image

12 Dec 2023 2:55 AM GMT

Stock Market Updates

വിപണികള്‍ നേട്ടം തുടരുമോ? ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

trade morning
X

Summary

  • യുഎസ് വിപണികള്‍ നേട്ടം തുടര്‍ന്നു
  • ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തോടെ തുടങ്ങി
  • കാര്യമായ മാറ്റമില്ലാതെ ക്രൂഡ് ഓയില്‍ വില


ആഭ്യന്തര വിപണി സൂചികകള്‍ ഒരു കണ്‍സോളിഡേഷനിലേക്ക് നീങ്ങുമെന്ന, വിദഗ്ധരുടെ നിരീക്ഷണങ്ങളോട് ചേര്‍ന്നു പോകുന്ന തരത്തിലായിരുന്നു ഇന്നലെ ,സെന്‍സെക്സും നിഫ്റ്റിയും വ്യാപാരം അവസാനിപ്പിച്ചത്. പുതിയ റെക്കോഡ് ക്ലോസിംഗുകളും സര്‍വകാല ഉയരങ്ങളും ഉണ്ടായെങ്കിലും, ലാഭം നേടലും റേഞ്ച്ബൗണ്ട് ട്രേഡും കാരണം നിഫ്റ്റി50-ക്ക് 21,000 ന് മുകളിൽ നിലനിൽക്കാൻ കഴിഞ്ഞില്ല.

തിങ്കളാഴ്ചയിലെ വ്യാപാരത്തില്‍ ബി‌എസ്‌ഇ സെൻസെക്‌സ് 103 പോയിന്റ് ഉയർന്ന് 69,929 ലും നിഫ്റ്റി 28 പോയിന്റ് ഉയർന്ന് 20,997 ലും എത്തി. അതേസമയം മൊത്തത്തിലുള്ള പോസിറ്റിവ് ട്രെന്‍ഡ് ശക്തമായി തുടരുന്നുവെന്നും കാര്യമായ തകര്‍ച്ചകളില്ലാതെ വിപണി സൂചികകള്‍ മുന്നോട്ടുപോകുമെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. വിശാലമായ വിപണി സൂചികകൾ ഇന്നലെ കൂടുതല്‍ മികച്ച നേട്ടമാണ് വെളിവാക്കുന്നത്. നിഫ്റ്റി മിഡ്‌ക്യാപ് 100, സ്‌മോൾക്യാപ് 100 സൂചികകൾ യഥാക്രമം 0.7 ശതമാനവും 0.8 ശതമാനവും നേട്ടമുണ്ടാക്കി.

ആഗോള വിപണികളില്‍ ഇന്ന്

യുഎസ് വിപണികള്‍ തിങ്കളാഴ്ചത്തെ വ്യാപാരം നേട്ടത്തിലാണ് അവസാനിപ്പിച്ചത്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് (.ഡിജെഐ) 157.06 പോയിന്റ് അഥവാ 0.43 ശതമാനം ഉയർന്ന് 36,404.93 എന്ന നിലയിലും എസ് ആന്റ് പി 500 (.എസ്പിഎക്സ്) 18.07 പോയിന്റ് അഥവാ 0.39 ശതമാനം ഉയർന്ന് 4,622.44 എന്ന നിലയിലും നാസ്ഡാക് കോംപോസിറ്റ് 1.5 പോയിന്റ് അഥവാ 0.20 ശതമാനം ഉയർന്ന് 14,432.49ലും അവസാനിച്ചു. 2023 ലെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗ് നിലകളിലാണ് യുഎസ് വിപണികള്‍.

ഏഷ്യന്‍ വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയയിലെ എഎസ്എക്സ്, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെംഗ് എന്നിവ നേട്ടത്തിലാണ്. അതേസമയം ചൈനയുടെ ഷാങ്ഹായ് വിപണി ഇടിവ് നേരിടുന്നു.

ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ആഭ്യന്തര വിപണി സൂചികകളുടെയും നേട്ടത്തിലുള്ള തുടക്കത്തെ ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നു.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,021 ലും തുടർന്ന് 21,046 ലും 21,085 ലും പ്രതിരോധം കാണാനിടയുണ്ടെന്നാണ്. അതേസമയം താഴ്ച്ചയുടെ സാഹചര്യത്തില്‍ 20,943ലും തുടർന്ന് 20,919, 20,880 ലെവലുകളിലും പിന്തുണ എടുക്കാം.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ഇൻഫോസിസ്: 2024 ഏപ്രിൽ 1 മുതലുള്ള കാലയളവിലെ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായും പ്രധാന മാനേജർമാരില്‍ ഒരാളായും ജയേഷ് സംഘ്രാജ്‍കയെ നിയമിച്ചതായി ഇന്‍ഫോസിസ് അറിയിച്ചു. ഈ സ്ഥാനങ്ങള്‍ നിലഞ്ജൻ റോയ് രാജിവച്ച സാഹചര്യത്തിലാണിത്. കമ്പനി. റോയി 2024 മാർച്ച് 31ന് കമ്പനി വിടും.

ടാറ്റ കൺസൾട്ടൻസി സർവീസസ്: ബയ് ബാക്ക് ഇഷ്യുവിന്റെ ആക്സപ്റ്റന്‍സ് റേഷ്യോ ഏകദേശം 35 ശതമാനമായി നിശ്ചയിച്ചിട്ടുണ്ടെന്ന് ടിസിഎസിന്‍റെ ഓഹരികൾ ടെൻഡർ ചെയ്ത നിരവധി നിക്ഷേപകർ പറഞ്ഞു. ആക്സപ്റ്റന്‍സ് റേഷ്യോ എന്നത് ടെൻഡർ ചെയ്ത ഓഹരികളുടെ എണ്ണവും കമ്പനി വാങ്ങാൻ അംഗീകരിക്കുന്ന ഓഹരികളുടെ എണ്ണവും തമ്മിലുള്ള അനുപാതമാണ്. 2022ലെ ബയ്ബാക്ക് സമയത്ത് അനുപാതം 24 ശതമാനമായിരുന്നു.

മാൻകൈൻഡ് ഫാർമ: ബ്ലോക്ക് ഡീൽ വഴി കമ്പനിയുടെ 7.9 ശതമാനം വരെ ഇക്വിറ്റിയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്ന് സിഎന്‍ബിസി റിപ്പോർട്ട് ചെയ്യുന്നു. മൊത്തം ബ്ലോക്ക് ഡീൽ വലുപ്പം ഏകദേശം 5,649 കോടി രൂപയായിരിക്കും എന്നാണ് സൂചന, അടിസ്ഥാന വലുപ്പം 4,935 കോടി രൂപയാണ്. ബീജ് ഇൻവെസ്റ്റ്‌മെന്റ്, ലിങ്ക് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ്, കെയ്‌ർഎൻഹിൽ സിഐപിഇഎഫ്, കെയർൺഹിൽ സിജിപിഇ, ഹേമ സിഐപിഇഎഫ് എന്നിവ ബ്ലോക്ക് ഡീലിലെ വിൽപ്പനക്കാരാണ്.

വിപ്രോ: വാഹന മേഖലയ്ക്ക് മൊബിലിറ്റി ടെക്‌നോളജി വിതരണം ചെയ്യുന്ന മറെല്ലി ഇലക്‌ട്രോണിക് സിസ്റ്റംസിന്‍റെ ക്യാബിൻ ഡിജിറ്റൽ ട്വിന്‍ ഒരു വ്യാവസായിക ഉൽപന്നമായി വികസിപ്പിക്കുന്നതിനുള്ള പിന്തുണ നൽകിയതായി ഐടി സേവന കമ്പനി അറിയിച്ചു.

ആര്‍ഇസി: സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം ജർമ്മനിയിലെ കെഡബ്ല്യു ഡെവലപ്‌മെന്റ് ബാങ്കുമായി 200 ദശലക്ഷം യൂറോയുടെ വായ്പാ കരാറിൽ ഏർപ്പെട്ടു. ഡിസ്കോമുകളുടെ വിതരണവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ റീഫിനാൻസ് ചെയ്യുന്നതിന് ഈ തുക.

ഡിഎല്‍എഫ്: ഗ്രൂപ്പിന്‍റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സ്ഥാനം വിവേക് ​​ആനന്ദ് രാജിവച്ചു. വിവേക് ​​ആനന്ദ് 2024 ഫെബ്രുവരി 29 വരെ തന്റെ റോളിൽ തുടരും. മറ്റ് തൊഴില്‍ മാര്‍ഗങ്ങള്‍ തേടുന്നതിനായാണ് രാജ്. ധനകാര്യം ഉൾപ്പെടെ എല്ലാ കോർപ്പറേറ്റ് പ്രവർത്തനങ്ങളുടെയും മൊത്തത്തിലുള്ള ഉത്തരവാദിത്തമുള്ള അശോക് കുമാർ ത്യാഗി, ഇനി ഗ്രൂപ്പ് ഫിനാൻസ്, ഐടി, വിഭാഗങ്ങളിലെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കും. നിലവിൽ ഡിഎൽഎഫിന്റെ മാനേജിങ് ഡയറക്ടറാണ് ത്യാഗി.

റെയിൽ വികാസ് നിഗം: ഇൻഡോർ മെട്രോ റെയിൽ പദ്ധതിക്കായി ഒരു എലവേറ്റഡ് വയഡക്ട്, അഞ്ച് എലവേറ്റഡ് മെട്രോ റെയിൽ സ്റ്റേഷനുകൾ, ചെയിനേജുകൾക്കിടയിലുള്ള റാമ്പ് എന്നിവ രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനുമുള്ള കരാര്‍ ആര്‍വിഎന്‍എല്‍-യുആര്‍സി സംയുക്ത സംരംഭം നേടി. 543 കോടിയുടേതാണ് പദ്ധതി. സംയുക്ത സംരംഭത്തിൽ ആര്‍വിഎന്‍എല്‍-ന് 51 ശതമാനവും യുആര്‍സി-ക്ക് 49 ശതമാനവും പങ്കാളിത്തമാണ് ഉള്ളത്.

ക്രൂഡ് ഓയിലും സ്വര്‍ണവും

ചൊവ്വാഴ്ച എണ്ണ വില സ്ഥിരത നിലനിർത്തി,ഫെബ്രുവരിയിലെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 76.03 ഡോളറായിരുന്നു, ജനുവരി ഡെലിവറിക്കുള്ള യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 3 സെൻറ് ഉയർന്ന് ബാരലിന് 71.35 ഡോളറിലെത്തി.

യുഎസ് ഡോളര്‍ ശക്തി പ്രാപിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ച സ്വർണ്ണ വില കുറഞ്ഞു. സ്പോട്ട് ഗോൾഡ് 0.5 ശതമാനം കുറഞ്ഞ് ഔൺസിന് 1,993.44 ആയി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.3 ശതമാനം കുറഞ്ഞ് 2,009.30 ഡോളറിലെത്തി.

വിദേശനിക്ഷേപങ്ങളുടെ ഗതി

വിദേശ (എഫ്‌ഐഐ) 1,261.13 കോടി രൂപയുടെ അറ്റവാങ്ങല്‍ ഇന്നലെ ഓഹരികളില്‍ നടത്തി, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐകൾ) 1,032.92 കോടി രൂപയുടെ അറ്റ വില്‍പ്പന ഓഹരികളില്‍ നടത്തിയതായും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം