21 Jun 2024 2:43 AM GMT
Summary
ക്ളോസിംഗ് റിക്കോര്‍ഡ് എങ്കിലും നീക്കം റേഞ്ച് ബൗണ്ട്
ഇന്ത്യന്‍ ഓഹരി വിപണിയുടെ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി റിക്കാര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തെങ്കിലും റേഞ്ച് ബൗണ്ട് നീക്കത്തിലേക്കു വീണിരിക്കുകയാണ്. ഇതില്‍ നിന്നു പുറത്തുവന്ന് പുതിയ ഉയരങ്ങള്‍ സൃഷ്ടിക്കുവാന്‍ ( ആദ്യം 24000 മറികടക്കല്‍) അനുകൂലമായ മികച്ച വാര്‍ത്തകള്‍ഉണ്ടാകേണ്ടിയിരിക്കുന്നു.
അടുത്തയാഴ്ചത്തെ പാര്‍ലമെന്റ് സമ്മേളനം വിപണി ഉറ്റു നോക്കുകയാണ്. സ്പീക്കര്‍ തെരഞ്ഞെടുപ്പ് കടമ്പകളില്ലാതെ കടന്നാല്‍ വിപണി പുതിയ ഉയരങ്ങള്‍ സഷ്ടിക്കും. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്ട്പതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്യുന്നുണ്ട്. മോദി സര്‍ക്കാരിന്റെ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള സമീപനത്തെക്കുറിച്ചുള്ള സൂചനകള്‍ അതിലുണ്ടാവും. അതു വിപണിയുടെ ഗതി നിര്‍ണയിക്കുന്നതിനു സഹായകരമാകും.
വിപണി ഇന്നലെ
നിഫ്റ്റി 50 സൂചിക ഇന്നലെ റിക്കാര്‍ഡ്് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. തലേവദിവസത്തേക്കാള്‍ 51 പോയിന്റ് മെച്ചപ്പെട്ട് 23567 പോയിന്റില്‍. എന്നാല്‍ ഇന്നലെ തലേദിവസത്തെ ഉയര്‍ന്ന പോയിന്റായ 23664 മറികടക്കാന്‍ നിഫ്റ്റിക്കു സാധിച്ചില്ല. 23624 പോയിന്റുവരെ എത്തുവാനേ സാധിച്ചുള്ളു. ജൂണ്‍ 18-ലെ 23557.9 പോയിന്റായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ക്ലോസിംഗ്.
ബിഎസ് ഇ സെന്‍സെക്സ് 141.34 പോയിന്റ് മെച്ചത്തോടെ 77478.93 പോയിന്റില്‍ ക്ലോസ് ചെയ്തു. ബാങ്ക് ഓഹരികളാണ് ഇന്നലെ വിപണിക്ക് കരുത്തു പകര്‍ന്നത്. ഐടി നേരിയ തോതില്‍ ഉയര്‍ന്നപ്പോള്‍. ഓട്ടോ, ഫാര്‍മ, പിഎസ യു ബാങ്കുകള്‍ തുടങ്ങിയ താഴുകയായിരുന്നു. ചുരുക്കത്തില്‍ സമ്മിശ്ര പ്രകടനമാണ് ഇന്നലെ വിപണി കാഴ്ചവച്ചത്.
ബാങ്ക് നിഫ്റ്റി ഇന്നലെ 385 പോയിന്റ് മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. തലേ ദിവസം ബാങ്ക് നിഫ്റ്റി 957 പോയിന്റ് മെച്ചപ്പെട്ടിരുന്നു.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
ഇന്നലെ റിക്കാര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്ത നിഫ്റ്റി യുടെ മുമ്പില്‍ 23664 പോയിന്റ് റെസിസ്റ്റന്‍സായി തുടരുകയാണ്. നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റാണ് ജൂണ്‍ 19-ലെ 23664 പോയിന്റ്. ഇതു മറികടന്നു മുന്നോട്ടു പോയാല്‍ 23700-23800 തലത്തിലും 24000 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.
താഴേയ്ക്ക് നീങ്ങിയാല്‍ നിഫ്റ്റിക്ക് 23300-23400 തലത്തില്‍ പിന്തുണ കിട്ടും. തുടര്‍ന്ന് 23000 പോയിന്റ് ചുറ്റളവില്‍ ശക്തമായ പിന്തുണയുണ്ട്.
ചുരുക്കത്തില്‍ നിഫ്റ്റി റേഞ്ച് ബൗണ്ട് നീക്കത്തിലേക്ക് വീണിരിക്കുകയാണ്. താല്‍ക്കാലികമായി 23300- 23650 റേഞ്ചില്‍ നിഫ്റ്റിയുടെ നീക്കം പ്രതീക്ഷിക്കാം. വിപണിയുടെ പോസീറ്റീവ് മനോഭാവത്തിനു ഇതുവരെയും കോട്ടം തട്ടിയിട്ടില്ല.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് മോഡില്‍ തുടരുകയാണ്. ഇന്നലെ 62.45 ആണത്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: ഇന്നലെ റിക്കാര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തിരിക്കുകയാണ് ബാങ്ക് നിഫ്റ്റി. തലേദിവസത്തേക്കാള്‍ 385.2 പോയിന്റ് മെച്ചത്തോടെ 51783.25 പോയിന്റിലാണ് ക്ലോസിംഗ്. റിക്കാര്‍ഡ് ക്ലോസിംഗാണിത്.
ബാങ്ക് നിഫ്റ്റിയുടെ കടമ്പ 52000 പോയിന്റാണ്. ഇതു രണ്ടാം ദിവസമാണ് അതിനടുത്ത് എത്തിയശേഷം താഴ്ന്നു ക്ലോസ് ചെയ്യുന്നത്. അടുത്ത റെസിസ്റ്റന്‍സ് 52200 പോയിന്റാണ്.
താഴേയ്ക്കു നീങ്ങിയല്‍ 51250 പോയിന്റില്‍ പിന്തുണ കിട്ടും. തുടര്‍ന്ന് 50400-50600 പോയിന്റിലും 50100-50200 പോയിന്റിലും പിന്തുണ കിട്ടും.
ബുള്ളീഷ് സോണില്‍ ശക്തമായി തുടരുന്ന ബാങ്ക് നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 66.33 ആണ്.
ഇന്നലെ എച്ച് ഡിഎഫ്സി ബാങ്ക് 3.11 ശതമാനവും ആക്സിസ് ബാങ്ക് 2.92 ശതമാനവും ഐസിഐസിഐ ബാങ്ക് 1.92 ശതമാനവും കോടക് മഹീന്ദ്ര 1.59 ശതമാനവും ഇന്‍ഡസ് ഇന്‍ഡ് 1.35 ശതമാനവും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 29 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്. താഴ്ന്ന ഓപ്പണിംഗ് ആണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ എഡിആറുകള്‍
മുഖ്യ കമ്പനികളുടെ ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ഇന്‍ഫോസിസ് എഡിആര്‍ 2.04 ശതമാനവും വിപ്രോ 2.26 ശതമാനവും ഐസിഐസിഐ ബാങ്ക് 2.91 ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 2.58 ശതമാനവും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. റിലയന്‍സ് ഇന്‍ഡ് നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തപ്പോള്‍ ഡോ റെഡ്ഡീസ് 0.11 ശതമാനം താഴ്ന്നു.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് ഇന്നലെ 0.37 പോയിന്റ് കുറഞ്ഞ് 13.34 പോയിന്റിലെത്തി. തലേദിവസമിത് 13.71 പോയിന്റായിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്ന ജൂണ്‍ നാലിനിത് 26.74 ആയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് 10 ആയിരുന്നു ഇന്ത്യ വിക്സ്. എന്തായാലും വിപണി അതിന്റെ സാധാരണ നിലയിലേക്ക് എത്തിയിരിക്കുകയാണ്.
വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ജൂണ്‍ 20-ന് 1.29 ആണ്. തലേദിവസമിത് 1.10 ആയിരുന്നു. വിപണിയുടെ പൊതു മൂഡിനെ ഇതു പ്രതിഫലിപ്പിക്കുന്നു.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
ഒരു ദിവസത്തെ അവധിക്കുശേഷം തുറന്ന യുസ് ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രീയല്‍സ് 299.9 പോയിന്റ് മെച്ചത്തോടെ 39134.80 പോയിന്റില്‍ ക്ലോസ് ചെയ്തു. എനര്‍ജി മേഖലയിലുണ്ടായ ഉണര്‍വാണ് ഡൗവിനു തുണയായത്. എന്നാല്‍ നാസ്ഡാക്, എസ് ആന്‍ഡ് പി സൂചികകള്‍ യഥാക്രമം 140.65 പോയിന്റും 13.86 പോയിന്റും താഴ്ന്നു. തുടര്‍ച്ചായ ഏഴു ദിവസത്തെ മുന്നേറ്റത്തിനുശേഷമാണ നാസ്ഡാക് സൂചികയില്‍ കുറവുണ്ടായത്. സെമികണ്ടക്ടര്‍ ഓഹരികളിലുണ്ടായ ഇടിവാണ് ടെക് സൂചികയെ ബാധിച്ചത്. വന്യമായ വ്യതിയാനമായിരുന്നു ഇന്നലെ ടെക് ഓഹരികളിലുണ്ടായത്. തുടക്കത്തില്‍ നേട്ടമുണ്ടാക്കിയെങ്കിലും മിക്ക ടെക് ഓഹരികളും പിന്നീട് ആ നേട്ടം നഷ്ടപ്പെടുത്തുകയായിരുന്നു.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കു കുറച്ചില്ലെങ്കിലും ആ പ്രതീക്ഷയില്‍ യുകെ എഫ്ടിഎസ്ഇ ഇന്‍ഡെക്സ് 67.55 പോയിന്റെ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. ഫ്യൂച്ചേഴ്സും മെച്ചപ്പെട്ടു നില്‍ക്കുകയാണ്.
മറ്റ് യൂറോപ്യന്‍ സൂചികകളും മെച്ചപ്പെട്ടാണ്. സിഎസി ഫ്രാന്‍സ് 101.14 പോയിന്റും ഡാക്സ് ജര്‍മനി 186.27 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 454.84 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്.
യുഎസ് ഡൗ ഫ്യൂച്ചേഴ്സ് ഉള്‍പ്പെടെ യൂറോപ്യന്‍ ഫ്യൂച്ചേഴ്സും നേട്ടത്തിലാണ്.
ഏഷ്യന്‍ വിപണികള്‍
ഇന്നു രാവിലെ താഴ്ന്ന് തുടങ്ങിയ ജാപ്പനീസ് നിക്കി ഒന്നര മണിക്കൂര്‍ വ്യാപാരം കഴിയുമ്പോള്‍ 88 പോയിന്റ് നേട്ടത്തിലാണ്.
എന്നാല്‍ കൊറിയന്‍ കോസ്പി 22 പോയിന്റ് താഴെയാണ്.
ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 180 പോയിന്റ് താഴ്ന്നും ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക നേരിയ ഇടിവിലുമാണ്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ ഇന്നലെയും നെറ്റ് വാങ്ങലുകാരായിരുന്നു.ഇന്നലെ 415.3 കോടി രൂപയുടെ നെറ്റ് വാങ്ങലാണ് നടത്തിയത്. ഇതോടെ ജൂണിലെ അവരുടെ നെറ്റ് വില്‍പ്പന 794.53 കോടിയായി കുറഞ്ഞു. അതേസമയം ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വില്‍പ്പനയിലാണ് ഇന്നലത്തെ വ്യാപാരം അവസാനിപ്പിച്ചത്. അവരുടെ നെറ്റ് വില്‍പ്പന 325.81 കോടി രൂപയായിരുന്നു. ഇതോടെ ജൂണിലെ അവരുടെ നെറ്റ് വാങ്ങല്‍ 20209 കോടി രൂപയായി കുറഞ്ഞു.
