13 Dec 2023 2:34 AM GMT
യുഎസില്‍ വിലക്കയറ്റം പ്രതീക്ഷക്കൊത്ത്, ഇന്ത്യയില്‍ 5.5, ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- ഫെഡ് റിസര്‍വ് ധനനയ പ്രഖ്യാപനം നാളെ പുലര്‍ച്ചയോടെ
- ഇന്ത്യയിലെ വിലക്കയറ്റ തോത് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷയ്ക്ക് താഴെ
- ഏഷ്യന്‍ വിപണികള്‍ സമ്മിശ്രമായ തലത്തില്‍
യുഎസ് ഫെഡ് റിസര്‍വ് ധനനയ സമിതി പ്രഖ്യാപനങ്ങള്‍ക്കു മുന്നോടിയായി ജാഗ്രതയിലായ വിപണി പങ്കാളികള്‍ ലാഭമെടുക്കലിലേക്ക് നീങ്ങിയതോടെ ഇന്നലെ ആഭ്യന്തര വിപണി സൂചികകള്‍ ഇടിഞ്ഞു. റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറിയ റാലിക്ക് ശേഷം വിപണി ഹ്രസ്വകാലളവില്‍ റേഞ്ച്ബൗണ്ട് വ്യാപാരം തുടരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍ നിഫ്റ്റി 21,000 ന് മുകളിൽ സ്ഥിരതയോടെ ട്രേഡ് ചെയ്യുകയാണെങ്കിൽ, റാലിയുടെ മറ്റൊരു ഘട്ടം സാധ്യമാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
ഡിസംബർ 12ന് ബിഎസ്ഇ സെൻസെക്‌സ് 378 പോയിന്റ് ഇടിഞ്ഞ് 69,551ലും നിഫ്റ്റി 91 പോയിന്റ് താഴ്ന്ന് 20,906ലും എത്തി.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,002ലും തുടർന്ന് 21,043ലും 21,108ലും പ്രതിരോധം കാണാനിടയുണ്ടെന്നാണ്. അതേസമയം താഴ്ച്ചയുടെ സാഹചര്യത്തില്‍ 20,872 ലും തുടർന്ന് 20,832, 20,766 ലെവലുകളിലും പിന്തുണ എടുക്കാം.
പണപ്പെരുപ്പ കണക്കുകള്‍
ഇന്ത്യയുടെയും യുഎസിന്‍റെയും നവംബറിലെ വിലക്കയറ്റ കണക്കുകള്‍ ഇന്നലെ പുറത്തുവന്നിട്ടുണ്ട്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് നവംബറിൽ 5.55 ശതമാനമായി ഉയർന്നു.
ഉപഭോക്തൃ വില സൂചിക (സിപിഐ) ഒക്ടോബറിൽ 4.87 ശതമാനമായിരുന്നു. സാമ്പത്തിക വിദഗ്ധർ പൊതുവില്‍ പ്രതീക്ഷിച്ചിരുന്നത് 5.8 ശതമാനത്തിലേക്ക് നവംബറിലെ സൂചിക ഉയരുമെന്നാണ് .
സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകള്‍ക്കൊത്ത് 3.1 ശതമാനം വിലക്കയറ്റമാണ് യുഎസ് നവംബറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വിലക്കയറ്റം ക്രമാനുഗതമായി കുറയുന്നത്, 2024 മാര്‍ച്ചോടെ ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നതിലേക്ക് നീങ്ങുമെന്ന പ്രതീക്ഷ ശക്തമാക്കിയിരിക്കുകയാണ്.
വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച 16 മാസത്തെ ഉയര്‍ച്ചയില്‍
സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനം ഒക്ടോബറിൽ 11.7 ശതമാനം വർധിച്ചു. 16 മാസ കാലയളവിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്.
2022 ഒക്ടോബറിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനം 4.1 ശതമാനം ചുരുങ്ങുകയായിരുന്നു. ഇതിനെ അടിസ്ഥാനമാക്കുന്നതിനാലാണ് വ്യാവസായിക ഉല്‍പ്പാദനം ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തിയത്. മാനുഫാക്ചറിംഗ് ഉൽപ്പാദനം 10.4 ശതമാനം ഉയർന്നു.
ആഗോള വിപണികളില്‍ ഇന്ന്
ഫെഡ് റിസര്‍വ് ധനനയ പ്രഖ്യാപനത്തിന് കാത്തിരിക്കുന്നതിന്‍റെയും ശുഭകരമായ വിലക്കയറ്റ കണക്കുകളുടെയും പശ്ചാത്തലത്തില്‍ യുഎസ് വിപണികള്‍ ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ മുന്നേറി. ഡൗ ജോൺസ് ഇന്‍ഡസ്ട്രിയല്‍ ആവറേജേ് 173.01 പോയിന്റ് അഥവാ 0.48 ശതമാനം ഉയർന്ന് 36,577.94ലും എസ് & പി-500 21.26 പോയിന്റ് അഥവാ 0.46 ശതമാനം ഉയർന്ന് 4,643.70ലും നാസ്‍ഡാക്ക് കോമ്പോസിറ്റ് 100.40 പോയിന്റ് അഥവാ 3.40.91 ശതമാനം ഉയർന്ന് 14,533.40ലും വ്യാപാരം അവസാനിപ്പിച്ചു. 2023 ലെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗ് നിലകളിലാണ് യുഎസ് വിപണികള്‍.
ഏഷ്യന്‍ വിപണികള്‍ ഇന്ന് സമ്മിശ്രമായ തലത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയയിലെ എഎസ്എക്സ്, ജപ്പാനിന്‍റെ നിക്കി എന്നിവ നേട്ടത്തിലാണ്. ദക്ഷിണ കൊറിയയുടെ കോസ്പി, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെംഗ്, ചൈനയുടെ ഷാങ്ഹായ് എന്നിവ ഇടിവ് നേരിടുന്നു.
ഗിഫ്റ്റ് നിഫ്റ്റി 52 പോയിന്‍റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ആഭ്യന്തര വിപണി സൂചികകളുടെയും നേട്ടത്തിലുള്ള തുടക്കത്തെ ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നു.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ആക്‌സിസ് ബാങ്ക്: സ്വകാര്യ ഇക്വിറ്റി പ്രമുഖരായ ബെയിൻ ക്യാപിറ്റൽ 444 മില്യൺ ഡോളറിന്റെ ഒരു പുതിയ ബ്ലോക്ക് ഡീൽ വഴി ആക്സിസ് ബാങ്കിലെ കൂടുതൽ ഓഹരികൾ വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബെയിൻ ക്യാപിറ്റലുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ആക്‌സിസ് ബാങ്കിലെ 1.1 ശതമാനം ഓഹരികളാണ് വിൽക്കാൻ നോക്കുന്നത്, തറ വില ഒരു ഓഹരിക്ക് 1,109 രൂപയാണ്.
വിപ്രോ: ലോകത്തെ മുൻനിര ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നായ ആർഎസ്‌എയുമായി വിപ്രൊ പുതിയ കരാറിൽ ഏർപ്പെട്ടു.
ലോറസ് ലാബ്‌സ്: ലോറസ് ലാബ്‌സിന്റെ ഉപകമ്പനിയായ ലോറസ് സിന്തസിസിന്റെ (എൽഎസ്‌പിഎൽ) ഉടമസ്ഥതയില്‍ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള നിർമ്മാണ കേന്ദ്രത്തെ കുറിച്ച് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ് എഫ്ഡിഎ) ഫോം 483ൽ അഞ്ച് നിരീക്ഷണങ്ങൾ നല്‍കി. യുഎസ് എഫ്‍ഡിഎയുടെ പരിശോധന 2023 ഡിസംബർ 4 മുതൽ 12 വരെ നടന്നു.
ഇന്ത്യൻ ബാങ്ക്: പൊതുമേഖലയിലുള്ള ബാങ്ക് തങ്ങളുടെ ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷൻ പ്ലേസ്‌മെന്റ് (ക്യുഐപി) ഇഷ്യു ഡിസംബർ 12-ന് ആരംഭിച്ചു. ഓഹരിയൊന്നിന് തറ വില 414.44 രൂപയായി നിശ്ചയിച്ചു.
ഫോഴ്സ് മോട്ടോഴ്സ്: ടാറ്റ പവർ റിന്യൂവബിൾ എനർജിയുടെ പൂർണ ഉടമസ്ഥതയിലുള്ള ടിപി സൂര്യയുടെ 12.21 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഓട്ടോമൊബൈൽ കമ്പനിക്ക് ബോർഡ് അനുമതി ലഭിച്ചു.
ക്രൂഡ് ഓയിലും സ്വര്‍ണവും
എണ്ണവില ചൊവ്വാഴ്ച 3 ശതമാനത്തിലധികം ഇടിഞ്ഞ് ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഫെബ്രുവരിയിലെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 2.79 ഡോളർ അഥവാ 3.7 ശതമാനം കുറഞ്ഞ് 73.24 ഡോളറായി. ജനുവരിയിലെ യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചർ വില ബാരലിന് 2.71 ഡോളർ അഥവാ 3.8 ശതമാനം കുറഞ്ഞ് 68.61 ഡോളറായി.
ചൊവ്വാഴ്ച ആഗോള വിപണിയില്‍ സ്വർണവില നേട്ടമുണ്ടാക്കി, 0.5 ശതമാനം ഉയർന്ന് സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,978.68 ഡോളര്‍ എന്ന നിലയിലാണ്. യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ ചെറിയ മാറ്റത്തോടെ 1,993.20 ഡോളറില്‍ എത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ പ്രകാരം ഡിസംബർ 12ന് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 76.86 കോടി രൂപയുടെ അറ്റവാങ്ങല്‍ ഓഹരികളില്‍ നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐകൾ) 1,923.32 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി.
മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം