3 Jun 2024 2:10 AM GMT
Summary
എക്‌സിറ്റ് പോളിന്റെ ബലത്തില്‍ കുതിച്ചുയരും
യഥാര്‍ത്ഥ ഫലത്തിനു മുമ്പേ വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്നു വിപണിയെ റിക്കാര്‍ഡ് ഉയരത്തിലേക്ക് എത്തിക്കും. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നൂറ്റമ്പതിലധികം സീറ്റുകളോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും അഭിപ്രായപ്പെടുന്നത്.
മേയിലെ 23000 പോയിന്റ് നിഫ്റ്റി തിരിച്ചെടുക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉറപ്പു നല്‍കുന്നു. എന്‍ഡിഎയുടെ തിരിച്ചുവരവുമൂലമുണ്ടാകുന്ന വാല്യു ബൈയിംഗും നിഫ്റ്റിക്ക് അധികഊര്‍ജം നല്‍കും.
വിപണിയിലെ ഈ ആഹ്ലാദം യഥാര്‍ഥ ഫലമെത്തുന്ന ജൂണ്‍ നാലിലേക്കും പടരുമെന്ന് ഉറപ്പാണ്.
പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട നാലാം ക്വാര്‍ട്ടര്‍ ജിഡിപി വളര്‍ച്ചയും അടുത്ത വര്‍ഷത്തെ വളര്‍ച്ചാ പ്രതീക്ഷയുമെല്ലാം വിപണിയുടെ മുന്നേറ്റത്തിനുള്ള അധിക ഉത്തേജനങ്ങളാണ്. നാലാം ക്വാര്‍ട്ടറില്‍ വളര്‍ച്ച 7.8 ശതമാനമാണ്. മാനുഫാക്ചറിംഗ്, കണ്‍സ്ട്രക്ഷന്‍ മേഖലകളുടെ മികച്ച പിന്തുണയാണ് സമ്പദ്ഘടനയ്ക്കു ലഭിച്ചത്. 2023-24-ലെ സാമ്പത്തിക വളര്‍ച്ച 8.2 ശതമാനമാണ്. ചരിത്രത്തില്‍ ആദ്യമായി ആളോഹരി വരുമാനം രണ്ടു ലക്ഷം രൂപയ്ക്കു മുകളിലെത്തി. ധനകമ്മി പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റിലെ 5.8 ശതമാനത്തേക്കാള്‍ കുറഞ്ഞ് 5.6 ശതമാനമായതും വിപണിക്ക് ദീര്‍ഘകാലത്തില്‍ കരുത്തു പകരും.
അഞ്ചു ദിവസത്തെ തുടര്‍ച്ചയായ ഇടിവിനുശേഷം കഴിഞ്ഞ വാരാവസാനത്തില്‍ നിഫ്റ്റി സൂചിക 42.05 പോയിന്റ് മെച്ചത്തോടെ 22530.7 പോയിന്റിലാണ് ക്ലോസ് ചെയ്തത്.
മറ്റൊരു മുഖ്യ സൂചികയായ സെന്‍സെക്‌സ് വെള്ളിയാഴ്ച 75.71 പോയിന്റ് മെച്ചത്തോടെ 73961.31 പോയിന്റിലും ക്ലോസ് ചെയ്തു. നാലുദിവസംകൊണ്ട് ഏകദേശം 1550 പോയിന്റ് താഴ്ന്നതിനുശേഷമാണ് ഈ റിക്കവറി ഉണ്ടായിട്ടുള്ളത്.
