 73.01 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്ള്യുടിഐ ബാരലിന് 69.12 ഡോളറുമാണ്. ഇന്നലെയത് 69.84 ഡോളറായിരുന്നു.

ആഗോള ക്രൂഡോയില്‍ വിപണിയില്‍ ഒരു ബയറീഷ് മനോഭാവം നില്‍നില്‍ക്കുകയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആഗോള സമ്പദ്ഘടനയില്‍നിന്ന്, പ്രത്യേകിച്ച വലിയ സമ്പദ്ഘടനയില്‍നിന്നു വരുന്ന കണക്കുകള്‍ വളര്‍ച്ചാമാന്ദ്യത്തിന്റേതാണ്. ഇതു ഡിമാണ്ട് കുറയ്ക്കുമെന്ന ഭയമാണ് വിലയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. ഒപ്പെക് പ്ലസ് രാജ്യങ്ങള്‍ സ്വയമേ എടുത്തിരുന്ന ഉത്പാദന നിയന്ത്രണം പിന്‍വലിക്കുമെന്ന വാര്‍ത്തയും ക്രൂഡ് വിപണിയെ ബെയറീഷ് മോഡിലേക്കു തള്ളുകയാണ്.

ക്രൂഡോയില്‍ വില കുറയുന്നത് ഈ മേഖലയിലേക്കുള്ള നിക്ഷേപത്തെ ബാധിക്കുമെന്നും അതു ഭാവിയില്‍ എനര്‍ജി ദുരത്തിലേക്കു വഴിതെളിക്കുമെന്നു എക്സോണ്‍ കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കും.

ഇന്ത്യന്‍ രൂപ ഇന്നലെ

റിസര്‍വ് ബാങ്ക് രൂപയെ ഡോളറിനെതിരേ നേരിയ റേഞ്ചില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപെടല്‍, രൂപയെ റിക്കാര്‍ഡ് താഴ്ചയില്‍നിന്നു തടയുകയാണ്. വ്യാഴാഴ്ച ഡോളറിന് 83.97 രൂപയാണ് വില. ഒരവസരത്തില്‍ 83.98 വരെ എത്തിയിരുന്നു. ഡോളര്‍ ലോക കറന്‍സികള്‍ക്കെതിരേ ദുര്‍ബലമായതാണ് രൂപയുടെ താഴ്ച തടഞ്ഞത്. ബുധനാഴ്ച ഡോളറിന് 84.01 രൂപ വരെ എത്തിയിരുന്നു.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.