image

7 Jun 2024 2:24 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് ( ജൂണ്‍ 7)

Joy Philip

വിപണി തുറക്കും മുമ്പ് അറിയേണ്ടത് ( ജൂണ്‍ 7)
X

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞയിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ ബഞ്ച്മാര്‍ക്ക് സൂചികകള്‍ പോസീറ്റീവ് മൊമന്റം നിലനിര്‍ത്തുകയാണ്. ഇന്ന് റിസര്‍വ് ബാങ്കിന്റെ പണനയം എത്തുകയാണ്. പലിശനിരക്കില്‍ വെട്ടിക്കുറവു പ്രതീക്ഷിക്കുന്നില്ലെങ്കിലും ഭാവി നടപടികളെക്കുറിച്ചും പണപ്പെരുപ്പം, പണലഭ്യത, സാമ്പത്തിക വളര്‍ച്ച തുടങ്ങിയവയെക്കുറിച്ചും സംബന്ധിച്ചുള്ള ആര്‍ബിഐ അനുമാനത്തിനു വിപണി കാത്തിരിക്കുകയാണ്.

എന്തായാലും നടപ്പു വര്‍ഷത്തെ പുതുക്കിയബജറ്റ് വരെ റേഞ്ച് ബൗണ്ട് സമീപനമായിരിക്കും വിപണിയുടേത്. 21700- 23200 താല്‍ക്കാലിക റേഞ്ചായി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിപണി ഇന്നലെ

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം ( എന്‍ഡിഎ) തുടര്‍ച്ചയായി മൂന്നാമതും അധികാരത്തില്‍ എത്തുമെന്നുറപ്പായതോടെ ഇന്ത്യന്‍ ഓഹരി വിപണി രണ്ടാം ദിവസവും നേട്ടത്തോടെ ക്ലോസ് ചെയ്തു. യുഎസ് പലിശനിരക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ ആഗോള വിപണികളും പോസീറ്റീവായി തുടരുകയാണ്. ഇതും ഇന്ത്യന്‍ വിപണിക്ക് കൂടുതല്‍ കരുത്തായി.

ഇന്ത്യന്‍ ഓഹരി വിപണി ബഞ്ച്മാര്‍ക്ക് സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും ഇന്നലെ ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി. തെരഞ്ഞടുപ്പു ഫലം ദിവസത്തെ നഷ്ടത്തിന്റെ മുക്കാല്‍ പങ്കോളം ബഞ്ച് മാര്‍ക്ക് സൂചികകള്‍ വീണ്ടെടുത്തിരിക്കുന്നു.

നിഫ്റ്റി ഇന്നലെ 201.05 പോയിന്റ് നേട്ടത്തോടെ 22821.4 പോയിന്റില്‍ ക്ലോസ് ചെയ്തു. ഒരവസരത്തില്‍ 22910 പോയിന്റുവരെ എത്തിയിരുന്നു.

സെന്‍സെക്‌സ് വീണ്ടും 75000 പോയിന്റിനു മുകളിലെത്തി.ഇന്നലെ

692.27 പോയിന്റ് നേട്ടത്തോടെ 75074 പോയിന്റിലാണാ സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി 237.3 പോയിന്റെ നേട്ടത്തോടെ 49291.90 പോയിന്റില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇന്നലെ ഏറ്റവും കൂടുതല്‍ തിളങ്ങിയത് ഐടി ഓഹരികളാണ്. നിഫ്റ്റി ഐടി 936 പോയിന്റ് ഉയര്‍ച്ചയാണ് നേടിയത്. മിക്ക മുന്‍നിര ഐടി ഓഹരികളും മികച്ച നേട്ടമുണ്ടാക്കി.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

