image

3 Sep 2024 2:24 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (സെപ്റ്റംബര്‍ 03)

Joy Philip

market this week (july 29-august 04) trade morning
X

Summary

വിപണിയില്‍ റേഞ്ച് ബൗണ്ട് നീക്കം


ലോകത്തെ മുഖ്യവിപണികളിലൊന്നായ യുഎസ് വിപണികള്‍ക്ക് ലേബര്‍ ദിനം പ്രമാണിച്ച് അവധിയായതിനാല്‍തന്നെ ആഗോള വിപണിയില്‍ ഇന്നലെ ഉത്സാഹക്കുറവാണ് ദൃശ്യമായത്. ജാപ്പനീസ്, യൂറോപ്യന്‍ വിപണികളെല്ലാം നേരിയ തോതില്‍ മെച്ചപ്പെട്ടു. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണിയും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.

സമ്പദ്ഘടനയില്‍നിന്നുള്ള വാര്‍ത്തകള്‍ അത്ര സുഖകരമല്ല. എച്ച് എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ ഓഗസ്റ്റില്‍ 57.5-ല്‍ നില്‍ക്കുകയാണ്. ജൂലൈയിലിത് 58.1 ആണ്. ഈ മേഖല വളര്‍ച്ചയിലാണെങ്കിലും നല്ല മെച്ചപ്പെടല്‍ ഉണ്ടാവേണ്ടിയിരിക്കുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ആദ്യക്വാര്‍ട്ടര്‍ ജിഡിപി വളര്‍ച്ചയും ( 6.7 ശതമാനം) അഞ്ചു ക്വാര്‍ട്ടറുകളിലെ ഏറ്റവും കുറഞ്ഞതാണെന്നതും ഇതുമായി കൂട്ടിവായിക്കണം.

ആഗോള സമ്പദ്ഘടനയില്‍നിന്നുള്ള വാര്‍ത്തകളും വളര്‍ച്ച കുറയുന്നതിനെ സാധൂകരിക്കുന്നതാണ്. ചൈനീസ് മാനുഫാക്ചറിംഗ് പിഎംഐ ആറു മാസത്തെ താഴ്ചയില്‍ ആണ്. ഉത്പാദനം ചുരുങ്ങിയിരിക്കുന്ന സൂചനയാണ് നല്‍കുന്നത്. പിഎംഐ 49.1 ആണ്. തലേമാസത്തിലിത് 49.4 ആയിരുന്നു.

ലേബര്‍ ഡേ പ്രമാണിച്ച് യുഎസ് വിപണിക്ക് ഇന്നലെ അവധിയായിരുന്നു. അതിനാല്‍ തന്നെ ആഗോളവിപണി ഉത്സാഹരഹിതമായിരുന്നുവെന്നു പറയാം. യുഎസ് മാനുഫാക്ചറിംഗ് പിഎംഐ ഇന്നെത്തും. ഈ വാരവാസാനത്തോടെ ജോബ് ഡേറ്റകളുമെത്തും. യുഎസ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിന്റെ അളവു തീരുമാനിക്കുന്നതിനെ ഇതു സ്വാധീനിക്കും.

എന്തായാലും ഇന്ത്യന്‍ വിപണി ഉള്‍പ്പെടെ ആഗോള വിപണി യുഎസ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കലിനായി കാത്തിരിക്കുകയാണ്. വിപണിയുടെ അടുത്ത ട്രിഗര്‍ അതായിരിക്കും. സെപ്റ്റംബര്‍ 18-നാണ് ഇതു സംബന്ധിച്ച ഫെഡറല്‍ റിസര്‍വ് തീരുമാനമെത്തുക.

ഇന്ത്യന്‍ വിപണി

പുതിയ ആഴ്ചയുടെ തുടക്കം മോശമായില്ല. തുടര്‍ച്ചയായ പതിമൂന്നാമത്തെ ദിവസമാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി മെച്ചപ്പെട്ട് ക്ലോസ് ചെയ്യുന്നത്. ഇന്നലെ 42.8 പോയിന്റ് മെച്ചത്തോടെ 25278.70 പോയിന്റില്‍ ക്ലോസ് ചെയ്തു. റിക്കാര്‍ഡ് ക്ലോസിംഗാണിത്. കഴിഞ്ഞവാരത്തിലെ ഏല്ലാ ദിവസവും തന്നെ ഉയര്‍ന്ന ടോപ്പും ഉയര്‍ന്ന ബോട്ടവും സൃഷ്ടിച്ച നിഫ്റ്റി ആഴ്ചയിലെ ആദ്യവ്യാപാരത്തിലും നില തെറ്റിച്ചില്ല. ഉയര്‍ന്ന ടോപ്പും ബോട്ടവും സൃഷ്ടിച്ചായിരുന്നു

