9 Jan 2024 3:49 PM IST
Summary
തുടർച്ചയായി ഏഴാം ദിവസവും നേട്ടം നൽകി ട്രൈഡന്റ് ഓഹരികൾ. ഇന്നത്തെ വ്യാപാരത്തിൽ ഒൻപത് ശതമാനം ഉയർന്ന ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ടു. പുതുവർഷാദ്യം മുതൽ ഓഹരികൾ കുതിപ്പിലായിരുന്നു. കഴിഞ്ഞ ആറ് ദിവസങ്ങളിലായി ഓഹരി ഉയർന്നത് 33 ശതമാനമാണ്.
ഡിസംബർ 29-ന് കമ്പനി ശേഷി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രഖ്യാപനമാണ് ഓഹരി വിലയിലെ കുതിപ്പിന് കാരണമായത്. ഇത് മുന്നോട്ടുള്ള വരുമാന പാതയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി.
മധ്യപ്രദേശിലെ ബുധ്‌നിയിലുള്ള നൂൽ ബിസിനസിന്റെ നിലവിലുള്ള ശേഷി വർദ്ധിപ്പിച്ചതായി ട്രൈഡന്റ് 2023 ഡിസംബർ 29 ന് എക്‌സ്‌ചേഞ്ചുകളിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു.
നിലവിൽ ബുധ്‌നി നിർമ്മാണ യൂണിറ്റിൽ 5,89,248 സ്പിൻഡിലുകൾ, 7464 റോട്ടറുകൾ, 160 എയർ ജെറ്റ് എന്നിങ്ങനെയാണ് നൂൽ ശേഷിയുള്ളത്. ഇത് കമ്പനിയുടെ ശേഷിയിലെ 82 ശതമാനം ഉള്‍കൊള്ളുന്നതാണെന്ന് പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇതിലേക്ക് 1,89,696 സ്പിൻഡിലുകൾ ചേർത്തതായി ട്രൈഡന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 830 കോടി രൂപയാണ് ട്രൈഡന്റിൻറെ നിക്ഷേപം. റിലീസനുസരിച്ച്, ടേം ലോണുകളും ഇന്റേണൽ അക്രുവലുകളും മുഖേനയാണ് ട്രൈഡന്റ് ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഫണ്ട് സമാഹരിച്ചത്.
കമ്പനിയുടെ ചരിത്രം
പഞ്ചാബിലെ ലുധിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രൈഡന്റ് ലിമിറ്റഡ്, തുണിത്തരങ്ങളും (നൂൽ, ബാത്ത് ആൻഡ് ബെഡ് ലിനൻ) പേപ്പർ (ഗോതമ്പ് വൈക്കോൽ അടിസ്ഥാനമാക്കിയുള്ള) നിർമ്മാതാക്കളുമാണ്. ട്രൈഡന്റിന്റെ ടവലുകൾ, നൂലുകൾ, ബെഡ് ഷീറ്റുകൾ, പേപ്പർ ബിസിനസുകൾ എന്നിവയുടെയും നിർമാതാക്കളാണ്. കമ്പനിക്ക് മൂന്ന് പ്രധാന ബിസിനസ്സ് വിഭാഗങ്ങളാണുള്ളത്. നൂൽ, ഹോം-ടെക്സ്റ്റൈൽസ്, പേപ്പർ ആൻഡ് കെമിക്കൽസ് എന്നിവയാണത്. ഇവയുടെ നിർമാണ യൂണിറ്റുകൾ പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ്.
ട്രൈഡന്റ് ലിമിറ്റഡിന് 2023 നവംബറിൽ ഇന്ത്യാ ഗവൺമെന്റിന്റെ പേറ്റന്റ് ഓഫീസ് "ടെറി ഫാബ്രിക് വീവിനും റിസൾട്ടിംഗ് ടെറി ഫാബ്രിക്കിനും" പേറ്റന്റ് അനുവദിച്ചു നൽകിയിട്ടുണ്ട്.
സെപ്തംബർ പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1811.95 കോടി രൂപയായി കമ്പനി രേഖപ്പെടുത്തിയിരുന്നു. ഇത് മുൻ വർഷത്തെ ഇതേ പാദത്തെക്കാളും 25.5 ശതമാനം ഉയർന്നതാണ്. കമ്പനിയുടെ അറ്റാദായം മുൻവർഷത്തെ സെപ്തംബർ പാദത്തിൽ 37.39 കോടി രൂപയായിരുന്നു. ഇത് നടപ്പ് സാമ്പത്തിക വർഷത്തെ സെപ്റ്റംബറിൽ 90.31 കോടി രൂപയായി ഉയർന്നിരുന്നു.
ഇന്നത്തെ വ്യാപാരത്തിൽ ട്രൈഡന്റ് ഓഹരികൾ എൻഎസ്ഇ യിൽ 3.01 ശതമാനം ഉയർന്ന് 49.65 രൂപയിൽ ക്ലോസ് ചെയ്തു.