image

8 Jan 2024 7:09 AM GMT

Lifestyle

വെജ് താലി ചെലവ് ഡിസംബറില്‍ 3% കുറഞ്ഞു; നോണ്‍ വെജിന് 5%

MyFin Desk

veg thali prices fall by 3% in december
X

Summary

  • വാർഷികാടിസ്ഥാനത്തില്‍ വെജ് താലി ചെലവ് 12% ഉയർന്നു
  • ബ്രോയിലർ കോഴി വിലയിൽ 15 ശതമാനം വാര്‍ഷിക ഇടിവ്
  • ഉള്ളി വില നവംബറിനെ അപേക്ഷിച്ച് കാര്യമായി കുറഞ്ഞു


ഡിസംബറിൽ ഒരു വെജ് താലി ഉണ്ടാക്കുന്നതിനുള്ള ചെലവ് നവംബറിനെ അപേക്ഷിച്ച് ശരാശരി 3 ശതമാനവും നോൺ-വെജ് താലി ഉണ്ടാക്കുന്നതിനുള്ള ചെലവ് 5 ശതമാനവും കുറഞ്ഞതായി സര്‍വെ റിപ്പോര്‍ട്ട്. ക്രിസിൽ മാർക്കറ്റ് ഇന്റലിജൻസ് ആൻഡ് അനലിറ്റിക്‌സ് (എംഐ ആൻഡ് എ) ' റൈസ് റൊട്ടി റേറ്റ്' എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഉള്ളിയുടെയും തക്കാളിയുടെയും വില നവംബറിനെ അപേക്ഷിച്ച് യഥാക്രമം 14 ശതമാനവും 3 ശതമാനവും കുറഞ്ഞതാണ് പ്രധാനമായും വെജ്, നോണ്‍ വെജ് ഭക്ഷണങ്ങളുടെ ചെലവ് കുറച്ചത്. ഉത്സവ സീസൺ അവസാനിക്കുന്നതോടെ വെജ്, നോൺ വെജ് താലി വില കുറയാന്‍ ഇത് കാരണമാകുമെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

ഇറച്ചിക്കോഴിയുടെ വിലയിൽ പ്രതിമാസം 5-7 ശതമാനം കുറവുണ്ടായതിനാൽ നോൺ-വെജ് താലിയുടെ വില അതിവേഗം കുറഞ്ഞു. രാജ്യത്തിന്‍റെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറൻ മേഖലകളില്‍ നിന്നുള്ള വിലകളെ അടിസ്ഥാനമാക്കിയാണ് വീട്ടിൽ താലി തയ്യാറാക്കുന്നതിനുള്ള ശരാശരി ചെലവ് കണക്കാക്കുന്നത്. ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ഇറച്ചിക്കോഴികൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണ, പാചക വാതകം, മത്സ്യങ്ങള്‍ എന്നിവയുടെയെല്ലാം വില കണക്കിലെടുക്കുന്നു.

മുന്‍ വര്‍ഷം ഡിസംബറുമായുള്ള താരതമ്യത്തില്‍, വെജ് താലിയുടെ ചെലവ് 12 ശതമാനം ഉയർന്നപ്പോൾ നോൺ-വെജ് ഭക്ഷണത്തിന്റെ ചെലവ് 4 ശതമാനം കുറഞ്ഞുവെന്ന് റിപ്പോർട്ട് വെളിപ്പെടുത്തി. ഉള്ളിയുടെയും തക്കാളിയുടെയും വിലയിൽ യഥാക്രമം 82 ശതമാനത്തിന്‍റെയും 42 ശതമാനത്തിന്‍റെയും വര്‍ധനയാണ് മുന്‍വര്‍ഷം ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ഉള്ളതെന്നുംമ റിപ്പോർട്ട് പറയുന്നു.

പച്ചക്കറി താലി വിലയില്‍ 9 ശതമാനം വെയ്റ്റേജ് കണക്കാക്കുന്ന പയർവർഗ്ഗങ്ങളുടെ വില വാര്‍ഷികാടിസ്ഥാനത്തില്‍ 24 ശതമാനം വർധിച്ചു.അതേസമയം ഉയർന്ന ഉൽപ്പാദനത്തിന്‍റെ ഫലമായി ബ്രോയിലർ കോഴി വിലയിൽ 15 ശതമാനം വാര്‍ഷിക ഇടിവുണ്ടായതാണ് നോൺ വെജ് താലിയുടെ വില കുറയാൻ കാരണമെന്ന് റിപ്പോർട്ടില്‍ പറയുന്നു.