ക്ലോസിംഗ്. വിപണിയിലെ പൊതു പോസീറ്റീവ് മനോഭാവത്തിനു ഇതുവരെയും ഊനം തട്ടിയിട്ടില്ല. എങ്കിലും മിഡ്കാപ്, സ്മോള്‍ കാപ് ഓഹരികള്‍ ഇന്നലെ കുറഞ്ഞത് ശ്രദ്ധിക്കേണ്ട കാര്യമാണ്. മാത്രവുമല്ല, ഓപ്പണിംഗില്‍ നിന്ന് താഴേയ്ക്കു നീങ്ങുകയായിരുന്നു വിപണി പൊതുവേ. സെക്ടര്‍ സൂചികകളുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ബാങ്ക്, ഐടി ഓഹരികളാണ് ഇന്നലെ മെച്ചപ്പെട്ടത്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 194.07 പോയിന്റ് നേട്ടത്തോടെ 82559.84 പോയിന്റില്‍ ക്ലോസ് ചെയ്തു. തുടര്‍ച്ചയായ പത്താം ദിവസമാണ് സെന്‍സെക്സ് മെച്ചപ്പെട്ടു ക്ലോസ് ചെയ്യുന്നത്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

ഇന്നലെത്തെ വിപണിയുടെ പ്രകടനം എല്ലാ വിഭാഗത്തേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരുന്നില്ല. മിഡ്കാപ്, സ്മോള്‍ കാപ് ഓഹരികള്‍ നേരിയ ഇടിവു കാണിക്കുകയാണ് ചെയ്തത്. ബാങ്ക്, ഐടി മേഖലകളിലെ ലാര്‍ജ് കാപ് ഓഹരികളാണ് നിഫ്റ്റിയെ ഉയര്‍ത്തി നിര്‍ത്തിയത്.

ഇന്നലെത്തെ മൊമന്റം ഇന്നും തുടരുകയാണെങ്കില്‍ നിഫ്റ്റിക്ക് 25300 പോയിന്റിനു മുകളില്‍ ശക്തമായി എത്തേണ്ടിയിരിക്കുന്നു. നിഫ്റ്റിക്ക് 25350-25450 തലത്തില്‍ ശക്തമായ റെസിസ്റ്റന്‍സ് ഉണ്ട്. ഇതു മറികടന്നാല്‍ 25550 പോയിന്റിലേക്ക് എത്താം.

ഇന്നു നിഫ്റ്റി താഴേയക്കു നീങ്ങുകയാണെങ്കില്‍ 25130 പോയിന്റില്‍ ആദ്യ പിന്തുണ ലഭിക്കും തുടര്‍ന്ന് 25000 പോയിന്റിനു ചുറ്റളവില്‍ ശക്തമായ പിന്തുണയുണ്ട്. അതിനു താഴേയ്ക്കു പോയാല്‍ 24800 പോയിന്റില്‍ പിന്തുണ പ്രതീക്ഷിക്കാം.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 67 ആണ്. ബുള്ളീഷ് മോഡില്‍ തന്നെ നീങ്ങുകയാണ് നിഫ്റ്റി.

ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റി ഇന്നലെ 88.55 പോയിന്റ് ച്ചെത്തോടെ 51439.55 പോയിന്റിലാണ് ക്ലോസ് ചെയ്തത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ബാങ്ക് നിഫ്റ്റി മെച്ചപ്പെട്ടു ക്ലോസ് ചെയ്യുന്നത്. എങ്കിലും ബാങ്ക് നിഫ്റ്റി സൂചികയില്‍ ശക്തമായ റെസിസ്റ്റന്‍സ് പലപ്പോഴുംഅനുഭവപ്പെടുന്നുണ്ട്. താല്‍ക്കാലികമാണെങ്കിലും ഒരു മടുപ്പ് ബാങ്ക് നിഫ്റ്റിയില്‍ പ്രകടമാണ്.