സാമ്പത്തിക വര്‍ത്തകള്‍
യുഎസ് ജോബ് ക്ലെയിം: തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ച യുഎസ് പൗരന്മാരുടെ എണ്ണം ജൂണ്‍ 15-ന് അവസാനിച്ച വാരത്തില്‍ 238000 ആയി ഉയര്‍ന്നു. സമ്പദ്ഘടനയുടെ വളര്‍ച്ച മന്ദഗതിയിലാകുന്നതിന്റെ സൂചനയാണിത്. ജൂണ്‍ എട്ടിലെ വര്‍ധന 242000 ആയിരുന്നു.
യുഎസിലെ ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മേയില്‍ 5.5 ശതമാനം ഇടിവു കാണിച്ചിരിക്കുകയാണ്. ഇതും യുഎസ് സമ്പദ്ഘടനയിലെ വളര്‍ച്ച മന്ദഗതിയിലാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
യുഎസ് മാനുഫാക്ചറിംഗ് പിഎംഐ ഇന്നെത്തും. മേയിലിത് 51.3 ആയിരുന്നു.
ഇന്ത്യന്‍ മാനുഫാക്ചറിംഗ് പിഎംഐയും ഇന്ത്യന്‍ ഫോറിന്‍ എക്സ്ചേഞ്ച് റിസര്‍വ് കണക്കുകളും ഇന്നു പുറത്തുവിടും. മേയിലെ പിഎംഐ 57.5 ആയിരുന്നു. രാജ്യത്തിന്റെ വിദേശനാണ്യശേഖരം മേയ്് 31-ന് 65150 കോടി ഡോളറാണ്.
മണ്‍സൂണ്‍: അഖിലേന്ത്യാ തലത്തില്‍ പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ജൂണ്‍ 20 വരെ 17 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ ലഭിച്ച മഴ 77 മില്ലിമീറ്ററാണ്. ഈ കാലയളവിലെ ദീര്‍ഘകാലശരാശരി 92.8 മില്ലിമീറ്ററാണ്. ഈ സീസണില്‍ ദീര്‍ഘകാല ശരാശരിയുടെ106 ശതമാനം മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. ജൂണില്‍ മഴ കുറയുന്നത് വിളയിറക്കിലിനെ ബാധിക്കും. അതു ഭക്ഷ്യവിലക്കയറ്റത്തിനും ചില വ്യവസായങ്ങളുടെ മോശം പ്രകടനത്തിനും കാരണമാകും. രാജ്യത്തു ലഭിക്കുന്ന വെള്ളത്തിന്റെ 70 ശതമാനവും ഈ മണ്‍സൂണ്‍ സീസണിലാണ് ലഭിക്കുക.
യുകെ പണപ്പെരുപ്പ നിരക്ക്്: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കില്‍ മാറ്റം വരുത്തിയില്ല. പലിശനിരക്ക് 5.25 ശതമാനത്തില്‍ നിലനിര്‍ത്തി. പതിനാറു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പലിശനിരക്കാണിത്. പണപ്പെരുപ്പം രണ്ടു ശതമാനത്തിലേക്കു താഴ്ന്നുവെങ്കിലും അതു സ്ഥിരമാകുമെന്നു ഉറപ്പില്ലാത്തതിനലാണ് പലിശ കുറയ്ക്കുന്നത് മാറ്റിവച്ചെതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രു ബെയ്ലി പറഞ്ഞു. ഓഗസ്റ്റ് ഒന്നിനാണ് അടുത്ത പണനയമെത്തുക. ജൂലൈ നാലിന് യുകെയില്‍ തെരഞ്ഞെടുപ്പാണ്.
കമ്പനി വാര്‍ത്തകള്‍
ഡി ഡെവലപ്മെന്റ് എന്‍ജിനീയേഴ്സ്: എണ്ണ പ്രകൃതിവാതകം, വൈദ്യുതി, കെമിക്കല്‍ വ്യവസായം തുടങ്ങിയ മേഖലയ്ക്കാവശ്യമായ പ്രത്യേക പൈപ്പിംഗ് സൊലൂഷന്‍ നല്‍കുന്ന, ഹരിയാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡീ ഡെവലപ്മെന്റ് എന്‍ജിനിയേഴ്സിന്റെ പബ്ളിക് ഇഷ്യുവിന് രണ്ടു ദിവസം പൂര്‍ത്തായായപ്പോള്‍ ഒമ്പത് ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. അതായത് 1.49 കോടി ഓഹരിക്കായി 13.43 കോടി ഓഹരിക്കുള്ള അപേക്ഷകള്‍ ലഭിച്ചു. ഇഷ്യു ഇന്ന് ( ജൂണ്‍21) അവസാനിക്കും. പ്രൈസ് ബാന്‍ഡ് 193-203 രൂപയാണ്. കമ്പനി 418 കോടി രൂപയാണ് സ്വരൂപിക്കുക.
സ്റ്റാന്‍ലി ലൈഫ്സറ്റൈല്‍: ബെംഗളൂരൂ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ കമ്പനിയായ സ്റ്റാന്‍ലി ലൈഫ്സ്‌റ്റൈല്‍ വിപണിയില്‍നിന്ന് 537 കോടി രൂപ സ്വരൂപിക്കും. ഇഷ്യു ജൂണ്‍ 21-ന് തുടങ്ങി 25-ന് അവസാനിക്കും. ബെംഗളൂരൂവില്‍ രണ്ടു ഫാക്ടറികളുള്ള കമ്പനിക്ക് 5.14 ശതമാനം വിപണി വിഹിതമുണ്ട്. പ്രൈസ് ബാന്‍ഡ് 351-369 രൂപ. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 33 ശതമാനം ഓഹരി നീക്കിവച്ചിട്ടുണ്ട്. കമ്പനി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 69.51 കോടി രൂപ വരുമാനവും 15.8 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്. ജൂണ്‍ 28-ന് ലിസ്റ്റ് ചെയ്യും.
അലയ്ഡ് ബ്ലെന്‍ഡേഴ്സ്: ഓഫീസേഴ്സ് ചോയിസ് വിസ്‌കി നിര്‍മാതാക്കളായ അലയ്ഡ് ബ്ലെന്‍ഡേഴ്സ് ആന്‍ഡ് ഡിസ്റ്റിലറീസ് 1500 കോടി രൂപയുടെ ഇഷ്യുമായി ജൂണ്‍ 25-ന് മൂലധനവിപണിയിലെത്തും. ഇഷ്യു 27-ന് അവസാനിക്കും. പ്രൈസ് ബാന്‍ഡ് 267-281 രൂപയാണ്. മുഖവില രണ്ടു രൂപ. ഇഷ്യുവിനുശേഷം പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 89.91 ശതമാനമായി കുറയും. 2023 ഡിസംബറിലവസാനിച്ച 9 മാസക്കാലത്ത് കമ്പനി 5911 കോടി രൂപ വരുമാനവും 4.23 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്. കമ്പനിക്ക് 808 കോടി രൂപയുടെ കടമാണുള്ളത്. ഇഷ്യു തുകയില്‍ 720 കോടി രൂപ കടം വീട്ടാനുപയോഗിക്കും.
ക്രൂഡോയില്‍ വില
ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന്റെ വില ബാരലിന് 82.17 ഡോളറാണ്. ഇന്നലെയത് 81.43 ഡോളറായിരുന്നു. ആഴ്ചകള്‍ക്കുശേഷമാണ് വില 80 ഡോളറിനു മുകളിലെത്തുന്നത്. മേയ് 30-നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് ഇന്നു രാവിലെ 85.61 ഡോളറാണ് വില. ഇന്നലത്തെ ക്ലോസിംഗിനേക്കാള്‍ അല്‍പ്പം താഴ്ന്നാണ് തുറന്നിട്ടുള്ളത്.
ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.