2 Aug 2024 11:15 AM GMT
Summary
- അഞ്ച് ദിവസത്തെ നേട്ടത്തിനാണ് വിപണി ഇന്ന് വിരാമം കുറിച്ചത്
- സെക്ടറിൽ സൂചികകളിൽ നിഫ്റ്റി റിയൽറ്റിയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്
- ബ്രെൻ്റ് ക്രൂഡ് 0.77 ശതമാനം ഉയർന്ന് ബാരലിന് 80.13 ഡോളറിലെത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് വമ്പിച്ച ഇടിവിലാണ്. അഞ്ച് ദിവസത്തെ നേട്ടത്തിനാണ് വിപണി ഇന്ന് വിരാമം കുറിച്ചത്. മെറ്റൽ, ഓട്ടോ, ഐടി ഓഹരികളിലെ വില്പന സൂചികകളുടെ ഇടിവിന് കാരണമായി.
സെൻസെക്സ് 885.60 പോയിൻ്റ് അഥവാ 1.08 ശതമാനം ഇടിഞ്ഞ് 80,981.95 ൽ ക്ലോസ് ചെയ്തു. ഇൻട്രഡേയിൽ സൂചിക 998.64 പോയിൻ്റ് അഥവാ 1.21 ശതമാനം ഇടിഞ്ഞ് 80,868.91 ൽ എത്തിയിരുന്നു. നിഫ്റ്റി 293.20 പോയിൻ്റ് അഥവാ 1.17 ശതമാനം ഇടിഞ്ഞ് 24,717.70 ൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരമധ്യേ 324.05 പോയിൻ്റ് അഥവാ1.29 ശതമാനം ഇടിഞ്ഞ് 24,686.85 ലെത്തി.
സെൻസെക്‌സ് ഓഹരികളിൽ മാരുതി സുസുക്കി ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു. എച്ച്‌ഡിഎഫ്‌സി ബാങ്ക്, സൺ ഫാർമസ്യൂട്ടിക്കൽസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിൻ്റ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
സെക്ടറിൽ സൂചികകളിൽ നിഫ്റ്റി റിയൽറ്റിയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്, 3 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി മെറ്റൽ എന്നിവ യഥാക്രമം 3 ശതമാനവും 2.7 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി ഐടി 2.5 ശതമാനവും നിഫ്റ്റി പിഎസ്‌യു ബാങ്ക് 1.7 ശതമാനവും ഇടിഞ്ഞു. 0.4 ശതമാനം ഉയർന്ന നിഫ്റ്റി ഫാർമയാണ് ഏക നേട്ടം നേടിയ സൂചിക.
ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ്, സിയോൾ എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. യുഎസ് വിപണികൾ വ്യാഴാഴ്ച ക്ലോസ് ചെയ്തത് നഷ്ടത്തിലാണ്.
ബ്രെൻ്റ് ക്രൂഡ് 0.77 ശതമാനം ഉയർന്ന് ബാരലിന് 80.13 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 2,089.28 കോടി രൂപയുടെ ഓഹരികൾ വാങ്ങി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ താഴ്ന്ന് 83.75ൽ എത്തി.