ബാങ്ക് നിഫ്റ്റി ഇന്നു ഇതേ മൊമന്റം നിലനിര്‍ത്തുകയാണെങ്കില്‍ 51700 പോയിന്റിലേക്ക് ഉയരാം. തുടര്‍ന്ന് 51950-52000 തലത്തിലേക്ക് ഉയരാം.

മറിച്ച് ഇന്ന് താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 51000 പോയിന്റ് ശക്തമായ സപ്പോര്‍ട്ടായി പ്രവര്‍ത്തിക്കും. തുടര്‍ന്ന് 50800 പോയിന്റിലും 50500 പോയിന്റിലും പിന്തുണകിട്ടും.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 56.9 ആണ്. ബെയറീഷ് മൂഡില്‍നിന്നു ബാങ്ക് നിഫ്റ്റി പതിയെ പുറത്തുകടന്നിരിക്കുകയാണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ മൂന്നു പോയിന്റ് താഴ്ന്നാണ്.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് ഇന്നലെ കുതിച്ചുയര്‍ന്നു. ഇന്നലെ 4.98 ശതമാനം ഉയര്‍ന്ന് 14.06-ലെത്തി. വെള്ളിയാഴ്ചയിത് 13.39 ആയിരുന്നു.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.18-ലേക്ക് ഇടിഞ്ഞു. വെള്ളിയാഴ്ച 1.41 ആയിരുന്നു. പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

ലേബര്‍ ദിനം പ്രമാണിച്ച് യുഎസ് ഓഹരി വിപണിക്ക് ഇന്നലെ അവധിയായിരുന്നു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് എല്ലാം ചവുപ്പിലാണ് നീങ്ങുന്നത്.

യൂറോപ്യന്‍ വിപണി സമ്മിശ്രമായിരുന്നു. എഫ്ടിഎസ്ഇ യുകെ 12.79 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 52.07 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്. എന്നാല്‍ സിഎസി ഫ്രാന്‍സ് 15.47 പോയിന്റും ജര്‍മന്‍ ഡാക്സ് 23.93 പോയിന്റും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം ചുവപ്പിലാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

ഇന്നലെ രാവിലെ വളരെ ഉയര്‍ന്നാണ് ജാപ്പനീസ് നിക്കി ഓപ്പണ്‍ ചെയ്തത്. നേരിയ തോതില്‍ ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നു രാവിലെ 45 പോയിന്റ് ഉയര്‍ച്ചയില്‍ ഓപ്പണ്‍ ചെയ്ത നിക്കി ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയായപ്പോള്‍ 255.2 പോയിന്റ് മെച്ചപ്പെട്ടു നില്‍ക്കുകയാണ്.

കൊറിയന്‍ കോസ്പി 3.75 പോയിന്റു ഉയര്‍ന്നാണ്. സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 92.3 പോയിന്റും ചൈനീസ് ഷാങ്ഹായ് സൂചിക 4.2 പോയിന്റും താഴ്ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ഇന്നലെ വിദേശനിക്ഷേപകസ്ഥാപനങ്ങലും ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളും ഒരേപോലെ നെറ്റ് വാങ്ങലുകാരായിരുന്നു. വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ 13772.63 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 12037.17 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. നെറ്റ് വാങ്ങല്‍ 1735.46 കോടിരൂപ. വെള്ളിയാഴ്ച എഫ്ഐഐ നെറ്റ് വാങ്ങല്‍ 5318 കോടി രൂപയുടേതായിരുന്നു. ഓഗസ്റ്റില്‍ ഇവരുടെ നെറ്റ് വില്‍പ്പന 21368.51 കോടി രൂപയുടേതാണ്.

അതേസമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ 356.37 കോടി രൂപയാണ്. അവര്‍ 12538.52 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 12182.15 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു.

ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ വെള്ളിയാഴ്ച 3198.07 കോടി രൂപയുടെ നെറ്റ് വില്‍പ്പനയാണ് നടത്തിയത്. ഓഗസ്റ്റില്‍ അവരുടെ നെറ്റ് വാങ്ങല്‍ 48278.65 കോടി രൂപയുടെ ഓഹരികളാണ്.

