27 May 2024 2:36 AM GMT
Summary
വിപണി സൈഡ്വേസ് പ്രവണതയില്‍?
ഇന്ത്യന്‍ ഓഹരി വിപണി മേയ് 24-ന് അവസാനിച്ച വാരത്തില്‍ വ്യാപാരം അവസാനിപ്പിച്ചത് ഉജ്ജ്വലമായ നേട്ടത്തോടെയാണ്. ബഞ്ച്മാര്‍ക്ക് സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ച്ച കുറിച്ച വാരമാണിത്.
മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി ആഴ്ചയിലെ അവസാന വ്യാപാരദിനമായ മേയ് 24-ന് തലേദിവസത്തെ റിക്കാര്‍ഡ് ക്ലോസിംഗിനേക്കാള്‍ 10.55 പോയിന്റ് കുറഞ്ഞ് 22957.1 പോയിന്റിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ 23000 പോയിന്റിനു മുകളിലെത്താന്‍ നിഫ്റ്റിക്കു കഴിഞ്ഞു. ഈ വാരത്തില്‍ 455.1 പോയിന്റ് നേട്ടമാണ് നിഫ്റ്റി കൈവരിച്ചത്. മേയ് 9 മുതല്‍ തിരുത്തലില്ലാതെ തുടര്‍ച്ചായി മുന്നേറുകയായിരുന്നു നിഫ്റ്റി. ഓരോ ദിവസവും പുതിയ ഉയരങ്ങള്‍ സൃഷ്ടിക്കുകയും ദിവസതാഴ്ചയുടെ നില ഉയര്‍ത്തിക്കൊണ്ടുവരികയുമായിരുന്നു.
സെന്‍സെക്സ് വെള്ളിയാഴ്ച തലേദിവസത്തെ 7.65 പോയിന്റ് കുറഞ്ഞ് 75410.39 പോയിന്റിലാണ്. അമ്പത്തിരണ്ട് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ് 75636.5 പോയിന്റാണ്. സെന്‍സെക്സ് ഈ വാരത്തിലുണ്ടാക്കിയ നേട്ടം 1404 പോയിന്റിന്റേതാണ്.
ആറാംഘട്ട തെരഞ്ഞെടുപ്പിന്റെ വിപണി വീക്ഷണം ഇന്നത്തെ വ്യാപാരത്തില്‍ പ്രതിഫലിക്കും. ബിജെപിക്കു മുന്‍തൂക്കമുള്ള സീറ്റുകളിലായിരുന്നു തെരഞ്ഞെടുപ്പ്. അതില്‍ നല്ലൊരു പങ്കും ബിജെപി നിലനിറുത്തുമെന്നാണ് പ്രതീക്ഷ. ആഗോള വിപണികളും പോസീറ്റീവായാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ച് വ്യക്തത കൈവരുന്നതുവരെ അഭ്യൂഹങ്ങള്‍ അടിസ്ഥാനമാക്കി നീങ്ങുവാനുള്ള വര്‍ധിച്ച പ്രവണത വിപണി കാണിക്കുകയാണ്. വെള്ളിയാഴ്ച സൈഡ് വേസ് ആയി നീങ്ങിയ നിഫ്റ്റി ഇന്നും അതേ രീതിയില്‍ നീങ്ങുവാനുള്ള സാധ്യതയാണുള്ളത്. മേയ് 30-ന് പ്രതിമാസ ഡെറിവേറ്റീവ് ക്ലോസിംഗ് ആണ്.
ഈ മൊമന്റം തുടര്‍ന്നാല്‍ വിപണി 23150 ചെറിയ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.തുടര്‍ന്ന് 23500 പോയിന്റിലും 23700-23800 പോയിന്റ് തലത്തിലും ശക്തമായ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.
നിഫ്റ്റി താഴേയ്ക്കു നീങ്ങിയാല്‍ 22900 പോയിന്റില്‍ ആദ്യ പിന്തുണ ലഭിക്കും അതിനു താഴേയ്ക്കു നീങ്ങിയാല്‍ 22750-22800 റേഞ്ചിലാണ് ശക്തമായ പിന്തുണ ലഭിക്കുക.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് സോണില്‍ കോണ്‍സോളിഡേറ്റ് ചെയ്യുകയാണ്. മേയ് 24- ലെ ആര്‍എസ്ഐ 67.77 ആണ്. തലേദിവസമിത് 68.23 ആയിരുന്നു.
ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റി വെള്ളിയാഴ്ച 203 പോയിന്റ് മെച്ചത്തോടെയാണ് ക്ലോസ് ചെയ്തത്. തലേദിവസം 986.65 പോയിന്റ് നേട്ടത്തിന്റെ പിന്നാലെയാണ് നേട്ടമുണ്ടാക്കിയത്. റിസര്‍വ് ബാങ്ക് 2.11 ലക്ഷം കോടി രൂപ ഗവണ്‍മെന്റ് ഖജനാവിലേക്ക് ലാഭവീതമായി നല്‍കുമെന്ന വാര്‍ത്തയാണ് ബാങ്ക് ഓഹരികള്‍ക്കും ഓഹരി വിപണിക്കു പൊതുവേയും ഊര്‍ജം നല്‍കിയത്.
ഇപ്പോഴത്തെ മൊമന്റം തുടര്‍ന്നാല്‍ 49120-49250 തലത്തില്‍ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. അടുത്ത റെസിസ്റ്റന്‍സ് 49500-49600 തലത്തിലാണ്. ഏപ്രില്‍ 30-ന് എത്തിയ 49974.75 പോയിന്റാണ്.
ബാങ്ക് നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ്. ഉയര്‍ന്ന ക്ലോസിംഗ് 49424.05 പോയിന്റുമാണ്. രണ്ടു ദിവസമായി പുതിയ പ്രതിദിന ഉയരങ്ങളും മെച്ചപ്പെട്ട താഴ്ചകളും സൃഷ്ടിച്ചിരിക്കുകയാണ്. ഇതു ബാങ്ക് നിഫ്റ്റിക്ക് മുന്നോട്ടുള്ള നീക്കത്തിന് കരുത്തു പകരും.
താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 48000 പോയിന്റിന് ചുറ്റളവില്‍ നല്ല സപ്പോര്‍ട്ട് ഉണ്ട്. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 47300-47400 പോയിന്റില്‍ പിന്തുണ കിട്ടും.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ നേരിയ തോതില്‍ താഴ്ന്നാണ് ഓപ്പണ്‍ ചെയതത്. ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോഴും നെഗറ്റീവ് സോണില്‍ തുടരുകയാണ്. യുഎസ് , യുറോപ്പ്, നിക്കി ഉള്‍പ്പെടെയുള്ള ഏഷ്യന്‍ ഫ്യൂച്ചറുകള്‍ എല്ലാം നെഗറ്റീവ് സോണിലാണ്. ഇന്ത്യന്‍ വിപണി നേരിയ തോതിലാണെങ്കിലും താഴ്ന്നു തുടങ്ങിയേക്കുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്.
ഇന്ത്യ വിക്സ്
ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്സ് മേയ് 24-ന് 21.71 ആണ്. തലേ വ്യാപാരദിനത്തിലിത് 21.38 ആയിരുന്നു. ഏപ്രില്‍ 23-ന് 10.2 ആയിരുന്നു. ചാഞ്ചാട്ടത്തിനു കഴിഞ്ഞ ദിവസങ്ങളില്‍ കുറവു വന്നിരിന്നുവെങ്കിലും അവസാനവട്ട തെരഞ്ഞെടുപ്പിനും ഫലത്തിനുമായി കാത്തിരിക്കുന്ന ഈ വാരത്തില്‍ ഇന്ത്യ വിക്സ് റേഞ്ച് ബൗണ്ട് സ്ഥിതിയില്‍നിന്നു പുറത്തുവരുവാനുള്ള സാധ്യതയേറെയാണ്.
വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) മേയ് 24-ന് 1.14 ആയി താഴ്ന്നു. തലേദിവസമിത് 1.37 ആയിരുന്നു. വിപണിയില്‍ ഇപ്പോഴും ബുള്ളീഷ് മൂഡ് നിലനില്‍ക്കുന്നുവെന്ന സൂചനയാണ് ഇതു നല്‍കുന്നത്.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
എഡിആറുകള്‍
ഇന്ത്യന്‍ എഡിആറുകള്‍ സമ്മിശ്രമായാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തിട്ടുള്ളത്. ഐടി മേഖലയില്‍നിന്നുള്ള ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയവയും ഡോ. റെഡ്ഡീസ്, തുടങ്ങിയവ നേരിയ തോതില്‍ കുറഞ്ഞു ക്ലോസ് ചെയ്തപ്പോള്‍ ബാങ്കിംഗ് മേഖലയില്‍നിന്നുള്ള ഐസിഐസിഐ ബാങ്ക് (0.85 ശതമാനം) എച്ച് ഡിഎഫ് സി ബാങ്ക് (2.17 ശതമാനം) മെച്ചപ്പെട്ടു ക്ലോസ് ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.3 ശതമാനം താഴ്ന്നു. അതേസമയം മേക്ക് മൈ ട്രിപ്പ് 6.15 ശതമാനവും യാത്ര ഓണ്‍ലൈന്‍ 3.92 ശതമാനവും നേട്ടമുണ്ടാക്കി. എഡിആറുകള്‍ പോസീറ്റീവ് സൂചനയാണ് നല്‍കുന്നത്.
യുഎസ് വിപണികള്‍
കഴിഞ്ഞ വാരത്തില്‍ 40000 പോയിന്റിനു മുകളില്‍ റിക്കാര്‍ഡ് ക്ലോസിംഗ് നടത്തിയ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് വാരാവസാനം ക്ലോസ് ചെയ്തത് 39069.59 പോയിന്റിലാണ്. വ്യാഴാഴ്ചത്തെ ക്ലോസിംഗിനേക്കാള്‍ 4.33 പോയിന്റ് കൂടുതല്‍.
അതേസമയം, എന്‍വിഡിയയുടെ മെച്ചപ്പെട്ട നാലാം ക്വാര്‍ട്ടര്‍ ഫലത്തിന്റെ പിന്‍ബലത്തില്‍ നാസ്ഡാക് കോംപോസിറ്റ് വെള്ളിയാഴ്ച 184.76 പോയിന്റ് മെച്ചപ്പെട്ട് 16920.8 പോയിന്റിലാണ് ക്ലോസ് ചെയ്തത്. നാസ്ഡാക്കിന്റെ 52 ആഴ്ചയിലെ ഉയര്‍ന്ന പോയിന്റ് 19966.38 ആണ്. വെള്ളിയാഴ്ച എസ് ആന്‍ഡ് പി 500 സൂചിക36.88 പോയിന്റ് ഉയര്‍ച്ചയോടെ 5304 പോയിന്റിലെത്തി.
യുഎസ് വിപണിക്ക് മുമ്പേ അടച്ച യൂറോപ്യന്‍ വിപണികള്‍ സമ്മിശ്രമായിരുന്നു. എഫ്ടിഎസ് ഇ യുകെ 21 പോയിന്റും സിഎസി ഫ്രാന്‍സ് 8 പോയിന്റും കുറഞ്ഞാണ് ക്ലോസ് ചെയ്തത്. ഡാക്സ് ജര്‍മനി 3 പോയിന്റ് മെച്ചപ്പെട്ടു ക്ലോസ് ചെയ്തു.
