1 Jun 2024 12:22 PM GMT
Summary
- പോയ വാരം ബിഎസ്ഇ ലാർജ് ക്യാപ് സൂചിക 2 ശതമാനത്തോളം താഴ്ന്നു
- വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 7,754.40 കോടി രൂപയുടെ ഓഹരികൾ വിറ്റു
- നിഫ്റ്റി പിഎസ്‌യു ബാങ്ക് ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്
ഏറെ ചാഞ്ചാട്ടങ്ങൾ നിറഞ്ഞ ഒഴാഴ്‌ച്ചയാണ് കടന്ന്പോയത്. എക്‌സിറ്റ് പോൾ ഫലങ്ങൾ, ജിഡിപി ഡാറ്റ, മെയ് എഫ് ആൻഡ് ഒ എക്സ്പയറി, ഉയർന്ന് വരുന്ന വിദേശ നിക്ഷേപകരുടെ വില്പന എന്നീ കാരങ്ങണളാൽ വിപണി ചുവപ്പണിഞ്ഞു. കഴിഞ്ഞ ആഴ്‌ചയിലെ നേട്ടങ്ങൾ ഇല്ലാതാക്കുകയും ബെഞ്ച്മാർക്ക് സൂചികകൾ 2 ശതമാനത്തോളം താഴുകയും ചെയ്തു. എന്നിരുന്നാലും, മിക്സഡ് കോർപ്പറേറ്റ് വരുമാനം, മൺസൂൺ ശക്തമാകുമെന്ന പ്രവചനങ്ങൾ, ആഭ്യന്തര നിക്ഷേപകരുടെ ഉയർന്ന വാങ്ങൽ എന്നിവ നഷ്ടം പരിമിതപ്പെടുത്താൻ സഹായിച്ചു.
കഴിഞ്ഞ ആഴ്ച നിഫ്റ്റി 426.4 പോയിൻ്റ് അഥവാ 1.85 ശതമാനം ഇടിഞ്ഞ് 22,530.70 ലും സെൻസെക്സ് 1,449.08 പോയിൻ്റ് അഥവാ 1.92 ശതമാനം ഇടിഞ്ഞ് 73,961.31 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇ ലാർജ് ക്യാപ്
ഇൻഫോ എഡ്ജ് ഇന്ത്യ, അവന്യൂ സൂപ്പർമാർട്ട്‌സ്, ഹിന്ദുസ്ഥാൻ സിങ്ക്, ടെക് മഹീന്ദ്ര, സൈഡസ് ലൈഫ് സയൻസസ് ഓഹരികൾ 7-10 ശതമാനം വരെ ഇടിഞ്ഞതോടെ ബിഎസ്ഇ ലാർജ് ക്യാപ് സൂചിക 2 ശതമാനത്തോളം താഴ്ന്നു. സൂചികയിലെ അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, വൺ 97 കമ്മ്യൂണിക്കേഷൻസ് (പേടിഎം), ഡിവിസ് ലബോറട്ടറീസ്, മാൻകൈൻഡ് ഫാർമ എന്നീ ഓഹരികൾ 4-7 ശതമാനം വരെ ഉയർന്നു.
ബിഎസ്ഇ മിഡ് ക്യാപ്
ബിഎസ്ഇ മിഡ് ക്യാപ് സൂചിക പോയ വാരം നൽകിയത് 1.5 ശതമാനം നഷ്ടമാണ്. ആൽകെം ലബോറട്ടറീസ്, എപിഎൽ അപ്പോളോ ട്യൂബ്‌സ്, ഷാഫ്‌ലർ ഇന്ത്യ, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ, ദീപക് നൈട്രൈറ്റ്, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ തുടങ്ങിയ ഓഹരികളിലെ ഇടിവ് സൂചികയ്ക്ക് വിനയായി. ഇമാമി, ഗ്ലെൻമാർക്ക് ഫാർമ, 3 എം ഇന്ത്യ, ടോറൻ്റ് പവർ, ഗ്ലാക്സോ സ്മിത്ത്ക്ലൈൻ ഫാർമസ്യൂട്ടിക്കൽസ്, സംവർദ്ധന മദർസൺ ഇൻ്റർനാഷണൽ എന്നീ ഓഹരികൾ സൂചികയിൽ നേട്ടമുണ്ടാക്കി.
ബിഎസ്ഇ സ്മോൾ ക്യാപ്
ഷ്നൈഡർ ഇലക്ട്രിക് ഇൻഫ്രാസ്ട്രക്ചർ, ഐഎഫ്ബി ഇൻഡസ്ട്രീസ്, സാധന നൈട്രോകെം, 63 മൂൺസ് ടെക്നോളജീസ്, എംടിഎആർ ടെക്നോളജീസ്, താജ് ജിവികെ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ്, സർദാ എനർജി ആൻഡ് മിനറൽസ് തുടങ്ങിയ ഓഹരികൾ 15-21 ശതമാനം വരെ താഴ്ന്നപ്പോൾ ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 1.5 ശതമാനത്തോളം ഇടിഞ്ഞു. ZF കൊമേഴ്‌സ്യൽ വെഹിക്കിൾ കൺട്രോൾ സിസ്റ്റംസ് ഇന്ത്യ, വാരി റിന്യൂവബിൾ ടെക്‌നോളജീസ്, റാട്ടൻഇന്ത്യ പവർ, ജോൺസൺ കൺട്രോൾസ് -ഹിറ്റാച്ചി എയർ കണ്ടീഷനിംഗ് ഇന്ത്യ, ടെക്‌നോ ഇലക്ട്രിക് ആൻഡ് എഞ്ചിനീയറിംഗ് കമ്പനി, ജൂബിലൻ്റ് ഇൻഡസ്ട്രീസ് എന്നിവ 20 ശതമാനത്തിലധികം ഉയർന്നു.
സെക്ടറൽ സൂചികകൾ
കഴിഞ്ഞ ആഴ്‌ചയിൽ നിഫ്റ്റി പിഎസ്‌യു ബാങ്ക് ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഐടി സൂചിക 4.2 ശതമാനവും നിഫ്റ്റി എനർജി സൂചിക 3.3 ശതമാനവും നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് സൂചിക 3 ശതമാനവും നിഫ്റ്റി എഫ്എംസിജി സൂചിക 2.4 ശതമാനവും ഇടിഞ്ഞു.
വിദേശ നിക്ഷേപകർ
പോയ വാരം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 7,754.40 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 14,935.15 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നഷ്ടത്തിൽ രൂപ
ഇന്ത്യൻ രൂപ മുൻ ആഴ്‌ചയിലെ നേട്ടങ്ങൾ ഇല്ലാതാക്കി. മെയ് 24-ന് രൂപ ക്ലോസ് ചെയ്ത 83.09നെ അപേക്ഷിച്ച് മെയ് 31-ന് 37 പൈസ താഴ്ന്ന് 83.46 ലാണ് ക്ലോസ് ചെയ്തത്.