സാമ്പത്തിക വാര്‍ത്തകള്‍

ധനകമ്മി കുറഞ്ഞു: ആദ്യ നാലു മാസക്കാലത്ത് ( ഏപ്രില്‍- ജൂലൈ) ധനകമ്മി മുഴുവര്‍ഷ അനുമാനത്തിന്റെ 17.2 ശതമാനമാണ്. മുന്‍വര്‍ഷമിതേ കാലയളവിലിത് 33 ശതമാനമായിരുന്നു. അതായത് ആദ്യ നാലുമാസക്കാലത്തെ ധനകമ്മി മുന്‍വര്‍ഷമിതേ കാലയളവിലെ 2.11 ലക്ഷം കോടി രൂപയില്‍നിന്ന് 1.61 ലക്ഷം കോടി രൂപയായി കുറഞ്ഞു. തെരഞ്ഞെടുപ്പും മറ്റും മൂലം മൂലധനച്ചെലവ് ഉള്‍പ്പെടെയുള്ള ഗവണ്‍മെന്റ് ചെലവുകള്‍ കുറഞ്ഞതാണ് ധനകമ്മി കുറച്ചത്. മൂലധന ച്ചെലവ് ഈ കാലയളവില്‍ 16.3 ശതമാനം കുറഞ്ഞു. വരുംമാസങ്ങളില്‍ ഇത് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധനകമ്മി കുറഞ്ഞത് ഗവണ്‍മെന്റ് കടമെടുപ്പ് കുറയ്ക്കുകയും പലിശ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 4.9 ശതമാനം ധനകമ്മിയാണ് ബജറ്റില്‍ കണക്കാക്കിയിട്ടുള്ളത്. ഇതു നേടാന്‍ കഴിയുമെന്ന് ഫിച്ച് റേറ്റിംഗ് കണക്കാക്കുന്നു.

കാര്‍ഷികമേഖല പദ്ധതി: ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മിഷന്‍ ഉള്‍പ്പെടെ ഏഴു പ്രധാന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇവയുടെ മൊത്തം പദ്ധതിച്ചെലവ് 14000 കോടിയോളം രൂപയാണ്.

ഇന്ത്യന്‍ വളര്‍ച്ച 6.7 ശതമാനമാകും: ഇന്ത്യന്‍ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാളും കുറഞ്ഞ വേഗത്തിലായിരിക്കുമെന്നു നിക്ഷേപകസ്ഥാപനമായ നൊമുറ അനുമാനിക്കുന്നു. നടപ്പുവര്‍ഷം 6.7 ശതമാനം വളര്‍ച്ചയാണ് നൊമുറ അനുമാനിക്കുന്നത്. ഗവണ്‍മെന്റ് ചെലവഴിക്കല്‍ വര്‍ധിച്ചാലും കമ്പനികളുടെ കുറഞ്ഞ ലാഭവളര്‍ച്ചയും ഇടത്തരം വായ്പ വളര്‍ച്ചയും ജിഡിപി വളര്‍ച്ചാത്തോതിനെ ബാധിക്കുമെന്ന് നൊമുറ പറയുന്നു. നടപ്പുവര്‍ഷം ഇന്ത്യന്‍ ജിഡിപി വളര്‍ച്ച 6.5 ശതമാനമായിരിക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സും ജെപി മോര്‍ഗനും കണക്കാക്കുന്നത്.

എസ് ആന്‍ഡ് പി ഗ്ലോബര്‍ അനുമാനം: ആദ്യക്വാര്‍ട്ടറില്‍ ഇന്ത്യന്‍ ജിഡിപി വളര്‍ച്ച ( 6.7 ശതമാനം) മുന്‍വര്‍ഷം ഇതേ കാലയളവിനെ ( 7.8 ശതമാനം) അപേക്ഷിച്ച് കുറഞ്ഞുവെങ്കിലും നടപ്പുവര്‍ഷം 6.8 ശതമാനം വളര്‍ച്ച നേടുമെന്ന് നിക്ഷേപ റിസേര്‍ച്ച് സ്ഥാപനമായഎസ് ആന്‍ഡ് പി ഗ്ലോബര്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് വിലയിരുത്തുന്നു.

വിദേശനാണ്യശേഖരം: ഇന്ത്യയുടെ വിദേശനാണ്യശേഖരം റിക്കാര്‍ഡ് ഉയരത്തിലെത്തി. ഓഗസ്റ്റ് 23-ന് അവസാനിച്ച വാരത്തില്‍ 68168.8 കോടി ഡോളറാണ്. ഇതി തലേവാരത്തേക്കാള്‍ 702.3 കോടി ഡോളര്‍ കൂടുതലാണ്. ഇതു സര്‍വകാല റിക്കാര്‍ഡ് ആണ്. 2024-ല്‍ ഇതുവരെ 6000 കോടി ഡോളറിന്റെ വര്‍ധനയാണ് വിദേശനാണ്യ ശേഖരത്തിലുണ്ടായിരിക്കുന്നത്.

