19 March 2024 8:13 AM GMT
Summary
- 2.02 കോടി ഓഹരികളുടെ വിൽപ്പനയെ തുടർന്നായിരുന്നു ഇടിവ്
- വിൽക്കാൻ സാധ്യതയുള്ളത് ടാറ്റ സൺസായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ
- ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാൻ "ബൈ" റെക്കമെൻഡേഷൻ നൽകിയിട്ടുണ്ട്
ടാറ്റ കൺസൾട്ടൻസി സർവീസസിൻ്റെ (ടിസിഎസ്) ഓഹരികൾ തുടക്ക വ്യാപാരത്തിൽ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. കമ്പനിയുടെ 2.02 കോടി ഓഹരികൾ അല്ലെങ്കിൽ 0.6 ശതമാനം ഓഹരികളുടെ വിൽപ്പനയെ തുടർന്നായിരുന്നു ഇടിവ്. ശരാശരി ഓഹരിയൊന്നിന് 4,043 രൂപയിലായിരുന്നു വില്പന.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനത്തിൻ്റെ 2.34 കോടി ഓഹരികൾ വിൽക്കാൻ സാധ്യതയുള്ളത് ടാറ്റ സൺസായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 4,144.25 രൂപയിൽ നിന്ന് 2.6 ശതമാനം കിഴിവിലാണ് ഓഹരികളുടെ വില്പന. അഞ്ച് ബഞ്ചുകളിലായി 2.02 കോടി ടിസിഎസ് ഓഹരികൾ ഇടപാട് നടത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നുത്.
15 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ടിസിഎസ്, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ലിസ്റ്റഡ് കമ്പനിയാണ്. 2023 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് 72.41 ശതമാനം ഓഹരി പങ്കാളിത്തമാണ് പ്രൊമോട്ടർമാർക്കുള്ളത്. ഇതിൽ ടാറ്റ സൺസിന് 72.38 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ബാക്കിയുള്ളവ ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ്റെ കൈവശമാണ്.
ഓഹരികളിൽ ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാൻ "ബൈ" റെക്കമെൻഡേഷൻ നൽകിയിട്ടുണ്ട്. ലക്ഷ്യ വിലയായി ബ്രോക്കറേജ് പറയുന്നത് 4750 രൂപയാണ്. ടിസിഎസിൻ്റെ ശക്തമായ ഡൊമെയ്ൻ വൈദഗ്ധ്യവും വിവിധ ഭാഗങ്ങളുള്ള കമ്പനിയുടെ സാന്നിധ്യവുമാണ് ബ്രോക്കറേജ് സ്ഥാപനത്തെ ബുള്ളിഷ് ട്രെൻഡിലേക്ക് നയിച്ചത്.
ക്രോസ്-സെല്ലിനുള്ള ടിസിഎസിൻ്റെ കഴിവ് കമ്പനിയെ കോസ്റ്റ് ഒപ്റ്റിമൈസേഷൻ, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ, പുതിയ ടെക്‌നോളജി സേവനങ്ങൾ എന്നിവയിലുടനീളം അവസരങ്ങൾ നേടുന്നതിന് സഹയിക്കുന്നതായും ബ്രോക്കറേജ് പറഞ്ഞു.
ജെഎൽആർ, നെസ്റ്റ്, ബിഎസ്എൻഎൽ, അവിവ എന്നിവയുടെ ഡീലുകളുടെ വർധന ഇടത്തരം മുതൽ ദീർഘകാലം വരെയുള്ള വരുമാന വളർച്ചയ്ക്ക് ആക്കം കൂട്ടും. വരുമാന വളർച്ച, എൽടിഎം അട്രിഷനിൽ കൂടുതൽ മോഡറേഷൻ, സബ്കോൺ കോസ്റ്റ് ഒപ്റ്റിമൈസേഷൻ, വിനിയോഗം മെച്ചപ്പെടുത്തൽ എന്നിവയുടെ സഹായത്താൽ 2025 സാമ്പത്തിക വർഷത്തിലും മാർജിൻ മെച്ചപ്പെടുത്തൽ സ്ഥിരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്രോക്കറേജ് അറിയിച്ചു.
നിലവിൽ ടിസിഎസ് ഓഹരികൾ എൻഎസ്ഇ യിൽ 3.20 ശതമാനം താഴ്ന്ന് 4,019.45 രൂപയിൽ വ്യാപാരം തുടരുന്നു.