image

11 March 2025 7:30 AM IST

Stock Market Updates

മാന്ദ്യ ഭീതിയിൽ തളർന്ന് വാൾ സ്ട്രീറ്റ്, ഇന്ത്യൻ വിപണി താഴ്ന്ന് തുറക്കാൻ സാധ്യത

James Paul

Trade Morning
X

Summary

  • ഗിഫ്റ്റ് നിഫ്റ്റി 100 പോയിൻറിലധികം ഇടിഞ്ഞു.
  • ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിൽ വ്യാപാരം നടത്തുന്നു.
  • യുഎസ് ഓഹരി വിപണി കുത്തനെ ഇടിഞ്ഞ് വ്യാപാരം അവസാനിച്ചു.


ആഗോള വിപണികളിലെ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് താഴ്ന്ന് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി 100 പോയിൻറിലധികം ഇടിഞ്ഞു. ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിൽ വ്യാപാരം നടത്തുന്നു. യുഎസ് ഓഹരി വിപണി കുത്തനെ ഇടിഞ്ഞ് വ്യാപാരം അവസാനിച്ചു.

ഗിഫ്റ്റ് നിഫ്റ്റി

ഗിഫ്റ്റ് നിഫ്റ്റി ഏകദേശം 22,346 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 169 പോയിന്റിന്റെ കുറവ്. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് ഒരു ഗ്യാപ് ഡൌൺ ഓപ്പണിംഗ് സൂചിപ്പിക്കുന്നു.

ഏഷ്യൻ വിപണികൾ

ഏഷ്യൻ വിപണികൾ ചൊവ്വാഴ്ച ഇടിഞ്ഞു. ജപ്പാന്റെ നിക്കി 2.7% ഇടിഞ്ഞു, ടോപ്പിക്സ് സൂചിക 2.8% ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി 2.19% താഴ്ന്നു. കോസ്ഡാക്ക് 2.22% ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ ദുർബലമായ ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.

വാൾസ്ട്രീറ്റ്

യുഎസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന ആശങ്കയെത്തുടർന്ന് തിങ്കളാഴ്ച യുഎസ് ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഡിസംബർ 18 ന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന ഇടിവാണ് എസ് ആൻറ് പി 500 നേരിട്ടത്. 2022 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവ് നാസ്ഡാക്ക് നേരിട്ടു.

ഡൗ ജോൺസ് വ്യാവസായിക ശരാശരി 890.01 പോയിന്റ് അഥവാ 2.08% ഇടിഞ്ഞ് 41,911.71 ലും എസ് ആൻറ് പി 155.64 പോയിന്റ് അഥവാ 2.70% ഇടിഞ്ഞ് 5,614.56 ലും എത്തി. നാസ്ഡാക് കോമ്പോസിറ്റ് 727.90 പോയിന്റ് അഥവാ 4.00% ഇടിഞ്ഞ് 17,468.32 ലും ക്ലോസ് ചെയ്തു.

ടെസ്ല ഓഹരി വില 15.4% ഇടിഞ്ഞു. എൻവിഡിയ ഓഹരി വില 5.07% ഇടിഞ്ഞപ്പോൾ മൈക്രോസോഫ്റ്റ് ഓഹരികൾ 3.34% ഇടിഞ്ഞു. ഡെൽറ്റ എയർ ലൈൻ ഓഹരികൾ 5.5% ഇടിഞ്ഞു.

ഇന്ത്യൻ വിപണി

ആഭ്യന്തര വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്. സെൻസെക്സ് -217.41 പോയിന്റ് ഇടിഞ്ഞ് 74,115.17 ലും നിഫ്റ്റി -92.20 പോയിന്റ് ഇടിഞ്ഞ് 22,460.30 ലും ക്ലോസ് ചെയ്തു. ഇൻഫോസിസ്, എച്ച്‌യുഎൽ, പവർഗ്രിഡ്, ഐടിസി, നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ് എന്നി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ എൽ ആൻഡ് ടി, ആർഐഎൽ, സൊമാറ്റോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ടൈറ്റൻ, ടിസിഎസ് എന്നിവ ഇടിവ് നേരിട്ടു.സെക്ടറൽ സൂചികകളിൽ എഫ്‌എം‌സി‌ജി മാത്രമാണ് ഇന്ന് നേട്ടത്തിലെത്തിയത്. സൂചിക 0.22 ശതമാനം ഉയർന്നു. അതേസമയം നിഫ്റ്റി ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ്, ക്യാപിറ്റൽ ഗുഡ്‌സ്, ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി, പി‌എസ്‌യു ബാങ്ക് എന്നിവ 1-2 ശതമാനം വരെ ഇടിഞ്ഞു.ബി‌എസ്‌ഇ മിഡ്‌ക്യാപ് സൂചിക 1.3 ശതമാനവും സ്‌മോൾക്യാപ് സൂചിക 1.7 ശതമാനവും ഇടിഞ്ഞു.

പിന്തുണയും പ്രതിരോധവും

നിഫ്റ്റി

പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 22,617, 22,675, 22,770

പിന്തുണ: 22,427, 22,369, 22,274

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 48,495, 48,607, 48,788

പിന്തുണ: 48,132, 48,020, 47,839

പുട്ട്-കോൾ അനുപാതം

മാർക്കറ്റിന്റെ മാനസികാവസ്ഥ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), മുൻ സെഷനിലെ 1.08 ൽ നിന്ന് മാർച്ച് 10 ന് 0.91 ആയി വീണ്ടും കുറഞ്ഞു,

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ്, 3.82 ശതമാനം ഉയർന്ന് 13.99 ലെത്തി, ഫെബ്രുവരി 24 ന് ശേഷമുള്ള ഏറ്റവും ഉയർന്ന ക്ലോസിംഗ് ലെവലാണിത്.

വിദേശ സ്ഥാപന നിക്ഷേപകർ

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) തിങ്കളാഴ്ച 2,035.10 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 2,320.36 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

രൂപ

രൂപയുടെ മൂല്യം 38 പൈസ ഇടിഞ്ഞത്, യുഎസ് ഡോളറിനെതിരെ 87.33 ൽ ക്ലോസ് ചെയ്തു. ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്.

സ്വർണ്ണ വില

സ്വർണ്ണ വില സ്ഥിരമായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,887.61 ഡോളറിൽ നേരിയ മാറ്റമാണ് രേഖപ്പെടുത്തിയത്, അതേസമയം യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.3% കുറഞ്ഞ് 2,891.70 ഡോളർ ആയി.

എണ്ണ വില

ഒപെക് വിതരണം വർദ്ധിപ്പിക്കുമ്പോൾ യുഎസ് താരിഫ് സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കുമെന്നും ഊർജ്ജ ആവശ്യകതയെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്ന് അസംസ്കൃത എണ്ണ വില രണ്ടാം ദിവസവും കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.53% കുറഞ്ഞ് 68.91 ഡോളർ ആയി, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.74% കുറഞ്ഞ് 65.54 ഡോളർ ആയി.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

ഹിറ്റാച്ചി എനർജി ഇന്ത്യ

മാർച്ച് 10 ന് കമ്പനി ഒരു ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്ലേസ്‌മെന്റ് (ക്യുഐപി) ആരംഭിച്ചു. ഒരു ഓഹരിക്ക് 12,112.50 രൂപയായി തറ വില നിശ്ചയിച്ചു.

സെന്റും ഇലക്ട്രോണിക്സ്

മാർച്ച് 10 ന് കമ്പനി ക്യുഐപി ഇഷ്യു ആരംഭിച്ചു, ഓഹരിയൊന്നിന് 1,219.65 രൂപയായി തറവില നിശ്ചയിച്ചു.

എൻടിപിസി

എൻടിപിസി, അതിന്റെ അനുബന്ധ സ്ഥാപനമായ എൻടിപിസി ഗ്രീൻ എനർജി എന്നിവ ഛത്തീസ്ഗഢ് സർക്കാരുമായി 96,000 കോടി രൂപയുടെ ഒന്നിലധികം കരാറുകളിൽ ഒപ്പുവച്ചു. സംസ്ഥാനത്തെ സൗരോർജ്ജം, കാറ്റ്, ഹൈബ്രിഡ് സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള ആണവ, പമ്പ് ജലവൈദ്യുത, ​​പുനരുപയോഗ പദ്ധതികൾ എന്നിവയാണ് കരാറുകളിൽ ഉൾപ്പെടുന്നത്.

ഇന്ത്യൻ ബാങ്ക്

മാർച്ച് 10 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ എം സ്വരാജ്യ ലക്ഷ്മി ബാങ്കിൽ ഇന്റേണൽ ഓംബുഡ്സ്മാൻ ആയി ചേർന്നു.

ഭാരത് ഇലക്ട്രോണിക്സ്

2025 മാർച്ച് 6 മുതൽ കമ്പനി 843 കോടി രൂപയുടെ അധിക ഓർഡറുകൾ നേടിയിട്ടുണ്ട്. പ്രധാന ഓർഡറുകളിൽ ആർ‌എഫ് സീക്കറുകൾ, വെസൽ, എയർ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റങ്ങൾ, ഇലക്ട്രോ-ഒപ്റ്റിക് റിപ്പയർ സൗകര്യങ്ങൾ, റഡാർ അപ്‌ഗ്രഡേഷൻ, സ്പെയറുകൾ, സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ ഓർഡറുകൾക്കൊപ്പം, നടപ്പ് സാമ്പത്തിക വർഷത്തിൽ ആകെ സമാഹരിച്ച ഓർഡറുകൾ 14,567 കോടി രൂപയാണ്.

എൻ‌എൽ‌സി ഇന്ത്യ

ബോർഡ് തത്വത്തിൽ 200 മില്യൺ ഡോളർ വരെയുള്ള ബാഹ്യ വാണിജ്യ വായ്പകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്, തത്തുല്യമായ ഒരു ഗ്രീൻ ഷൂ ഓപ്ഷനുമുണ്ട്.

ആദിത്യ ബിർള ക്യാപിറ്റൽ

കമ്പനി അതിന്റെ അനുബന്ധ സ്ഥാപനമായ ആദിത്യ ബിർള ഹൗസിംഗ് ഫിനാൻസിൽ അവകാശ അടിസ്ഥാനത്തിൽ 300 കോടി രൂപ നിക്ഷേപം നടത്തി. ആദിത്യ ബിർള ഹൗസിംഗ് ഫിനാൻസ് കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറിയായി തുടരുന്നു.

ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ

2024-25 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം പരിഗണിക്കുന്നതിനായി ബോർഡ് അംഗങ്ങൾ മാർച്ച് 17 ന് യോഗം ചേരും.

അശോക ബിൽഡ്കോൺ

മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിയിൽ നിന്ന് 312 കോടി രൂപയുടെ പദ്ധതിക്ക് കമ്പനിക്ക് സ്വീകാര്യതാ കത്ത് ലഭിച്ചു.

ഹിസാർ മെറ്റൽ ഇൻഡസ്ട്രീസ്

ആർ എസ് ബൻസലിനെ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി മൂന്ന് വർഷത്തേക്ക് വീണ്ടും നിയമിച്ചു, 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

അനുപം രസായൻ ഇന്ത്യ

കമ്പനി ഒരു കൊറിയൻ മൾട്ടിനാഷണൽ കമ്പനിയുമായി 106 മില്യൺ ഡോളർ (ഏകദേശം 922 കോടി രൂപ) വിലമതിക്കുന്ന 10 വർഷത്തെ ലെറ്റർ ഓഫ് ഇന്റന്റ് ഒപ്പുവച്ചു.

ഹിന്ദുസ്ഥാൻ സിങ്ക്

500 കോടി രൂപ വരെ വിലമതിക്കുന്ന നോൺ-കൺവേർട്ടബിൾ ഡിബഞ്ചറുകൾ (എൻസിഡി) പുറപ്പെടുവിക്കാൻ ബോർഡ് അംഗീകാരം നൽകി.

ഇൻഡസ്ഇൻഡ് ബാങ്ക്

ഡെറിവേറ്റീവ് പോർട്ട്‌ഫോളിയോയുടെ അവലോകനത്തിൽ, ആസ്തികളുടെയും ബാധ്യതകളുടെയും അക്കൗണ്ടുകളിൽ പൊരുത്തക്കേടുകൾ തിരിച്ചറിഞ്ഞതായി ബാങ്ക് വെളിപ്പെടുത്തി.