കമ്പനി വാര്‍ത്തകള്‍

ജെ എസ് ഡബ്ള്യു സിമന്റ്: ജെഎസ് ഡബ്ള്യു സിമന്റിന്റെ ഓഫര്‍ ഫോര്‍ സെയില്‍ ഉള്‍പ്പെടെയുള്ള 4000 കോടി രൂപയുടെ പബ്ളിക് ഇഷ്യു സെബി തല്‍ക്കാലം മരവിപ്പിച്ചു. ഇതിനു വ്യക്തമായ കാരണങ്ങള്‍ പറഞ്ഞിട്ടില്ല. ഓഗസ്റ്റ് 16-നാണ് കമ്പനി ഇഷ്യുവിനായി ആവശ്യമായ പേപ്പറുകള്‍ സമര്‍പ്പിച്ചത്.

ക്രൂഡോയില്‍ വില

ഡിമാണ്ട് സംബന്ധിച്ച ആശങ്കകള്‍ ക്രൂഡോയില്‍ വിപണിയില്‍ നിലനില്‍ക്കുകയാണ്. ഇന്നലെ പുറത്തുവിട്ട ചൈനീസ് മാനുഫാക്ചറിംഗ് കണക്കുകള്‍ ചൈനീസ് ഡിമാണ്ടിനെക്കുറിച്ച് വലിയ ആശങ്കയുയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബ്രെന്റ് ക്രൂഡ് 80 ഡോളറിനു മുകളിലേക്കു പോകുവാന്‍ വലിയ പോരാട്ടമാണ് നടത്തുന്നത്. പല നിക്ഷേപ സ്ഥാപനങ്ങളും എണ്ണവിപണിയെക്കുറിച്ച് അശുഭാപ്തി വിശ്വാസമുള്ളവരാണ്.

ഇന്നു രാവിലെ ബ്രെന്റ് ക്രൂഡിന് ബാരലിന് 77.25 ഡോളറാണ്. തിങ്കളാഴ്ച 76.44 ഡോളറായിരുന്നു. ഡബ്ള്യുടിഐ ക്രൂഡിന് 73.96 ഡോളറാണ് വില. ഇന്നലെ രാവിലെ ഇത് 73.12 ഡോളറായിരുന്നു.

ക്രൂഡോയില്‍ വില കുറയുന്നത് ഈ മേഖലയിലേക്കുള്ള നിക്ഷേപത്തെ ബാധിക്കുമെന്നും അതു ഭാവിയില്‍ എനര്‍ജി ദുരത്തിലേക്കു വഴിതെളിക്കുമെന്നു എക്സോണ്‍ കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ രൂപ ഇന്നലെ

രൂപ ഡോളറിനെതിരേ തിങ്കളാഴ്ച രാവിലെ നേരിയ ഇടിവു കാണിച്ചു. വെള്ളിയാഴ്ച 83.85 രൂപയായിരുന്നു ഡോളറിന് വില. ഇന്നലെ തുടക്കത്തില്‍ 83.88 രൂപയായി ഇടിഞ്ഞു. തുടര്‍ന്നും രൂപ ദുര്‍ബലമാകുകയായിരുന്നു. വെകുന്നേരം 83.92 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ്. എന്നാല്‍ ശക്തമായി ഓഹരി വിപണിയും ഫണ്ട് വരവും യുഎസ് ഡോളര്‍ മറ്റ് കറന്‍സികള്‍ക്കെതിരേ ദുര്‍ബലമായതും രൂപയുടെ ഇടിവിന്റെ ആക്കം കുറച്ചു. ഏതാനും ആഴ്ചകളായി രൂപ നേരിയ റേഞ്ചില്‍ കണ്‍സോളിഡേറ്റ് ചെയ്യുകയാണ്. ക്രൂഡോയില്‍ വില കുറഞ്ഞതും രൂപയ്ക്കു ആശ്വാസം പകര്‍ന്നു. ഫെഡറല്‍ പലിശ നിരക്ക് വലിയതോതില്‍ വെട്ടിക്കുറയ്ക്കുകയില്ലെന്ന വിലയിരുത്തലും രൂപയുടെ കുത്തനെയുള്ള ഇടിവിന് തടയുവാന്‍ സഹായിച്ചു.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.