26 Sep 2023 4:45 AM GMT
Summary
സെന്‍സെക്സും നിഫ്റ്റിയും തുടങ്ങിയത് ഇടിവില്‍
ദുർബലമായ ഏഷ്യൻ വിപണികളുടെയും വിദേശ ഫണ്ടുകളുടെ തുടർച്ചയായ പുറത്തേക്കൊഴുക്കിന്‍റെയും പശ്ചാത്തലത്തില്‍ ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ ചൊവ്വാഴ്ച തുടക്ക വ്യാപാരത്തിൽ ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്‌സ് 98.14 പോയിന്റ് ഇടിഞ്ഞ് 65,925.55 ലെത്തി. നിഫ്റ്റി 18.75 പോയിന്റ് താഴ്ന്ന് 19,655.80 എന്ന നിലയിലെത്തി. എന്നാല്‍ പിന്നീട് വിപണികളില്‍ ചാഞ്ചാട്ടം പ്രകടമായി. രാവിലെ 10.09 ന് സെന്‍സെക്സ് 31.42 പോയിന്‍റ് നേട്ടത്തോടെ 66,055.11 ല്‍ ആണ്, നിഫ്റ്റി 19.40 പോയിന്‍റ് നേട്ടത്തോടെ 19,693.95ലും
സെൻസെക്‌സ് കമ്പനികളിൽ, ഏഷ്യൻ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, ആക്‌സിസ് ബാങ്ക് എന്നിവയാണ് പ്രധാനമായും ഇടിവ് നേരിടുന്നത്. ടാറ്റ സ്റ്റീൽ, അൾട്രാടെക് സിമന്റ്, ലാർസൻ ആൻഡ് ടൂബ്രോ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ പോസിറ്റീവിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.45 ശതമാനം ഇടിഞ്ഞ് ബാരലിന് 92.87 ഡോളറിലെത്തി.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) തിങ്കളാഴ്ച 2,333.03 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. "ഏഷ്യൻ വിപണികളിലുടനീളമുള്ള ഇടിവ് ചൊവ്വാഴ്‌ച വ്യാപാരത്തിൽ പ്രാദേശിക ഓഹരികളെ താഴേക്ക് വലിച്ചേക്കാം. നടപ്പു മാസത്തെ എഫ്‌ഐഐ വിൽപ്പന, യുഎസ് ഡോളർ സൂചികയും ട്രഷറി ആദായവും ഉയരുന്നത്, ക്രൂഡ് ഓയിൽ വില വര്‍ധന എന്നിവയെല്ലാം നിക്ഷേപക വികാരത്തെ തളർത്തി. പണപ്പെരുപ്പം നിയന്ത്രിക്കാൻ പ്രധാന കേന്ദ്ര ബാങ്കുകൾ നിരക്ക് വർധിപ്പിക്കുമെന്ന ആശങ്കകൾ നിക്ഷേപകരിലുണ്ട്,” മേത്ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ സീനിയർ വിപി (ഗവേഷണം) പ്രശാന്ത് താപ്‌സെ ഓപ്പണിംഗ് മാർക്കറ്റ് അഭിപ്രായത്തില്‍ പറഞ്ഞു.
തിങ്കളാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 14.54 പോയിന്റ് അല്ലെങ്കിൽ 0.02 ശതമാനം ഉയർന്ന് 66,023.69ൽ എത്തി. നിഫ്റ്റി 0.30 പോയിന്റ് ഉയർന്ന് 19,674.55 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.