image

31 May 2024 2:07 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് ( മേയ് 31)

Joy Philip

Domestic trade started on a positive note
X

Summary

തെരഞ്ഞെടുപ്പു ഫലത്തിനായി ശ്വാസമടക്കി ഇന്ത്യന്‍ വിപണി


നാളെ (ജൂണ്‍ 1) അവസാന ഘട്ട വോട്ടെടുപ്പിനു രാജ്യം തയാറെടുക്കവേ ഫലം സംബന്ധിച്ച് ഇന്ത്യന്‍ ഓഹരി വിപണി പരിഭ്രമത്തിലാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സമയത്ത് വിപണിക്കുണ്ടായിരുന്ന ആത്മവിശ്വാസമിപ്പോഴില്ല. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ 2019-ലേതിനേക്കാള്‍ മെച്ചപ്പെട്ട സീറ്റു നിലയോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു വിപണിയുടെ വിശ്വാസവും പ്രതീക്ഷയും.

ഇന്ന് ആ ആത്മവിശ്വാസം കൈമോശം വന്നിരിക്കുന്നുവെന്നാണ് വിപണിയുടെ പ്രകടനം സൂചിപ്പിക്കുന്നത്. മാത്രവുമല്ല, യുഎസ് ജിഡിപി വളര്‍ച്ച കുറഞ്ഞതും യുഎസ് വിപണിയിലെ കുത്തനെയുള്ള ഇടിവും വിപണിയെ സ്വാധീനിക്കുകയാണ്.

ഇന്ത്യന്‍ സമ്പദ്ഘടനയുടെ നാലാം ക്വാര്‍ട്ടര്‍ ജിഡിപി കണക്കുകള്‍ ഇന്നെത്തുകയാണ്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ആശങ്കയുണ്ടായിരുന്നില്ലെങ്കില്‍ വിപണിക്ക് അതു മുന്നോട്ടു കുതിപ്പിനുള്ള ഊര്‍ജമാകുമായിരുന്നു.

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവു സംഭവിച്ചിരിക്കുകയാണ്. മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 216.05 പോയിന്റ് കുറഞ്ഞ് 22488.65 പോയിന്റില്‍ ക്ലോസ് ചെയ്തു. അഞ്ചു ദിവസംകൊണ്ട് നിഫ്റ്റിക്കു നഷ്ടപ്പെട്ടത് 478 പോയിന്റാണ്.

മറ്റൊരു മുഖ്യ സൂചികയായ സെന്‍സെക്‌സ് 617.3 പോയിന്റ് ഇടിവോടെ 73885.6 പോയിന്റിലും ക്ലോസ് ചെയ്തു. നാലുദിവസംകൊണ്ട് ഏകദേശം 1550 പോയിന്റാണ് സെന്‍സെക്‌സില്‍ കുറവുണ്ടായത്.

ഇന്നലെ ബാങ്ക് നിഫ്റ്റി 181 പോയിന്റ് മെച്ചപ്പെട്ടപ്പോള്‍ ഐടി, ഓട്ടോ, ഫാര്‍മ, കണ്‍സ്യൂമര്‍ തുടങ്ങി മിക്ക സെക്ടര്‍ സൂചികകളും നെഗറ്റീവായിട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ഹെവി വെയ്റ്റ് കമ്പനികളായ ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ടൈറ്റന്‍, വിപ്രോ,ടെക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളെല്ലാം കനത്ത ഇടിവാണ് കാണിച്ചത്. ഏതാണ്ട് 2494 ഓഹരികള്‍ ഇന്നലെ ചുവപ്പിലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

നാളെ എക്‌സിറ്റ് പോള്‍ വരാനിരിക്കെ 22400-22500 റേഞ്ചിനു മുകളില്‍ ശക്തമായി നിലകൊള്ളാന്‍ സാധിച്ചെങ്കിലേ വിപണിയില്‍ മുന്നേറ്റ പ്രതീക്ഷയ്ക്കു വകയുള്ളു. ഏതെങ്കിലും സാഹചര്യത്തില്‍ മെച്ചപ്പെട്ടാല്‍, 22700-22800 തലത്തില്‍ ശക്തമായ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. നിഫ്റ്റിക്ക് 23000 പോയിന്റിനു ചുറ്റളവില്‍ ശക്തമായ റെസിസ്റ്റന്‍സ് രൂപപ്പെട്ടിരിക്കുകയാണ്. 23150 പോയിന്റ് മറികടക്കുവാന്‍ അനുകൂലമായ നല്ല വാര്‍ത്തയുണ്ടേകേണ്ടിയിരിക്കുന്നു.

വിപണി മനോഭാവം പ്രതികൂലമാകുകയും നിഫ്റ്റി 22400-22500-ന് താഴേയ്ക്കു നീങ്ങുകയും ചെയ്തല്‍ 22300-ന് അടുത്ത് ചെറിയ പിന്തുണ ലഭിക്കും. അവിടെ നില്‍ക്കുന്നില്ലെങ്കില്‍ 22950-22000 നിലവാരത്തിലേക്കു വിപണി താഴാനുള്ള പ്രവണതയാണ് കാണിക്കുന്നത്.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് സോണിനു പുറത്തേക്കു നീങ്ങിയിരിക്കുകയാണ്. ഒരു ഉത്സാഹക്കുറവ്. ഇന്നലെ ആര്‍എസ്‌ഐ 48.93 ആണ്.

ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: രണ്ടു ദിവസത്തെ തുടര്‍ച്ചയായ ഇടിവിനുശേഷം ബാങ്ക് നിഫ്റ്റി ഇന്നലെ 181 പോയിന്റ് മെച്ചത്തോടെ 48682.35 പോയിന്റില്‍ ക്ലോസ് ചെയ്തു. മറ്റു മേഖലകളെല്ലാം തകര്‍ന്നടിഞ്ഞപ്പോഴും ബാങ്കിംഗ് നിഫ്റ്റി പിടിച്ചു നിന്നു. അല്ലായിരുന്നുവെങ്കില്‍ നിഫ്റ്റിയുടെ ഇടിവ് മൂന്നുറു പോയിന്റിനു മുകളിലേക്കു പോകുമായിരുന്നു.

ബാങ്ക് നിഫ്റ്റിയുടെ മുന്നോട്ടുള്ള പ്രയാണത്തിലെ മുഖ്യ റെസിസ്റ്റന്‍സ് 49100 പോയിന്റാണ് ഇതു മറികടന്നാല്‍. 49400-49511 പോയിന്റില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 48300 പോയിന്റിലും തുടര്‍ന്ന് 48000 പോയിന്റിനു ചുറ്റളവിലും സമാന്യം ശക്തമായ പിന്തുണയുണ്ട്.

ബാങ്ക് നിഫ്റ്റി ആര്‍ എസ് ഐ ഇന്നലെ 54.54 ആണ്. ബുള്ളീഷ് മോഡിനല്‍ത്തന്നെ ് ബാങ്ക് നിഫ്റ്റി നീങ്ങുകയാണ്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി 22.5 പോയിന്റ് താഴെയാണ്. ഇന്ത്യന്‍ വിപണി താഴ്ചയില്‍ ഓപ്പണ്‍ ചെയ്‌തേക്കുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്. പ്രത്യേകിച്ചും ആഗോള വിപണികള്‍ എല്ലാം താഴ്ന്നു നില്‍ക്കുമ്പോള്‍.

ഇന്ത്യ വിക്‌സ്

ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്‌സ് മേയ് 30-ന് കാര്യമായ വ്യത്യാസമില്ലാതെ തുടര്‍ന്നു. ഇന്നലെ 24.17 ആയിരുന്നു ഇത്. തലേ ദിവസമിത് 24.18 ആയിരുന്നു.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) മേയ് 30-ന് തലേദിവസത്തെ 0.79 -ല്‍നിന്ന് 1.12-ലേക്കു കുതിച്ചുയര്‍ന്നു. ബുള്ളീഷ് മൂഡില്‍ത്തന്നെയാണ് നില്‍ക്കുന്നതെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

പലിശനിരക്ക് വര്‍ധന പൂര്‍ണമായും തള്ളിക്കളയാന്‍ സാധിക്കുകയില്ലെന്ന മിനിയപോളിസ് ഫെഡറല്‍ റിസര്‍വ് പ്രസിഡന്റ് നീല്‍ കഷ്‌കാരിയുടെ അഭിപ്രായം ഇന്നലെ യുഎസ് ബോണ്ട് യീ്ല്‍ഡ് ഉയര്‍ത്തി. ഇതോടൊപ്പമാണ് ആദ്യ ക്വാര്‍ട്ടര്‍ ജിഡിപി വളര്‍ച്ച 1.3 ശതമാനത്തിലേക്കു കൂപ്പു കുത്തിയത്. അദ്യക്വാര്‍ട്ടറില്‍ 1.6 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ആദ്യ അനുമാനം. 2023 ഒക്ടോബര്‍- ഡിസംബര്‍ നാലാം ക്വാര്‍ട്ടറിലെ വളര്‍ച്ച 3.4 ശതമാനമായിരുന്നു.

ഇതിന്റെ പ്രതിഫലനമെന്നോണം ഇന്നലെ യുഎസ് ഡൗണ്‍ ജോണ്‍സ് ഇന്‍ഡസ്ട്രീയല്‍സ് 330.36 പോയിന്റിടിഞ്ഞാണ് ക്ലോസ് ചെയ്തത്. ക്ലോസിംഗ് 38111.5 പോയിന്റാണ്. ബുധനാഴ്ച 411.32 പോയിന്റ് ഇടിവു രേഖപ്പെടുത്തിയിരുന്നു. മേയ് 17-ന് 40077 പോയിന്റ് വരെ ഡൗ എത്തിയിരുന്നു.

പത്തുവര്‍ഷ ബോണ്ട് യീല്‍ഡ് ഇന്നലെ 4.546 ശതമാനത്തിലേക്ക് ഉതാഴ്ന്നു. അമ്പത്തിരണ്ട് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന ബോണ്ട് യീല്‍ഡ് 5.021 ആണ്.

എസ് ആന്‍ഡ് പി 500 ഇന്നലെ 31.47 പോയിന്റ് കുറവോടെ 5235.48 പോയിന്റിലാണ് ക്ലോസ് ചെയ്തത്. എന്‍വിഡിയയുടെ ബലത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നില മെച്ചപ്പെടുത്തി നാസ്ഡാക് കോംപോസിറ്റ് സൂചിക ഇന്നലെ 183.5 പോയിന്റ് കുറഞ്ഞ് 16737.08 പോയിന്റില്‍ ക്ലോസ് ചെയ്തു. എന്നാല്‍ എന്‍വിഡിയ ഓഹരികള്‍ ഇന്നലെ43.25 ഡോളര്‍ കുറഞ്ഞ 1105 ഡോളറിലെത്തി. മേയില്‍ എന്‍വിഡിയ ഓഹരികള്‍ 830 ഡോളറില്‍നിന്ന് 1158 ഡോളര്‍വരെയെത്തിയിരുന്നു. നല്ല ആദ്യ ക്വാര്‍ട്ടര്‍ ഫലമാണ് ഓഹരിക്കു തുണയായത്.

എന്നാല്‍ യൂറോപ്യന്‍ വിപണികള്‍ എല്ലാം ഇന്നലെ പോസീറ്റീവായി ക്ലോസ് ചെയ്തു. എഫ്ടിഎസ് ഇ യുകെ 48 പോയിന്റും സിഎസി ഫ്രാന്‍സ് 43.5പോയിന്റും ഡാക്‌സ് ജര്‍മനി 23.5 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 297 പോയിന്റും മെച്ചപ്പെട്ട് ക്ലോസ് ചെയ്തു.

അതേസമയം ഡൗ ഫ്യൂച്ചേഴ്‌സ് 33.5 പോയിന്റും നാസ്ഡാക് ഫ്യൂച്ചേഴ്‌സ് 30.1 പോയിന്റും എ്‌സ് ആന്‍ഡ് പി ഫ്യൂച്ചേഴ്‌സ് 6.1 പോയിന്റും താഴ്ന്നാണ് നില്‍ക്കുന്നത്. യൂറോപ്യന്‍ ഫ്യൂച്ചേഴ്സിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

ഇന്നു രാവിലെ നൂറോളം പോയിന്റ് മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത ജാപ്പനീസ് നിക്കി് ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 204 പോയിന്റ് മെച്ചത്തിലാണ്. കൊറിയന്‍ കോസ്പി 16 പോയിന്റു നേട്ടത്തില്‍ നില്‍ക്കുമ്പോള്‍ ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് 19 പോയിന്റ് താഴെയാണ്. ഹോങ്കോംഗ് ഹാംഗ്‌സെംഗ് 179 പോയിന്റു നേട്ടത്തിലാണ്.

എഫ്‌ഐഐ വാങ്ങല്‍-വില്‍ക്കല്‍

തെരഞ്ഞെടുപ്പു ഫലത്തിലെ അനിശ്ചിതത്വവും ചൈനീസ് ഓഹരികളുടെ താഴ്ന്ന മൂല്യവും അവിടെ പ്രതീക്ഷിക്കുന്ന മികച്ച വളര്‍ച്ചയും വിദേശനിക്ഷേപകസ്ഥാപനങ്ങളെ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കാരാക്കിയിരിക്കുകയാണ്. ഇന്നലെ 3050 കോടി രൂപയുടെ നെറ്റ് വില്‍ക്കല്‍ നടത്തി. ഇതോടെ മേയില്‍ ഇതുവരെ 43827.52 കോടി രൂപയുടെ നെറ്റ് വില്‍ക്കലാണ് അവര്‍ നടത്തിയിട്ടുള്ളത്. ഏപ്രിലില്‍ 35962 കോടി രൂപയുടെ നെറ്റ് വില്‍പ്പന അവര്‍ നടത്തിയിരുന്നു.

അതേസമയം ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ വളരെ അഗ്രസീവായി ഓഹരികള്‍ വാങ്ങുകയാണു താനും. ഇന്നലെ 3432.92 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ അവര്‍ നടത്തി. ഇതോടെ ഈ മാസം ഇവരുടെ നെറ്റ് വാങ്ങല്‍ 53618.87 കോടി രൂപയാണ്. 2024-ലെ എല്ലാമാസവും അവര്‍ നെറ്റ് വാങ്ങലുകാരായിരുന്നു. തെരഞ്ഞെടുപ്പു വര്‍ഷമൊന്നും അവര്‍ പ്രശ്‌നമാക്കയിട്ടേയില്ല.

അതേയസമം ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ വന്‍ വാങ്ങലാണ് നടത്തിയത്. ഇന്നലെ അവരുടെ നെറ്റ് വാങ്ങല്‍ 5233.7 കോടി രൂപയുടേതായിരുന്നു. ഇതോടെ ഡിഐഐയുടെ നെറ്റ് വാങ്ങല്‍ മേയില്‍ 50200 കോടി രൂപയ്ക്കു മുകളിലെത്തി.

ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങളും വിദേശനിക്ഷേപകസ്ഥാപനങ്ങളും ഒരേപോലെ തങ്ങളുടെ നിക്ഷേപശേഖരം അഴിച്ചു പണിയുകയാണ്. ആ വിധത്തില്‍ വന്‍തോതിലുള്ള വില്‍ക്കലും വാങ്ങലും അവര്‍ നടത്തിവരുന്നു. നാലാം ക്വാര്‍ട്ടര്‍ ഫലത്തിന്റേയും കമ്പനികളുടെ ഗൈഡന്‍സിന്റേയും അടിസ്ഥാനത്തിലാണ് ഈ അഴിച്ചു പണി.

സാമ്പത്തിക വാര്‍ത്തകള്‍

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നാലാം ക്വാര്‍ട്ടറില്‍ 6.5-6.7 ശതമാനത്തിലേക്കു താഴുമെന്ന് ഒമ്പതു സാമ്പത്തിക ശാസ്ത്രജ്ഞരുടെ ഇടയില്‍ നടത്തിയ മണികണ്‍ട്രോള്‍ സര്‍വേ പറയുന്നു. മൂന്നാം ക്വാര്‍ട്ടറിലെ ജിഡിപി വളര്‍ച്ച 8.4 ശതമാനമായിരുന്നു. നടപ്പുവര്‍ഷത്തിന്റ ആദ്യ മൂന്നു ക്വാര്‍ട്ടറിലെ വളര്‍ച്ച എട്ടു ശതമാനത്തിനു മുകളിലാണ്. 2023-24ലെ വളര്‍ച്ച 7.6 ശതമാനമായിരിക്കുമെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ രണ്ടാം അഡ്വാന്‍സ്ഡ് എസ്റ്റിമേറ്റ് വിലയിരുത്തുന്നത്. എച്ച് ഡിഎഫ്‌സി ബാങ്ക്, റേറ്റിംഗ് ഏജന്‍സിയായ ഇക്ര എന്നിവ 6.2-6.7 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡ്‌സ്ട്രിയുടെ ചീഫ് ഇക്കണോമിസ്റ്റി 7.6 ശതമാനം വളര്‍ച്ചയാണ് നാലാം ക്വാര്‍ട്ടറില്‍ പ്രതീക്ഷിക്കുന്നതത്. മേയ് 31-നാണ് ഗവണ്‍മെന്റ് നാലാം ക്വാര്‍ട്ടര്‍ ജിഡിപി കണക്കുകള്‍ പുറത്തുവിടുന്നത്.

വാര്‍ത്തകളില്‍ കമ്പനികള്‍

ഓഫിസ് സ്‌പേസ് സൊലൂഷന്‍സ്: പതിന്നാലു ശതമാനം പ്രീമിയത്തോടെ 435 രൂപയില്‍ ഒഫിസ് സ്‌പേസ് സൊലൂഷന്‍സ് എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തു. ഇഷ്യു വില 383 രൂപയായിരുന്നു. ക്ലോസിംഗ് 421.75 രൂപയാണ്. അതായത് 38.75 രൂപയുടെ വര്‍ധനയാണ് നിക്ഷേപകര്‍ക്കു നല്‍കിയത്.

ജിയോ ഫിനാന്‍ഷ്യല്‍: യുപിഐ,ഡിജിറ്റല്‍ ബാങ്കിംഗ്, മ്യൂച്വല്‍ ഫണ്ടിന്‍മേല്‍ വായ്പ തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയ ജിയോ ഫിനാന്‍സ് ആപ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പുറത്തിറക്കി.പ്രതിദിന ധനകാര്യം, ഡിജിറ്റല്‍ ബാങ്കിംഗ് എന്നീ മേഖലകളില്‍ വന്‍ വിപ്ലവം കൊണ്ടുവരുന്നതാണ് ജിയോ ഫിനാന്‍സ് ആപ്.

എന്‍എസ്ഇ: എന്‍എസ്ഇയുടെ ഉപകമ്പനിയായ എന്‍എസ്ഇ ഇന്‍ഡിസിസ് ലിമിറ്റഡ് പുതുതലമുറ ഓട്ടോമൊബൈല്‍ മേഖലയ്ക്കായി ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍ഡെക്‌സിന് രൂപം നല്‍കി ഇന്‍ഡെക്‌സിന്റെ ബേസ് ഡേറ്റ് 2018 ഏപ്രില്‍ ഒന്നും അന്നത്തെ അടിസ്ഥാന മൂല്യം ആയിരവുമാണ്. ഇരുചക്ര, മുച്രക, ഫോര്‍വീലര്‍, പാസഞ്ചര്‍ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുന്ന ഗ്രൂപ്പ് എ കമ്പനികളുടെ ഓഹരികളായിരിക്കും 40 ശതമാനം. ഒരു കമ്പനിക്ക് എട്ടു ശതമാനം വെയിറ്റേജ് ആണ് പരമാവധി ലഭിക്കുക. ഗ്രൂപ്പ് എയ്ക്കു പുറത്തുള്ള കമ്പനികള്‍ക്ക് പരമാവധി വെയിറ്റേജ് നാലു ശതമാനമാണ്.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്: ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് പ്രിഫറന്‍ഷ്യല്‍ ഓഹരി നല്‍കി 3200 കോടി രൂപ സമാഹരിക്കും. ഓഹരിയൊന്നിന് 80.63 രൂപയായിരിക്കും വില. ഇഷ്യുവിനുശേഷം ബാങ്കിന്റെ ഓഹരികളുടെ എണ്ണം ഇപ്പോഴത്തെ 707.7 കോടിയില്‍നിന്ന് 747. 4 കോടിയായി ഉയരും. മുഖവില 10 രൂപയാണ്.

അപ്പോളോ ഹോസ്പിറ്റല്‍സ്: അപ്പോളെ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസസ് നാലാം ക്വാര്‍ട്ടറില്‍ 258 കോടി രൂപ അറ്റാദായം നേടി. ഇതു മുന്‍വര്‍ഷമിതേ കാലയളവിലെ 146 കോടി രൂപയേക്കാള്‍ 77 ശതമാനം കൂടുതലാണ്. വരുമാനം 4302 കോടി രൂപയില്‍നിന്ന് 15 ശതമാനം വര്‍ധനയോടെ 4944 കോടി രൂപയിലെത്തി. കമ്പനി 10 രൂപ അവസാന ലാഭവീതവും പ്രഖ്യാപിച്ചു. ഓഗസ്റ്റ് 17- ആണ് റിക്കാര്‍ഡ് ഡേറ്റ്.

ക്രൂഡോയില്‍ വില

രാജ്യന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്ന ലക്ഷ്ണങ്ങള്‍ കാണിക്കുകയാണ്. യുഎസ് സാമ്പത്തിക വളര്‍ച്ച കുറഞ്ഞത് ഡിമാണ്ട് കുറയ്ക്കുമെന്ന വിലയിരുത്തലില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 81.61 ഡോളറിലേക്കും ഡബ്‌ള്യു ടിഐ ക്രൂഡ് 77.64 ഡോളറിലേക്കും താഴ്ന്നു. ഇന്നലെ രാവിലെ വില യഥാക്രമം 83.68 ഡോളറും 79.34 ഡോളറുമായിരുന്നു. ക്രൂഡ് വില നാലാഴ്ചത്തെ ഏറ്റവും ഉയരത്തില്‍നിന്നാണ് താഴ്ന്നിരിക്കുന്നത്.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.