image

26 Nov 2024 12:11 PM GMT

Stock Market Updates

ചാഞ്ചാട്ടത്തിനൊടുവിൽ ചുവപ്പണിഞ്ഞ് വിപണി

MyFin Desk

ചാഞ്ചാട്ടത്തിനൊടുവിൽ ചുവപ്പണിഞ്ഞ് വിപണി
X

Summary

  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തി
  • എല്ലാ അദാനി ഗ്രൂപ്പിൻ്റെ ഓഹരികളും നഷ്ടത്തോടെ ക്ലോസ് ചെയ്തു
  • സ്‌മോൾക്യാപ് സൂചിക 0.6 ശതമാനം ഉയർന്നു


ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. ആഗോള വിപണികളിൽ നിന്നുള്ള ദുർബലമായ വ്യാപാരം സൂചികകളെ നഷ്ടത്തിലെത്തിച്ചു. നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സൂചികകൾ ആദ്യ മണിക്കൂറിൽ തന്നെ എല്ലാ നേട്ടങ്ങളും മായ്‌ച്ചു. എന്നിരുന്നാലും, അവസാന മണിക്കൂർ വാങ്ങൽ സൂചികകളെ ദിവസത്തെ താഴ്ന്ന നിലയിൽ നിന്ന് കരകയറാൻ സഹായിച്ചു.

ഒന്നര ലക്ഷം കോടി രൂപയുടെ വില്പനയ്ക്ക് ശേഷം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തി. തിങ്കളാഴ്ച 9,947.55 കോടി രൂപയുടെ ഓഹരികളാണ് എഫ്ഐഐകൾ വാങ്ങിയത്.

സെൻസെക്സ് 105.79 പോയിൻ്റ് അഥവാ 0.13 ശതമാനം ഇടിഞ്ഞ് 80,004.06 ൽ എത്തി. നിഫ്റ്റി 27.40 പോയിൻ്റ് അഥവാ 0.11 ശതമാനം ഇടിഞ്ഞ് 24,194.50ൽ ക്ലോസ് ചെയ്തു.

സെൻസെക്സിൽ അൾട്രാടെക് സിമൻ്റ്, അദാനി പോർട്ട്‌സ്, സൺ ഫാർമ, എൻടിപിസി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ, പവർ ഗ്രിഡ് ഓഹരികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു.

ഏഷ്യൻ പെയിൻ്റ്സ്, ഇൻഫോസിസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ കൺസൾട്ടൻസി സർവീസസ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അദാനി ഗ്രീൻ എനർജി 7.05 ശതമാനം ഇടിഞ്ഞതോടെ എല്ലാ അദാനി ഗ്രൂപ്പിൻ്റെ ഓഹരികളും താഴ്ന്നു.

നിഫ്റ്റി ഓട്ടോ, പവർ, ഫാർമ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 1 മുതൽ 1.5 ശതമാനം വരെ താഴ്ന്നപ്പോൾ നിഫ്റ്റി എഫ്എംസിജി, ഐടി, മെറ്റൽ സൂചികകൾ 0.5-1 ശതമാനം ഉയർന്നാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക ഫ്ലാറ്റായി അവസാനിച്ചപ്പോൾ സ്‌മോൾക്യാപ് സൂചിക 0.6 ശതമാനം ഉയർന്നു.

ജനുവരി 20ന് അധികാരമേറ്റയുടൻ മെക്‌സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ പുതിയ താരിഫ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുവെന്ന നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അഭിപ്രായത്തെക്കുറിച്ചുള്ള ആശങ്കകളെ തുടർന്ന് ആഗോള ഓഹരി വിപണികളിലെ വ്യാപാരം ചാഞ്ചാട്ടത്തിലായിരുന്നു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ താഴ്ന്നപ്പോൾ ഹോങ്കോങ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് അവസാനിച്ചത്.

ബ്രെൻ്റ് ക്രൂഡ് 0.71 ശതമാനം ഉയർന്ന് ബാരലിന് 73.58 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.56 ശതമാനം ഉയർന്ന് 2657 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്ന് പൈസ ഇടിഞ്ഞ് 84.32 എന്ന നിലയിലെത്തി.