image

11 Jan 2024 2:26 AM GMT

Stock Market Updates

യുഎസ് വിലക്കയറ്റ കണക്ക് ഇന്ന്, ട്രഷറി ആദായം കയറി; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

Stock Market|Trade
X

Summary

  • ക്രൂഡ്, സ്വര്‍ണ വിലകള്‍ താഴോട്ടിറങ്ങി
  • ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നേട്ടത്തില്‍
  • ഗിഫ്റ്റ് നിഫ്റ്റിയുടെ തുടക്കവും നേട്ടത്തില്‍


ചാഞ്ചാട്ടവും അനിശ്ചിതത്വവും തുടരുന്നുവെങ്കിലും തുടര്‍ച്ചയായ രണ്ടാം സെഷനിലും നേട്ടം നിലനിര്‍ത്താന്‍ ഇന്നലെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കായി. എന്നാൽ, ഈ മാസത്തിന്റെ തുടക്കം മുതൽ കണക്കാക്കിയാള്‍ സൂചിക ഇപ്പോഴും 300-400 പോയിന്റ് പരിധിക്കുള്ളിലാണ് നീങ്ങുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജനുവരി 10ന് ബിഎസ്ഇ സെൻസെക്‌സ് 272 പോയിന്റ് ഉയർന്ന് 71,658ലും നിഫ്റ്റി 74 പോയിന്റ് ഉയർന്ന് 21,619ലും എത്തി.

ആഗോള വിപണികള്‍ ഉറ്റുനോക്കുന്ന യുഎസ് പണപ്പെരുപ്പ കണക്ക് ഇന്ന് പുറത്തുവരുന്നുണ്ട്. ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നതിലേക്ക് നീങ്ങുന്നതില്‍ ഏറ്റവും നിര്‍ണായകമായ ഘടകമാണ് ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം.

യുഎസ് ട്രഷറി ആദായം ഉയര്‍ച്ച പ്രകടമാക്കിയത് ഇന്ത്യ ഉള്‍പ്പടെയുള്ള വിപണികളിലെ വിദേശ നിക്ഷേപത്തെ ബാധിച്ചേക്കും. ബെഞ്ച്മാര്‍ക്ക് 10 വര്‍ഷ യുഎസ് ബോണ്ടുകളിലെ ആദായം 4.034 ശതമാനമായി.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,636 ലും തുടർന്ന് 21,689ലും 21,763ലും പ്രതിരോധം കാണാമെന്നാണ്. അതേസമയം താഴ്ചയുടെ സാഹചര്യത്തില്‍ 21,496ലും തുടർന്ന് 21,450ലും 21,377ലും പിന്തുണ എടുക്കാം.

ആഗോള വിപണികളില്‍ ഇന്ന്

പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരുന്നതിന് മുന്നോടിയായി ബുധനാഴ്ചത്തെ വ്യാപാരം നേട്ടത്തോടെയാണ് യുഎസ് വിപണികള്‍ അവസാനിപ്പിച്ചത്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 170.57 പോയിന്റ് അഥവാ 0.45 ശതമാനം ഉയർന്ന് 37,695.73 എന്ന നിലയിലും എസ് & പി-500 26.95 പോയിന്റ് അഥവാ 0.57 ശതമാനം ഉയർന്ന് 4,783.45 പോയിന്റിലും നാസ്ഡാക്ക് കോമ്പോസിറ്റ് 111.94 പോയിന്റ് അഥവാ 0.75% കൂട്ടി 14,969.65ലും എത്തി.

യൂറോപ്യന്‍ വിപണികള്‍ പൊതുവില്‍ നഷ്ടത്തോടെയാണ് ബുധനാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.

ഏഷ്യന് പസഫിക് വിപണികള്‍ വ്യാഴാഴ്ച വ്യാപാരം പൊതുവില്‍ നേട്ടത്തോടെ തുടങ്ങി. ഓസ്ട്രേലിയ എഎസ്എക്സ്, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ്, ജപ്പാന്‍റെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവ പച്ചയിലാണ്. ചൈനയുടെ ഷാങ്ഹായ് ഇടിവില്‍ വ്യാപാരം നടത്തുന്നു.

ഗിഫ്റ്റ് നിഫ്റ്റി 15.5 പോയിന്‍റ് നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഇന്ന് ബെഞ്ച്മാര്‍ക്ക് സൂചികകളുടെ തുടക്കവും പൊസിറ്റിവ് ആകുമെന്ന സൂചന ഡെറിവേറ്റിവ് വിപണി നല്‍കുന്നു

ഇന്ന് ശ്രദ്ധ നേടുന്ന കമ്പനികള്‍

ബാങ്ക് ഓഫ് ഇന്ത്യ: ഡിസംബറിൽ അവസാനിച്ച പാദത്തിൽ പൊതുമേഖലാ വായ്പാദാതാവിന്‍റെ മൊത്തം ബിസിനസ് 9.9 ശതമാനം വളർച്ച രേഖപ്പെടുത്തി 12.76 ലക്ഷം കോടി രൂപയായി. നിക്ഷേപം 8.66 ശതമാനം വർധിച്ച് 7.10 ലക്ഷം കോടി രൂപയായും മൊത്തം വായ്പാ വിതരണം 11.49 ശതമാനം ഉയർന്ന് 5.66 ലക്ഷം കോടി രൂപയായും മാറി.

എയ്ഞ്ചൽ വൺ: പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവെർട്ടിബിൾ സെക്യൂരിറ്റികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ ഫണ്ട് സ്വരൂപിക്കുന്നതിനുള്ള നിർദ്ദേശം പരിഗണിക്കാൻ ബ്രോക്കറേജ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ജനുവരി 15 ന് യോഗം ചേരും.

സഫാരി ഇൻഡസ്ട്രീസ് (ഇന്ത്യ): മുൻ‌ഗണനാ അടിസ്ഥാനത്തിൽ ഒന്നോ അതിലധികമോ വ്യക്തികൾക്ക് സെക്യൂരിറ്റികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ ഫണ്ട് ശേഖരിക്കുന്നത് പരിഗണിക്കാൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് ജനുവരി 15 ന് യോഗം ചേരും.

നുവാമ വെൽത്ത് മാനേജ്‌മെന്റ്: നുവാമ അസറ്റ് മാനേജ്‌മെന്റ്, കുഷ്‌മാൻ & വേക്ക്‌ഫീൽഡ് എന്നിവ സംയുക്ത സംരംഭം പ്രഖ്യാപിച്ചു. നുവാമ ആന്‍ഡ് കുഷ്‌മാൻ & വേക്ക്‌ഫീൽഡ് മാനേജ്‌മെന്റ് (എൻസിഡബ്ല്യു) എന്നീ പേരിലുള്ള സംരംഭത്തില്‍ ഇരുകക്ഷികള്‍ക്കും തുല്യ വിഹിതം ഉണ്ടാകും. എൻസിഡബ്ല്യു അതിന്റെ ആദ്യത്തെ റിയൽ എസ്റ്റേറ്റ് ഫണ്ടായ പ്രൈം ഓഫീസ് ഫണ്ട് (PRIME) ആരംഭിക്കാൻ പദ്ധതിയിടുകയാണ്. ഇതിലൂടെ ഇന്ത്യയിലെ ഉയർന്ന വളർച്ചാ സാധ്യതയുള്ള മേഖലകളിലെ പ്രൈം കൊമേഴ്‌സ്യൽ ഓഫീസുകളിൽ നിക്ഷേപിക്കുന്നതിന് 3,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു.

ക്രൂഡ് ഓയിലും സ്വര്‍ണവും

യുഎസ് ക്രൂഡ് സ്റ്റോക്കിൽ അപ്രതീക്ഷിത കുതിച്ചുചാട്ടം ഉണ്ടായതിന് പിന്നാലെ എണ്ണവില കുറഞ്ഞു. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 87 സെൻറ് അഥവാ 1.2 ശതമാനം ഇടിഞ്ഞ് ബാരലിന് 71.37 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 79 സെൻറ് അഥവാ 1% ഇടിഞ്ഞ് 76.80 ഡോളറിലെത്തി.

ട്രഷറി ആദായം ഉയര്‍ന്നതും ഡോളര്‍ കരുത്ത് നേടിയതും സ്വര്‍ണത്തെ ദുര്‍ബലമാക്കി. സ്‌പോട്ട് ഗോൾഡ് 0.3 ശതമാനം ഇടിഞ്ഞ് ഔൺസിന് 2,024.29 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ഇന്നലെ ഓഹരികളില്‍ 1,721.35 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 2,080.01 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയതായി എൻഎസ്ഇയിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം