image

5 Jun 2024 2:20 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് ( ജൂണ്‍ 5)

Joy Philip

domestic market fell sharply at the end of the trade
X

മോദി 1.0 എത്തിയത് വികസനവും മാറ്റവും പറഞ്ഞ്.

മോദി 2.0 എത്തിയത് ദേശീയതയും പുല്‍വാമയും ബാല്‌ക്കോട്ടും പറഞ്ഞ്.

മോദി 3.0യില്‍ തിരിച്ചെത്താന്‍ ഒന്നുമുണ്ടായിരുന്നില്ല. തന്റെ ഇമേജ് മാത്രമാണ് ഉപയോഗിച്ചത്. പക്ഷേ അതു ജനങ്ങളുടെ മുമ്പില്‍ വിലപ്പോയില്ല. എന്‍ഡിഎ പ്രതീക്ഷിച്ചിരുന്ന 400 സീറ്റിന്റെ സ്ഥാനത്ത് വെറും 295 സീറ്റുകൊടുത്തു ജനം മോദിയെ തിരിച്ചെത്തിച്ചുവെന്നു മാത്രം. അതും ആദ്യമായി കൂട്ടുകക്ഷി ധര്‍മത്തില്‍ ഭരിക്കേണ്ട സ്ഥിതിയിലുമെത്തിച്ചു.

പഴയ മോദി കാലഘട്ടങ്ങളെ അപേക്ഷിച്ച് ഇത്തവണ നരേന്ദ്ര മോദി ദുര്‍ബലനായിരിക്കുന്നു. പ്രായംകൊണ്ടു മാത്രമല്ല, പിന്തുണയുടെ കാര്യത്തിലും. പ്രതിച്ഛായയും നഷ്ടമായിരിക്കുന്നു. ബിജെപിയെ 240 സീറ്റില്‍ ഒതുക്കി. അഞ്ചു ലക്ഷത്തിനു മുകളില്‍ വരാണസിയില്‍ ഭൂരിപക്ഷം ലക്ഷ്യമിട്ടിടത്ത് മോദിയെ വെറും 152513 വോട്ടാണ് ജനങ്ങള്‍ ഭൂരപക്ഷമായി നല്‍കിയത്. 2019-ല്‍ 4.79 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ്.

ഒറ്റയ്ക്കു ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടായിരുന്ന കാലത്തുനിന്നും കൂട്ടുകക്ഷിഭരണത്തിനു നേതൃത്വം നല്‍കേണ്ടി വന്നിരിക്കുന്നു. ഭരണം നിലനിര്‍ത്താന്‍ ജെഡിയുവിലെ നിതീഷ് കുമാറിനേയും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനേയും ആശ്രയിക്കേണ്ടി വരുന്നു. അതായത് പിഎംഒയില്‍നിന്നു സ്വയം തീരുമാനമെടുത്തു ഭരണം നടത്താന്‍ ഇനി സാധിക്കില്ല എന്നര്‍ത്ഥം. അടുത്ത അഞ്ചുവര്‍ഷം ഭരണം തികയ്ക്കുമോയെന്നുപോലും ഉറപ്പില്ല. അടുത്ത സെപ്റ്റംബറില്‍ 75 വയ്‌സ് പൂര്‍ത്തിയാകുന്നതോടെ മോദിക്ക് ബിജെപിയില്‍നിന്നു തന്നെ എതിര്‍പ്പുകള്‍ നേരിടേണ്ടാതായി വരുമെന്നതില്‍ സംശയമില്ല.

ഓഹരി വിപണിയില്‍ ഇടിവുണ്ടാക്കാന്‍ ഈ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ കൂടുതല്‍ എന്തു വേണം?

ഇന്നലെ ഇന്ത്യന്‍ ബഞ്ച്മാര്‍ക്ക് സൂചികകളായ നിഫ്റ്റിയും

സെന്‍സെക്‌സും യഥാക്രമം 5.93 ശതമാനവും 5.74 ശതമാനവും വീതം ഇടിവാണ് രേഖപ്പെടുത്തിയത്. എക്‌സിറ്റ് പോളിന്റെ ബലത്തില്‍ ജൂണ്‍ മൂന്നിനി റിക്കാര്‍ഡ് ഉയരത്തില്‍ എത്തിയ വിപണി യഥാര്‍ത്ഥ ഫലം എക്‌സിറ്റ് പോളില്‍നിന്ന് എത്രയോ അകലെയെന്നു ഗ്രഹിച്ചതോടെ ഇന്നലെ വന്‍ തകര്‍ച്ചയിലേക്കു നീങ്ങുകയായിരുന്നു.

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയാ നിഫ്റ്റി 1379.4 പോയിന്റ് ഇടിഞ്ഞ് 21884.5 പോയിന്റില്‍ ക്ലോസ് ചെയ്തു. രാവിലെ 23179.5 പോയിന്റില്‍ ഓപ്പണ്‍ ചെയ്തു വിപണി സ്ഥിരമായി താഴ്ചയിലായിരുന്നു. ഒരവസരത്തില്‍ 21281.45 വരെ എത്തി. തുടര്‍ന്ന് വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ ന്ഷ്ടത്തില്‍ കുറച്ചുഭാഗം തിരിച്ചെടുക്കുകയായിരുന്നു.

സെന്‍സെസ്‌ക് ദിവസത്തെ ഉയര്‍ന്ന നിലയായ 76300.46 പോയിന്റില്‍നിന്ന് 70234.43 പോയിന്റ് വരെ എത്തിയശേഷം 72079.05 പോയിന്റില്‍ ക്ലോസ് ചെയ്തു. ഏതാണ്ട് ആറായിരത്തിലധികം പോയിന്റിന്റെ പ്രതിദിന വ്യതിയാനമാണ് ഇന്നലെ സെന്‍സെക്‌സില്‍ സംഭവിച്ചത്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

വിപണി യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതും വകുപ്പു വിഭജനവും പുതുക്കിയ ബജറ്റുമൊക്കെയായിരിക്കും തല്‍ക്കാലം വിപണിക്കു ദിശ നല്‍കുക. മന്ത്രിസഭയുടെ ചിത്രം തെളിയുന്നതുവരെ വിപണി റേഞ്ച് ബൗണ്ടായി നീ്ങ്ങുവാനാണ് സാധ്യത. അതായത് വിപണിയിലെ വന്യമായ വ്യതിയാനത്തിനു തല്‍ക്കാലം അറുതി വന്നിരിക്കുന്നു. ഇനിയും അഞ്ചോ പത്തോ ശതമാനംകൂടി താഴേയ്ക്കു പോയേക്കാം. പക്ഷേ ഇന്നലത്തേതുപോലെ കുത്തനെയുള്ള ഇടിവു പ്രതീക്ഷിക്കേണ്ട. എന്‍ഡിഎയ്ക്കു പകരം ഇന്ത്യ മുന്നണി മന്ത്രിസഭ രൂപീകരിച്ചാല്‍ സ്ഥിതിമാറും.

ഇന്നു വിപണി താഴേയ്ക്കു പോവുകയാണെങ്കില്‍ ആദ്യം 21700-21800 നിലവാരത്തില്‍ പിന്തുണ ലഭിക്കും. തുടര്‍ന്ന് 21500-ന്റെ ചുറ്റളവില്‍ പിന്തുണ ലഭിക്കും. വീണ്ടും താഴേയ്ക്കു പോവുകയാണെങ്കില്‍ 21250 തലത്തില്‍ ശക്തമായ പിന്തുണ ലഭിക്കും. നിഫ്റ്റി തല്‍ക്കാലത്തേക്ക് ഈ നിലവാരത്തില്‍ കണ്‍സോളിഡേഷനുള്ള ശ്രമത്തിലാണ്.

