image

2 Oct 2023 3:33 AM

Stock Market Updates

ഇന്നും വിപണിക്ക് അവധി; ഈ മാസം പതിനൊന്ന് അവധികള്‍

MyFin Desk

Trading | stock market today
X

Summary

  • ഒക്ടോബര്‍ 24ന് ദസറയ്ക്കും വിപണിക്ക് അവധിയാണ്.
  • ദീപാവലിയോടനുബന്ധിച്ചുള്ള പ്രത്യേക മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 12 നാണ്.


ശനി, ഞായര്‍ ദിവസങ്ങളിലെ സാധാരണ അവധി ദിനങ്ങള്‍ക്കു പുറമേ ഇന്നും വിപണിക്ക് അവധി. ഇന്ന് തിങ്കള്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തിയായതിനാല്‍ ബിഎസ്ഇലും എന്‍എസ്ഇലും ഓഹരി ഇടാപാടുകള്‍, ഇക്വിറ്റി ഡെറിവേറ്റീവ് ഇടപാടുകള്‍, വായ്പ നല്‍കല്‍ വായ്പ വാങ്ങല്‍ (എസ്എല്‍ബി) ഇടപാടുകള്‍ എന്നിവയ്ക്ക് അവധി. കറന്‍സി, കമ്മോഡിറ്റി, ഇലക്ട്രോണിക് ഗോള്‍ഡ് റെസീപ്റ്റ് എന്നിവയുടെ കാര്യത്തിലും ഇന്ന് അവധിയാണ്.

മൂന്ന് ദിവസത്തെ അവധിക്കു ശേഷം ചൊവ്വാഴ്ച്ച വിപണി തുറക്കും. ഈ മാസം പതിനൊന്ന് ദിവസങ്ങളിലാണ് വിപണിക്ക് അവധിയുള്ളത്. ഒമ്പത് ദിവസങ്ങള്‍ സാധാരണ അവധി ദിവസങ്ങളായ ശനിയും ഞായറുമാണ്. ഇതിനു പുറമേ ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി, ഒക്ടോബര്‍ 24 ദസറ എന്നീ ദിവസങ്ങളിലും വിപണിക്ക് അവധിയാണ്.

നവംബറില്‍ 2 അവധികള്‍

നവംബറിലും ശനി, ഞായര്‍ ദിവസങ്ങള്‍ക്കു പുറമേ രണ്ട് അവധി ദിനങ്ങള്‍ കൂടിയുണ്ട്. നവംബര്‍ പതിനാല് ചൊവ്വാഴ്ച്ച ദീപാവലിയാണ്. നവംബര്‍ 27 തിങ്കളാഴ്ച്ച ഗുരുനാനാക്ക് ജയന്തി. ഡിസംബറില്‍ ക്രസ്മസ് തിങ്കളാഴ്ച്ചയായതിനാല്‍ അന്നും അവധിയാണ്. ദീപാവലിയോടനുബന്ധിച്ചുള്ള പ്രത്യേക മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 12 നാണ്.

വാരന്ത്യത്തില്‍ വിപണി

വെള്ളിയാഴ്ച്ച നിഫ്റ്റി 0.18 ശതമാനം താഴ്ന്ന് 19,638ലും സെന്‍സെക്സ് 0.27 ശതമാനം ഇടിഞ്ഞ് 65,828ലുമാണ് ക്ലോസ് ചെയ്തത്. ആഗോള വിപണിയിലെ പോസിറ്റീവ് ട്രെന്‍ഡുകള്‍ നിക്ഷേപകരെ സ്വാധീനിച്ചതിന്റെ ഫലമായി ബിഎസ്ഇ സെന്‍സെക്സ് 235.61 പോയിന്റ് ഉയര്‍ന്ന് 65,743.93 എന്ന നിലയിലും. നിഫ്റ്റി 76.7 പോയിന്റ് ഉയര്‍ന്ന് 19,600.25 നിലയിലുമായിരുന്നു വ്യാപാരം ആരംഭിച്ചത്.

വരുന്ന ആഴ്ച്ച വിപണി

ചൊവ്വാഴ്ച്ച തുറക്കുന്ന വിപണിയെ കാത്തിരിക്കുന്നത് സെപ്റ്റംബറിലെ മാനുഫാക്ചറിംഗ്- സേവന മേഖലകളില്‍ നിന്നുള്ള കണക്കുകള്‍, വാഹന വില്‍പ്പനയുടെ കണക്ക്, ആര്‍ബിഐ നയപ്രഖ്യാപനം, ഉയരുന്ന ക്രൂഡ് വില, യുഎസ് ഫെഡ് റിസര്‍വ് ചര്‍ച്ചകള്‍ എന്നിവയൊക്കെയാണ്. ഈ പ്രധാന സംഭവവികാസങ്ങള്‍ക്കനുസരിച്ചായിരിക്കും വരുന്ന ആഴ്ച്ച വിപണിയുടെ പ്രകടനം.