എന്നാല്‍ ഡൗ, നാസ്ഡാക് ഫ്യൂച്ചേഴ്സ്, എസ് ആന്‍ഡ് പി ഫ്യൂച്ചേഴ്സ് തുടങ്ങിയവയുള്‍പ്പെടെ യൂറോപ്യന്‍ ഫ്യൂച്ചേഴ്സും ഏഷ്യന്‍ നിക്കി ഫ്യൂച്ചേഴ്സും കുറഞ്ഞാണ് നില്‍ക്കുന്നത്.
ഇന്നു രാവിലെ ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ ജാപ്പനീസ് നിക്കി 70 പോയിന്റ് മെച്ചത്തിലാണ്. കൊറിയന്‍ കോസ്പി 10.6 പോയിന്റു മെച്ചപ്പെട്ടു നില്‍ക്കുമ്പോള്‍ ചെനീസ് ഷാംഗ്ഹായ് കോംപോസിറ്റ് 627 പോയിന്റുതാഴെയാണ്. എന്നാല്‍ ഹോങ്കോംഗ് ഹാംഗ്സെംഗ് 100 പോയിന്റു മെച്ചത്തില്‍ ഓപ്പണ്‍ ചെയ്തിട്ടുണ്ട്.
എഫ്ഐഐ വാങ്ങല്‍-വില്‍ക്കല്‍
കഴിഞ്ഞ വാരത്തില്‍ മേയ് 23-ന് 4670.95 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ പിറ്റേന്ന് 944.83 കോടി രൂപയുടെ നെറ്റ് വില്‍ക്കല്‍ നടത്തി. ഇതോടെ മേയിലെ നെറ്റ് വില്‍പ്പന 34459.88 കോടി രൂപയായി. എന്തായാലും വില്‍പ്പനയുടെ ആക്കം കുറഞ്ഞിട്ടുണ്ട്. അസ്ഥിരത പ്രതീക്ഷിക്കുന്ന ഈ വാരത്തില്‍ അവരുടെ സമീപനം എന്തായിരിക്കുമെന്നു കാത്തിരിക്കാം. തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ച അനിശ്ചിതത്വം മാത്രമല്ല, ചൈനീസ് വാല്വേഷന്‍ കുറഞ്ഞിരിക്കുന്നതും വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ വില്‍പ്പനയ്ക്കു കാരണമാണ്.
എന്നാല്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ കാര്യമായിത്തന്നെ വാങ്ങലും വില്‍പ്പനയും നടത്തി അവരുടെ നിക്ഷേപശേഖരങ്ങള്‍ പുനര്‍ക്രമീകരിക്കുന്ന തിരക്കിലാണ്. മേയിലെ ഏല്ലാ വ്യാപാരദിനത്തിലുംതന്നെ അവര്‍ നെറ്റ് വാങ്ങലുകാരായിരുന്നു. മേയില്‍ ഇതുവരെ 40797.8 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി അവര്‍ നെറ്റ് വാങ്ങലുകാരാണെന്നതാണ് വസ്തുത. നരേന്ദ്ര മോദി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നു അവര്‍ പൊതുവേ കണക്കാക്കുന്നു.
നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍
എന്‍ആര്‍ബി ബെയറിംഗ്, അബാന്‍ ഓഫ്ഷോര്‍, ഐഎഫ്ബി, ഓട്ടോ ആക്സില്‍സ്, വര്‍ധ്മാന്‍ പോളി, നാറ്റ്കോ ഫാര്‍മ, ഇന്‍ഡോ വിന്‍ഡ്, നാഷണല്‍ അലുമിനിയം, എല്‍ജി എക്വിപ്, അസ്ട്ര സെനക,ഡിഷ് ടിവി, ജെയ് കോര്‍പ്, സുമിടോമേ കെമിക്കല്‍സ്, ലൂമാക്സ് ഓട്ടോ, കേവല്‍ കിരണ്‍, ഗുഡീയര്‍, സാക് സോഫ്റ്റ്, എന്‍എംഡിസി, ടിവിഎസ് സപ്ലൈ ചെയിന്‍ തുടങ്ങി 350-ലിധികം കമ്പനികള്‍ ഇന്ന് ( മേയ് 27) നാലാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടും.
സാമ്പത്തിക വാര്‍ത്തകള്‍
റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് 2.11 ലക്ഷം കോടി രൂപ ലാഭവീതമായി നല്‍കുന്നത് 2023-24 വര്‍ഷത്തെ ധനകമ്മിയില്‍ 0.2-0.4 ശതമാനം വരെ കുറവുണ്ടാക്കുമെന്നു വിലയിരുത്തപ്പെടുന്നു. ഇടക്കാല ബജറ്റില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ധനകമ്മിയായി കണക്കാക്കിയിട്ടുള്ളത് 5.1 ശതമാനമാണ്. 2025-26-ല്‍ ധനകമ്മി 4.5 ശതമാനമായി കുറയ്ക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഗവണ്മെന്റ് കടമെടുപ്പു കുറയുന്നത് പലിശനിരക്കിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.
വാര്‍ത്തകളില്‍ കമ്പനികള്‍
അശോക് ലേലാന്‍ഡ്: മാര്‍ച്ചിലവസാനിച്ച ക്വാര്‍ട്ടറില്‍ അശോക് ലേലാന്‍ഡ് 900.41 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലിത് 751.41 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം ഈ കാലയളവില്‍ 11625 കോടി രൂപയില്‍നിന്ന് 11266.7 കോടി രൂപയായി കുറഞ്ഞു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തെ 1380.11 കോടി രൂപയില്‍നിന്ന് 2617.87 കോടി രൂപയായി ഉയര്‍ന്നു. വരുമാനം 36144 കോടി രൂപയില്‍നിന്ന് 38367 കോടി രൂപയിലെത്തി.
ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ: യുഎസില്‍ വില്‍പ്പന കുറഞ്ഞതും മറ്റ് അസാധാരണ സംഗതികളും കാരണം ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ നാലാം ക്വാര്‍ട്ടറില്‍ 121 കോടി രൂപയുടെ നഷ്ടത്തിലേക്കു വീണു. മുന്‍വര്‍ഷമിതേ കാലയളവിലെ നഷ്ടം 34.5 കോടി രൂപയായിരുന്നു. എന്നാല്‍ വരുമാനം മുന്‍വര്‍ഷമിതേ കാലയളവിലെ 3000.5 കോടി രൂപയില്‍നിന്ന് 3063 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സംയോജിത വരുമാനം രണ്ടു ശതമാനം മെച്ചത്തോടെ 11813 കോടി രൂപയിലെത്തി. യുഎസ് വരുമാനത്തില്‍ 12.4 ശതമാനം കുറവുണ്ടായി. യൂറോപ്പില്‍നിന്നുള്ള വരുമാനം 0.7 ശതമാനം വര്‍ധിച്ച് 611.8 കോടി രൂപയായി.
ഡിവീസ് ലാബ്: ഡിവീസ് ലാബോറട്ടറീസിന്റെ അറ്റാദായം മാര്‍ച്ചിലിവസാനിച്ച ക്വാര്‍ട്ടറില്‍ 68 ശതമാനം വര്‍ധനയോടെ 538 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിതേ കാലയളവിലിത് 321 കോടി രൂപയായിരുന്നു. കമ്പനി 30 ശതമാനം ലാഭവീതവും പ്രഖ്യാപിച്ചു. വരുമാനം ഈ കാലയളവില്‍ 1951 കോടി രൂപയില്‍നിന്ന് 2303 കോടി രൂപയായി വര്‍ധിച്ചു. 2023-24-ലെ വരുമാനം8184 കോടി രൂപയും അറ്റാദായം 1600 കോടി രൂപയുമാണ്.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.