എങ്ങോട്ടു നീങ്ങണമെന്നറിയാതെ വ്യക്തമായ ദിശയ്ക്ക് കാക്കുകയാണ് വിപണി. നിഫ്റ്റി പ്രതിദന ചാര്‍ട്ടുകള്‍ നല്‍കുന്ന സൂചനകളതാണ്. ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി ഇന്നലെ 260 പോയിന്റോളം പ്രതിദിന വ്യതിയാനം കാണിച്ചത്. ഇന്നലെ വ്യാപാരത്തിന്റെ ആദ്യഘട്ടത്തില്‍ താഴ്ന്ന വിപണി രണ്ടാം ഘട്ടത്തില്‍ ഉയര്‍ച്ച നേടുകയും ഓപ്പണിംഗിന് അല്‍പ്പം മുകളില്‍ ക്ലോസ് ചെയ്യുകയുമാണ് ചെയ്തത്. വ്യക്തമായ തീരുമാനമെടുക്കുവാന്‍ വിപണിക്കു കഴിയുന്നില്ല.

ഇപ്പോഴത്തെ സാഹചര്യത്തില്‍ 22850- 22900 നിഫ്റ്റിക്ക് ഒരു റെസിസ്റ്റന്‍സ് തന്നെയാണ്. 23000 പോയിന്റ് ഒകു സൈക്കോളജിക്കല്‍ റെസിസ്റ്റന്‍സ് ആയി തുടരുകയാണ്. എന്നാല്‍ 23100-23200 തലത്തില്‍ ശക്തമായ റെസിസ്റ്റന്‍സ് നിലനില്‍ക്കുകയാണ്.

വിപണിക്ക് ഏറ്റവുമടുത്ത പിന്തുണ 22650 പോയിന്റിലാണ്. ഇതിനു താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 22400-22500 തലത്തില്‍ പിന്തുണ കിട്ടും. അടുത്ത പിന്തുണ 21950-22050 നിലവാരത്തിലാണ്. 21700-21800 പോയിന്റ് നിലവാരത്തില്‍ നിഫ്റ്റിക്ക് ശക്തമായ പിന്തുണ ലഭിക്കും. അസാധാരണ സംഭവങ്ങള്‍ ഉണ്ടായാല്‍ 21250 പോയിന്റിലേക്ക് എത്താം. എന്തായാലും ഗവണ്‍മെന്റ് സത്യപ്രതിജ്ഞ ചെയ്യുന്ന സാഹചര്യത്തില്‍ അതിനു സാധ്യത കുറവാണ്.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ

ബുള്ളീഷ് മോഡിലേക്ക തിരിച്ചെത്തിയിരിക്കുകയാണ്. ഇന്നലെയത് 53.82 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: നിഫ്റ്റിക്കുള്ള ബാങ്ക് ഓഹരികളുടെ പിന്തുണ ഇന്നലെയും തുടര്‍ന്നു. ബാങ്ക് നിഫ്റ്റി ഇന്നലെ 238 പോയിന്റ് മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.

ഇന്ന് വിപണി പോസീറ്റീവ് ആണെങ്കില്‍ ബാങ്ക് നിഫ്റ്റിക്ക് 49500-49600 തലത്തില്‍ താല്‍ക്കാലിക റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. ഇതിനു മുകളിലേക്കു നീങ്ങിയാല്‍ 49800 പോയിന്റിലും 50000 പോയിന്റിലും തുടര്‍ന്ന് 50670 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. നീക്കം താഴേയ്ക്കാണെങ്കില്‍ 48900 പോയിന്റിലും തുടര്‍ന്ന് 48200-48300 പോയിന്റിലും പിന്തുണ കിട്ടിയേക്കാം.

ബാങ്ക് നിഫ്റ്റി ആര്‍ എസ് ഐ ഇന്നലെ 53.86 ആണ്. ബുള്ളീഷ് സോണിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബാങ്ക് നിഫ്റ്റി.

5 വര്‍ഷത്തിനുള്ളില്‍ സെന്‍സെക്‌സ് 1 ലക്ഷം!

മുന്‍കാലത്തേക്കാള്‍ മോദി 3.0 ദുര്‍ബലമാണെങ്കിലും ഇന്ത്യന്‍ വിപണിയിലെ ബുള്‍ മുന്നേറ്റത്തിന് അവസാനമൊന്നുമായിട്ടില്ലെന്ന് ആഗോള നിക്ഷേപകനായ മാര്‍ക്ക് മൊബീയൂസിന്റെ അഭിപ്രായപ്പെടുന്നു. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ സെന്‍സെക്‌സ് ഒരു ലക്ഷം പോയിന്റിലെത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉയര്‍ത്തിയ പൊടിപടലത്തില്‍ വജ്രം തെരയാമെന്നാണ് മാര്‍ക്ക് മൊബീയൂസിന്റെ അഭിപ്രായം. പല നല്ല ഓഹരികളുടേയും വാല്വേഷന്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നു. നല്ല ഡിസ്‌കൗണ്ടില്‍ അതു വാങ്ങുവാനുള്ള അവസരമാണ് ഈ ഇടിവു കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മാത്രവുമല്ല, വിപണിയിലെ ചാഞ്ചാട്ടത്തിനും ഗണ്യമായ ശമനം വന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെ സമ്മിശ്രമായിരുന്നു. ഐടി- ടെക് ഓഹരികളുടെ എഡിആറുകള്‍ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ഇന്‍ഫോസിസ് എഡിആര്‍ 2.24 ശതമാനം മെച്ചത്തോടെ 17.54 ഡോളറും വിപ്രോ 2.81 ശതമാനം മെച്ചപ്പെട്ട് 5.48 ഡോളറുമായും.ഐസിഐസിഐ ബാങ്ക് എഡിആര്‍ 0.75 ശതമാനം കുറഞ്ഞപ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് 1.11 ശതമാനമുയര്‍ന്നു. റിലയന്‍സ് ഇന്‍ഡ് 0.64 ശതമാനവും ഡോ റെഡ്ഡീസ് 1.18 ശതമാനവും ഉയര്‍ന്നു.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 30.5 പോയിന്റ് നേട്ടത്തിലാണ് നില്‍ക്കുകയാണ്. എന്നാല്‍ ഇന്നലെ ആഗോളവിപണികള്‍ എല്ലാം തന്നെ പോസീറ്റീവായാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ഫ്യൂച്ചേഴ്ും പോസീറ്റീവാണ്.

ഇന്ത്യ വിക്‌സ്

ഇന്ത്യന്‍ വിപണിയിലെ ചാഞ്ചാട്ടം കുറഞ്ഞ് പക്വത ആര്‍ജിക്കുകയാണ്.

ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്‌സ് ഇന്നലെ 16.8-ലേക്ക് താഴ്ന്നു. ബുധനാഴ്ചയിത് 18.88 ആയിരുന്നു .തെരഞ്ഞെടുപ്പു ഫലം വന്ന ദിവസം 26.74-ഉം.

യുഎസ് വിപണികള്‍

ടെക് കമ്പനികളുടെ പിന്‍ബലത്തില്‍ ബുധനാഴ്ച ശക്തമായ പ്രകടനം കാഴ്ച വച്ച യുഎസ് വിപണി ഇന്നലെ സമ്മിശ്രമായിരുന്നു. യുഎസ് ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രീയല്‍സ് ഇന്നലെ 78.84 പോയിന്റ് മെച്ചത്തോടെ 38886.2 പോയിന്റിലെത്തി. പ്രതിവാരതൊഴിലില്ലായ്മ ക്ലെയിം വര്‍ധിച്ചതും പലിശ നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് ഡൗവിന് കരുത്തു പകര്‍ന്നത്. എന്നാല്‍ എന്‍വിഡിയ ഓഹരികള്‍ റിക്കാര്‍ഡ് ഉയരത്തില്‍നിന്ന് താഴേയ്ക്കു പോയത് ടെക് ഓഹരകകളില്‍ പ്രത്യാഘാതമുണ്ടാക്കി. നാസ്ഡാക് സൂചിക 14.78 പോയിന്റ് താഴ്ന്ന് 17173.1-ലെത്തി. എസ് ആന്‍ഡ് പി സൂചിക 1.07 പോയിന്റ് താഴ്ന്ന് 5352.96 പോയിന്റില്‍ ക്ലോസ് ചെയ്തു. എന്‍വിഡിയ ഓഹരി ഇന്നലെ 13.95 ഡോളര്‍ കുറഞ്ഞ 1210.45 ഡോളറായി. ഇന്നലെ നാസ്ഡാക്ക് കോപോസിറ്റ് സൂചിക 330.86 പോയിന്റ് ഉയര്‍ന്നിരുന്നു.

എന്നാല്‍ യൂറോപ്യന്‍ വിപണി സൂചികകള്‍ എല്ലാം ഇന്നലെ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്. എഫ്ടിഎസ് ഇ യുകെ 38.39 പോയിന്റും സിഎസി ഫ്രാന്‍സ് 33.55 പോയിന്റും ഡാക്‌സ് ജര്‍മനി 76.73 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 326.46 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്.

യുഎസ് ഫ്യൂച്ചേഴ്‌സ് പോസീറ്റീവാണ്. യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് സമ്മിശ്രമാണ്.

ഏഷ്യന്‍ വിപണികള്‍

ഏഷ്യയിലെ മുഖ്യ വിപണികളിലൊന്നായ ജാപ്പനീസ് നിക്കി ഇന്നു രാവിലെ 33.74 പോയിന്റ് മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്‌തെങ്കിലും ഇപ്പോള്‍ നേരിയ തോതില്‍ താഴ്ന്നു നില്‍ക്കുകയാണ്. നിക്കി ഫ്യൂച്ചേഴ് പോസീറ്റീവാണ്.

ഹോങ്കോംഗ് ഹാംഗ്‌സെംഗ് 184.09 പോയിന്റും ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് 4.04 പോയിന്റും മെച്ചപ്പെട്ടാണ് തുറന്നിട്ടുള്ളത്.

എഫ്‌ഐഐ വാങ്ങല്‍-വില്‍ക്കല്‍

മോദിയുടെ മൂന്നാമൂഴം കൂട്ടുകക്ഷി ഗവണ്‍മെന്റ് ആയതിനെത്തുടര്‍ന്ന് വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഓഹരി വിറ്റൊഴിയുകയാണ്. മോദിക്ക്, കഴിഞ്ഞ രണ്ടു പ്രാവശ്യത്തേതുപോലെ സുഗമമായിരിക്കുകയില്ല മൂന്നാമൂഴമെന്ന വിലയിരുത്തലാണ് അവരെ വില്‍പ്പനയ്ക്കു പ്രേരിപ്പിക്കുന്നത്. വളരെ ഉയര്‍ന്നു നില്‍ക്കുന്ന വാല്വേഷനും അവരെ വില്‍പ്പനയ്ക്കു പ്രേരിപ്പിക്കുന്നു. ഇന്ത്യന്‍ വിപണിയെ അപേക്ഷിച്ചു നോക്കുമ്പോള്‍ ചൈനീസ് ഓഹരികള്‍ക്കു പകുതി മൂല്യമേയുള്ളു. ചൈന വളര്‍ച്ച മെച്ചപ്പെടുത്തുന്ന സൂചന കാണിക്കുന്നതും അവരെ അങ്ങോട്ട് ആകര്‍ഷിക്കുന്നു.

ഇന്നലെ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ 6867.72 കോടി രൂപയുടെ നെറ്റ് വില്‍ക്കലാണ് നടത്തിയത്. ഇതോടെ ജൂണിലെ നെറ്റ് വില്‍പ്പന 18109.44 കോടി രൂപയുടേതായി. എക്‌സിറ്റ് പോള്‍ വന്ന ദിവസം അഴര്‍ 6850 കോടി രൂപയുടെ നെറ്റ് ഓഹരികള്‍ വാങ്ങിയിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്നതു മുതല്‍ അവര്‍ വില്‍പ്പനക്കാരാണ്.

പതിവുപോലെ ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ എഫ്‌ഐഐയുടെ വിരുദ്ധ സമീപനമാണ് എടുത്തിട്ടുള്ളത്. ഇന്നലെ 3718.4 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ ജൂണിലെ നെറ്റ് വാങ്ങല്‍ 6868.46 കോടി രൂപയുടേതായി. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ദിവസംമാത്രമാണ് അവര്‍ നെറ്റ് വില്‍പ്പനക്കാരായത്. എങ്കിലും വളരെ ജാഗ്രതയോടെയാണ് അവര്‍ വാങ്ങല്‍ നടത്തുന്നത്. നെറ്റ് വാങ്ങലിന്റെ തോത് കുറഞ്ഞിരിക്കുകയാണ്.

സാമ്പത്തിക വര്‍ത്തകള്‍

റിസര്‍വ് ബാങ്കിന്റെ പണനയം ഇന്നെത്തും. പലിശ നിരക്കില്‍ മാറ്റം വരുത്തുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പുതിയ ഗവണ്‍മെന്റ് അധികാരത്തില്‍ എത്തുന്ന സാഹചര്യത്തില്‍ പണനയത്തില്‍നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും പണപ്പെരുപ്പം, പലിശ നിരക്ക് വെട്ടിക്കുറയ്ക്കല്‍ എന്നിവയെക്കുറിച്ചുള്ള ആര്‍ബിഐ ഗൈഡന്‍സ് ലഭിച്ചേക്കും.

ക്രൂഡോയില്‍ വില

രാജ്യന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഇന്നലെ നേരിയ തോതില്‍ ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില മെച്ചപ്പെടുന്നത്. ഡബ്‌ള്യു ടിഐ ക്രൂഡിന്റെ വില ഇന്നു രാവിലെ 75.69 ഡോളറാണ്. ഇ്ന്നലെയത് 74.54 ഡോളറായിരുന്നു. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് ഇന്നലത്തെ 78.77 ഡോളറില്‍നിന്ന് 79.87 ഡോളറായി ഉയര്‍ന്നു.

ഒപ്പെക് പ്ലസ് ഉത്പാദകരാജ്യങ്ങള്‍ എണ്ണയുത്പാദനം വെട്ടിക്കുറച്ച് നടപടി അടുത്തവര്‍ഷത്തോടെ നീ്ക്കം ചെയ്യുമെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് ഈയാഴ്ച ആദ്യം വില കുത്തനെയിടിഞ്ഞത്. ഇത് അധിക പ്രതികരണമാണെന്നു വിലയിരുത്തലാണ് വിപണിക്കുള്ളത്. വില ഉയരാനും കാരണമിതാണ്. വെട്ടിക്കുറവ് തീരുമാനം അതേ നിലയില്‍ നടപ്പാക്കുമെന്നു റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

ക്രൂഡ് വില കുറയുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഇമ്പമുള്ള സാമ്പത്തിക വാര്‍ത്തകളിലൊന്നാണ്. പണപ്പെരുപ്പം സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ ഇതു സഹായിക്കും.

രൂപ ഡോളറിനെതിരേ നേരിയ ഇടിവോടെയാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. ഒരു ഡോളറിന് 83.47 രൂപ നല്‍കിയാല്‍ മതി. തലേദിവസമിത് 83.37 രൂപയായിരുന്നു.ഇറക്കുമതിക്കാരും വിദേശ ബാങ്കുകളും ഡോളര്‍ വാങ്ങിയതാണ് രൂപയെ ദുര്‍ബലമാക്കിയത്.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.