മെച്ചപ്പെടുകയാണെങ്കില്‍ 22000 പോയിന്റ് മോശമല്ലാത്ത റെസിസ്റ്റന്‍സ് ആയി പ്രവര്‍ത്തിക്കുവാനാണ് സാധ്യത. ഇവിടെ നിന്ന് മുന്നോട്ടപോയാല്‍22300 പോയിന്റ് ചെറിയ റെസിസ്റ്റന്‍സ് സൃഷ്ടിക്കും. മുന്നോട്ട് നീങ്ങണമെങ്കില്‍ 22400-22500 ശക്തമായി, വ്യാപാര വ്യാപ്തത്തോടെ മറികടക്കണം.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 39.78 ആണ്. ഓവര്‍ സോള്‍ഡ ്‌സോണിലേക്ക് പതിയെ അടുക്കുകയാണ്. ബെയറീഷ് മനോഭാവത്തിലേക്ക് വീണിരിക്കുകയാണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: എക്‌സിറ്റ് പോള്‍ ദിനത്തില്‍ 1900 പോയിന്റ് നേട്ടമുണ്ടാക്കിയ ബാങഅക് നിഫ്റ്റി ഇന്നലെ നാലായിരത്തിലധികം പോയിന്റാണ് നഷ്ടപ്പെടുത്തിയത്. ഏതാണ്ട് എട്ടു ശതമാനത്തോളം. ബാങഅക് നിഫ്റ്റി46928.6 പോയിന്റിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. മോദിഓഹരികളെന്ന് അറിയപ്പെടുന്ന പൊതുമേഖല ബാങ്കുകളുടെ ഓഹരികളിലെ ഇടിവാണ് ബാങ്ക് നിഫ്റ്റിയെ കുത്തനെയിടിച്ചത്.

ഇന്ന് ബാങ്ക് നിഫ്റ്റി ഇന്നു താഴേയ്ക്കു പോവുകയാണെങ്കില്‍ 45800-46000 തലത്തില്‍ പിന്തുണ കിട്ടും. തുടര്‍ന്നും താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 45100 ചുറ്റളവില്‍ പിന്തുണ കിട്ടിയേക്കും.

ഇന്നു നില മെച്ചപ്പെട്ടാല്‍ 47400 പോയിന്റിന് ചുറ്റളവില്‍ ആദ്യത്തെ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം 48300-48400 തലത്തിലാണ് അടുത്ത ലെവല്‍ റെസിസ്റ്റന്‍സ്. 49000 പോയിന്റിനു ചുറ്റളവില്‍ മോശമല്ലാത്ത റെസിസ്റ്റന്‍സ് നിലനില്‍ക്കുകയാണ്.

ബാങ്ക് നിഫ്റ്റി ആര്‍ എസ് ഐ ഇന്നലെ 41.55 ആണ്. ബയറീഷ് സോണിലേക്കു വീണിരിക്കുകയാണ് ബാങ്ക് നിഫ്റ്റി.

തിരുത്തല്‍ അവസരമാക്കുക

ശക്തമായ തിരുത്തല്‍ സംഭവിച്ചിരിക്കുകയാണ്. നല്ല ഓഹരികള്‍ വാങ്ങുവാനുള്ള സമയമാണ് ഈ ദിവസങ്ങള്‍. ഒട്ടനവധി ഓഹരികളുടെ വാല്വേഷന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ഓരോ താഴ്ചയും ഉപയോഗപ്പെടുത്തുകയെന്നതാണ് നിക്ഷേപകന് ചെയ്യാനുള്ളത്. വരും ദിവസങ്ങളിലും വിപണിയിലെ ചാഞ്ചാട്ടം തുടരും. അടുത്ത ബജറ്റ് എത്തുന്നതവരെ ഏറിയും കുറഞ്ഞും റേഞ്ച് ബൗണ്ടായി നീങ്ങാനാണ് സാധ്യത. ഈ ദിനങ്ങളില്‍ നല്ല ഓഹരികളും ഇതേ രീതിയിലുള്ള താഴ്ചകളും ഉയര്‍ച്ചകളും ഉണ്ടാകും. ആ അഴസരം ഉപയോഗപ്പെടുത്തുക.

കാരണം പുതിയ ഗവണ്‍മെന്റിന്റെ നയങ്ങളും സാമ്പദ്ഘടനയുടെ ശക്തിയും വളര്‍ച്ചാസാധ്യതയും മൂലധന നിക്ഷേപ സാധ്യതയുമൊക്കെയായിരിക്കും ഒഹരി വിലയെ ഗൈഡ് ചെയ്യുക. മികച്ച സാമ്പത്തിക വളര്‍ച്ചാമോഡിലേക്ക് രാജ്യം വീണിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പൊടിപടലങ്ങള്‍ അടങ്ങിയാല്‍ വിപണി ദീര്‍ഘകാല ഉയരത്തിലേക്കുള്ള പ്രയാണം തുടങ്ങും. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 8.2 ശതമാനമാണ് ജിഡിപി വളര്‍ച്ച. നടപ്പുവര്‍ഷവും ഇതേ മൊമന്റം തുടരുമെന്നാണ് ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ വലിയിരുത്തുന്നത്. ഇതു നിലനിര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ മതി. മോദി സര്‍ക്കാര്‍ തിരികെ വരുന്ന സാഹചര്യത്തില്‍ കാര്യമായ മാറ്റമില്ലാതെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടരുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 60 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്. എന്നാല്‍ ഇന്നലെ ആഗോളവിപണികള്‍ മിക്കതും പോസീറ്റീവായാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ഫ്യൂച്ചേഴ്‌സ് പോസീറ്റീവാണ്. ഇന്നലത്തെ ഹാംഗോവറില്‍ താഴ്ന്നു തുടങ്ങിയാലും മെച്ചപ്പെടാനുള്ള സാധ്യതയേറെയാണ്.

ഇന്ത്യ വിക്‌സ്

ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്‌സ് ഇന്നലെ വന്യമായ വ്യതിയാനങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ വിക്‌സ് 26.75 ലോാണ് ക്ലോസ് ചെയ്തത്. മൂന്നാം തീയതിയിത് 20.94 ആയിരുന്നു. ഇന്നലെ ഒരവസരത്തില്‍ 31.71 പോയിന്റ് വരെ വിക്‌സ് ഉയര്‍ന്നിരുന്നു. മന്ത്രിസഭാ രൂപീകരണം വരെ വലിയ ചാഞ്ചാട്ടം വിപണിയില്‍ പ്രതീക്ഷിക്കാം.

.വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ജൂണ്‍ മൂന്നിലെ 1.04-ല്‍നിന്ന് ഇന്നലെ 0.73 ആയി.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

യുഎസ് വിപണി ഇന്നലെ പൊതുവേ പോസീറ്റീവായാണ് ക്ലോസ് ചെയ്തത്. ഡൗ സൂചിക 140 പോയിന്റ് മെച്ചത്തോടെ 38711 പോയിന്റിലെത്തി. യുഎസ് ഫാക്ടറി ഓര്‍ഡറുകള്‍ ഉയര്‍ന്നുവെന്ന (0.7 ശതമാനം) എന്ന കണക്കുകളാണ് ഡൗവിനു ഊര്‍ജമായത്. വെള്ളിയാഴ്ച വരുന്ന ജോബ് ഡേറ്റയും പലിശ നിരക്കു സംബന്ധിച്ച ഫെഡറല്‍ റിസര്‍വിന്റെ ഗൈഡന്‍സുകളുമാണ് യുഎസ് വിപണി കാത്തിരിക്കുന്നത്.

നാസ്ഡാക്ക് സൂചിക 28.38 പോയിന്റും എസ്ആന്‍ഡ് പി 500 7.94 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.

എന്നാല്‍ യൂറോപ്യന്‍ വിപണി സൂചികകള്‍ എല്ലാം ഇന്നലെ താഴ്ന്നാണ് ക്ലോസ് ചെയ്തിട്ടുള്ളത്. സമ്മിശ്രമായിരുന്നു. എഫ്ടിഎസ് ഇ യുകെ 30 പോയിന്റും സിഎസി ഫ്രാന്‍സ് 60 പോയിന്റും ഡാക്‌സ് ജര്‍മനി 202 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 394 പോയിന്റും താഴ്ന്നു.

എന്നാല്‍ ഡൗ ഫ്യൂച്ചേഴ്‌സ് , നാസ്ഡാക്, എസ് ആന്‍ഡ് പി ഫ്യൂച്ചേഴ്‌സ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സും എല്ലാം നേട്ടത്തിലാണ്.

ഏഷ്യന്‍ വിപണികള്‍

ഏഷ്യയിലെ മുഖ്യ വിപണികളിലൊന്നായ ജാപ്പനീസ് നിക്കി ഇന്നു രാവിലെ താഴ്ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ നിക്കി 425 പോയിന്റ് താഴെയാണ്. നിക്കി ഫ്യൂച്ചേഴ്‌സും താഴെയാണ്.

കൊറിയന്‍ കോസ്പി 25 പോയിന്റും ഹോങ്കോംഗ് ഹാംഗ്‌സെംഗ് 45.67 പോയിന്റും ഹാംഗ്‌സംഗ് ഫ്യൂച്ചേഴ്‌സ് 200 പോയിന്റ് ഉയര്‍ന്നു നില്‍ക്കുകയാണ്. ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് നേരിയ താഴ്ചയോടെയാണ് (5.15 പോയിന്റ്) തുറന്നിട്ടുള്ളത്.

എഫ്‌ഐഐ വാങ്ങല്‍-വില്‍ക്കല്‍

തെരഞ്ഞെടുപ്പു ഫലത്തിന്റെ പ്രത്യാഘത്തില്‍ കുത്തനെയിടിഞ്ഞ ഇന്ത്യന്‍ വിപണിയില്‍ വിദേശനിക്ഷേപകസ്ഥാപനങ്ങളും ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങളും ഇ്‌ന്നെ നെറ്റ് വില്‍പ്പനക്കാരായിരുന്നു. മൂന്നാം തീയതി 6850 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയ എഫ്‌ഐഐകള്‍ ഇ്‌നലെ 12436 കോടി രൂപയുടെ നെറ്റ് വില്‍പ്പനയാണ് നടത്തിയത്. ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ 3318 കോടി രൂപയുടെ നെറ്റ വില്‍ക്കലും നടത്തി. പുതിയ മന്ത്രിസഭ അധികാരത്തിലെത്തുകയും പുതിയ ധനമന്ത്രിയും ബജറ്റും വരുന്നതുവരെ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വിപണിയില്‍ അത്ര സജീവമാകുവാനിടയില്ല. ആഭ്യന്തര നിക്ഷേപസ്ഥപനങ്ങളും വന്‍ വാങ്ങലിലൊന്നും ഹൃസ്വകാലത്തെക്കെങ്കിലും തയാറവുകയില്ല. കാത്തിരിക്കുകയേ വഴിയുള്ളു.

മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച രാജ്യം കാഴ്ചവയ്ക്കുന്ന സാഹചര്യത്തില്‍ അവര്‍ എപ്പോള്‍ വേണമെങ്കിലും വിപണിയില്‍ സജീവമാകാം.

ക്രൂഡോയില്‍ വില

രാജ്യന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഇന്നലെയും കുത്തനെയിടിഞ്ഞു.ഡബ്‌ള്യു ടിഐ ക്രൂഡിന്റെ വില ഇന്നു രാവിലെ 72.92 ഡോളറായി. തലേവദിവസമിത് ഡോളറായി. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 77.52 ഡോളറായി. ഇന്നലെ78.14 ഡോളറായിരുന്നു വില വില. ഫെബ്രുവരിക്കുശേഷം ആദ്യമായിട്ടാണ് ബ്രെന്റ് ക്രൂഡ് വില 80 ഡോളറിനു താഴെയെത്തുന്നത്.

മേയ് 24-ന് അവസാനിച്ച വാരത്തില്‍ അമേരിക്കന്‍ എണ്ണശേഖരം 4.052 ദശലക്ഷം ബാരല്‍ കണ്ട് വര്‍ധിച്ചതാണ് വിലയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്. സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടാത്തതും പലിശനിരക്ക് കുറയാതെ ഉയര്‍ന്നു നില്‍ക്കുന്നതും എണ്ണ ഡിമാണ്ടിനെ ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ള ഉത്പാദന വെട്ടിക്കുറവ് 2025 വരെ തുടരാനുള്ള തീരുമാനംക്രൂഡോയില്‍ വില ഉയര്‍ത്തിയില്ല. ഡിമാണ്ട് സംബന്ധിച്ച ഒപ്പെക് അനുമാനം ശരിയല്ലെന്നാണ് വിലയിരുത്തല്‍. ഏതാണ്ട് ആറു ദശലക്ഷം ബാരലിന്റെ ഉത്പാദനമാണ് വെട്ടിക്കുറച്ചിട്ടുള്ളത്. അതു ക്രമേണ പുനസ്ഥാപിക്കുമെന്ന വിലയിരുത്തലും ക്രൂഡ് വിലയെ സമ്മര്‍ദ്ദത്തിലാക്കി. ക്രൂഡ് വില കുറയുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഇമ്പമുള്ള സാമ്പത്തിക വാര്‍ത്തകളിലൊന്നാണ്.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക