4 Jun 2024 2:10 AM GMT
ഇന്ത്യന്‍ ഓഹരി വിപണിയുടെ ഡി- ഡേയാണ് ഇന്ന്.
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലമെത്തുന്ന ദിവസം.
ഇനി എക്‌സിറ്റ് പോള്‍ ഫലത്തിനൊത്തു യഥാര്‍ത്ഥ ഫലം പോകുകയെന്നതാണ് വിപണിയെ കൂടുതല്‍ ഉയരത്തില്‍ എത്തിക്കുക. എക്‌സിറ്റ് പോളിനേക്കാള്‍ കുറവു സീറ്റുകളാണ് എന്‍ഡിഎയ്ക്കു ലഭിക്കുന്നതെങ്കില്‍, അതിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് ചെറിയ ഇടിവു മുതല്‍ വന്‍വില്‍പ്പനവരെ പ്രതീക്ഷിക്കാം.
യഥാര്‍ഥ ഫലത്തിനായി കാത്തിരിക്കുയെന്നതാണ് നിക്ഷേപകര്‍ക്കു ചെയ്യാനുള്ളത്. അതറിഞ്ഞശേഷമാവാം അടുത്ത നീക്കം.
ഭരണത്തിലുള്ള എന്‍ഡിഎയ്ക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെ റിക്കാര്‍ഡ് ഉയരം കുറിച്ചിരിക്കുകയാണ്. ഒറ്റദിവസംകൊണ്ട് നിക്ഷേപകരുടെ സമ്പത്തില്‍ 14 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായിരിക്കുന്നു.
ഇന്ത്യന്‍ ബഞ്ച്മാര്‍ക്ക് സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും റിക്കാര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തിരിക്കുന്നത്. നിഫ്റ്റി 733.2 പോയിന്റ് ( 3.25 ശതമാനം) മെച്ചത്തോടെ 23263.9 പോയിന്റില്‍ ക്ലോസ് ചെയ്തപ്പോള്‍ സെന്‍സെക്‌സ് സൂചികയിലസ്# 2507.47 പോയിന്റിന്റെ വര്‍ധനയാണ് ഉണ്ടായത്. അതായത് 3.39 ശതമാനം വര്‍ധനയോടെ 76468.78 പോയിന്റില്‍ ക്ലോസ് ചെയ്തു. മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന ഉയര്‍ച്ചയാണ് ഇന്നത്തേത്.
നിഫറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ച്ചയായ 23338.7 പോയിന്റിനു തൊട്ടുതാഴെ ഓപ്പണ്‍ ചെയ്ത നിഫ്റ്റിയുടെ ഇന്നലത്തെ ഏറ്റവും കുറഞ്ഞ പോയിന്റ് 23062.30 പോയിന്റാണ്.
ഇനി എക്‌സിറ്റ് പോള്‍ ഫലം യാഥാര്‍ത്ഥ ഫലമായി മാറുകയെന്നതാണ്
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി മുന്നൂറ്റമ്പതിലധികം സീറ്റുകളോടെ മൂന്നാംതവണയും അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ജൂണ്‍ ഒന്നിന് പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടിട്ടുള്ളത്.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഒമ്പതു മണിയാകുന്നതോടെ പ്രാഥമിക ട്രെന്‍ഡ് വിപണിയില്‍ ലഭ്യമാകും. ഇത് എക്‌സിറ്റ്‌പോളുകളുടെ പ്രവചനത്തോട് ഒത്തു പോവുകയോ അതില്‍ മെച്ചമാവുകയോ ചെയ്താല്‍ വിപണിയില്‍ ഇന്നും കുതിപ്പു പ്രതീക്ഷിക്കാം. മറിച്ചാണെങ്കില്‍ എക്‌സിറ്റ് പോളുകളുടെ ഫലത്തില്‍നിന്നുള്ള വ്യതിയാനമനുസരിച്ച് ചെറിയ ഇടിവു മുതല്‍ വന്‍ വില്‍പ്പനവരെ പ്രതീക്ഷിക്കാം.
നിഫ്റ്റിയുടെ മുന്നോട്ടുള്ള പോക്കിന് ശക്തമായ തടസമായിരുന്ന 23110 പോയിന്റ് മറികടന്നിരിക്കുകയാണ്.നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റന്‍സ് 23500-23600 പോയിന്റ് തലത്തിലാണ്. വിപണിയുടെ അടുത്ത ലക്ഷ്യം 24000 പോയിന്റാണ്. ഏതെങ്കിലും കാരണവശാല്‍ തെരഞ്ഞെടുപ്പു ഫലം നിരാശപ്പെടുത്തിയാല്‍ വിപണിയില്‍ വന്‍ വില്‍പ്പന പ്രതീക്ഷിക്കാം. നിഫ്റ്റിയുടെ താഴേയ്ക്കുള്ള പ്രയാണത്തിനു ഇതു തീ കൊളുത്തും. നിഫ്റ്റിക്ക് ഏറ്റവുമടുത്ത പിന്തുണ 23000 പോയിന്റാണ്. അിതനു താഴേയ്ക്കു നീങ്ങിയാല്‍ 22400-22500 പോയിന്റില്‍ പിന്തുണ കിട്ടും. അടുത്ത സപ്പോര്‍ട്ട് 21950-22100 തലത്തിലാണ്. അതിനു താഴെ 21700-800 പോയിന്റില്‍ ശക്തമായ പിന്തുണയാണ് നിഫ്റ്റിക്കുള്ളത്.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 67.27 ആണ്. ഓവര്‍ബോട്ട്‌സോണിലേക്ക് പതിയെ അടുക്കുകയാണ്.
ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ നിഫ്റ്റി ബാങ്കിന്റെ നേട്ടം 2500 പോയിന്റിലധികമാണ്. ഇന്നലെ 1996 പോയിന്റ് നേട്ടത്തോടെ റിക്കാര്‍ഡ് ക്ലോസിംഗാണ് നടത്തിയത്. മാത്രമല്ല, 51000 പോയിന്റിനു മുകളില്‍ എത്തുകയും ചെയ്തു. ദിവസാവസാനത്തില്‍ ക്ലോസ് ചെയ്തത് 50979.95 പോയിന്റിലാണ്. നേരത്തെ റിക്കാര്‍ഡ് ഉയരം ( 51133.2 ) കുറിച്ചതിനുശേഷമായിരുന്നു ക്ലോസിംഗ്.
പൊതുമേഖല,സ്വകാര്യമേഖല ബാങ്കുകള്‍ ഒരുപോലെ ഇന്നലെത്തെ പ്രയാണത്തില്‍ പങ്കെടുത്തു.
ബാങ്ക് നിഫ്റ്റിയുടെ മുന്നോട്ടുള്ള പ്രയാണത്തിലെ മുഖ്യ റെസിസ്റ്റന്‍സ് 51500-52000 പോയിന്റാണ്. അടുത്തത് 52967 പോയിന്റും.
താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 50000 പോയന്റിന്റെ ചുറ്റളവിലും തുടര്‍ന്ന് 49000 പോയിന്റിലും സമാന്യം ശക്തമായ പിന്തുണയുണ്ട്. തുടര്‍ന്നും താഴേയ്ക്കു നീങ്ങിയാല്‍ 48400-48500 പോയിന്റ് ശക്തമായ പിന്തുണയാകും.
ബാങ്ക് നിഫ്റ്റി ആര്‍ എസ് ഐ ഇന്നലെ 71.79 ആണ്. ബുള്ളീഷ് മോഡിനല്‍ത്തന്നെ ബാങ്ക് നിഫ്റ്റി നീങ്ങുകയാണ്. ഓവര്‍ബോട്ട് ആയിരിക്കുകയാണ് ബാങ്ക് ഓഹരികള്‍. എപ്പോള്‍ വേണമെങ്കിലും വില്‍പന വരാം. അത് ഇന്നുതന്നെ വ്യാപാരത്തിന്റെ അവസാനഭാഗങ്ങളില്‍ സംഭവിച്ചേക്കാം.
ജാഗ്രത പാലിക്കാം; തിരുത്തലുമുണ്ടാകും
വിപണി മെച്ചപ്പെട്ടാല്‍ പോലും രണ്ടാം പകുതിയില്‍ പ്രോഫിറ്റ് ബുക്കിംഗും വില്‍പ്പ സമ്മര്‍ദ്ദവും പ്രതീക്ഷിക്കാം. രണ്ടു ദിവസങ്ങളിലെ നേട്ടങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നിക്ഷേപകര്‍ ശ്രമിക്കുമെന്നുറപ്പാണ്.
എന്തായാലും നിക്ഷേപകര്‍ ജാഗ്രത പാലിക്കേണ്ട സമയമാണ്. ഇപ്പോള്‍ ഓഹരികളുടെ വിലയില്‍ ഉയര്‍ച്ചയുണ്ടാകുന്നത് വെറും സെന്റിമെന്റ്ല്‍ ശക്തിയുടെ പേരിലാണെന്നോര്‍ക്കുക. ഇതിന് കൈവിരലിലെണ്ണാവുന്ന ആയുസേയുണ്ടാവുകയുള്ളു. പിന്നീട് വിപണി യാഥാര്‍ത്ഥ്യത്തിലേക്കു തിരിച്ചുവരുമ്പോള്‍ ഇപ്പോഴത്തെ ഉയര്‍ന്ന വില ഉണ്ടാവുകയില്ല.
പുതിയ ഗവണ്‍മെന്റിന്റെ നയങ്ങളും സാമ്പദ്ഘടനയുടെ ശക്തിയും വളര്‍ച്ചാസാധ്യതയും മൂലധന നിക്ഷേപ സാധ്യതയുമൊക്കെയായിരിക്കും ഒഹരി വിലയെ ഗൈഡ് ചെയ്യുകയെന്ന കാര്യം മറക്കാതിരിക്കാം. അതായത് ഇപ്പോഴത്തെ സെന്റിമെന്റല്‍ മുന്നേറ്റത്തില്‍ തലവയ്ക്കാതിരിക്കുകയെന്നര്‍ത്ഥം.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 59 പോയിന്റ് മെച്ചപ്പെട്ട് നില്‍ക്കുകയാണ്. തെരഞ്ഞെടുപ്പു ഫലത്തിന്റെ പ്രാഥമിക ട്രെന്‍ഡിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യന്‍ വിപണി ഇന്നു ഓപ്പണ്‍ ചെയ്യുക. എട്ടുമണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുന്നത്.
ഇന്ത്യ വിക്‌സ്
ഇന്ത്യന്‍ വിപണിയിലെ അസ്ഥിരതയെ സൂചിപ്പിക്കുന്ന ഇന്ത്യ വിക്‌സ് ജൂണ്‍ മൂന്നിന് 20.94 ആയി കുറഞ്ഞു. മേയ് 31-ന് ഇത് 24.6 ആയിരുന്നു. അതായത് ഇന്ത്യന്‍ വിപണി സ്ഥിരതയിലേക്കുള്ള തിരിച്ചു യാത്രയിലാണ്. ഇന്നു തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതോടെ ചാഞ്ചാട്ടത്തിന്റ തോതും കുറഞ്ഞുതുടങ്ങും.
വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ജൂണ്‍ മൂന്നിന് 1.04 ആയി. മേയ് 31-ന് 1.0 ആയിരുന്നു. ബുള്ളീഷ് മൂഡില്‍ത്തന്നെയാണ് വിപണി നില്‍ക്കുന്നതെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
യുഎസ് സൂചികകള്‍ ഇന്നലെ സമ്മിശ്രമായാണ് ക്ലോസ് ചെയ്തത്.
വെള്ളിയാഴ്ചത്തെ ക്ലോസിംഗിന് വിപരീതമായി ഇന്നലെ ഡൗ ജോണ്‍സ് 115.29 പോയിന്റ് താഴ്ന്ന് 38571 പോയിന്റിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ നാസ്ഡാക് 94 പോയിന്റും എസ് ആന്‍ഡ് പി ആറു പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച ആശങ്കകളാണ് നിക്ഷേപകരെ വില്‍പ്പനയ്ക്ക് പ്രേരിപ്പിച്ചത്. മേയിലെ ഐഎസ്എം മാനുഫാക്ചറിംഗ് പിഎംഐ 48.7ലേക്ക് താഴ്ന്നു. ഇത് ഉത്പാദനച്ചുരക്കത്തെയാണ് സൂചിപ്പിക്കുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഈ ചുരുക്കം. 2020 മേയിക്കുശേഷമുള്ള ഏറ്റവും കുറഞ്ഞ പിഎംഐ ആണിത്. ആദ്യക്വാട്ടറില്‍ ജിഡിപി വളര്‍ച്ച 1.3 ശതമാനമായി താഴ്ന്നിരുന്നു.
അടുത്ത വെള്ളിയാഴ്ച വരുന്ന ജോബ് ഡേറ്റയും പലിശ നിരക്കു സംബന്ധിച്ച ഫെഡറല്‍ റിസര്‍വിന്റെ ഗൈഡന്‍സുകളുമാണ് വിപണിയുടെ മുന്നോട്ടുള്ള ഗതിയെ സ്വാധീനിക്കുക.
എന്‍വിഡിയ തിങ്കളാഴ്ച അഞ്ചു ശതമാനം ഉയര്‍ന്നത് നാസ്ഡാക്കിനു തുണയായി. 2026-ല്‍ പുതിയ ചിപ്പ് പുറത്തിറക്കുമെന്ന പ്രഖ്യാപനമാണ് എന്‍വിഡയ ഓഹരികള്‍ ഉയര്‍ത്തിയത്.
എന്നാല്‍ യൂറോപ്യന്‍ വിപണികളും സമ്മിശ്രമായിരുന്നു. എഫ്ടിഎസ് ഇ യുകെ നേരിയ പോയിന്റ് താഴ്ന്നാണ് ക്ലോസ് ചെയ്തിട്ടുള്ളത്. സിഎസി ഫ്രാന്‍സ് 5 പോയിന്റും ഡാക്‌സ് ജര്‍മനി 110 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 177 പോയിന്റും മെച്ചപ്പെട്ട് ക്ലോസ് ചെയ്തു.
ഡൗ ഫ്യൂച്ചേഴ്‌സ് , നാസ്ഡാക്, എസ് ആന്‍ഡ് പി ഫ്യൂച്ചേഴ്‌സ് എന്നിവയെല്ലാം നേരിയ തോതില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. യൂറോപ്യന്‍ ഫ്യൂച്ചേഴ്സും എല്ലാം നേട്ടത്തിലാണ്.
ഏഷ്യന്‍ വിപണികള്‍
ഏഷ്യയിലെ മുഖ്യ വിപണികളിലൊന്നായ ജാപ്പനീസ് നിക്കി ഇന്നു രാവിലെ താഴ്ന്നാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഒരു മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ നിക്കി ഇരുന്നൂറോളം പോയിന്റ് താഴെയാണ്. നിക്കി ഫ്യൂച്ചേഴ്‌സും താഴെയാണ്.
കൊറിയന്‍ കോസ്പി 17 പോയിന്റ് താഴ്ന്നാണ് നില്‍ക്കുന്നത്.
ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് നേരിയ താഴ്ചയോടെയാണ് (10.44 പോയിന്റ്) തുറന്നിട്ടുള്ളത്. ഹോങ്കോംഗ് ഹാംഗ്‌സെംഗ് 50.6 പോയിന്റു താഴെയാണ്. ഹാംഗ്‌സംഗ് ഫ്യൂച്ചേഴ്‌സ് 73 പോയിന്റ് ഉയര്‍ന്നു നില്‍ക്കുകയാണ്.
എഫ്‌ഐഐ വാങ്ങല്‍-വില്‍ക്കല്‍
വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങലിന് ശക്തികൂടിയതോടെ ആഭ്യന്തരനിക്ഷേപക സ്ഥാപനങ്ങള്‍ വാങ്ങല്‍ കുറച്ച് കൂടുതല്‍ ജാഗരൂകരാകുകയാണ്. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 6850.76 കോടി രൂപയുടെ നെറ്റ് വാങ്ങലാണ് നടത്തിയത്. ഇതേ സമയം ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ വെറും 1913.98 കോടി രൂപയുടേതാണ്. നിക്ഷേപകര്‍ക്കു ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങളുടെ സമീപനത്തില്‍നിന്നു മനസിലാക്കാം.
ഇന്ത്യന്‍ആഭ്യന്തര സ്ഥാപനങ്ങളായി മാസങ്ങളായി ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. മേയില്‍ മാത്രം അവരുടെ നെറ്റ് വാങ്ങല്‍ 55733.04 കോടി രൂപയുടേതാണ്. നടപ്പു ധനകാര്യ വര്‍ഷത്തില്‍ ഇതുവരെ അവരുടെ നെറ്റ് വാങ്ങല്‍ ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തി. ഇതേ സ്ഥാനത്ത് വിദേനിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വില്‍പ്പന 71055 കോടി രൂപയുടെ ഓഹരികളാണ്.
സാമ്പത്തിക വാര്‍ത്തകള്‍
ഇന്ത്യയുടെ മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ചാത്തോതില്‍ നേരിയ കുറവ് ഉണ്ടായതായി എച്ച്എസ്ബിസി മാനുഫാക്ചറിംഗ് പിഎംഐ കണക്കുകള്‍ സൂചിപ്പിക്കുന്നു. മേയിലെ പിഎംഐ സൂചിക 57.5 ആ്ണ്. ഏപ്രിലിലിത് 58.8 പോയിന്റ് ആയിരുന്നു. നാനൂറിലധികം വ്യവസായങ്ങളുടെ പര്‍ച്ചേസ് മാനേജര്‍മാരില്‍ സ്വരൂപിച്ചാണ് ഈ കണക്കുകള്‍.
ക്രൂഡോയില്‍ വില
രാജ്യന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഇന്നലെ കുത്തനെയിടിഞ്ഞു.ഡബ്‌ള്യു ടിഐ ക്രൂഡിന്റെ വില ഇന്നു രാവിലെ 74.03 ഡോളറായി. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 78.14 ഡോളറാണ് വില. ഫെബ്രുവരിക്കുശേഷം ആദ്യമായിട്ടാണ് ബ്രെന്റ് ക്രൂഡ് വില 80 ഡോളറിനു താഴെയെത്തുന്നത്.
ക്രൂഡോയില്‍ ഉത്പാദനത്തിലെ വെട്ടിക്കുറവ് തീരുമാനം 2025 വരെ തുടരാന്‍ ഒപ്പെക്കും മറ്റ് ഉത്പാദകരാജ്യങ്ങളും തീരുമാനിച്ചിട്ടും അതും ക്രൂഡോയിലിനു തുണയായില്ല. പ്രതിദിനം 3.66 ദശലക്ഷം ബാരലിന്റെ പ്രതിദിന വെട്ടിക്കുറവാണ് ഇപ്പോഴുള്ളത്.
യുഎസ് ഓയില്‍ സ്‌റ്റോക്ക് അപ്രതീക്ഷിതമായി വര്‍ധിച്ചതും ഇന്ധന ഡിമാണ്ട് കുറയുകയാണെന്നുമുള്ള യുഎസ് ഗവണ്‍മെന്റ് റിപ്പോര്‍ട്ടും ക്രൂഡോയില്‍ വിലയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയിട്ടുണ്ട്. യുഎസ് പലിശനിരക്ക് കുറയ്ക്കുന്നതിനു സമയമെടുക്കുമെന്ന വിലയിരുത്തലും എണ്ണയ്ക്കു പ്രതികൂലമായി.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.