30 May 2024 2:42 AM GMT
Summary
ഫലാശങ്കയ്ക്കൊപ്പം ആഗോള പ്രശ്നങ്ങളും
ജൂണ്‍ ഒന്നിന് അവസാന ഘട്ട വോട്ടെടുപ്പു നടക്കാനിരിക്കേ തുടര്‍ച്ചായ നാലാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി ഇടിവു കാണിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി ഇന്നലെ (മേയ് 29) 183.45 പോയിന്റ് താഴ്ന്ന് 22704.7 പോയിന്റില്‍ ക്ലോസ് ചെയ്തു. തലേ ദിവസത്തെ ക്ലോസിംഗ് 22932.45 പോയിന്റായിരുന്നു. ഇന്നലെ ബാങ്ക് നിഫ്റ്റി, ഐടി നിഫ്റ്റി, ഓട്ടോ തുടങ്ങി മിക്ക സെക്ടര്‍ സൂചികകളും നെഗറ്റീവായിട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ഇക്കഴിഞ്ഞ വാരത്തില്‍ നിഫ്റ്റി 23110.80 പോയിന്റ് വരെ എത്തിയിരുന്നു. ഇതു റിക്കാര്‍ഡ് ഉയര്‍ച്ചയാണ്.
സെന്‍സെക്സ് ഇന്നലെ 75000 പോയിന്റിനു താഴെയെത്തിയാണ് ക്ലോസ് ചെയ്തത്. ഇന്നലെ 667.55 പോയിന്റ് താഴ്ന്ന് 74502.9 പോയിന്റിലായിരുന്നു ക്ലോസിംഗ്. സെന്‍സെക്സിന്റെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ് 76009.68 പോയിന്റാണ്.
ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ നാലുദിവസമുണ്ടായിട്ടുള്ള ലാഭമെടുപ്പിനെ തെരഞ്ഞെടുപ്പു ഫലവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് ബിജെപി നേതാവും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പറഞ്ഞു. വിപണിയിലെ ലാഭമെടുപ്പ് സാധാരണയാണെന്നും പ്രത്യേകിച്ചും 1200-1300 പോയിന്റ് ഉയര്‍ന്നതിനുശേഷം വിപണി താഴേയ്ക്കു പോകുക സാധാരണയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജൂണ്‍ നാലിന് ബിജെപിയുടെ സീറ്റും വിപണിയും കുതിച്ചുയരുമെന്നു നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഇതൊന്നും വിപണിയുടെ വീഴ്ചയെ ഇന്നലെ തടഞ്ഞുനിറുത്തിയില്ല.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
യുഎസ്, യുറോപ്യന്‍ വിപണികളിലെ തകര്‍ച്ചയും തെരഞ്ഞെടുപ്പുഫലം സംബന്ധിച്ച അനിശ്ചിതത്വും വിപണിയില്‍ പ്രതിഫലിക്കുകയാണ്. ഇന്നലെ ഗ്യാപ് ഓപ്പണ്‍ ആണ് നിഫ്റ്റി നടത്തിയത്. 22762.75 പോയിന്റില്‍ ഓപ്പണ്‍ ചെയ്ത നിഫ്റ്റിക്ക് 22825.5 പോയിന്റ് വരെ ഉയരാനേ സാധിച്ചുള്ളു. ഇതു തലേദിവസത്തെ ഏറ്റവും താഴ്ന്ന പോയിന്റായ 22858.5-നേക്കാള്‍ താഴെയാണ്.
ശക്തമായ പിന്തുണയുണ്ടായിരുന്ന 22750-22800 പോയിന്റിനു താഴേയ്ക്ക് നിഫ്റ്റി എത്തിയിരിക്കുകയാണ്. ഇന്നലെ 22685.45 പോയിന്റുവരെ നിഫ്റ്റി എത്തിയിരുന്നു. ഇന്നലത്തെ മൊമന്റം തുടര്‍ന്നാല്‍ നിഫ്റ്റിക്ക് 22600 പോയിന്റില്‍ ആദ്യ പിന്തുണ ലഭിക്കുവാനാണ് സാധ്യത.തുടര്‍ന്ന് 22500 പോയിന്റിലും.
ഇന്നു രാവിലെ മെച്ചപ്പെടുകയാണെങ്കില്‍ നിഫ്റ്റിക്ക് 22825 പോയിന്റ് ആദ്യ റെസിസ്റ്റന്‍സ്ആയി വര്‍ത്തിക്കും. തുടര്‍ന്ന് 23000 പോയിന്റ് സാമാന്യം ശക്തമായ റെസിസ്റ്റന്‍സായി പ്രവര്‍ത്തിക്കും. 23150 പോയിന്റില്‍ ശക്തമായ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് സോണില്‍ കോണ്‍സോളിഡേറ്റ് ചെയ്യുകയാണ്. ഇന്നലെ ആര്‍എസ്ഐ 56.58 ആണ്. ബുള്ളീഷ് മോഡില്‍തന്നെയാണ് വിപണിയുടെ മനോഭാവം.
ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: മൂന്നു ദിവസംകൊണ്ട് 1500- ഓളം പോയിന്റ് നേട്ടമുണ്ടാക്കിയ ബാങ്ക് നിഫ്റ്റി തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക് നിഫ്റ്റി ഇന്നലെ 640.8 പോയിന്റാണ് ഇടിഞ്ഞത്. ക്ലോസിംഗ് 48501.35 പോയിന്റാണ്. ഇന്നലെ ഗ്യാപ് ഓപ്പണിംഗ് ആയിരുന്നു ബാങ്ക് നിഫ്റ്റിയുടേത്. ബാങ്ക് നിഫ്റ്റിയുടെ പ്രതിദിന ഉയര്‍ച്ചയായ 49022.6 പോയിന്റ് മേയ് 28-ലെ ഏറ്റവും താഴ്ചയായ 49043 പോയിന്റിനേക്കാള്‍ കുറവാണ്.
ബാങ്ക് നിഫ്റ്റി ആര്‍ എസ് ഐ ഇന്നലെ 52.54 ആണ്. ബുള്ളീഷ് മോഡിനു പുറത്തേക്ക് ബാങ്ക് നിഫ്റ്റി ഇനിയും വീണിട്ടില്ല.
ഇന്ന് രാവിലെ മെച്ചപ്പെടുകയാണെങ്കില്‍ തൊട്ടടുത്ത റെസിസ്റ്റന്‍സ് 49100 പോയിന്റിന് താഴെയാണ്. തുടര്‍ന്ന് 49400-49511 പോയിന്റു റെസിസ്റ്റന്‍സായി മാറും.
താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 48000 പോയിന്റിനു ചുറ്റളവില്‍ സമാന്യം ശക്തമായ പിന്തുണയുണ്ട്.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി 58.5 പോയിന്റ് താഴെയാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇന്ത്യന്‍ വിപണി താഴ്ചയില്‍ ഓപ്പണ്‍ ചെയ്തേക്കുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്. പ്രത്യേകിച്ചും ആഗോള വിപണികള്‍ എല്ലാം താഴ്ന്നു നില്‍ക്കുമ്പോള്‍.
ഇന്ത്യ വിക്സ്
ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്സ് മേയ് 29-ന് -ന് കാര്യമായ വ്യത്യാസമില്ലാതെ തുടര്‍ന്നു. ഇന്നലെ 24.18 ആയിരുന്നു ഇത്. തലേ ദിവസമിത് 24.2 ആയിരുന്നു. ഏപ്രില്‍ 23-ന് 10.2 ആയിരുന്നു.
വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) മേയ് 29-ന് തലേദിവസത്തെ 0.94 -ല്‍നിന്ന് 0.79 ആയി താഴ്ന്നു. എങ്കിലും വിപണി ഇപ്പോഴും ബുള്ളീഷ് മൂഡില്‍ത്തന്നെയാണ് നില്‍ക്കുന്നതെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
യുഎസ് ബോണ്ട് യീല്‍ഡ് ഉയര്‍ന്നത് ഇന്നലെ യുഎസ് വിപണിയില്‍ ശക്തമായ വില്‍പ്പനയ്ക്കു കാരണമായി. ഇന്നലെ 411.32 പോയിന്റ് ഇടിവോടെ 38441.54 പോയിന്റിലാണ് ഡൗ ക്ലോസ് ചെയ്തത്.
മേയ് 17-ന് 40077 പോയിന്റ് വരെ ഡൗ എത്തിയിരുന്നു. പത്തുവര്‍ഷ ബോണ്ട് യീല്‍ഡ് ഇന്നലെ 4.627 ശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. അമ്പത്തിരണ്ട് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന ബോണ്ട് യീല്‍ഡ് 5.021 ആണ്.
ബോണ്ട് യീല്‍ഡ് ഉയരുന്നത് മൂലംപലിശ നിരക്ക് ഇതേ നിരക്കില്‍ കൂടുതല്‍ കാലം തുടരുമെന്ന വിലയിരുത്തലും വിപണി മനോഭാവത്തെ ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ രണ്ട്, അഞ്ച്, ഏഴു വര്‍ഷ ബോണ്ടു വില്‍പ്പനയ്ക്ക് നിക്ഷേപകരില്‍നിന്നു തണുത്ത പ്രതികരണമാണ് ലഭിച്ചത്.
ഇന്ന് യുഎസ് ജിഡിപിയുടെ രണ്ടാം ക്വാര്‍ട്ടര്‍ കണക്കുകള്‍ പുറത്തുവരും. ഏപ്രില്‍ കണക്കിക്കിയിരുന്നതിനേക്കാള്‍ കുറവായിരിക്കും വളര്‍ച്ചയെന്നാണ് വിലയിരുത്തല്‍.
എസ് ആന്‍ഡ് പി 500 ഇന്നലെ 40 പോയിന്റ് കുറവോടെ 5266.95 പോയിന്റിലാണ് ക്ലോസ് ചെയ്തത്.
എന്‍വിഡിയയുടെ ബലത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നില മെച്ചപ്പെടുത്തി നാസ്ഡാക് കോംപോസിറ്റ് സൂചിക ഇന്നലെ 99.3 പോയിന്റ് കുറഞ്ഞ് 16920.6 പോയിന്റില്‍ ക്ലോസ് ചെയ്തു. എന്നാല്‍ എന്‍വിഡിയ ഓഹരികള്‍ ഇന്നലെയും 9 ഡോളര്‍ വര്‍ധന നേടി.
യൂറോപ്യന്‍ വിപണികള്‍ എല്ലാം ഇന്നലെ നെഗറ്റീവായിട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്. എഫ്ടിഎസ് ഇ യുകെ 71.7 പോയിന്റും സിഎസി ഫ്രാന്‍സ് 122.8 പോയിന്റും ഡാക്സ് ജര്‍മനി 204.6 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 509 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്.
അതേസമയം ഡൗ ഫ്യൂച്ചേഴ്സ് 275 പോയിന്റും നാസ്ഡാക് ഫ്യൂച്ചേഴ്സ് 76 പോയിന്റും എസ് ആന്‍ഡ് പി ഫ്യൂച്ചേഴ്സ് 16.3 പോയിന്റും താഴ്ന്നാണ് നില്‍ക്കുന്നത്. യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് നല്ല തോതില്‍ താഴ്ന്നാണ് നില്‍ക്കുന്നത്.
ഇന്നു രാവിലെ ഓപ്പണ്‍ ചെയ്തതു മുതല്‍ ജാപ്പനീസ് നിക്കി താഴേയ്ക്കാണ്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 791 പോയിന്റ് ഇടിവിലാണ്. കൊറിയന്‍ കോസ്പി 18 പോയിന്റു താഴ്ന്നാണ്. നിക്കി ഫ്യൂച്ചേഴ്സ് 280 പോയിന്റ് താഴ്ന്നാണ് നില്‍ക്കുന്നത്.
ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് ഏഴു പോയിന്റും ഹോങ്കോംഗ് ഹാംഗ്സെംഗ് 53.3 പോയിന്റും താഴ്ന്നാണ് ഓപ്പണ്‍ ചെയ്തത്.
എഫ്ഐഐ വാങ്ങല്‍-വില്‍ക്കല്‍
വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 5841.8 കോടി രൂപയുടെ നെറ്റ് വില്‍ക്കല്‍ നടത്തി. ഇതോടെ മേയ് 29 വരെ അവരുടെ നെറ്റ് വില്‍ക്കല്‍ 40777.4 കോടി രൂപയായി.
അതേയസമം ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ വന്‍ വാങ്ങലാണ് നടത്തിയത്. ഇന്നലെ അവരുടെ നെറ്റ് വാങ്ങല്‍ 5233.7 കോടി രൂപയുടേതായിരുന്നു. ഇതോടെ ഡിഐഐയുടെ നെറ്റ് വാങ്ങല്‍ മേയില്‍ 50200 കോടി രൂപയ്ക്കു മുകളിലെത്തി.
ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങളും വിദേശനിക്ഷേപകസ്ഥാപനങ്ങളും ഒരേപോലെ തങ്ങളുടെ നിക്ഷേപശേഖരം അഴിച്ചു പണിയുകയാണ്. ആ വിധത്തില്‍ വന്‍തോതിലുള്ള വില്‍ക്കലും വാങ്ങലും അവര്‍ നടത്തിവരുന്നു. നാലാം ക്വാര്‍ട്ടര്‍ ഫലത്തിന്റേയും കമ്പനികളുടെ ഗൈഡന്‍സിന്റേയും അടിസ്ഥാനത്തിലാണ് ഈ അഴിച്ചു പണി.
സാമ്പത്തിക വാര്‍ത്തകള്‍
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നാലാം ക്വാര്‍ട്ടറില്‍6.5-6.7 ശതമാനത്തിലേക്കു താഴുമെന്ന് ഒമ്പതു സാമ്പത്തിക ശാസ്ത്രജ്ഞരുടെ ഇടയില്‍ നടത്തിയ മണികണ്‍ട്രോള്‍ സര്‍വേ പറയുന്നു. മൂന്നാം ക്വാര്‍ട്ടറിലെ ജിഡിപി വളര്‍ച്ച 8.4 ശതമാനമായിരുന്നു. നടപ്പുവര്‍ഷത്തിന്റ ആദ്യ മൂന്നു ക്വാര്‍ട്ടറിലെ വളര്‍ച്ച എട്ടു ശതമാനത്തിനു മുകളിലാണ്. 2023-24ലെ വളര്‍ച്ച 7.6 ശതമാനമായിരിക്കുമെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ രണ്ടാം അഡ്വാന്‍സ്ഡ് എസ്റ്റിമേറ്റ് വിലയിരുത്തുന്നത്. എച്ച് ഡിഎഫ്സി ബാങ്ക്, റേറ്റിംഗ് ഏജന്‍സിയായ ഇക്ര എന്നിവ 6.2-6.7 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡ്സ്ട്രിയുടെ ചീഫ് ഇക്കണോമിസ്റ്റി 7.6 ശതമാനം വളര്‍ച്ചയാണ് നാലാം ക്വാര്‍ട്ടറില്‍ പ്രതീക്ഷിക്കുന്നതത്. മേയ് 31-നാണ് ഗവണ്‍മെന്റ് നാലാം ക്വാര്‍ട്ടര്‍ ജിഡിപി കണക്കുകള്‍ പുറത്തുവിടുന്നത്.
നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍
അപ്പോളോ ഹോസ്പിറ്റല്‍സ്, ഭാരത് ഡൈനാമിക്സ്, കാലിഫോര്‍ണിയ സോഫ്റ്റ്, മുത്തൂറ്റ് ഫിനാന്‍സ്, പ്രാജ് ഇന്‍ഡസ്ട്രീസ്, സുവന്‍ ഫാര്‍മ, സ്വാന്‍ എനര്‍ജി, ടേക് സൊലൂഷന്‍സ്, തുടങ്ങി 500-ഓളം കമ്പനികളാണ് ഇന്ന് ( മേയ് 30) നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടുക.
വാര്‍ത്തകളില്‍ കമ്പനികള്‍
ടാറ്റ സ്റ്റീല്‍: സ്റ്റീല്‍ മാര്‍ജിന്‍ കുറഞ്ഞതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ടാറ്റാ സ്റ്റീലിന്റെ അറ്റാദായം നാലാം ക്വാര്‍ട്ടറില്‍ 611.48 കോടി രൂപയിലേക്കു കുറഞ്ഞു. മുന്‍വര്‍ഷമിതേ കാലയളവിലെ 1704.86 കോടി രൂപയേക്കാള്‍ 64 ശതമാനം ഇടിവാണുണ്ടായത്. വരുമാനം ഈ കാലയളവില്‍ 6.7 ശതമാനം കുറവോടെ 58687.3 കോടി രൂപയിലെത്തി. നോണ്‍കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചര്‍ നല്‍കി 3000 കോടി രൂപ സ്വരൂപിക്കുവാനും കമ്പനി തീരുമാനിച്ചു. പ്രൈവറ്റ്പ്ലേസ്മെന്റ് വഴിയാകും തുക സ്വരൂപിക്കുക. കമ്പനി 3.6 രൂപ ലാഭവീതവും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 21 ആണ് റിക്കാര്‍ഡ് ഡേറ്റ്.
എസ്ജെവിഎന്‍: പൊതുമേഖല സ്ഥാപനമായ എസ്ജെവിഎന്‍ മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറില്‍ 61.08 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 17.21 കോടി രൂപയേക്കാള്‍ മൂന്നര ഇരട്ടി നേട്ടമാണ് കമ്പനി കൈവരിച്ചത്. ഈ കാലയളവില്‍ ലഭിച്ച 103.84 കോടി രൂപയുടെ വിശേഷനേട്ടമാണ് അറ്റാദായമുയര്‍ത്തിയത്. എന്നാല്‍ കമ്പനിയുടെ മൊത്തം വരുമാനം നേരിയ കുറവോടെ 573.23 കോടി രൂപയായി. കമ്പനിയുടെ 2023-24 അറ്റാദായം മുന്‍വര്‍ഷമിതേ കാലയളവിലെ 1359.3 കോടി രൂപയില്‍നിന്ന് 911.44 കോടി രൂപയിലേക്കു താഴ്ന്നു.
ജൂബിലന്റ് ഫാര്‍മ : ജൂബിലന്റ് ഫാര്‍മയുടെ നാലാം ക്വാര്‍ട്ടര്‍ സംയോജിത അറ്റാദായം രണ്ടിരട്ടിയോടെ 61 കോടി രൂപയിലെത്തി. വിശേഷാല്‍ നേട്ടവും ഇംപെയര്‍മെന്റ് ചാര്‍ജുമായി 27 കോടി രൂപ ലഭിച്ചതാണ് അറ്റാദായമുയര്‍ത്തിയത്. കമ്പനിയുടെ വരുമാനം ഈ കാലയളവില്‍ 1773 കോടി രൂപയാണ്. മുന്‍വര്‍ഷമിത് 1683 കോടി രൂപയായിരുന്നു. കമ്പനി അഞ്ചു രൂപ ലാഭവീതവും പ്രഖ്യാപിച്ചു.
അദാനി ഗ്രൂപ്പ് : അദാനി ഗ്രീന്‍ എനര്‍ജി, അദാനി എന്റര്‍പ്രൈസസ് എന്നീ കമ്പനികളില്‍ അദാനി ഗ്രൂപ്പ് ഓഹരി പങ്കാളിത്തം ഉയര്‍ത്തി. പ്രമോട്ടര്‍ ഗ്രൂപ്പിലെ കമ്പനികള്‍ അദാനി എന്റര്‍പ്രൈസസിന്റെ 72.7 ലക്ഷം ഓഹരികളും അദാനി ഗ്രീന്‍ എനര്‍ജിയുടെ 1.39 കോടി ഓഹരികളുമാണ് വാങ്ങിയത്. ഇരു കമ്പനികളും കൂടി ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ് ( ക്യുഐപി) വഴി 29100 കോടി രൂപ സ്വരൂപിക്കുക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
കമിന്‍സ് ഇന്ത്യ: എന്‍ജിന്‍ നിര്‍മാതാക്കളായ കമിന്‍സ് ഇന്ത്യയുടെ നാലാം ക്വാര്‍ട്ടര്‍ അറ്റാദായം അമ്പതു ശതമാനം വര്‍ധിച്ച് 530.5 കോടി രൂപയിലെത്തി. ഈ കാലയളവില്‍ വരുമാനം 19.9 ശതമാനം വര്‍ധനയോടെ 2319 കോടി രൂപ. ഹോര്‍ഡ് 20 ശതമാനം ഇടക്കാല ലാഭവീതവും പ്രഖ്യാപിച്ചു.
ക്രൂഡോയില്‍ വില: രാജ്യന്തര വിപണിയില്‍ ക്രൂഡോയില്‍ വില മെല്ലെ ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 83.68 ഡോളറിലും ഡബ്ള്യു ടിഐ ക്രൂഡ് 79.34 ഡോളറിലുമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. വിലയില്‍ 0.1 ശതമാനത്തിന്റെ വര്‍ധനയുണ്ട്. ക്രൂഡ് വില നാലാഴ്ചത്തെ ഏറ്റവും ഉയരത്തില്‍ എത്തിയിരിക്കുകയാണ്. ഒപ്പെക് ഉത്പാദനം വെട്ടിക്കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് ക്രൂഡിനു തുണയായത്. പശ്ചിമേഷ്യയിലെ ആശങ്കകളും ക്രൂഡ് വിലയില്‍ പ്രതിഫലിക്കുന്നു.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക