16 March 2025 12:57 PM IST
Summary
- ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഇന്‍ഫോസിസിനും ടിസിഎസിനും
- ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി നേട്ടം കൈവരിച്ചു
ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ അഞ്ച് കമ്പനികളുടെ സംയോജിത വിപണി മൂലധനം 93,357.52 കോടി രൂപ കുറഞ്ഞു. ഐടി ഭീമന്മാരായ ഇന്‍ഫോസിസും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടു.
കഴിഞ്ഞ ആഴ്ച, ബിഎസ്ഇ സെന്‍സെക്‌സ് ബെഞ്ച്മാര്‍ക്ക് 503.67 പോയിന്റ് അഥവാ 0.68 ശതമാനവും എന്‍എസ്ഇ നിഫ്റ്റി 155.3 പോയിന്റ് അഥവാ 0.69 ശതമാനവുമാണ് ഇടിഞ്ഞത്. ഹോളി ആഘോഷത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ഓഹരി വിപണികള്‍ക്ക് അവധിയായിരുന്നു.
ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ വിപണി മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി.
അതേസമയം, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവ നേട്ടം കൈവരിച്ചു. അഞ്ച് കമ്പനികളും ചേര്‍ന്ന് വിപണി മൂലധനത്തില്‍ 49,833.62 കോടി രൂപ കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫോസിസിന്റെ വിപണി മൂലധനം (എംക്യാപ്) 44,226.62 കോടി രൂപ ഇടിഞ്ഞ് 6,55,820.48 കോടി രൂപയായി. ടിസിഎസിന്റെ മൂല്യം 35,800.98 കോടി രൂപ ഇടിഞ്ഞ് 12,70,798.97 കോടി രൂപയിലെത്തി. രാജ്യത്തെ ഏറ്റവും മൂല്യവത്തായ 10 കമ്പനികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ടിസിഎസ് പിന്തള്ളപ്പെട്ടു.
ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യം 6,567.11 കോടി രൂപ കുറഞ്ഞ് 5,11,235.81 കോടി രൂപയായി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂലധനം 4,462.31 കോടി രൂപ കുറഞ്ഞ് 6,49,489.22 കോടി രൂപയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനം 2,300.50 കോടി രൂപ കുറഞ്ഞ് 16,88,028.20 കോടി രൂപയായി.
എന്നാല്‍ ഐസിഐസിഐ ബാങ്കിന്റെ മൂല്യം 25,459.16 കോടി രൂപ ഉയര്‍ന്ന് 8,83,202.19 കോടി രൂപയായി.
എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 12,591.60 കോടി രൂപ ഉയര്‍ന്ന് 13,05,169.99 കോടി രൂപയിലെത്തി. ഐടിസിയുടെ വിപണി മൂല്യം 10,073.34 കോടി രൂപ വര്‍ധിച്ച് 5,15,366.68 കോടി രൂപയിലുമെത്തി.
ബജാജ് ഫിനാന്‍സിന്റെ മൂല്യം 911.22 കോടി രൂപ ഉയര്‍ന്ന് 5,21,892.47 കോടി രൂപയിലെത്തി. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 798.30 കോടി രൂപ ഉയര്‍ന്ന് 9,31,068.27 കോടിയിലെത്തി.
രാജ്യത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടരുന്നു.തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ്.