image

8 Nov 2023 2:34 AM GMT

Stock Market Updates

വിപണികളില്‍ അനിശ്ചിതാവസ്ഥ തുടരുന്നു; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

Stock Market Today: Top 10 things to know before the market opens
X

Summary

  • യുഎസ് സ്‍റ്റോക്ക് ഫ്യൂച്ചറുകളില്‍ ഇടിവ്
  • ക്രൂഡ് ഓയില്‍ വില രണ്ടര മാസത്തിലെ താഴ്ന്ന നിലയില്‍
  • ആഗോള വിപണിയില്‍ സ്വര്‍ണവില രണ്ടാഴ്ചത്തെ താഴ്ചയില്‍


തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലെ റാലിക്ക് ശേഷം ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്നലെ ഫ്ലാറ്റ് ലൈനിന് സമീപം നെഗറ്റിവായി വ്യാപാരം അവസാനിപ്പിച്ചു. സെഷനിന്‍റെ ആദ്യ മണിക്കൂറില്‍ രേഖപ്പെടുത്തിയ ഇടിവില്‍ നിന്ന് കരകയറാന്‍ സൂചികകള്‍ക്കായി എങ്കിലും പച്ച തൊടാനായില്ല. അതിനാല്‍ ഇന്നത്തെ വ്യാപാരം എങ്ങനെ പുരോഗമിക്കുന്നു എന്നതാകും തുടര്‍ന്നുള്ള ട്രെന്‍ഡിനെ കുറിച്ച് ഒരു സൂചന നല്‍കുക.

പശ്ചിമേഷ്യയിലെ യുദ്ധവും ക്രൂഡ് വിലയിലെ കയറ്റിറക്കങ്ങളും പലിശ നിരക്കുകളുടെ പോക്കു സംബന്ധിച്ച വ്യക്തതക്കുറവും മിക്ക ആഗോള വിപണികളിലെയും നിക്ഷേപകരില്‍ ഒരു വിഭാഗത്തെ ആശയക്കുഴപ്പത്തിലാക്കി എന്നാണ് വിലയിരുത്തപ്പെടുന്നത്.

യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഇനിയും വർധിപ്പിക്കില്ലെന്നും നിരക്കുകള്‍ കുറയ്ക്കുന്നതിലേക്ക് അധികം താമസിയാതെ കടക്കുമെന്നുമുള്ള പ്രതീക്ഷയ്ക്ക് നിക്ഷേപകര്‍ക്കിടയില്‍ ബലം കുറഞ്ഞതോടെ യുഎസ് ട്രഷറി ആദായം വീണ്ടും ഉയര്‍ച്ചയുടെ പ്രവണത കാണിക്കുന്നു. ഇത് ഇന്ത്യയുള്‍പ്പടെയുള്ള വികസ്വര വിപണിയിലെ നിക്ഷേപങ്ങളിലേക്ക് വിദേശ നിക്ഷേപകര്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷകളെയും ബാധിച്ചിരിക്കുകയാണ്.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

നിഫ്റ്റി 19,350-ലും തുടർന്ന് 19,328-ലും 19,292-ലും സപ്പോര്‍ട്ട് നേടിയേക്കാം. ഉയർച്ചയുടെ സാഹചര്യത്തില്‍, 19,422 ആദ്യ റെസിസ്‍റ്റന്‍സായി കണക്കാക്കുന്നു. തുടർന്ന് 19,445ഉം 19,481ഉം.

ആഗോള വിപണികളില്‍ ഇന്ന്

ഏഷ്യ പസഫിക് വിപണികളില്‍ ഓസ്‌ട്രേലിയ എഎസ്എക്സ്, ജപ്പാനിന്‍റെ നിക്കി , തായ്‌വാൻ ടിഎസ്ഇസി തുടങ്ങിയ സൂചികകള്‍ നേട്ടത്തിലാണ്. ചൈനയിലെ ഷാങ്ഹായ് എസ്ഇ കംപോസിറ്റ്, ഹോങ്കോംഗിലെ ഹാംഗ് സെങ് എന്നിവ ഇടിവില്‍ തുടങ്ങിയെങ്കിലും ചാഞ്ചാട്ടം പ്രകടമാക്കുന്നു. യൂറോപ്യന്‍ വിപണികളിലും ഇന്നലത്തെ വ്യാപാരം സമ്മിശ്രമായ തലത്തിലായിരുന്നു.

ചൊവ്വാഴ്ച രാത്രി വ്യാപാരത്തില്‍ യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ ഫ്ലാറ്റ് ലൈനിന് സമീപം തുടര്‍ന്നു. എസ് & പി 500 ഫ്യൂച്ചറുകൾ 0.05 ശതമാനം ഇടിഞ്ഞു, നാസ്ഡാക്ക് 100 ഫ്യൂച്ചറുകൾ 0.06 ശതമാനം കുറഞ്ഞു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് ഫ്യൂച്ചറുകൾ 11 പോയിന്റ് അഥവാ 0.03 ശതമാനം ഇടിഞ്ഞു. പതിവ് വ്യാപാരത്തില്‍ എസ് & 500 0.3 ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 0.9 ശതമാനവും ഉയർന്നു. രണ്ട് സൂചികകളും 2021 നവംബറിനു ശേഷമുള്ള ഏറ്റവും നീണ്ട റാലി രേഖപ്പെടുത്തി. 30-സ്റ്റോക്ക് ഡൗ ഏതാണ്ട് 0.2 ശതമാനം ഉയർന്നു.

ഗിഫ്റ്റ് നിഫ്‍റ്റിയില്‍ ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത് 14.5 പോയിന്‍റ് ഇടിവോടെയാണ്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും തുടക്കം ഇടിവിലാകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

എസ്‌ജെ‌വി‌എൻ: ഉത്തരാഖണ്ഡ് പവർ കോർപ്പറേഷനിൽ (യു‌പി‌സി‌എൽ) നിന്ന് 200 മെഗാവാട്ട് സോളാർ പവർ വാങ്ങുന്നതിനുള്ള താല്‍പ്പര്യ പത്രം ഈ പൊതുമേഖലാ കമ്പനിക്ക് ലഭിച്ചു. കമ്പനിയുടെ 1,000 മെഗാവാട്ട് ബിക്കാനർ സോളാർ പദ്ധതിയിൽ നിന്ന് യൂണിറ്റിന് 2.57 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് യുപിസിഎൽ ഉദ്ദേശിക്കുന്നത്.

അപ്പോളോ ടയേഴ്‌സ്: ടയർ നിർമ്മാണ കമ്പനിയുടെ രണ്ടാംപാദത്തിലെ ഏകീകൃത ലാഭം 164.4 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 474.3 കോടി രൂപയായി. ഇൻപുട്ട് ചെലവുകളിലെ ഇടിവും ആരോഗ്യകരമായ സാമ്പത്തിക പ്രകടനവുമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. പ്രവർത്തന വരുമാനം 5.4 ശതമാനം വർധിച്ച് 6,280 കോടി രൂപയായി.

കമ്മിൻസ് ഇന്ത്യ: പുണെ ആസ്ഥാനമായുള്ള എഞ്ചിൻ നിർമാണ കമ്പനിയുടെ സ്‍റ്റാന്‍റ് എലോണ്‍ അറ്റാദായം ജൂലൈ-സെപ്റ്റംബർ കാലയളവിൽ 30 ശതമാനം വാര്‍ഷിക വർധനയോടെ 328.5 കോടി രൂപയായി. ഈ പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള സ്‍‍റ്റാന്‍റ് എലോണ്‍ വരുമാനം 2.6 ശതമാനം കുറഞ്ഞ് 1,900 കോടി രൂപയായി. പ്രവര്‍ത്തന മാര്‍ജിനിലും മറ്റ് വരുമാനങ്ങളിലുമുണ്ടായ വളര്‍ച്ചയാണ് ലാഭത്തില്‍ പ്രതിഫലിക്കുന്നത്.

പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ: സർക്കാർ ഉടമസ്ഥതയിലുള്ള പവർ ട്രാൻസ്‍മിഷന്‍ കമ്പനിയുടെ ഏകീകൃത ലാഭം രണ്ടാംപാദത്തില്‍ 3.6 ശതമാനം വാര്‍ഷിക വർധനയോടെ 3,781.4 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 1 ശതമാനം വർധിച്ച് 11,267 കോടി രൂപയായി.

ശ്രീ സിമന്‍റ്: ആരോഗ്യകരമായ പ്രവർത്തന കണക്കുകളും ശക്തമായ വരുമാനവും മൂലം ജൂലൈ-സെപ്റ്റംബർ കാലയളവിൽ സിമന്റ് നിർമ്മാണ കമ്പനിയുടെ അറ്റാദായം 159 ശതമാനം വര്‍ധിച്ച് 491 കോടി രൂപയായി. പ്രവർത്തന വരുമാനം 21 ശതമാനം വർധിച്ച് 4,585 കോടി രൂപയായി.

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ: സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽവേ കമ്പനിയുടെ രണ്ടാം പാദത്തിലെ സ്റ്റാൻഡേൺ അറ്റാദായം 30.4 ശതമാനം വാര്‍ഷിക വർധനയോടെ 295 കോടി രൂപയായി. പ്രവർത്തന വരുമാനം 23.5 ശതമാനം ഉയർന്ന് 995.3 കോടി രൂപയായി.

ക്രൂഡ് ഓയിലും സ്വര്‍ണവും

ചൈനയിൽ നിന്നുള്ള സമ്മിശ്ര സാമ്പത്തിക ഡാറ്റ ആവശ്യകതയെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയതിനാല്‍ എണ്ണവില ചൊവ്വാഴ്ച രണ്ടര മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 2.64 ഡോളർ അഥവാ 3.11 ശതമാനം കുറഞ്ഞ് ബാരലിന് 82.53 ഡോളറിലെത്തി, അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 2.60 ഡോളർ അഥവാ 3.22 ശതമാനം കുറഞ്ഞ് 78.26 ഡോളറായി.

ഡോളര്‍ ശക്തി പ്രാപിച്ചതോടെ ചൊവ്വാഴ്ച സ്വർണ്ണം രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. സ്‌പോട്ട് ഗോൾഡ് 0.67 ശതമാനം ഇടിഞ്ഞ് 1,964.59 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.88 ശതമാനം ഇടിഞ്ഞ് 1,971.10 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്നലെ 497.21 കോടി രൂപ ഓഹരികളില്‍ നിന്ന് പുറത്തേക്കൊഴുക്കി, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 700.28 കോടി രൂപയുടെ അറ്റവാങ്ങല്‍ ഓഹരികളില്‍ നടത്തിയെന്നും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം