19 Oct 2023 6:37 AM GMT
Summary
- പ്രീ ബുക്കിംഗിലൂടെ കേരള ബോക്സ് ഓഫിസിലെ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍
- ആദ്യ ദിന കളക്ഷന്‍ 10 കോടിക്ക് മുകളിലെത്തിക്കുന്ന ആദ്യ ചിത്രമാകും ലിയോ എന്ന് ട്രേഡ് അനലിസ്റ്റുകള്‍
- 2023ല്‍ ഇന്ത്യക്കകത്ത് റിലീസിന് മുമ്പ് ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റഴിച്ച ചിത്രം
കേരള ബോക്സ് ഓഫിസിന്‍റെ ദത്തുപുത്രന്‍ എന്ന വിശേഷണം തനിക്ക് വെറുതേ കിട്ടിയതല്ലെന്ന് തെളിയിക്കുകയാണ് ആരാധകരുടെ ദളപതി വിജയ്. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ വിജയ് മുഖ്യവേഷത്തിലെത്തിയ 'ലിയോ' കേരളത്തിലെ എക്കാലത്തെയും വലിയ റിലീസായാണ് എത്തിയിരിക്കുന്നത്. 650-ലേറേ തിയറ്ററുകളിലായി 3500ഓളം പ്രദര്‍ശനങ്ങള്‍ ചിത്രത്തിന് ആദ്യ ദിനത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ബോക്സ് ഓഫിസിലെ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ എന്ന നേട്ടം പ്രീ ബുക്കിംഗിലൂടെ തന്നെ ചിത്രം നേടിക്കഴിഞ്ഞു.
ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം ചിത്രത്തിന്‍റെ ആദ്യ ദിനത്തിനുള്ള പ്രീ ബുക്കിംഗ് കേരളത്തില്‍ മാത്രം 8.5 കോടിക്ക് അടുത്തായിരുന്നു. ആദ്യ ദിനത്തില്‍ 7.5 കോടിക്ക് അടുത്ത് കെബിഒ-യില്‍ നിന്ന് നേടിയ കെജിഎഫ് 2-ന്‍റെ റെക്കോഡാണ് ചിത്രം തകര്‍ത്തത്. ഇന്ന് പ്രദര്‍ശനങ്ങളെല്ലാം അവസാനിക്കുമ്പോള്‍ ലിയോയുടെ ആദ്യ ദിന കളക്ഷന്‍ 10 കോടി രൂപ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ഈ നേട്ടം ആദ്യം സ്വന്തമാക്കിയ ചിത്രം എന്ന നിലയില്‍ തകര്‍ക്കാനാകാത്ത ഒരു നേട്ടം കൂടിയാണ് ലിയോക്ക് ലഭിക്കുന്നത്.
എല്‍സിയു കണക്ഷന്‍
വിജയ് ചിത്രം എന്നതിനൊപ്പം ലോകേഷ് കനകരാജ് മുന്‍ചിത്രങ്ങളിലൂടെ സ്വീകാര്യതയും വിവിധ ചിത്രങ്ങളിലെ കഥാപരിസരങ്ങളെ കൂട്ടിയിണക്കുന്ന ലോകേഷിന്‍റെ സിനിമാറ്റിക് യൂണിവേഴ്സില്‍ (എല്‍സിയു) ലിയോ ഉള്‍പ്പെടുമോ എന്ന ആകാംക്ഷയും കൂടിച്ചേര്‍ന്നപ്പോഴാണ് ചിത്രത്തിന് ഇത്രയധികം ഹൈപ്പ് ലഭിച്ചത്. 'കൈതി'യുമായി ബന്ധപ്പെടുത്തി എല്‍സിയു-വിന് ലോകേഷ് തുടക്കം കുറിച്ച 'വിക്രം' എന്ന ചിത്രത്തിനും വലിയ സ്വീകാര്യതയാണ് കേരളത്തില്‍ ലഭിച്ചിരുന്നത്. കേരള ബോക്സ് ഓഫിസില്‍ ആദ്യമായി 40 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുന്ന ചിത്രമായി വിക്രം മാറിയിരുന്നു.
പരിമിതമായ അളവില്‍ മാത്രമാണ് 'ലിയോ'യുടെ എല്‍സിയു ബന്ധം എന്നാണ് ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ ലഭിക്കുന്ന സൂചനകള്‍. എങ്കിലും ഇതിനകം ലഭിച്ച ഹൈപ്പും പ്രചാരണവും പൂജാ അവധി അവസാനിക്കുന്നതു വരെയുള്ള ദിനങ്ങളില്‍ മികച്ച കളക്ഷന്‍ നേടാന്‍ ചിത്രത്തെ സഹായിക്കും എന്നാണ് വിലയിരുത്തല്‍.
ജവാനെ വീഴ്ത്തി ലിയോ
ആഗോള തലത്തിലും ലിയോ തരംഗം അലയടിക്കുകയാണ്. പ്രീ ബുക്കിംഗിലൂടെ മാത്രം ചിത്രം വാരാന്ത്യ ദിനങ്ങള്‍ക്ക് മൊത്തമായി 150 -170 കോടി രൂപയുടെ കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. 2023ല്‍ ഇന്ത്യക്കകത്ത് റിലീസിന് മുമ്പ് ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റഴിച്ച ചിത്രം എന്ന റെക്കൊഡ് ഷാറൂഖ് ഖാന്‍റെ 'ജവാന്‍' എന്ന ചിത്രത്തെ പിന്തള്ളി ലിയോ സ്വന്തമാക്കി. ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം ബുക്കിംഗിലൂടെ 16 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇത് ആദ്യ ദിനം അവസാനിക്കുമ്പോഴേക്ക് 20 ലക്ഷത്തില്‍ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ആദ്യ ദിനത്തില്‍ 100 കോടി രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ നേടുന്ന ആദ്യ വിജയ് ചിത്രമായും ലിയോ മാറുമെന്നതും വ്യക്തമാണ്. ലോകേഷിനൊപ്പമുള്ള രണ്ടാം കൂടിച്ചേരലിലൂടെ ആഗോള തലത്തിലെ തന്‍റെ വിപണി വിപുലമാക്കുന്നതിനും വിജയിന് സാധിച്ചിരിക്കുകയാണ്. വിജയ് പതിവ് വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ കഥാപാത്ര ഉള്ളടക്കവും വൈകാരികതയും ഉള്ള ആക്ഷന്‍ ചിത്രമാണ് ലിയോ എന്നാണ് ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം അഭിപ്രായങ്ങള്‍ വരുന്നത്.