23 Sep 2024 11:00 AM GMT
Summary
- തുടർച്ചയായി മൂന്നാം ദിവസമാണ് സൂചികകൾ പച്ചയിൽ ക്ലോസ് ചെയുന്നത്.
- പ്രൈവറ്റ് ബാങ്ക് സൂചിക 3 ശതമാനത്തിലധികം ഉയർന്നു,
- ബ്രെൻ്റ് ക്രൂഡ് 0.09 ശതമാനം ഉയർന്ന് ബാരലിന് 74.55 ഡോളറിലെത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് പുത്തൻ റെക്കോർഡുകളോടെ. ഏഷ്യൻ വിപണികളിലെ ശക്തമായ മുന്നേറ്റം ആഭ്യന്തര വിപണിക്ക് കരുത്തേകി. ഉയർന്നു വന്ന വിദേശ നിക്ഷേപവും വിപണിയെ നേട്ടത്തിലെത്തിച്ചു. തുടർച്ചയായി മൂന്നാം ദിവസമാണ് സൂചികകൾ പച്ചയിൽ ക്ലോസ് ചെയുന്നത്.
സെൻസെക്സ് 384.30 പോയിൻ്റ് അഥവാ 0.45 ശതമാനം ഉയർന്ന് 84,928.61 എന്ന എക്കാലത്തെയും ഉയർന്ന ലെവലിൽ വ്യാപാരം അവസാനിപ്പിച്ചു. ഇൻട്രാ-ഡേയിൽ സൂചിക 436.22 പോയിൻറ് അഥവാ 0.51 ശതമാനം ഉയർന്ന് 84,980.53 എന്ന സർവ്വകാല ഉയരം തൊട്ടിരുന്നു.
സെക്ടറൽ സൂചികകളിൽ പ്രൈവറ്റ് ബാങ്ക് സൂചിക 3 ശതമാനത്തിലധികം ഉയർന്നു, റിയൽറ്റി സൂചിക 2 ശതമാനത്തിലധികം ഉയർന്നപ്പോൾ ഓട്ടോ, പവർ, എഫ്എംസിജി, മെറ്റൽ, ഫാർമ, മീഡിയ സൂചികകൾ 0.5-1 ശതമാനം നേട്ടം നൽകി. നിഫ്റ്റി ഐടി സൂചിക 0.5 ശതമാനം ഇടിഞ്ഞു.
ബിഎസ്ഇ മിഡ്ക്യാപ് സൂചികയും സ്മോൾക്യാപ് സൂചികയും 0.7 ശതമാനം വീതം ഉയർന്നു.
നിഫ്റ്റി 148.10 പോയിൻ്റ് അഥവാ 0.57 ശതമാനം ഉയർന്ന് 25,939.05 എന്ന റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ഇൻട്രാ-ഡേയിൽ സൂചിക 0.63 ശതമാനം അഥവാ 165.05 പോയിൻ്റ് നേട്ടത്തോടെ 25,956 എന്ന എക്കാലത്തെയും ഉയർന്ന ലെവലിൽ എത്തിയിരുന്നു.
സെൻസെക്സിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, അൾട്രാടെക് സിമൻ്റ്, അദാനി പോർട്ട്സ്, ടാറ്റ സ്റ്റീൽ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിൻ്റ്സ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ലാർസൻ ആൻഡ് ടൂബ്രോ തുടങ്ങിയ ഓഹരികൾ ഇടിവിൽ ക്ലോസ് ചെയ്തു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 14,064.05 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിരുന്നു. ബ്രെൻ്റ് ക്രൂഡ് 0.09 ശതമാനം ഉയർന്ന് ബാരലിന് 74.55 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 2647 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്ന് പൈസ ഇടിഞ്ഞ് 83.55 ൽ എത്തി.
ഏഷ്യൻ വിപണികളിൽ സിയോളും ഷാങ്ഹായും ഉയർന്നപ്പോൾ ഹോങ്കോങ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജപ്പാനിലെ വിപണികൾക്ക് തിങ്കളാഴ്ച അവധിയായിരുന്നു. യൂറോപ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം തുടരുന്നു.