ഇന്ന് വിപണിയിലെ മുന്നേറ്റത്തിനു കാരണമാകുന്നത് സെന്റിമെന്റ് മാത്രമാണ്. ഫണ്ടമെന്റല്‍ അല്ല. ഇതു മനസിലാക്കി തീരുമാനമെടുക്കുക. സെന്റിമെന്റല്‍ മുന്നേറ്റം മണിക്കൂറുകള്‍ക്കുള്ളിലോ ദിവസങ്ങള്‍ക്കുള്ളിലോ അവസാനിക്കുമെന്നും ഓര്‍മിക്കുക. അടിസ്ഥാനപരമായി ശക്തിയുള്ള ഓഹരികളില്‍ ശ്രദ്ധ നല്‍കുക.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
എന്‍ഡിഎയ്ക്ക് അനുകൂലമായ എക്‌സിറ്റ് പോളുകളുടെ അടിസ്ഥാനത്തില്‍ ഇന്ന് ഓഹരി വിപണി ഗ്യാപ് അപ് ഓപ്പണിംഗ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫറ്റി അതിന്റെ ശക്തമായ റെസിസ്റ്റന്‍സ് ആയ 23000 പോയിന്റിനു മുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ റെസിസ്റ്റന്‍സ് 22800-22900 തലത്തിലുണ്ട്. അടുത്ത ശക്തമായ റെസിസ്റ്റന്‍സ് 23100-23150 പോയിന്റാണ്. വിപണിയുടെ ചരത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയന്റ് ഈ റേഞ്ചിലാണ്. യഥാര്‍ഥ ഫല ദിവസം, എക്‌സിറ്റ് പോളുകള്‍ക്ക് സമാനമായ ഫലമാണ് പുറത്തുവരുന്നതെങ്കില്‍ വിപണി പുതിയ ഉയരങ്ങളിലേക്ക് പോകും. 23250 പോയിന്റും തുടര്‍ന്ന് 23800 പോയിന്റുമാണ് റെസിസ്റ്റന്‍സ് ആയി നിലകൊള്ളുന്നത്.
ഇന്നു വിപണി താഴേയ്ക്കു പോവുകയാണെങ്കില്‍ നിഫ്റ്റിക്ക് 22300- 22400 പോയിന്റില്‍ ആദ്യ പിന്തുണ ലഭിക്കും. തുടര്‍ന്ന 21950-22000 പോയിന്റില്‍ ശക്തമായ പിന്തുണയുമുണ്ടാകും.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ വെള്ളിയാഴ്ച ബുള്ളീഷ് സോണിലേക്കു തിരിച്ചെത്തിയിരുന്നു. ആര്‍എസ്‌ഐ 50.33 ആണ്.
ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: കഴിഞ്ഞ വാരത്തിലെ അവസാനത്തെ രണ്ടു വ്യാപാരദിനങ്ങളിലായി 482.6 പോയിന്റ് മെച്ചപ്പെട്ടാണ് ബാങ്ക് നിഫ്റ്റി ക്ലോസ് ചെയ്തത്. ക്ലോസിംഗ് 48983.95 പോയിന്റിലാണ്.
ബാങ്ക് നിഫ്റ്റിയുടെ മുന്നോട്ടുള്ള പ്രയാണത്തിലെ മുഖ്യ റെസിസ്റ്റന്‍സ് 49100 പോയിന്റാണ്. അടുത്തത് 49688 പോയിന്റാണ്. എക്‌സിറ്റ് പോളിന്റെ പശ്ചാത്തലത്തില്‍ ഇതു മറികടക്കുമെന്നു മാത്രമല്ല, സൈക്കോളജിക്കല്‍ റെസിസ്റ്റന്‍സായ 50000 പോയിന്റ് മുകളില്‍ എത്താനുള്ള സാധ്യതയേറെയാണ്.
താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 48500 പോയിന്റിലും തുടര്‍ന്ന് 48300 പോയിന്റിലും സമാന്യം ശക്തമായ പിന്തുണയുണ്ട്. തുടര്‍ന്നും താഴേയ്ക്കു നീങ്ങിയാല്‍ 47800 പോയിന്റിലാണ് പിന്തുണ.
ബാങ്ക് നിഫ്റ്റി ആര്‍ എസ് ഐ ഇന്നലെ 57.71 ആണ്. ബുള്ളീഷ് മോഡിനല്‍ത്തന്നെ ബാങ്ക് നിഫ്റ്റി നീങ്ങുകയാണ്.
എന്‍ഡിഎയുടെ തിരിച്ചുവരവ് പൊതുമേഖല ബാങ്കുകള്‍ക്ക് ഊര്‍ജം പകരുമെന്നാണ് വിലയിരുത്തല്‍. പൊതുമേഖല ഓഹരികളെ പൊതുവേ മോദി ഓഹികളായാണ് കരുതുന്നത്.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 642 പോയിന്റ് മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ വിപണി ഇന്നു രാവിലെ കുത്തനെ ഉയരുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്. കൂട്ടായി ആഗോള വിപണികള്‍ എല്ലാം ഉയര്‍ന്നു നില്‍ക്കുകയാണു താനും.
ഇന്ത്യ വിക്‌സ്
ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്‌സ് മേയ് 31-ന് 24.6 ആയി. തലേദിവസമിത് 24.17 ആയിരുന്നു ഇത്. തെരഞ്ഞെടുപ്പു ഫലത്തോട് അടുക്കുന്നതോടെ വിപണിയിലെ ചാഞ്ചാട്ടം ഉയരുകയാണ്.
വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) മേയ് 31-ന് 1.0 ആയി.തലേദിവസമിത് 1.12 ആയിരുന്നു. ബുള്ളീഷ് മൂഡില്‍ത്തന്നെയാണ് വിപണി നില്‍ക്കുന്നതെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
ഡൗ ജോണ്‍സ് 574.84 പോയിന്റ് മെച്ചത്തോടെ 38686.5 പോയിന്റിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച പുറത്തുവന്ന പണപ്പെരുപ്പകണക്കുകള്‍ വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്തു നീങ്ങിയതാണ് അവസാന മണിക്കൂറില്‍ ഡൗ ജോണ്‍സിന് ഊര്‍ജം പകര്‍ന്നത്. എസ് ആന്‍ഡ് പി 500 42.03 പോയിന്റു നേട്ടമുണ്ടാക്കി. എന്നാല്‍ നാസ്ഡാക് നേരിയ പോയിന്റ്( 2.06 പോയിന്റ് ) ഇടിവോടെ 16735 പോയിന്റിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച നേട്ടമുണ്ടാക്കിയെങ്കിലും ഇക്കഴിഞ്ഞ വാരന്ത ക്ലോസിംഗ് തലേവാരത്തേക്കാള്‍ കുറഞ്ഞാണ്.
ആദ്യക്വാര്‍ട്ടര്‍ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞതും (1.3 ശതമാനം) യുഎസ് ബോണ്ട് യീല്‍ഡ് കൂടിയതുമൊക്കെയാണ് വിപണിക്കു തിരിച്ചടിയായത്. പലിശ നിരക്ക് വെട്ടിക്കുറയ്ക്കുന്നത് ഇനിയും നീണ്ടേക്കുമെന്ന വിലയിരുത്തലും വിപണിക്കു വിനയായി.
ഡെല്ലിന്റെ മോശം പ്രകടനമാണ് നാസ്ഡാക് പ്രകടനത്തെ ബാധിച്ചത്. ഡെല്ലിന്റെ പ്രവര്‍ത്തന വരുമാനം ഗണ്യമായി കുറഞ്ഞു.
എന്നാല്‍ യൂറോപ്യന്‍ വിപണികള്‍ എല്ലാം വാരാന്ത്യത്തില്‍ പോ പോസീറ്റീവായി ക്ലോസ് ചെയ്തു. എഫ്ടിഎസ് ഇ യുകെ 44 പോയിന്റും സിഎസി ഫ്രാന്‍സ് 14.3 പോയിന്റും ഡാക്‌സ് ജര്‍മനി 1.2 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 44.84 പോയിന്റും മെച്ചപ്പെട്ട് ക്ലോസ് ചെയ്തു.
അതേസമയം ഡൗ, നാസ്ഡാക്, എസ് ആന്‍ഡ് പി തുടങ്ങിയ യുഎസ് ഫ്യൂച്ചേഴ്‌സും യൂറോപ്യന്‍ ഫ്യൂച്ചേഴ്സും എല്ലാം മികച്ച നേട്ടത്തിലാണ് നില്‍ക്കുന്നത്.
ഏഷ്യന്‍ വിപണികള്‍
ഏഷ്യന്‍ വിപണികളെല്ലാം തന്നെ ഇന്നു പോസീറ്റീവായിട്ടാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഏഷ്യയിലെ മുഖ്യ വിപണികളിലൊന്നായ ജാപ്പനീസ് നിക്കി ഇന്നു രാവിലെ 247 പോയിന്റ് മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 540 പോയിന്റ് മെച്ചത്തിലാണ്. നിക്കി ഫ്യൂച്ചേഴ്‌സ് 184 പോയിന്റും മെച്ചപ്പെട്ടു നില്‍ക്കുകയാണ്.
കൊറിയന്‍ കോസ്പി 38.2 പോയിന്റു നേട്ടത്തില്‍ നില്‍ക്കുകയാണ്. ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് നേരിയ താഴ്ചയോടെയാണ് തുറന്നിട്ടുള്ളത്. ഹോങ്കോംഗ് ഹാംഗ്‌സെംഗ് 228 പോയിന്റു നേട്ടത്തിലാണ് ഓപ്പണ്‍ ചെയ്തത്. ഹാംഗ്‌സംഗ് ഫ്യൂച്ചേഴ്‌സ് 112 പോയിന്റ് ഉയര്‍ന്നു നില്‍ക്കുകയാണ്.
എഫ്‌ഐഐ വാങ്ങല്‍-വില്‍ക്കല്‍
കഴിഞ്ഞ വാരത്തിലെ അവസാന വ്യാപാരദിവസം ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങളോടൊപ്പം വിദേശനിക്ഷേപകസ്ഥാപനങ്ങളും നെറ്റ് വാങ്ങലുകാരായിരുന്നു. ആഭ്യന്തര സ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ 1613 കോടി രൂപയുടേതാണ്. അതേസമയം വിദേശ നിേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ 2114.2 കോടി രൂപയുടേതാണ്.
ഇന്ത്യന്‍ആഭ്യന്തര സ്ഥാപനങ്ങളായി മാസങ്ങളായി ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. മേയില്‍ മാത്രം അവരുടെ നെറ്റ് വാങ്ങല്‍ 55733 കോടി രൂപയുടേതാണ്. ഇതേ സ്ഥാനത്ത് വിദേനിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വില്‍പ്പന 42214 കോടി രൂപയുടെ ഓഹരികളാണ്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉറച്ച സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കു ശക്തികൂട്ടുമെന്ന വിലയിരുത്തലില്‍ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്കു തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങളാണ് വിപണിയില്‍ ദൃശ്യമാകുന്നത്. ജൂണ്‍ നാലോടെ കാര്യങ്ങള്‍ വ്യക്തമാകും.
ഇന്ത്യയുടെ മെച്ചപ്പെട്ട നാലാം ക്വാര്‍ട്ടര്‍ ജിഡിപി വളര്‍ച്ചയും ഇതേ വളര്‍ച്ചാമൊമന്റം തുടരുമെന്ന വിലയിരുത്തലും വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ കൂടുതല്‍ വാങ്ങലിനു പ്രേരിപ്പിക്കും.
സാമ്പത്തിക വാര്‍ത്തകള്‍
ഇന്ത്യന്‍ സമ്പദ്ഘടന ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ നാലാം ക്വാര്‍ട്ടറില്‍ വിവിധ അനലിസ്റ്റുകളുടെ അനുമാനങ്ങളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിരിക്കുകയാണ്. ജിഡിപി 7.8 ശതമാനം വളര്‍ച്ച നേടിയിരിക്കുകയാണ്. ഇതോടെ 2023-24-ലെ വളര്‍ച്ച 8.2 ശതമാനമായതായി സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം അറിയിച്ചു. ആദ്യ ക്വാര്‍ട്ടറില്‍ 8.2 ശതമാനവും രണ്ടാം ക്വാര്‍ട്ടറില്‍ 8.1 ശതമാനവും മൂന്നാം ക്വാര്‍ട്ടറില്‍ 8.6 ശതമാനവും വളര്‍ച്ച നേടിയിട്ടുണ്ട്.കൃഷി, മൃഗപരിപാലനം, ഫോറസ്റ്ററി, മത്സ്യബന്ധനം തുടങ്ങിയ പ്രാഥമിക മേഖലയുടെ വളര്‍ച്ച മുന്‍വര്‍ഷത്തെ 4.7 ശതമാനത്തില്‍നിന്നു 1.4 ശതമാനമായി കുറഞ്ഞു. കൂടുതല്‍ആളുകള്‍ ആശ്രയിക്കുന്ന ഈ മേഖലയിലെ തളര്‍ച്ച ഗ്രാമീണ മേഖലയിലേതുള്‍പ്പെടെ വലിയ വിഭാഗം ആളുകളെ ബാധിക്കും.
നടപ്പുവര്‍ഷത്തില്‍ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് ശുഭപ്രതീക്ഷയാണു പൊതിവേയുള്ളത്. ഏഴുശതമാനം വളര്‍ച്ചയും 4.5 ശതമാനം പണപ്പെരുപ്പവുമാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ പണപ്പെരുപ്പം 5.4 ശതമാനമാണ്. ഐഎംഎഫ് നടപ്പുവര്‍ഷത്തെ വളര്‍ച്ച 6.8 ശതമാനമായിരിക്കുമെന്നു അനുമാനിക്കുന്നു. നേരത്തെ അവര്‍ 6.5 ശതമാനം വളര്‍ച്ചയാണ് കണക്കാക്കിയിരുന്നത്. എഡിബി കുറേക്കൂടി ശുഭാപ്തി വിശ്വാസമാണ് പ്രകടനിപ്പിക്കുന്നത്. ഏഴു ശതമാനം വളര്‍ച്ചയാണ് അവര്‍ അനുമാനിക്കുന്നത്.
ധനകമ്മി: രാജ്യത്തിന്റെ ധനകമ്മി 2023-24-ല്‍ ജിഡിപിയുടെ 5.6 ശതമാനമായി. കുറഞ്ഞു. ബജറ്റിയില്‍ പുതുക്കിയ എസ്റ്റിമേറ്റനുസരിച്ച് 5.8 ശതമാനമായരുന്നു കണക്കാക്കിയിരുന്നത്. മറ്റു വാക്കില്‍ പറഞ്ഞാല്‍ ധധ കമ്മി കണക്കാക്കിയിരുന്ന 17.86 ലക്ഷം കോടി രൂപയില്‍നിന്ന് 16.54 ലക്ഷം കോടി രൂപയായി താഴ്ന്നു. കേന്ദ്ര സര്‍ക്കാരിന്റെ നെറ്റി നികുതി വരുമാനം 23.27 ലക്ഷം കോടി രൂപയായി. ഇത് ലക്ഷ്യമിട്ടിരുന്നതിന്റെ 100.1 ശതമാനമാണ്.
കാതല്‍ മേഖല വളര്‍ച്ച: എട്ടു വ്യവസായമേഖകളടങ്ങിയ കാതല്‍ മേഖലയുടെ ഏപ്രിലില്‍ 6.2 ശതമാനം വളര്‍ച്ച നേടി. മാര്‍ച്ചിലെ വളര്‍ച്ച ആറു ശതമാനമായിരുന്നു. മുന്‍വര്‍ഷം ഏപ്രിലിലെ വളര്‍ച്ച 4.6 ശതമാനമായിരുന്നു. വൈദ്യുതി, പ്രകൃതിവാതകം, കല്‍ക്കരി, സ്റ്റീല്‍, റിഫൈനറി പ്രോഡക്ട്‌സ്, ക്രൂഡോയില്‍, സിമന്റ്, വളം എന്നിവയാണ് കാതല്‍ വ്യവസായത്തിലുള്‍പ്പെടുന്നത്. വ്യാവസായികോത്പാദന സൂചികയില്‍ കാതല്‍ മേഖലയ്ക്ക് 40.27 ശതമാനം വെയിറ്റേജ് ഉണ്ട്.
എച്ച്എസ് ബിസി മാനുഫാക്ചറിംഗ് പിഎംഐ കണക്കുകള്‍ ജൂണ്‍ മൂന്നിന് എത്തും. മേയിലിത് 58.4 ആയിരുന്നു.
ക്രൂഡോയില്‍ വില
രാജ്യന്തര വിപണിയില്‍ ക്രൂഡോയില്‍ വില അല്‍പ്പം മെച്ചപ്പെട്ടു നില്‍ക്കുകയാണ്. ഇന്നു രാവിലെ ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 81.48 ഡോളറിലാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. തലേ ദിവസത്തേക്കാള്‍ 0.37 ഡോളര്‍ കൂടുതലാണിത്. അതേപോലെ ഡബ്‌ള്യു ടിഐ ക്രൂഡ് 0.42 ഡോളര്‍ മെച്ചത്തോടെ 77.41 ഡോളറിലാണ് വ്യാപാരം.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക