image

1 July 2024 2:44 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ജൂലൈ 01)

Joy Philip

Trade Morning
X

Summary

നിഫ്റ്റി 24000-ന് മുകളില്‍ നിലനില്‍ക്കുമോ?


കമ്പനികളുടെ ആദ്യ ക്വാര്‍ട്ടര്‍ ഫലങ്ങള്‍, പുതിയ സര്‍ക്കാരിന്റെ പുതുക്കിയ 2024-25-ലേക്കുള്ള ബജറ്റ്, സാമ്പത്തിക വളര്‍ച്ചാ സൂചകങ്ങള്‍, പലിശ, പണപ്പെരുപ്പം, ആഗോള വിപണികളുടെ പ്രകടനം തുടങ്ങിയവയെ ആശയിച്ചായിരിക്കും വിപണി ദിശ കണ്ടെത്തുക. ഇതില്‍ ഏറ്റവും പ്രധാധപ്പെട്ട സംഭവമാണ് ജൂലൈ 22-ന് എത്തുന്ന ബജറ്റ്. കമ്പനികളുടെ ഫലം ജൂലൈ രണ്ടാം വാരത്തില്‍ എത്തിത്തുടങ്ങും. ഇന്‍ഫോസിസ് ജൂലൈ 18-ന് ഫലം പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റൊന്ന് ഇപ്പോഴത്തേതൊരു സെക്യുലര്‍ റാലിയല്ല. പ്രധാനമായും ലാര്‍ജ് കാപ് ഓഹരികളിലാണ് മുന്നേറ്റമുണ്ടായിട്ടുള്ളത്. മിഡ്കാപ്, സ്മോള്‍ കാപ് ഓഹരികളിലെ മുന്നേറ്റം താരതമ്യേന കുറവായിരുന്നു.

നിഫ്റ്റി ഏതാണ്ട് ഓവര്‍ബോട്ട് തലത്തിലേക്ക് എത്തിയിരിക്കുകയാണ്. അതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കേണ്ട സമയമാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയില്‍ ഓഹരി വിറ്റൊഴിഞ്ഞിരുന്ന വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ പതിയെ തിരച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മറ്റ് പല എമര്‍ജിംഗ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഓഹരികളുടെ മൂല്യം പ്രീമിയത്തിലാണ് എന്നതു മനസില്‍ വയ്ക്കുക.

വിപണി ജൂണ്‍ 28-ന്

ശക്തമായ മുന്നേറ്റത്തോടോയാണ് ഇന്ത്യന്‍ ഓഹരി വിപണി ജൂണ്‍ മാസത്തെ വ്യാപാരം അവസാനിപ്പിച്ചത്. ജൂണിലെ അവസാന വ്യാപാരദിനത്തില്‍ നേരിയ തോതില്‍ പ്രോഫിറ്റ് ബുക്കിംഗ് ഉണ്ടായെങ്കിലും ഇന്ത്യന്‍ ബഞ്ച് മാര്‍ക്ക് സൂചികകളായ നിഫ്റ്റി 24010.6 പോയിന്റിലും സെന്‍സെക്സ് 79032.73 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. ഈ വാരത്തില്‍ നിഫ്റ്റി 510 പോയിന്റോളവും സെന്‍സെക്സ് 2722 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. അതേസമയം ജൂണിലെ അവസാന വ്യാപാരദിനമായ ജൂണ്‍ 28-ന് നിഫ്റ്റി 33.90 പോയിന്റും സെന്‍സെക്സ് 210 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്.ആഗോള വിപണികളും താഴ്ന്നാണ് ജൂണ്‍ 28-ന് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

തുടര്‍ച്ചയായി അഞ്ചു ദിവസം പുതിയ പ്രതിദിന ഉയര്‍ച്ച സൃഷ്ടിച്ചുവെങ്കിലും നിഫ്റ്റി അവസാന ദിവസത്തെ വ്യാപാരദിനത്തില്‍ 34 പോയിന്റ് താഴ്ന്നാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ഈ ദവസങ്ങളിലെല്ലാം പ്രതിദിന താഴ്ച തലേദിവസത്തേക്കാള്‍ മെച്ചത്തിലായിരുന്നുവെന്നാണ് ശ്രദ്ധേയം. അതായത് വിപണിയുടെ ബുള്ളീഷ് മനോഭാവത്തിന് കാര്യമായ ഉലച്ചില്‍ സംഭവിച്ചിട്ടില്ല എന്നര്‍ത്ഥം. എങ്കിലും ഉയര്‍ന്ന തലത്തില്‍ ലാഭമെടുക്കല്‍ പ്രതീക്ഷിക്കാം. ഇതിനെ കണ്‍സോളിഡേഷന്റെ ഒരു ഭാഗമായി കണ്ടാല്‍ മതി.

വെള്ളിയാഴ്ചത്തെ മൂഡിലാണ് വിപണി എങ്കില്‍ നിഫ്റ്റിക്ക് ആദ്യ സപ്പോര്‍ട്ട് 24000 പോയിന്റിനു ചുറ്റളവിലാണ്. തുടര്‍ന്ന് പിന്തുണ 23800- 23900 റേഞ്ചിലാണ്. 23900 പോയിന്റിനു താഴെ 23600-23700 തലത്തില്‍ പിന്തുണ പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി കാര്യങ്ങള്‍ നീങ്ങിയാല്‍ 23350 പോയിന്റില്‍ ശക്തമായ പിന്തുണയുണ്ട്.

ഇന്നു രാവിലെ മെച്ചപ്പെടുകയാണെങ്കില്‍ 24200 പോയിന്റിലും തുടര്‍ന്ന് 24365 പോയിന്റിലും 24550 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് മോഡില്‍ തുടരുകയാണ്. ഇന്നലെ 68.18 ആണത്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ചരിത്രത്തിലാദ്യമായി ജൂണ്‍ 27-ന് 53000 പോയിന്റ് കടന്ന ( ഉയര്‍ന്ന പോയിന്റ് 53180.75 പോയിന്റ്) ബാങ്ക് നിഫ്റ്റിക്ക് ആ മൊമന്റം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ജൂണ്‍ 28-ന് 470 പോയിന്റ് താഴ്ന്നാണ് ക്ലോസ് ചെയ്തത്. ലാഭമെടുക്കലാണ് നിഫ്റ്റിയെ താഴ്ത്തിയത്.

വെള്ളിയാഴ്ചത്തെ മൊമന്റം തുടര്‍ന്നാല്‍ ബാങ്ക് നിഫ്റ്റിക്ക് 51900 പോയിന്റിന് ചുറ്റളവില്‍ ആദ്യത്തെ പിന്തുണ പ്രതീക്ഷിക്കാം. മൊമന്റത്തിനു ശക്തികൂടിയാല്‍ അത് 51700 പോയിന്റിലേക്കും 51100-51200 പോയിന്റിലേക്കും താഴാം.

മറിച്ച് വിപണി മെച്ചപ്പെടുകയാണെങ്കില്‍ ആദ്യ റെസിസ്റ്റന്‍സ് 52373 പോയിന്റും തുടര്‍ന്ന് 52650 പോയിന്റിലും 53000-53180 തലത്തിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ ഇന്നലെ 65.22 ആണ്. ബു്ള്ളീഷ് മോഡിലാണെങ്കിലും ജാഗ്രത വേണ്ട സമയമാണ്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 12.5 പോയിന്റ് മെച്ചപ്പെട്ടാണ് വ്യാപാരം ആരംഭിച്ചത്. ഒരുമണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ 1 പോയിന്റ് മെച്ചത്തിലാണ്. ആഗോള വിപണികളഇല്‍ ഫ്യൂച്ചേഴ്സ് എല്ലാം തന്നെ പോസീറ്റീവായി നീങ്ങുന്ന സാഹചര്യത്തില്‍ ഇന്നു രാവിലെ ഫ്ളാറ്റ് ഓപ്പണിംഗ് പ്രതീക്ഷിക്കാം. തുടര്‍ന്ന് എങ്ങോട്ട് വേണെമെങ്കിലും തിരിയാം.

ഇന്ത്യന്‍ എഡിആറുകള്‍

മുഖ്യ കമ്പനികളുടെ ഇന്ത്യന്‍ എഡിആറുകള്‍ സമ്മിശ്രമായാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇന്നലെ ബാങ്കിംഗ് മേഖലയില്‍നിന്നുള്ള ഐസിഐസിഐ ബാങ്ക് 0.69 ശതമാനവും എച്ച് ഡിഎഫ്സി ബാങ്ക് 0.0.83 ശതമാനവും കുറഞ്ഞാണ് ക്ലോസ് ചെയ്തത്. ഐടി മേഖലയില്‍നിന്നുള്ള വിപ്രോ 1.33 ശതമാനം വര്‍ധിച്ചപ്പോള്‍ ഇന്‍ഫോസിസ് 0.05 ശതമാനം കുറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2.94 ശതമാനവും ഡോ റെഡ്ഡീസ് 1.05 ശതമാനവും മേക്ക് മൈ ട്രിപ് 1.23 ശതമാനവും ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് ജൂണ്‍ 28-ന് നേരിയ തോതില്‍ താഴ്ന്ന് ( 0.35 പോയിന്റ്) 13.8 പോയിന്റിലെത്തി. ജൂണ്‍ 27-ന് ഇത് 14.15 ആയിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്ന ജൂണ്‍ നാലിനിത് 26.74 ആയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് 10 ആയിരുന്നു ഇന്ത്യ വിക്സ്.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ജൂണ്‍ 28-ന് 1.17-ലേക്ക് താഴ്ന്നു. തലേദിവസമിത് 1.49 പോയിന്റായിരുന്നു

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

ജൂണ്‍ 28ന് യുഎസ്, യൂറോപ്യന്‍ വിപണികള്‍ എല്ലാംതന്നെ ചുവപ്പിലാണ് അവസാനിച്ചത്. യുഎസ് ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് 45.2 പോയിന്റും നാസ്ഡാക് 126.08 പോയിന്റും എസ് ആന്‍ഡ് പി 22.39 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്.

അതേപോലെതന്നെ എഫ്ടിഎസ്ഇ യുകെ 15.56 പോയിന്റും സിഎസി ഫ്രാന്‍സ് 51.32 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്. ജര്‍മന്‍ ഡാക്സ് 24 പോയിന്റ് മെച്ചത്തോടെ ക്ലോസ് ചെയ്തപ്പോള്‍ ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 32.84 പോയിന്റ് താഴ്ന്നു ക്ലോസ് ചെയ്തു.

എന്നാല്‍ യുഎസ് , യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം തന്നെ മെച്ചപ്പെട്ടാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

ഇന്നു രാവിലെ ഓപ്പണ്‍ ചെയ്ത ജാപ്പനീസ് നിക്കി 183 പോയിന്റ് മെച്ചപ്പെട്ട് പോസീറ്റീവായാണ് തുറന്നത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയായപ്പോള്‍ നിക്കി 114 പോയിന്റ് മെച്ചപ്പെട്ടാണ്. കൊറിയന്‍ കോസ്പി 5 പോയിന്റ് താഴ്ന്നും. ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചികയും ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചികയും ഏഷ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാംതന്നെ ചുവപ്പിലാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യയിലേക്കു തിരിഞ്ഞിരിക്കുകയാണ്. ബിജെപിക്കു ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സ്ഥിരതയുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നുവെന്ന പൊതുധാരണ വിദേശനിക്ഷേപകരെ ഇന്ത്യയിലേക്കു നോക്കുവാന്‍ പ്രേരിപ്പിക്കുകയാണ്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ 26565 കോടി രൂപയുടെ നെറ്റ്് വാങ്ങല്‍ നടത്തിയിരിക്കുയാണ്.

അതേസമയം ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ ജൂണില്‍ 28633 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്.

വിപണിക്ക് ദിശ നല്‍കുന്നതില്‍ വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ പണമൊഴുക്കിന് ഇനി പങ്കുണ്ടായിരിക്കും. ബജറ്റ്, ആദ്യക്വാര്‍ട്ടര്‍ കമ്പനി ഫലങ്ങള്‍ തുടങ്ങിയവയിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ തിരിയുകയാണ്. ജൂലൈ രണ്ടാം വാരം മുതല്‍ കമ്പനി ഫലങ്ങള്‍ വന്നു തുടങ്ങും. ജൂലൈ 22-ന് ബജറ്റും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാമ്പത്തിക വാര്‍ത്തകള്‍

കാതല്‍മേഖല വളര്‍ച്ച: എട്ടു വ്യവസായമേഖലകളടങ്ങിയ കാതല്‍ മേഖലയുടെ വളര്‍ച്ച മേയില്‍ 6.3 ശതമാനമായി. ഏപ്രലിലിത് 6.7 ശതമാനമായിരുന്നു. തെരഞ്ഞെടുപ്പും രാജ്യത്തിന്റെ ചില ഭാഗങ്ങളിലുണ്ടായ ഹീറ്റ് വേവുമാണ് ഉത്പാദന വളര്‍ച്ചയെ ബാധിച്ചത്. പ്രത്യേകിച്ചു സിമന്റ് ഉത്പാദനത്തെ.കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം, റിഫൈനറി, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നിവയാണ് കാതല്‍ മേഖല വ്യവസായങ്ങള്‍. വ്യവസായികോത്പാദനത്തില്‍ കാതല്‍ മേഖലയ്ക്ക് 40 ശതമാനം വെയിറ്റേജ് ഉണ്ട്.

ജൂണിലെ എച്ച്എസ് ബിസി മാനുഫാക്ചറിംഗ് പിഎംഐ കണക്കുകള്‍ ഇന്നു പുറത്തുവരും.

വാഹന വില്‍പ്പന: ജൂണിലെ വാഹന വില്‍പ്പനക്കണക്കുകള്‍ ഇന്നു പുറത്തുവരും. ഓട്ടോ വ്യവസായത്തെക്കുറിച്ചുള്ള ചിത്രം ഇതു സമ്മാനിക്കും.

മഴക്കുറവ് 10.9 %: പടിഞ്ഞാറന്‍ കാലവര്‍ഷം ഒരു മാസം പൂര്‍ത്തിയാക്കുമ്പോള്‍, രാജ്യത്തിന് ആശ്വാസം പകര്‍ന്നുകൊണ്ട് മഴക്കുറവ് 10.9 ശതമാനമായി കുറഞ്ഞു. രാജ്യത്തൊട്ടാകെ ഈ കാലയളവില്‍ ലഭിച്ച മഴ 147.3 മില്ലീമീറ്ററാണ്. ഈ കാലയളവിലെ ദീര്‍ഘകാലശരാശരി 165.3 മില്ലീമീറ്ററാണ്. മഴക്കമ്മി കുറഞ്ഞത് തീര്‍ച്ചയായും വിപണി പോസീറ്റീവായി എടുക്കും.

മഴക്കുറവ് കൃഷിയിറക്കലിനെ ബാധിക്കുമോയെന്നാണ് അറിയാനുള്ളത്. ജൂലൈ പകുതിയോടെ ഇതിനുള്ള ഉത്തരം ലഭിക്കും. വിളയിറക്കില്‍ വിസ്തീര്‍ണം കുറഞ്ഞാല്‍ അതു ഭക്ഷ്യവിലയില്‍ സമ്മര്‍ദ്ദമുണ്ടാക്കും. അതു പണപ്പെരുപ്പം ഉയരാന്‍ കാരണമാകും.

രാജ്യത്തു ലഭിക്കുന്ന ജലത്തിന്റെ 70 ശതമാനത്തോളം നാലുമാസത്തെ പടിഞ്ഞാറന്‍ കാലര്‍ഷ സീസണിലാണ് ലഭിക്കുന്നത്.

കമ്പനി വാര്‍ത്തകള്‍

ഐപിഒ: ദ്വിതീയ വിപണിയിലെ ആവേശം പ്രാഥമിക വിപണിയിലും ആവേശം പടര്‍ത്തുകയാണ്. ജൂലൈ ആദ്യവാരത്തില്‍ മൂന്നു കമ്പനികള്‍ വിപണിയില്‍നിന്നും 2700 കോടി രൂപയോളം സ്വരൂപിക്കാന്‍ ആഗ്രഹിക്കുന്നു. ജൂലൈ മൂന്നിന് എത്തുന്ന എംക്യുവര്‍ ഫാര്‍മ 1952 കോടി രൂപയാണ് ഇഷ്യുവഴി സ്വരൂപിക്കുക. പ്രൈസ് ബാന്‍ഡ് 960-1008 രൂപ. ഇഷ്യു അഞ്ചിന് അവസാനിക്കും.

സ്റ്റീല്‍ വയര്‍ ഉത്പാദകരായ ബന്‍സാല്‍ വയര്‍ 745 കോടി രൂപയാണ് ഇഷ്യു വഴി സ്വരൂപിക്കുക. പ്രൈസ് ബാന്‍ഡ് 243-256 രൂപ. ഇഷ്യു ജൂലൈ 3-5.

അംബെ ലാബ് എസ്എംഇ ഇഷ്യുവാണ്. കമ്പനി 45 കോടി രൂപ സമാഹരിക്കും. പ്രൈസ് ബാന്‍ഡ് 65-68 രൂപ. ഇഷ്യു തീയതി ജൂലൈ 4-8.

ഈ വാരത്തില്‍ ഏതാണ്ട് 11 കമ്പനികളാണ് ലിസ്റ്റിംഗിനായി എത്തുന്നത്. കഴിഞ്ഞയാഴ്ച വിപണിയിലെത്തിയ അലെയ്ഡ് ബ്ലെന്‍ഡേഴ്സ് ജൂലൈ രണ്ടിനും വ്രജ് അയണ്‍ ആന്‍ഡ് സ്റ്റീല്‍ ജൂലൈ മൂന്നിനും ലിസ്റ്റ് ചെയ്യും. മറ്റ് ഒമ്പതു കമ്പനികള്‍ എസ്എംഇ വിഭാഗത്തിലാണ് ലിസ്റ്റ് ചെയ്യുക.

ക്രൂഡോയില്‍ വില

റഷ്യ- യുക്രെയിന്‍ യുദ്ധം ശക്തമാകുന്നതും പശ്ചിമേഷ്യന്‍ മേഖലയില്‍ ടെന്‍ഷന്‍ വര്‍ധിക്കുന്നതും ഇന്നലെ എണ്ണ വിലയില്‍ നേരിയ ഉയര്‍ച്ചയുണ്ടാക്കി.

്ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന്റെ വില ബാരലിന് 81.82 ഡോളറാണ്. ഇത് കഴിഞ്ഞ വാരത്തേക്കാള്‍ കുറവാണ്. അതേപോലെ ബ്രെന്റ്് ക്രൂഡോയില്‍ കഴിഞ്ഞ വാരത്തേക്കാള്‍ കുറഞ്ഞ് 85.25 ഡോളറിലാണ് ക്ലോസ് ചെയ്തത്.

ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല. അത് കറന്റ് അക്കൗണ്ട് കമ്മി കൂട്ടുകയും പണപ്പെരുപ്പം വര്‍ധിക്കുകയും ചെയ്യും.

രൂപ ഇന്നലെ നേരിയ തോതില്‍ മെച്ചപ്പെട്ടു. ഇന്നലെ ഡോളറിനെതിരേ 83.37 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. തലേദിവസമിത് 83.46 ആയിരുന്നു. ജൂണ്‍ 20-ന് 83.63 വരെ രൂപ താഴ്ന്നിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.