5 Oct 2023 2:40 AM GMT
യുഎസ് , ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍ ; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- ഗിഫ്റ്റ് സിറ്റി നേട്ടത്തില്‍ തുടങ്ങി
- കോര്‍പ്പറേറ്റ് ക്രെഡിറ്റ് പ്രൊഫൈല്‍ ശക്തമെന്ന് ക്രിസില്‍ റേറ്റിംഗ്‍സ്
തുടര്‍ച്ചയായ രണ്ടാം ദിനത്തിലും നഷ്ടത്തിന്‍റെ കണക്കുകള്‍ രേഖപ്പെടുത്തിയാണ് ഇന്നലെ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇ സെൻസെക്‌സ് 286 പോയിന്റ് ഇടിഞ്ഞ് 65,226ലും നിഫ്റ്റി 93 പോയിന്റ് താഴ്ന്ന് 19,436ലും എത്തി. വിപണികളിലെ നെഗറ്റിവ് പ്രവണതകള്‍ തുടരുകയാണെങ്കിലും തുടര്‍ച്ചയായ താഴ്ച സൃഷ്ടിച്ച ഈ തലത്തില്‍ വിപണികള്‍ തുടരാനിടയില്ലെന്നും തുടക്കവ്യാപാരത്തില്‍ മുന്നേറ്റം പ്രകടമായേക്കും എന്നുമാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.
വിദേശ നിക്ഷേപകരുടെ പിന്‍വലിയല്‍ തുടരുന്നതാണ് വിപണികള്‍ക്ക് തിരിച്ചടി നല്‍കുന്ന ഒരു പ്രധാന ഘടകം. സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തിലെ കോര്‍പ്പറേറ്റ് ഫലങ്ങള്‍ക്കായി നിക്ഷേപകര്‍ ഉറ്റുനോക്കുകയാണ്. വരുന്ന ആഴ്ചകളില്‍ വിപണിയിലെ ചലനങ്ങളില്‍ ഇത് വലിയ സ്വാധീനം ചെലുത്തും. ക്രൂഡ് ഓയില്‍ വില താഴേക്കു വന്നതും വിപണികള്‍ക്ക് ആശ്വാസമാകും.
കോര്‍പ്പറേറ്റ് ക്രെഡിറ്റ് പ്രൊഫൈല്‍
കോർപ്പറേറ്റ് ഇന്ത്യയുടെ ക്രെഡിറ്റ് പ്രൊഫൈൽ 2023 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ശക്തമായി തുടരുകയാണ് എങ്കിലും ഈ കാലയളവിൽ റേറ്റിംഗ് അപ്‌ഗ്രേഡുകളുടെ എണ്ണം കുറഞ്ഞുവെന്ന് റേറ്റിംഗ് ഏജൻസികൾ പറയുന്നു. പക്ഷേ റേറ്റിംഗ് താഴ്ത്തപ്പെട്ട കമ്പനികളുടെ എണ്ണത്തേക്കാള്‍ റേറ്റിംഗ് ഉയര്‍ന്ന കമ്പനികളുടെ എണ്ണം തന്നെയാണ് കൂടുതല്‍.
ക്രിസിൽ റേറ്റിംഗ്സ് പറയുന്നത് അനുസരിച്ച് ക്രെഡിറ്റ് അനുപാതം 2022 -23 രണ്ടാംപകുതിയിലെ 2.19 ൽ നിന്ന് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 1.91ആണ്. അനുപാതം ഒന്നിൽ കൂടുതലാണെങ്കിൽ, അപ്‌ഗ്രേഡുകൾ ഡൗൺഗ്രേഡുകളെക്കാൾ കൂടുതലാണ്. റേറ്റിംഗ് ഏജൻസി 443 കോർപ്പറേറ്റുകളെ അപ്ഗ്രേഡ് ചെയ്യുകയും 232 എണ്ണത്തെ തരം താഴ്ത്തുകയും ചെയ്തു.
ഐപിഒ എണ്ണം കൂടി
പ്രൈം ഡാറ്റാബേസ് അനുസരിച്ച്, പ്രധാന വിപണിയില്‍ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒകൾ) വഴി ഇന്ത്യൻ കമ്പനികൾ സമാഹരിച്ച ഫണ്ടുകൾ 2023-24 ആദ്യ പകുതിയിൽ 26 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഐപിഒ നടത്തിയ 31 കമ്പനികൾ 26,300 കോടി രൂപ സമാഹരിച്ചു, 2022 -23 ആദ്യ പകുതിയില്‍ 14 ഐപിഒകൾ സമാഹരിച്ച 35,456 കോടി രൂപയുടെ സ്ഥാനത്താണിത്.
എന്നിരുന്നാലും, കഴിഞ്ഞ വർഷം നടന്ന മെഗാ എൽഐസി ഐപിഒ മാറ്റിനിര്‍ത്തിയാല്‍, ഏകദേശം 20,500 കോടി രൂപയുടെ സമാഹരണമാണ് നടന്നിരുന്നത്, ഈ സാമ്പത്തിക വർഷം ഐപിഒ മൊബിലൈസേഷനിൽ 76 ശതമാനം വർധനയുണ്ടായി.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
നിഫ്റ്റിക്ക് 19,362-ലും തുടർന്ന് 19,332-ലും 19,285-ലും പിന്തുണ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍, 19,457 പെട്ടെന്നുള്ള പ്രതിരോധം ആകാം, തുടർന്ന് 19,486ഉം 19,533ഉം.
ആഗോള വിപണികളില്‍ ഇന്ന്
ബുധനാഴ്ച വൈകുന്നേരം യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ ഇടിഞ്ഞു. തൊഴില്‍ ഡാറ്റയ്ക്കു മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിച്ചു. ഡൗ ജോൺസ് ഇന്‍റസ്ട്രിയല്‍ ആവറേജുമായി ബന്ധപ്പെട്ട ഫ്യൂച്ചറുകൾ 57 പോയിന്റ് ( 0.2 ശതമാനം) ഇടിഞ്ഞു. എസ് & പി 500 ഫ്യൂച്ചറുകൾ 0.1 ശതമാനം ഇടിഞ്ഞു, നാസ്ഡാക്ക് 100 ഫ്യൂച്ചറുകൾ 0.1 ശതമാനം താഴ്ന്നു. ബുധനാഴ്ചത്തെ റെഗുലർ ട്രേഡിങ്ങിൽ, ഓഹരികൾ ഉയർന്ന സെഷനിൽ അവസാനിച്ചു. എസ് & പി 500 0.81 ശതമാനം ഉയര്‍ന്നു, അതേസമയം ഡൗ 0.39 ശതമാനം ഉയർന്നു. ടെക്-ഹെവി നാസ്ഡാക്ക് കോമ്പോസിറ്റില്‍ 1.35 ശതമാനത്തിന്‍റെ വലിയ ഉയര്‍ച്ച പ്രകടമായി.
യൂറോപ്യന്‍ വിപണികളില്‍ ഇന്നലെ പൊതുവേ ഇടിവാണ് പ്രകടമായത്. ഇന്ന് ഏഷ്യന്‍ വിപണികളില്‍ പൊതുവേ പോസിറ്റിവ് തുടക്കമാണ് പ്രകടമാകുന്നത്. ഓസ്ട്രേലിയയിലെ എഎസ്എക്സ്, ഹോംഗ്കോംഗിലെ ഹാംഗ്‍സെംഗ്, ജപ്പാനിലെ നിക്കി തുടങ്ങിയ വിപണികള്‍ പച്ചയിലാണ്. ചൈനയിലെ ഷാങ്ഹായ് വിപണിയും പോസിറ്റിവ് ട്രെന്‍ഡിലാണ്.
ഗിഫ്റ്റ് സിറ്റി 15 പോയിന്‍റ് മുന്നേറിയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര സൂചികകളുടെയും പോസിറ്റിവ് തുടക്കത്തെയാണ് ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നത്.
ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍
ഹീറോ മോട്ടോകോർപ്പ്: പുതുതായി പുറത്തിറക്കിയ ഫ്ലാഗ്ഷിപ്പ് മോഡലായ കരിസ്‌മ എക്‌സ്‌എംആറിന് 13,688 ബുക്കിംഗുകൾ ലഭിച്ചു. ഹീറോ മോട്ടോകോർപ്പ് ഡീലർഷിപ്പുകളിലേക്കുള്ള കരിസ്‌മ എക്‌സ്‌എംആറിന്റെ വിതരണം ഇതിനകം ആരംഭിച്ചു, ഉത്സവ കാലം കണക്കിലെടുത്ത് മുന്നോടിയായി ഈ മാസം ഉപഭോക്തൃ ഡെലിവറി ആരംഭിക്കും.
പഞ്ചാബ് നാഷണൽ ബാങ്ക്: സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ മൊത്തം ബിസിനസ് 11.3 ശതമാനം വളർച്ച നേടി 22.5 ലക്ഷം കോടി രൂപയായി. നിക്ഷേപങ്ങൾ 9.7 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 13.08 ലക്ഷം കോടി രൂപയായും ആഭ്യന്തര വായ്പാ വിതരണം 13.9 ശതമാനം വർധിച്ച് 9.08 ലക്ഷം കോടി രൂപയായും മാറി.
ജമ്മു & കശ്മീർ ബാങ്ക്: സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 2,18,269 കോടി രൂപയുടെ മൊത്തം ബിസിനസ്സ് റിപ്പോർട്ട് ചെയ്തു, മുൻവർഷത്തെ അപേക്ഷിച്ച് 12.03 ശതമാനം വർധനയാണിത്. മൊത്തം നിക്ഷേപം വാര്‍ഷിക അടിസ്ഥാനത്തില്‍ 9.4 ശതമാനം ഉയർന്ന് 1,26,589 കോടി രൂപയായപ്പോള്‍ മൊത്തം വായ്പ 15.88 ശതമാനം വർധിച്ച് 91,680 കോടി രൂപയായി.
മാരിക്കോ: പാരച്യൂട്ട് കോക്കനട്ട് ഓയിൽ, സഫോള എഡിബിൾ ഓയിൽ എന്നിവയുടെ വില്‍പ്പന അളവ് ഒറ്റയക്ക വളര്‍ച്ച പ്രകടമാക്കിയതിന് അനുസൃതമായി ആഭ്യന്തര തലത്തിലെ മൊത്തം വില്‍പ്പന അളവ് ഒറ്റയക്ക വളര്‍ച്ചയിലാണെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ അന്താരാഷ്ട്ര ബിസിനസ് ഇരട്ടയക്ക വളര്‍ച്ചയിലാണെന്നും എഫ്‍എംസിജി വമ്പന്‍ വ്യക്തമാക്കി.
ബന്ധൻ ബാങ്ക്: സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 1.07 ലക്ഷം കോടി രൂപ വായ്പ നൽകി, മുന്‍ പാദത്തെ അപേക്ഷിച്ച് 4.3 ശതമാനം വര്‍ധനയും മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് 12.3 ശതമാനം വര്‍ധനയുമാണിത്. മൊത്തം നിക്ഷേപം മുന്‍ പാദത്തില്‍ നിന്ന് 3.3 ശതമാനം വർധിച്ച് 1.12 ലക്ഷം കോടി രൂപയായി, 12.8 ശതമാനം വാര്‍ഷിക വര്‍ധന.
ഹെൽത്ത്‌കെയർ ഗ്ലോബൽ എന്റർപ്രൈസസ്: ഇൻഡോറിലെ എസ്ആര്‍ജെ സിബിസിസി കാൻസർ ഹോസ്പിറ്റലിന്റെ തന്ത്രപരമായ ഏറ്റെടുക്കൽ കമ്പനി പ്രഖ്യാപിച്ചു. 2 വർഷത്തിനുള്ളിൽ 100 കിടക്കകളും അത്യാധുനിക കാൻസർ രോഗനിർണ്ണയ-ചികിത്സാ സൗകര്യവും ചേർത്ത് വിപുലീകരിക്കാൻ എച്ച്സിജി പദ്ധതിയിടുന്നു.
ക്രൂഡ് ഓയിലും സ്വര്‍ണവും
2023 അവസാനം വരെ ക്രൂഡ് ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്ന സൗദി അറേബ്യയുടെയും റഷ്യയുടെയും പ്രഖ്യാപനങ്ങളുടെ സ്വാധീനത്തെ മറികടക്കുന്ന തരത്തില്‍ ഡിമാന്‍ഡ് ആശങ്ക ഉയര്‍ന്നതോടെ ബുധനാഴ്ച എണ്ണവില ബാരലിന് 3 ഡോളറിലധികം ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 3.30 ഡോളര്‍ അഥവാ 3.63 ശതമാനം കുറഞ്ഞ് ബാരലിന് 87.62 ഡോളറിലെത്തി, അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് (WTI) 3.29 ഡോളര്‍ അഥവാ 3.69 ശതമാനം കുറഞ്ഞ് 85.94 ഡോളര്‍ ആയി.
യുഎസ് ട്രഷറി യീൽഡ് ഉയർന്നതും ഫെഡറൽ റിസർവ് ഉയര്‍ന്ന പലിശ നിരക്ക് കൂടുതൽ കാലം നിലനിര്‍ത്തുമെന്ന വിലയിരുത്തലും കാരണം തുടർച്ചയായ എട്ടാം സെഷനിലും സ്വർണ വില കുറഞ്ഞു. സ്‌പോട്ട് ഗോൾഡ് 0.2 ശതമാനം കുറഞ്ഞ് ഔൺസിന് 1,818.99 ഡോളറിലെത്തി, യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.4 ശതമാനം കുറഞ്ഞ് 1,834.50 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 4,424.02 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വിറ്റഴിച്ചു, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) ഒക്ടോബർ 4 ന് 1,769.49 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായും എൻഎസ്‌ഇ-യുടെ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
മുന്‍ദിവസങ്ങളിലെ അവലോകനം ഇവിടെ വായിക്കാം
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം