26 Dec 2023 2:32 AM GMT
വിപണിയില്‍ അനിശ്ചിതാവസ്ഥ, ഏഷ്യന്‍ വിപണികള്‍ ഇടിവില്‍; ഇന്ന് വിപണി തുറക്കുംമുമ്പ് അറിയേണ്ടത്
Sandeep P S
Summary
- ഗിഫ്റ്റ് നിഫ്റ്റി 12 പോയിന്‍റ് നേട്ടത്തോടെ ഇന്നത്തെ വ്യാപാരം തുടങ്ങി
- കാര്യമായ മാറ്റമില്ലാതെ ക്രൂഡ് ഓയില്‍ വില
- വിവിധ ഏഷ്യന്‍ വിപണികള്‍ക്ക് ഇന്ന് അവധി
റെക്കോഡുകള്‍ തകര്‍ത്ത റാലിക്ക് ശേഷം റേഞ്ച് ബൗണ്ടിനകത്തെ കയറ്റിറക്കിങ്ങളിലായിരുന്നു കഴിഞ്ഞയാഴ്ച ബെഞ്ച്മാര്‍ക്ക് സൂചികകള്‍. ആഴ്ചയുടെ മധ്യത്തിലുണ്ടായ കുത്തനെയുള്ള ഉടിവിന് ശേഷം, ഡിസംബർ 22 ന് സെന്‍സെക്സും നിഫ്റ്റിയും തുടർച്ചയായ രണ്ടാം സെഷനിലും നേട്ടമുണ്ടാക്കി. ബിഎസ്‌ഇ സെൻസെക്‌സ് 242 പോയിന്റ് ഉയർന്ന് 71,107 ലും നിഫ്റ്റി 50 94 പോയിന്റ് ഉയർന്ന് 21,349 ലും എത്തി.
സമ്മിശ്രമായ ആഗോള സൂചനകളുടെ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണികള്‍ ഹ്രസ്വകാലയളവില്‍ റേഞ്ച് ബൗണ്ട് വ്യാപാരം തുടര്‍ന്നേക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അടുത്ത വര്‍ഷം വലിയ നിരക്കിളവുകള്‍ കേന്ദ്രബാങ്കുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് വിപണികളിലുള്ളത്. ചെങ്കലിലെ ചരക്കുകപ്പലുകള്‍ക്ക് നേരേ ഹൂതി വിമതര്‍ നടത്തിയ ആക്രമണവും പലസ്തീനില്‍ ഇസ്രയേല്‍ യുദ്ധം തുടരുന്നതും രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതും ആശങ്കയായി മുന്നിലുണ്ട്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിന്റെ മിനിറ്റ്സ് പുറത്തിറക്കിയിട്ടുണ്ട്. ആഭ്യന്തര ഭക്ഷ്യ വിലക്കയറ്റത്തിന്‍റെ പ്രവചനാതീത സ്വഭാവവവും അസംസ്കൃത എണ്ണ വിലയിലും സാമ്പത്തിക വിപണിയിലും നിലനില്‍ക്കുന്ന അനിശ്ചിതത്വവും പണപ്പെരുപ്പ വീക്ഷണത്തിന് അപകടസാധ്യതകൾ സൃഷ്ടിക്കുന്നതായി കേന്ദ്രബാങ്ക് വിലയിരുത്തുന്നു. അതിനാൽ, പണപ്പെരുപ്പത്തില്‍ തന്നെയാണ് ആര്‍ബിഐ ഇപ്പോഴും ശ്രദ്ധയൂന്നുന്നത്.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,385ല്‍ പ്രധാന റെസിസ്റ്റന്‍സ് കാണാമെന്നാണ്, തുടർന്ന് 21,422ഉം 21,482ഉം. അതേസമയം താഴ്ചയുടെ സാഹചര്യത്തില്‍ 21,264 ല്‍ ആദ്യം സപ്പോര്‍ട്ട് ലഭിക്കാം, തുടർന്ന് 21,226ഉം 21,166 ഉം.
ആഗോള വിപണികളില്‍ ഇന്ന്
യുഎസ് വിപണികള്‍ വെള്ളിയാഴ്ച സമ്മിശ്രമായ തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡൗ ജോൺസ് ഇൻഡസ്‌ട്രിയൽ ആവറേജ് 18.38 പോയിന്റ് അഥവാ 0.05 ശതമാനം ഇടിഞ്ഞ് 37,385.97ലും എസ് ആന്റ് പി 500 7.88 പോയിന്റ് അഥവാ 0.17 ശതമാനം ഉയർന്ന് 4,754.63ലും നാസ്ഡാക്ക് കോമ്പോസിറ്റ് 29.11 പോയിന്റ് അഥവാ 0.19 ശതമാനം വർധിച്ച് 14,992.97ലും എത്തി.
ഏഷ്യ പസഫിക് വിപണികളില്‍ ഓസ്ട്രേലിയ എഎസ്എക്സ്, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ് തുടങ്ങിയവക്കെല്ലാം ഇന്ന് ബോക്സിംഗ് ഡേ അവധിയാണ്. ജപ്പാന്‍റെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി, ചൈനയുടെ ഷാങ്ഹായ് എന്നിവ നെഗറ്റിവ് പ്രവണത കാണിക്കുന്നു.
ഗിഫ്റ്റ് നിഫ്റ്റി 12 പോയിന്‍റ് നേട്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം തുടങ്ങിയത്. ബെഞ്ച്മാര്‍ ക്ക് സൂചികകളുടെ തുടക്കവും ഫ്ലാറ്റായോ പോസിറ്റിവായോ ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ഇൻഫോസിസ്: 1 .5 ബില്യണ്‍ ഡോളറിന്‍റെ ധാരണാപത്രത്തില്‍ നിന്ന് ആഗോള കമ്പനി പിന്‍മാറിയതായി ഇൻഫോസിസ് അറിയിച്ചു. ഇൻഫോസിസ് പ്ലാറ്റ്‌ഫോമുകളും AI സൊല്യൂഷനുകളും ഉപയോഗിച്ച് ആധുനികവൽക്കരണവും ബിസിനസ് ഓപ്പറേഷൻ സേവനങ്ങളും, മെച്ചപ്പെടുത്തിയ ഡിജിറ്റൽ അനുഭവങ്ങളും നല്‍കുന്നതിന് 15 വർഷത്തേക്കായിരുന്നു ഈ ക്ലയന്‍റുമായി ഇന്‍ഫോസിസ് ധാരണയില്‍ എത്തിയിരുന്നത്.
യുപിഎൽ: അർഹരായ ഇക്വിറ്റി ഓഹരിയുടമകള്‍ക്ക് റൈറ്റ് ഇഷ്യൂ അടിസ്ഥാനത്തിൽ ഇക്വിറ്റി ഓഹരികള്‍ നല്‍കുന്നതിലൂടെ 4,200 കോടി രൂപ വരെ ഫണ്ട് സമാഹരിക്കുന്നതിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതായി അഗ്രോകെമിക്കൽ കമ്പനി അറിയിച്ചു.
ടാറ്റ സ്‍റ്റീൽ: ടാറ്റ സ്‍റ്റീൽ, ഇന്ത്യൻ സ്റ്റീൽ ആൻഡ് വയർ പ്രോഡക്‌ട്‌സ് എന്നിവയുടെ സംയോജന പദ്ധതി പരിഗണിക്കാൻ ഓഹരി ഉടമകൾ 2024 ജനുവരി 25-ന് യോഗം ചേരുമെന്ന് ടാറ്റ ഗ്രൂപ്പ് സ്ഥാപനം അറിയിച്ചു.
ബയോകോൺ:സാൻഡോസുമായി ഒരു വിതരണ കരാറിൽ ബയോകോണിന്‍റെ ഉപകമ്പനിയായ ബയോകോൺ ബയോളജിക്‌സ് ഒപ്പുവച്ചു.
സൈഡസ് ലൈഫ് സയൻസസ്: അഹമ്മദാബാദിലെ ചങ്ങോദറിലുള്ള കമ്പനിയുടെ എപിഐ സൈറ്റിലെ പരിശോധന യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ്‌എഫ്‌ഡിഎ) 6 നിരീക്ഷണങ്ങളോടെ പൂർത്തിയാക്കി. ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളില്ല.
കെപിഐടി ടെക്നോളജീസ്: 2.7 ദശലക്ഷം യൂറോയുടെ പ്രാഥമിക നിക്ഷേപത്തിനും 0.3 ദശലക്ഷം യൂറോയുടെ രണ്ടാമത്തെ നിക്ഷേപത്തിനും ശേഷം എന്‍-ഡ്രീമിൽ കമ്പനി 13 ശതമാനം ഓഹരി പങ്കാളത്തം സ്വന്തമാക്കി. എന്‍-ഡ്രീം എജി എന്നത് സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ഒരു ക്ലൗഡ് അധിഷ്‌ഠിത ഗെയിം അഗ്രഗേഷൻ പ്ലാറ്റ്‌ഫോം കമ്പനിയാണ്.
ക്രൂഡ് ഓയില്‍ വില
നിക്ഷേപകർ മിഡിൽ ഈസ്റ്റിലെ സംഘര്‍ഷ സാഹചര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. യുഎസ് ഫെഡറൽ റിസർവ് ഉടൻ പലിശ നിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്നും ഇത് ആഗോള സാമ്പത്തിക വളർച്ചയും ഇന്ധന ആവശ്യകതയും ഉയർത്തുമെന്നുമുള്ള ശുഭാപ്തിവിശ്വാസം നിലനില്‍ക്കുന്നുണ്ട്. ചൊവ്വാഴ്ച വ്യാപാരത്തില്‍ എണ്ണ വിലയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 26 സെൻറ് അഥവാ 0.3 ശതമാനം കുറഞ്ഞ് ബാരലിന് 79.13 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 3 സെൻറ് ഉയർന്ന് 73.59 ഡോളറിലാണ്.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 2,828.94 കോടി രൂപയുടെ അറ്റവില്‍പ്പന വെള്ളിയാഴ്ച ഓഹരികളില്‍ നടത്തി. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐകൾ) 2,166.72 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയെന്നും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം