image

28 Sept 2023 12:32 PM IST

Stock Market Updates

ബിസിനസുകളെ വേര്‍പിരിക്കാന്‍ വേദാന്ത; ഓഹരികള്‍ക്ക് മുന്നേറ്റം

MyFin Desk

vedanta is preparing to separate the businesses
X

Summary

  • ഇന്ന് വേദാന്ത ഓഹരികള്‍ 2 ശതമാനത്തോളം ഉയര്‍ന്നു
  • വിഭജന പദ്ധതിയെ കുറിച്ച് കമ്പനി വായ്പാദാതാക്കളെ അറിയിച്ചു


തങ്ങളുടെ ബിസിനസുകളെ നിരവധി ലിസ്റ്റഡ് കമ്പനികളാക്കി മാറ്റിക്കൊണ്ട് വിപുലമായ ഒരു ഘടനാമാറ്റത്തിന് വേദാന്ത ലിമിറ്റഡ് തയാറെടുക്കുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ലോഹം മുതല്‍ ഊർജ്ജ മേഖല വരെ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തെ ബാധിച്ച വായ്പാഭാരം ലഘൂകരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വേദാന്ത മേധാവി അനില്‍ അഗര്‍വാള്‍ പ്രതീക്ഷിക്കുന്നത്.

നിര്‍ദിഷ്ട ഘടനാമാറ്റം വായ്പാദാതാക്കളെ അറിയിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ വിഭജന പദ്ധതികൾ പ്രഖ്യാപിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട സ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നു. അലൂമിനിയം, ഓയിൽ ആൻഡ് ഗ്യാസ്, ഇരുമ്പ് അയിര്, സ്റ്റീൽ എന്നിവയുൾപ്പെടെയുള്ള ബിസിനസുകൾ വെവ്വേറെ ലിസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

വേദാന്ത ലിമിറ്റഡിന്റെ മാതൃകമ്പനിയായ വേദാന്ത റിസോഴ്‌സസ് ഹോൾഡിംഗ് കമ്പനിയായി തുടരും. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും വിഭജനത്തിന്‍റെ ഘടനയോ സമയമോ സംബന്ധിച്ച് അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു.

ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ വേദാന്ത ലിമിറ്റഡിന്‍റെ ഓഹരികളും വിപണിയില്‍ മുന്നേറി. ഉച്ചയ്ക്ക് 12.12നുള്ള വിവരം അനുസരിച്ച് 0.91 ശതമാനം മുന്നേറി 210.90 രൂപയിലാണ് വില്‍പ്പന. നേരത്തേ സെഷന്‍റ തുടക്കത്തില്‍ 2 ശതമാനത്തോളം മുന്നേറ്റം പ്രകടമാക്കിയിരുന്നു. കമ്പനിയുടെ കോർപ്പറേറ്റ് ഫാമിലി റേറ്റിംഗ് മൂഡിസ് സിഎഎ1 ൽ നിന്ന് സിഎഎ2 ലേക്ക് താഴ്ത്തിയതിന്‍റെ ഫലമായി ഇന്നലെ വേദാന്ത ഓഹരികൾ ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വേദാന്തയുടെ ഓഹരികൾ 24 ശതമാനം ഇടിവാണ് പ്രകടമാക്കിയത്. സെന്‍സെക്സ് ഇക്കാലയളവില്‍ 5 ശതമാനം മുന്നേറ്റം നടത്തിയിട്ടുണ്ട്.