29 Aug 2024 11:15 AM GMT
Summary
- സെൻസെക്‌സും നിഫ്റ്റിയും സർവ്വകാല ഉയരം തൊട്ടു
- ടാറ്റ മോട്ടോഴ്‌സ് 4 ശതമാനത്തിലധികം ഉയർന്നു
- . ബിഎസ്ഇ മിഡ്‌ക്യാപ് 0.3 ശതമാനവും സ്‌മോൾക്യാപ് 0.7 ശതമാനവും ഇടിഞ്ഞു
അഭ്യന്തര വിപണി ഇന്ന് രചിച്ചത് പുതിയ ചരിത്രം. സെൻസെക്‌സും നിഫ്റ്റിയും സർവ്വകാല ഉയരം തൊട്ടു. ആഗോള വിപണികളിലെ ചാഞ്ചാട്ടത്തിനിടയിലും വിപണി നേട്ടത്തിലെത്തി. സെപ്റ്റംബർ 5ന് ബോണസ് ഷെയർ ഇഷ്യു പരിഗണിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് പ്രഖ്യാപിച്ചതിന് ശേഷം ഓഹരികൾ കുതിച്ചു. ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഹെവിവെയ്‌റ്റുകളുടെ നേട്ടം വിപണിക്ക് താങ്ങായി.
സെൻസെക്സ് ഇൻട്രാ-ഡേ വ്യാപാരത്തിൽ 500.27 പോയിൻ്റ് അഥവാ 0.61 ശതമാനം ഉയർന്ന് സർവ്വകാല ഉയരമായ 82,285.83 ൽ എത്തിയിരുന്നു. തുടർച്ചയായ എട്ടാം ദിവസം നേട്ടം നൽകിയ സൂചിക 349.05 പോയിൻ്റ് അഥവാ 0.43 ശതമാനം ഉയർന്ന് 82,134.61ൽ ആണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി ഇൻട്രാ-ഡേയിൽ 140.55 പോയിൻ്റ് അഥവാ 0.56 ശതമാനം ഉയർന്ന് 25,192.90 എന്ന പുതിയ റെക്കോർഡ് ഉയരത്തിലെത്തി. തുടർച്ചയായ 11-ാം സെഷനിലും റാലി തുടർന്ന നിഫ്റ്റി 99.60 പോയിൻ്റ് അഥവാ 0.40 ശതമാനം ഉയർന്ന് 25,151.95ൽ ക്ലോസ് ചെയ്തു.
സെൻസെക്സിൽ ടാറ്റ മോട്ടോഴ്‌സ് 4 ശതമാനത്തിലധികം ഉയർന്നു. ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര, മാരുതി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, ജെഎസ്ഡബ്ല്യു സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ ഓഹരികൾ ഇടിഞ്ഞു.
സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ്, ടെലികോം, ഐടി, എഫ്എംസിജി എന്നിവ 0.5-1 ശതമാനം ഉയർന്നു. നിഫ്റ്റി ക്യാപിറ്റൽ ഗുഡ്‌സ്, ഫാർമ, മീഡിയ, മെറ്റൽ, പവർ എന്നിവ 0.3-0.7 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.3 ശതമാനവും സ്‌മോൾക്യാപ് സൂചിക 0.7 ശതമാനവും ഇടിഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി 1:1 എന്ന അനുപാതത്തിൽ ബോണസ് ഷെയറുകൾ ഇഷ്യൂ ചെയ്യുന്നതിനെക്കുറിച്ച് പരിഗണിക്കാൻ കമ്പനിയുടെ ബോർഡ് സെപ്റ്റംബർ 5 ന് യോഗം ചേരുമെന്ന് അറിയിച്ചതിനെത്തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ഏകദേശം 2 ശതമാനം ഉയർന്നു.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ നഷ്ടത്തിലും ഹോങ്കോങ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഉയർന്നാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ ബുധനാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 1,347.53 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.60 ശതമാനം ഇടിഞ്ഞ് ബാരലിന് 78.27 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.76 ശതമാനം ഉയർന്ന് 2556 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ ഉയർന്ന് 83.87ൽ എത്തി.