image

17 April 2024 7:07 AM GMT

Stock Market Updates

60 ആങ്കർ നിക്ഷേപകരിൽ നിന്നും വോഡഫോൺ ഐഡിയ സമാഹരിച്ചത് 5400 കോടി

MyFin Desk

vi raised money from 60 anchor investors
X

Summary

  • ഓഹരിയൊന്നിന് 11 രൂപ നിരക്കിൽ 491 കോടി ഓഹരികളായിരുന്നു ആങ്കർ നിക്ഷേപകർക്കായി അനുവദിച്ചത്
  • മൊത്തം വലുപ്പത്തിന്റെ 16.2 ശതമാനം ഓഹരികൾ അഞ്ച് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്കായി നീക്കിവച്ചു
  • എഫ്പിഒ ഏപ്രിൽ 18ന് ആരംഭിച്ച് 22-ന് അവസാനിക്കും


ആങ്കർ നിക്ഷേപകരിൽ നിന്ന് 5,400 കോടി രൂപ സമാഹരിച്ചതായി വോഡഫോൺ ഐഡിയ അറിയിച്ചു. ഏകദേശം 74 ആങ്കർ നിക്ഷേപകരിൽ നിന്നാണ് കമ്പനി തുക സ്വരൂപിച്ചത്. പ്രധാന നിക്ഷേപകരിൽ ജിക്യുജി പാർട്‌ണേഴ്‌സ്, ദി മാസ്റ്റർ ട്രസ്റ്റ് ബാങ്ക് ഓഫ് ജപ്പാൻ, യുബിഎസ്, മോർഗൻ സ്റ്റാൻലി ഇൻവെസ്റ്റ്‌മെൻ്റ് മാനേജ്‌മെൻ്റ്, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്‌സ്, ഓസ്‌ട്രേലിയൻ സൂപ്പർ, ഫിഡിലിറ്റി, ക്വാണ്ട്, മോത്തിലാൽ ഓസ്വാൾ എന്നിവർ ഉൾപ്പെടുന്നു.

ഓഹരിയൊന്നിന് 11 രൂപ നിരക്കിൽ 491 കോടി ഓഹരികളായിരുന്നു ആങ്കർ നിക്ഷേപകർക്കായി അനുവദിച്ചിരുന്നത്. ഇതിൽ 26 ശതമാനം ഓഹരികളും സ്വന്തമാക്കിയത് യുഎസ് ആസ്ഥാനമായുള്ള ജിക്യുജി പാർട്ണർസാണ്. ഏകദേശം 1345 കോടി രൂപയുടെ ഓഹരികൾ. ഫിഡിലിറ്റി ഇൻവെസ്റ്റ്‌മെൻ്റ്‌സ് ഏകദേശം 772 കോടി രൂപയാണ് എഫ്‌പിഒയിൽ നിക്ഷേപിച്ചത്. ട്രൂ ക്യാപിറ്റൽ, ഓസ്‌ട്രേലിയൻ സൂപ്പർ എന്നിവയും യഥാക്രമം 331 കോടി രൂപയും 130 കോടി രൂപയും നിക്ഷേപിക്കും.

ആങ്കർ നിക്ഷേപകർക്കുള്ള മൊത്തം വലുപ്പത്തിന്റെ 16.2 ശതമാനം അഥവാ 874 കോടിയുടെ ഓഹരികൾ അഞ്ച് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്കായി നീക്കിവച്ചു. ഇതിൽ 500 കോടി രൂപ നിക്ഷേപിച്ച മോത്തിലാൽ ഓസ്വാൾ മിഡ്‌ക്യാപ് ഫണ്ടാണ് മുൻ നിരയിലുള്ളത്.

ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാവായ വോഡഫോൺ ഐഡിയയുടെ എഫ്പിഒ ഏപ്രിൽ 18ന് ആരംഭിച്ച് 22-ന് അവസാനിക്കും. ഇഷ്യൂവിലൂടെ 18,000.00 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരിയുടെ പ്രൈസ് ബാൻഡ് 10-11 രൂപയാണ്.

ഇഷ്യൂ തുക നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറിൻ്റെ വിപുലീകരണത്തിനായി ഉപകരണങ്ങൾ വാങ്ങൽ, പുതിയ 4G സൈറ്റുകൾ സ്ഥാപിക്കൽ, നിലവിലുള്ള 4G സൈറ്റുകളുടെയും പുതിയ 4G സൈറ്റുകളുടെയും ശേഷി വികസിപ്പിക്കുക, പുതിയ 5G സൈറ്റുകൾ സ്ഥാപിക്കുക, സ്‌പെക്‌ട്രത്തിനായുള്ള ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന് നൽകാനുള്ള തുക, ബാക്കി നിൽക്കുന്ന ജിഎസ്ടി തുക, മറ്റു പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

എഫ്പിഒയുടെ ലക്ഷ്യം

ഇഷ്യൂവിലൂടെ സമാഹരിക്കുന്ന തുകയിൽ നിന്നും 12,750 കോടി രൂപ പുതിയ 4 ജി സൈറ്റുകൾ സജ്ജീകരികാനും, നിലവിലുള്ള 4 ജി സൈറ്റുകളുടെ ശേഷി വിപുലീകരിക്കാനും, ആർഎച്ച്‌പി പ്രകാരം പുതിയ 5 ജി സൈറ്റുകൾ സജ്ജീകരിച്ച് നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങാൻ വേണ്ടി ഉപയോഗിക്കും. നെറ്റ്‌വർക്ക് വിപുലീകരണത്തിനായി നീക്കിവച്ചിരിക്കുന്ന 12,750 കോടിയിൽ 5,720 കോടി രൂപ കമ്പനി 5G നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിനായി ചെലവഴിക്കും.

2025 സാമ്പത്തിക വർഷത്തിൽ 2,600 കോടി രൂപയുടെ ചെലവിൽ 10,000 പുതിയ 5G സൈറ്റുകൾ സ്ഥാപിക്കാനും കമ്പനി ലക്ഷ്യമിടുന്നു. കൂടാതെ 2026 സാമ്പത്തിക വർഷത്തിൽ 3,120 കോടി രൂപ ചെലവഴിച്ച് 12,000 5G സൈറ്റുകൾ സ്ഥാപിക്കും.

വരുന്ന 24-30 മാസത്തിനുള്ളിൽ വരുമാനത്തിൻ്റെ 40 ശതമാനവും 5G സേവനങ്ങൾക്കായി മാറ്റിവെക്കുമെന്ന് വോഡഫോൺ ഐഡിയയുടെ മാനേജ്‌മെൻ്റ് തിങ്കളാഴ്ച ഒരു പത്രസമ്മേളനത്തിൽ അറിയിച്ചു. ഫണ്ടിംഗ് ഉറപ്പാക്കിയാൽ 5G നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ ഓർഡറുകൾ ആരംഭിക്കും. ഇഷ്യു കഴിഞ്ഞ് 6-9 മാസത്തിനുള്ളിൽ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ 5G സേവനങ്ങൾ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി പറഞ്ഞു.

18,000 കോടി രൂപയുടെ ധനസമാഹരണം എതിരാളികളായ ടെലികോം ഓപ്പറേറ്റർമാരുമായുള്ള വോഡഫോൺ ഐഡിയയുടെ മത്സരശേഷി ഒരു പരിധിവരെ മെച്ചപ്പെടുത്തും. ഇത് കമ്പനിയുടെ നിലവിലുള്ള കടം കുറയ്‌ക്കാനും ബാങ്കുകളിൽ നിന്ന് കൂടുതൽ ധനസഹായം നേടാനും സഹായകമാവുമെന്നും വിശകലന വിദഗ്ധർ വ്യക്തമാക്കി.