20 Feb 2024 9:39 AM GMT
Summary
- ഫെഡറൽ ബാങ്ക് സിഇഒ ശ്രീനിവാസൻ്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടണമെന്ന ആവശ്യം ആർബിഐ തള്ളി
- പ്രമോട്ടർ അല്ലെങ്കിൽ ഒരു സിഇഒക്ക് 15 വർഷം വരെ ബാങ്കിൽ തുടരാം
- ഒരു വർഷത്തിനിടെ ഫെഡറൽ ബാങ്ക് ഓഹരികൾ ഉയർന്നത് 21%
കെവിഎസ് മണിയനെ ജോയിൻ്റ് മാനേജിംഗ് ഡയറക്ടറായി കൊട്ടക് മഹീന്ദ്ര ബാങ്ക് വീണ്ടും നിയമിച്ചു. ഇതേ സമയം ശ്യാം ശ്രീനിവാസൻ്റെ പിൻഗാമിയായി മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാകാൻ മണിയനെ ഫെഡറൽ ബാങ്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്.
വർത്തകളെ തുടർന്ന് തുടക്കവ്യപാരം മുതൽ ഫെഡറൽ ബാങ്ക് ഓഹരികൾ ഇടിവിലാണ്.
മാർച്ച് 1 മുതൽ ജോയിൻ്റ് മാനേജിംഗ് ഡയറക്ടറായി മുഴുവൻ സമയ ഡയറക്ടർ കെവിഎസ് മണിയനെ വീണ്ടും നിയമിക്കുന്നതുൾപ്പെടെ, സ്വകാര്യ മേഖലയിലെ വായ്പാ ദാതാവായ കൊട്ടക് മഹീന്ദ്ര ബാങ്ക് തിങ്കളാഴ്ച നേതൃപരമായ കാര്യമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു.
ഫെഡറൽ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ മണിയൻ ഉൾപ്പെടെ മറ്റു രണ്ട് ഇൻ്റേണൽ സ്ഥാനാർത്ഥികളെ സിഇഒ സ്ഥാനത്തേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്തതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
നിലവിലെ ഫെഡറൽ ബാങ്ക് സിഇഒ ശ്രീനിവാസൻ്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടണമെന്ന ആവശ്യം റിസർവ് ബാങ്ക് തള്ളിയതോടെയാണ് ബാങ്ക് മണിയനിലേക്ക് തിരിഞ്ഞത്. 2010-ൽ ആലുവ ആസ്ഥാനമായുള്ള ബാങ്കിന്റെ ചുമതലയേറ്റ ശ്രീനിവാസന് ഒരു വർഷത്തേക്ക് കൂടി അർഹതയുണ്ടായിരുന്നു.
ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ബാങ്കിലെ പ്രമോട്ടർ അല്ലെങ്കിൽ ഒരു സിഇഒക്ക് 15 വർഷം വരെ ബാങ്കിൽ തുടരാം. അദ്ദേഹത്തിൻ്റെ നിലവിലെ കാലാവധി 2024 സെപ്റ്റംബർ 22-നാണ് അവസാനിക്കുന്നത്.
പാദഫലം
നടപ്പ് സാമ്പത്തിക വർഷത്തെ ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഫെഡറൽ ബാങ്കിന്റെ അറ്റാദായം 25.24 ശതമാനം വർധിച്ച് 1,007 കോടി രൂപയായി റിപ്പോർട്ട് ചെയ്തിരുന്നു. മറ്റ് വരുമാനത്തിൽ 61 ശതമാനം വർദ്ധനവും ബാങ്ക് രേഖപ്പെടുത്തി.
മൂന്നാം പാദത്തിലെ അറ്റ പലിശ വരുമാനം (എൻഐഐ) 8.48 ശതമാനം ഉയർന്ന് 2,123 കോടി രൂപയായി. ഫീസ് വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 543 കോടിയിൽ നിന്ന് 642 കോടി രൂപയായി ഉയർന്നതായും സ്വകാര്യ ബാങ്ക് അറിയിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഫെഡറൽ ബാങ്ക് ഓഹരികൾ 21 ശതമാനമാണ് ഉയർന്നത്.
ഫെഡറൽ ബാങ്കിൻ്റെ ഓഹരികൾ എൻഎസ്ഇയിൽ 5.86 ശതമാനം ഇടിഞ്ഞ് 153.40 രൂപയിലെത്തി.